Monday, 31 December 2012

ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് ....

മോഷണം, പിടിച്ചുപറി, കൊലപാതകം, തട്ടിപ്പ്‌ തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്ക് കുറ്റവാളികളെ നയിക്കുന്നത് സാമ്പത്തിക ദുരയാണ്. വ്യഭിചാരവും ബലാല്‍സംഗവും സംഭവിക്കുന്നത് പലപ്പോഴും അടിച്ചമര്‍ത്തപ്പെട്ട ലൈംഗിക ആസക്തികള്‍ അണപൊട്ടി ഒഴുകുമ്പോഴും.

ഓരോന്നും അക്കമിട്ടു പ്രത്യേകം കുറ്റകൃത്യങ്ങളായി ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇവയില്‍ ഏതെങ്കിലും കുറ്റം തെളിയിക്കപ്പെട്ടാല്‍ തക്ക ശിക്ഷയും നിയമം അനുശാസിക്കുന്നുണ്ട്. ജയില്‍ വാസം അനുഭവിക്കുന്ന കുറ്റവാളികള്‍ ഇങ്ങനെ ഏതെങ്കിലും ഒക്കെ കുറ്റകൃത്യങ്ങള്‍ ചെയ്തു പിടിയിലായവരാണ്.

ശിക്ഷാവിധി സംബന്ധിച്ച ബോധ്യമാണ് പലരെയും ഇതുപോലുള്ള പല കുറ്റകൃത്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. അതുപോലെ പ്രധാനമാണ് നമ്മുടെ സമ്പാദ്യങ്ങള്‍ മോഷ്ടിക്കപ്പെടാതെയും പിടിച്ചു പറിക്കപ്പെടാതെയും സുരക്ഷിത സ്ഥാനങ്ങളില്‍ സൂക്ഷിക്കുക എന്നതും. ജീവനും സ്വത്തിനും സ്വയം സംരക്ഷണം നല്‍കുന്നതിന് വേണ്ടിയാണു നാം സുരക്ഷിത ഭവനങ്ങള്‍ തീര്‍ക്കുന്നത്.

കൌമാരപ്രായം പിന്നിട്ടവരാണ് കൂട്ട ബലാല്‍സംഗങ്ങള്‍ നടത്തിയിട്ടുള്ള കുറ്റവാളികളില്‍ പലരും. ഈ കുറ്റകൃത്യം നടക്കാത്തതായി ലോകത്ത് ഒരിടവുമില്ല. നമ്മുടെ നാട്ടില്‍ പഴയ കാലത്തെ അപേക്ഷിച് ഇപ്പോള്‍ ആണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യാപകമാകുകയും കൂടുതല്‍ പേര്‍ ഇരകളായി തീരുകയും ചെയ്തിട്ടുള്ളത്.

പഴയ കാലങ്ങളില്‍ സ്ത്രീകള്‍ വീട് വിട്ടു പുറത്തിറങ്ങിയിരുന്നത് പകല്‍ നേരങ്ങളില്‍ മാത്രമാണ്. ചന്തയ്ക്ക് പോകുന്ന സ്ത്രീകള്‍ അയല്പക്കങ്ങളില്‍ ഒന്നിച്ചു കൂടി അകലെയുള്ള ചന്തകളില്‍ ഒരുമിച്ചു കൂട്ടായി യാത്ര ചെയ്താണ് പോയിരുന്നതും തിരികെ വന്നിരുന്നതും.

നമ്മുടെ സഹോദരികളില്‍ പലരും നാടും വീടും വിട്ടു അകലങ്ങളില്‍ പഠനത്തിനും ജോലിക്കുമായി പോയപ്പോള്‍ മാതാപിതാക്കളുടെ ഉള്ളില്‍ കനല്‍ എരിയുകയായിരുന്നു. അവരില്‍ പലരും സുരക്ഷിതരായി തങ്ങള്‍ക്കു ലഭിച്ച വാസസ്ഥലങ്ങളില്‍ അന്തിയുറങ്ങിയും അസമയങ്ങളില്‍ കൂടുതല്‍ കരുതലോടെ സമൂഹത്തിന്റെ ഒപ്പം ആള്‍ക്കൂട്ടങ്ങളുടെ ഓരം ചേര്‍ന്ന് സ്വയം തീര്‍ത്ത സുരക്ഷിത വലയങ്ങളില്‍ ശ്വാസം അടക്കി പിടിച്ചാണ് ജോലി സ്ഥലങ്ങളില്‍ നിന്ന് യാത്ര തിരിച്ചു വീടെത്തിയിരുന്നത്.

സാമൂഹ്യ സുരക്ഷിതത്വം ഏറെയുണ്ടെന്ന് പറയപ്പെടുന്ന പല രാജ്യങ്ങളിലും ഇങ്ങനെ സ്വയം തീര്‍ത്ത സുരക്ഷിത വലയങ്ങളിലൂടെ സഞ്ചരിച്ചാണ് പലരും കഴിഞ്ഞു കൂടുന്നത്. അബദ്ധത്തില്‍ ചിലപ്പോഴെങ്കിലും കാലിടറിയവര്‍ വന്നു പതിച്ചത് ദുരന്തങ്ങളുടെ ആഴങ്ങളിലേയ്ക്കായിരുന്നു.

വിവാഹിതരായി അന്യ നാടും രാജ്യങ്ങളും താണ്ടിയവരും മനസ്സിനുള്ളില്‍ ഈ കനലും കൂടി സൂക്ഷിക്കുന്നവരായിരുന്നു. ഏതു സ്ത്രീക്കും ഏതു പാതിരാത്രിയിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് തക്ക സാമൂഹ്യ സുരക്ഷ വാഗ്ദാനം നല്‍കുന്ന രാജ്യങ്ങളിലും അങ്ങനെ ഒരു സാഹസത്തിനു മുതിരാന്‍ നമ്മില്‍ പലര്‍ക്കും ധൈര്യമുണ്ടായിട്ടില്ല.

രാജ്യങ്ങള്‍ ഏറെ അഭിവൃദ്ധി പ്രാപിച്ചു എന്ന് പറയുമ്പോഴും മനുഷ്യ സമൂഹം ഏറെ സാംസ്കാരികമായി മുന്നേറി എന്നൊക്കെ അവകാശപ്പെടുമ്പോഴും സ്ത്രീയാകട്ടെ പുരുഷനാകട്ടെ ലോകത്ത് ഒരിടത്തും സുരക്ഷിതനല്ല എന്ന് അക്കമിട്ടു ഓര്‍മ്മിപ്പിക്കുകയാണ് ഓരോ ദുരന്തങ്ങളും.

Friday, 30 November 2012

കലാ മേളകളും അംഗീകാരങ്ങളും

ഗാനഗന്ധര്‍വന്‍ യേശുദാസും ഭാവഗായകന്‍ ജയചന്ദ്രനും അവരുടെ സ്കൂള്‍ വിദ്യാഭ്യാസ കാലത്ത്‌ നടന്ന യുവജനോല്‍സവ വേദിയില്‍ വെവ്വേറെ മല്‍സരങ്ങളില്‍ ഏര്‍പ്പെട്ടു. വായ്പട്ടില്‍ യേശുദാസും മൃദംഗത്തില്‍ ജയചന്ദ്രനും. രണ്ടു പേരും പങ്കെടുത്ത ഇനങ്ങളില്‍ ഒന്നാം സമ്മാനവും നേടി. കാലമേറെ കഴിഞ്ഞപ്പോള്‍ ഇരുവരും കേരള ജനത നെഞ്ചേറ്റി ലാളിക്കുന്ന അനുഗൃഹീത ഗായകരായി മാറുകയും ചെയ്തു.

"ചിരിയോ ചിരി" എന്ന ബാലചന്ദ്രമേനോന്‍ സിനിമയ്ക്ക് വേണ്ടി ഇരുവരും ചേര്‍ന്ന് "സമയരഥങ്ങളില്‍ " എന്ന ഗാനം ആലപിച്ചു. ഞങ്ങളുടെ ഒക്കെ കൗമാര കാലത്ത്‌ ഏറെ ഹിറ്റായി മാറിയ നഖക്ഷതങ്ങള്‍ എന്ന സിനിമയില്‍ രണ്ടു പേരും ഗാനങ്ങള്‍ പങ്കിട്ടു. റേഡിയോയില്‍ ഉച്ചയ്ക്ക് "ആരെയും ഭാവ ഗായകനാക്കും" എന്ന ഗാനം യേശുദാസ്‌ പാടിയത്‌ പ്രക്ഷേപണം ചെയ്തെങ്കില്‍ വൈകിട്ട് "കേവലം മര്‍ത്യ ഭാഷ കേള്‍ക്കാത്ത" എന്ന ജയചന്ദ്രന്‍ ഗാനം ആയിരിക്കും പ്രക്ഷേപണം ചെയ്യുക.

വാര്‍ധക്യത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിട്ടും രണ്ടു പേരും കിട്ടുന്ന അവസരങ്ങളില്‍ ഭംഗിയായി തന്നെ ദൈവം നല്‍കിയ തങ്ങളുടെ കഴിവ്‌ പ്രകടിപ്പിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

യേശുദാസും ജയചന്ദ്രനും ഒക്കെ പാടി തുടങ്ങിയ പഴയ കാലത്തില്‍ നിന്നും നാം ഏറെ മുന്നോട്ടു പോയി. ഇന്നിപ്പോള്‍ പാട്ടില്‍ അഭിരുചിയും ഒരു വിധം കൊള്ളാവുന്ന ശബ്ദവും ഉള്ളവര്‍ക്ക്‌ ഫുള്‍ ഓര്‍ക്കസ്ട്രയുടെ ട്രാക്ക്‌ ഉപയോഗിച്ച് വീട്ടില്‍ ഇരുന്നു ഏതു കട്ടിയായ പാട്ടും തുടര്‍ച്ചയായി സാധകം ചെയ്യാവുന്ന സാഹചര്യമുണ്ട്. റിയാലിറ്റി ഷോകളിലെ പ്രകടനങ്ങളില്‍ അത് നന്നായി അനുഭവപ്പെടുന്നുമുണ്ട്.

കാലം മാറുന്നതനുസരിച്ച് സംഗീതത്തിന്റെ ആസ്വാദനത്തിലും വലിയ വ്യത്യാസങ്ങള്‍ വന്നു. മലയാള സിനിമ ഗാനങ്ങള്‍ കര്‍ണാടിക്ക്‌ സംഗീതത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമായും ചിട്ടപ്പെടുത്തിയിരുന്നത്. അപൂര്‍വം ചില സംഗീത സംവിധായകര്‍ ഹിന്ദുസ്ഥാനി സംഗീതത്തെ അടിസ്ഥാനപ്പെടുത്തിയും പാടുകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇന്ന് പാശ്ചാത്യ സംഗീതവും മാറ്റ് ലോക സംഗീതങ്ങളും കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന പുതിയ തലമുറ ഉദയം ചെയ്തതിലൂടെ മലയാളത്തിനു അന്യമായ സംഗീതങ്ങളും നമുക്ക് പരിചിതമായി.

പരമ്പരാഗത രീതിയില്‍ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചവര്‍ ഇതിനെ എതിര്‍ക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്യുക സ്വാഭാവികം. എന്ന് കരുതി അതിന്റെ തള്ളിക്കയറ്റത്തിനു തടയിടാന്‍ ആര്‍ക്കും കഴിയുകയില്ല. പഴയകാല സിനിമാഗാനങ്ങള്‍ പലതും ഇന്നും പുതിയ തലമുറയും നെഞ്ചേറ്റി ലാളിക്കുന്നു എന്നത് ആ ഗാനങ്ങളുടെ രചനാ സൌകുമാര്യവും സംഗീതത്തിന്റെ മാന്ത്രികതയും തന്നെയാണ് വെളിവാക്കുന്നത്.

നൃത്തമോ, പാട്ടോ, സിനിമയോ ഏതുമാകട്ടെ, പഴയ കാലങ്ങളില്‍ അതിനു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ടിട്ടും പലര്‍ക്കും ഒന്നുമാകാന്‍ സാധിക്കാതെ പോയെങ്കില്‍ ഇന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് സെലിബ്രിറ്റി ആകാനുള്ള നെട്ടോട്ടമാണ്. നാട്ടിലെ വിവിധ ചാനലുകള്‍ സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോകളില്‍ പ്രകടമാകുന്നത് ഈയൊരു മല്‍സര പ്രവണതയാണ്.

ഇതിന്റെ ബഹിര്‍സ്ഫുരണങ്ങളാണോ ഇവിടെ നടക്കുന്ന കലാമേളകളിലും സംഭവിക്കുന്നത്. കഴിഞ്ഞ ആഴ്ച യുക്മയുടെ ആഭിമുഖ്യത്തില്‍ വളരെ നല്ല രീതിയില്‍ യു.കെ.യിലുള്ള കുട്ടികള്‍ക്കായി മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കിട്ടിയ പലരുടെയും ഫോട്ടോയും വാര്‍ത്തയും തലങ്ങും വിലങ്ങും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഫേസ്ബുക്കിലും സജീവമായിരുന്നു. നല്ല കാര്യം തന്നെ; എന്നാല്‍ കലയെന്നാല്‍ ഇത്തരം മത്സരവും സമ്മാനം നേടലും മാത്രമാണോ?

നൃത്തരൂപമെടുത്താല്‍ മാര്‍ക്കിടുന്ന വൈജ്ഞാനികരെ മാറ്റി നിറുത്തിയാല്‍ കാണികളില്‍ എത്ര പേര്‍ക്ക് ക്ലാസിക്കല്‍ ഡാന്‍സ്‌ ആസ്വദിക്കാന്‍ ഇവിടെ കഴിയുന്നുണ്ട്? പങ്കെടുക്കുന്ന കാണികളെ ഒന്നടങ്കം ആസ്വദിപ്പിക്കാന്‍ കഴിയുമ്പോള്‍ മാത്രമല്ലെ ഏതൊരു കലയും അതിന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നുള്ളൂ?

ആ മനിലയില്‍ നോക്കിയാല്‍ കലയുടെ പേരില്‍ ഇറങ്ങി തിരിച്ച കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും എങ്ങനെയും സമ്മാനം നേടുക എന്നതില്‍ കവിഞ്ഞു സാമൂഹ്യമായ ഒരു ബാധ്യത കൂടി ഇല്ലേ? ചുരുക്കം ചില കുട്ടികള്‍ സമ്മാനം നേടി അഭിനന്ദനങ്ങളാല്‍ വീര്‍പ്പുമുട്ടുകയും ഡസന്‍ കണക്കിന് പങ്കെടുത്തവര്‍ മൂന്നാം സ്ഥാനം പോലും നേടാതെ നിരാശരാകുകയും കാണികള്‍ പലര്‍ക്കും കലയുടെ ആസ്വാദനം സംബന്ധിച്ച് ബോധ്യം ഇല്ലാതെ വരികയും ചെയ്യുക എന്നതാണ് നാമിവിടെ നേരിടുന്ന ദുര്യോഗം.

യുക്മയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുമ്പോള്‍ തന്നെ മലയാളികളുടെ സംഘടന എന്ന നിലയില്‍ കലയെയും സാഹിത്യത്തെയും ഭാഷയെയും സാമാന്യ വല്ക്കരിക്കുന്നതിലും ജനഹൃദയങ്ങളില്‍ ഉറപ്പിക്കുന്നതിലും ചെറുതല്ലാത്ത പങ്ക് വഹിക്കാനുണ്ടെന്ന് തന്നെ വേണം കരുതാന്‍. അതിലൂടെ കുട്ടികളിലും മുതിര്‍ന്നവരിലും നമ്മുടെ പുരാണെതിഹാസങ്ങളും പൈതൃകവും ചരിത്രവും മൂല്യബോധവും പകരാന്‍ കഴിയും. അങ്ങനെയാണ് നമ്മുടെ തനതായ സംസ്കാരം സംരക്ഷിക്കപ്പെടുന്നത്. കേവലം വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു മേള എന്നതിലുപരി വിജയികളെയും പരജിതരെയും എല്ലാം ഉള്‍പ്പെടുത്തി വിശാല വീക്ഷണത്തോടെ ഒരു പറ്റം പേരുടെ യത്നം തുടര്‍ച്ചയായി ആവശ്യമുള്ള ഒരു മേഖലയായി ഇതിനെ മാറ്റേണ്ടിയിരിക്കുന്നു.


Wednesday, 21 November 2012

അമ്മ തന്‍ മൃതദേഹം

ആരെ പഴിക്കും ഞാന്‍ അമ്മയെയോ?
അമ്മതന്‍ വാല്‍സല്യം ഊറ്റിക്കുടിച്ചോരാ പൈതലെയോ?

ദീനങ്ങള്‍ ക്ഷാമങ്ങള്‍ ദോഷങ്ങള്‍ക്കൊക്കെയ്ക്കും
കാരണഭൂതയാം മൃത്യുദേഹം

മണ്ണിന്നടിയിലായിരുന്നെന്നാലും
വീട്ടുവളപ്പിലെ മണ്ണിലല്ലോ ?

പ്രശ്നം വിധിച്ചോരാ ജ്യോത്സ്യ പുരോഹിതന്‍
ഗണിച്ചോരാ ശാസ്ത്രമതേതോ ?

എന്നോ മരിച്ചു മണ്ണടിഞ്ഞോരമ്മയ്ക്കി
ന്നേകാം യാത്രാമൊഴി ഒന്നുകൂടി

പുഴയിലൂടൊഴുകട്ടെ അമ്മതന്‍ മൃതദേഹം
അതിലൂടെ അമരട്ടെ ദോഷമെല്ലാം....


Saturday, 3 November 2012

വരും തലമുറയുടെ മാറുന്ന ശീലങ്ങള്‍

പെണ്‍കുട്ടികള്‍ പ്രായമായി വരുന്നതോടെ മാതാപിതാക്കളുടെ ആധിയും കൂടി വരുന്ന ഒരു പാരമ്പര്യമാണ് നമുക്കുണ്ടായിരുന്നത്. ഒരു ഇണയെ അന്വേഷിച്ചു കണ്ടെത്തി വിവാഹം കഴിപ്പിക്കുക എന്നത് ചെലവേറെയുള്ള ഏര്‍പ്പടായിരുന്നു. അന്നന്നത്തെ അന്നത്തിന് നന്നേ ബദ്ധപ്പെട്ടിരുന്ന ഒരു കുടുമ്പത്തിനു അനായാസം താങ്ങാവുന്ന ഒന്നായിരുന്നില്ല ഇത്.

ഉള്ള പുരയിടം വിറ്റോ, ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവനും ചെലവ് ചെയ്തോ കെട്ടിച്ചയച്ചാല്‍തന്നെ കൊണ്ടുവന്നത് കുറഞ്ഞു പോയി എന്നതിന്റെ പേരില്‍ ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കുകയും വീട്ടിലേക്ക്‌ തന്നെ തിരിച്ചു പോരേണ്ട ഗതികേടില്‍ എത്തിപ്പെടുകയും ചെയ്ത പെണ്‍കുട്ടികള്‍ അനവധിയുണ്ട്.

കാലം മാറിയതോടെ പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടുകയും കുടുമ്പത്തിനു തന്നെ താങ്ങും തണലും നല്‍കാന്‍ തക്ക കെല്പും നേടി. വൈവാഹിക ജീവിതം സംബന്ധിച് വ്യക്തമായ കാഴ്ചപ്പാടുകളോടെ തങ്ങള്‍ക്കു ചേരുന്ന ഇണയെ കണ്ടെത്തി വിവാഹം കഴിക്കുന്നതില്‍ ബദ്ധശ്രദ്ധരാകുകയും ചെയ്തു.

കേരളത്തിന്‌ വെളിയിലും ഇന്ത്യക്ക് പുറത്തും ജോലി തേടി പോയ മലയാളികള്‍ വിരലിലെണ്ണാവുന്നവര്‍ ഒഴികെ ബാക്കിയെല്ലാവരും തങ്ങളുടെ ജാതിയിലും സഭാ-സമുദായങ്ങളിലും ഉള്‍പ്പെട്ട മലയാളികളെ തന്നെയാണ് ജീവിതപങ്കാളികളായി സ്വീകരിച്ചിരുന്നത് .

എത്രയൊക്കെ പുരോഗമന വാദം കൊട്ടി ഘോഷിക്കുന്നവര്‍ക്കും ഇതിനൊരു അപവാദമാകാന്‍ കഴിഞ്ഞില്ലെന്നത് പച്ച പരമാര്‍ത്ഥം! കേരളത്തില്‍ എന്നതുപോലെ കേരളത്തിന്‌ പുറത്തും മലയാളി അഡ്രസ്‌ ചെയ്യപ്പെടുന്നത് ഒരു പരിധി വരെ ജാതിയുടെയും മതത്തിന്റെയും സഭയുടെയും സമുദായത്തിന്റെയും ലേബലുകളില്‍ തന്നെയാണ്. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് വിദേശരാജ്യങ്ങളില്‍ മലയാളി സംഘടനകള്‍ക്ക്‌ സമാന്തരമായി പ്രവര്‍ത്തിക്കുന്ന വിവധ ജാതി - മത - സാമുദായിക കൂട്ടായ്മകള്‍ .

ഈ സമ്പ്രദായം ശരിയോ തെറ്റോ എന്ന് സ്ഥാപിക്കുക അല്ല ഇവിടെ; മറിച്ച്, വരും തലമുറ മലയാളിയുടെ സാമ്പ്രദായിക സംവിധാനങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും എങ്ങനെ നോക്കി കാണുന്നു എന്ന ഒരു അന്വേഷണം മാത്രം.

പത്തു പന്ത്രണ്ടു വര്‍ഷം മുമ്പ്‌ യു.കെ.യില്‍ എത്തിയ മലയാളി കുടുംബങ്ങളില്‍ ഇന്ന് വിവാഹ പ്രായമായ കുട്ടികള്‍ ഏറെയാണുള്ളത്. മേല്‍സൂചിപ്പിച്ച സാമ്പ്രദായിക സംവിധാനങ്ങളും ആചാരാനുഷ്ടാനങ്ങളും പിന്തുടരുന്ന ഇവരുടെ മാതാപിതാക്കള്‍ പുരോഗമന വാദികള്‍ ആണെങ്കില്‍ കൂടി ആഗ്രഹിക്കുന്നത് മക്കള്‍ സാമ്പ്രദായികമായി തന്നെ ഒരു ജീവിതപങ്കാളിയെ കണ്ടെത്തണമെന്ന് തന്നെയാണ്.

ഇതില്‍ വിജയിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു എന്നാണോ സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നത്? ചില കുട്ടികള്‍ ജാതി-മത-സാമുദായിക-സഭാ സമ്പ്രദായങ്ങള്‍ പാടേ ഉപേക്ഷിക്കുന്നു എന്ന് മാത്രമല്ല; ഭാഷാ- ദേശ വ്യത്യാസം പോലും മുഖവിലയ്ക്കെടുത്ത് കാണുന്നില്ല.

സാംസ്കാരികമായി ആധുനിക സമൂഹം എന്ന് കരുതുന്ന ഇംഗ്ലീഷുകാര്‍ക്ക് ഇടയില്‍ ജീവിച്ചതും പഠിച്ചതും ഇതിനു കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ നിരാകരിക്കാന്‍ തക്ക വസ്തുതകള്‍ കൈവശം ഇല്ലാത്തതിനാലും ഈ വിഷയം സംബന്ധിച്ച് വേണ്ടത്ര പഠനങ്ങള്‍ നടത്തിയിട്ടില്ലാത്തതിനാല്ലും അതിനു മുതിരുന്നില്ല.

എന്നാല്‍ അറിവില്‍ പെട്ടിടത്തോളം അടുത്ത കാലത്ത്‌ നടന്ന സംഭവങ്ങളില്‍ മലയാളികള്‍ അല്ല എന്ന ഒരു സമാനത മാത്രമാണുള്ളത്. മലയാളി ആണെങ്കില്‍ തന്നെ തന്റെ ജാതിയിലോ മതത്തിലോ പെടാത്ത ഒരാള്‍ ; അതല്ല,തന്റെ തന്നെ ജാതി-മതത്തില്‍ ഉള്ളയാളാണെങ്കില്‍ അത് മലയാളി ആയിരിക്കില്ല. ഏറ്റവും പുതുതായി മലയാളിയുമല്ല സ്വന്തം ജാതി-മതത്തില്‍ പെട്ട ആളുമല്ലാത്ത സംഭവങ്ങളും വന്നു കഴിഞ്ഞു.

പക്ഷേ, വിദ്യാഭ്യാസവും ഉദ്യോഗവും ഉള്ള ഒരു ഇംഗ്ലീഷുകാരനെയോ ഇംഗ്ലീഷുകാരിയെയോ ബോയ്‌ ഫ്രണ്ടോ ഗേള്‍ ഫ്രണ്ടോ ആയി കിട്ടിയ മലയാളി കുട്ടികള്‍ ഇതുവരെ വാര്‍ത്തയായിട്ടില്ല. ഇതിനര്‍ത്ഥം ഈ പരിഷ്കൃത സമൂഹത്തിലും സാംസ്കാരിക വൈരുദ്ധ്യത്തിന് പ്രസക്തിയുണ്ടെന്നു തന്നെയാണ്. പഠിപ്പും ഉദ്യോഗവും ഉള്ള ഇംഗ്ലീഷുകാര്‍ വെള്ളക്കാരില്‍ പെട്ടവര്‍ക്ക്‌ തന്നെയാണ് പ്രാമുഖ്യം നല്‍കുന്നത്. അപവാദങ്ങള്‍ ഇല്ലെന്നല്ല; അത് ഏഷ്യന്സിന്റെ അത്ര ഇല്ലെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്!

ഇവിടെ വിമര്‍ശനം ഏല്‍ക്കേണ്ടി വരുന്നത് ഇത്തരം കുട്ടികളുടെ മാതാപിതാക്കളേക്കാള്‍ ജാതി-മത സംഘടനകള്‍ക്കും മലയാളികളുടെ കാക്കത്തൊള്ളായിരം സാംസകാരിക സംഘടനകള്‍ക്കുമാണ്. വര്‍ഷങ്ങളായി പിന്തുടരുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങളും മതപരമായ അനുഷ്ടാനങ്ങളും കുട്ടികളില്‍ മടുപ്പ്‌ ഉളവാക്കുന്നുണ്ടോ എന്ന് ആരും ഒരന്വേഷണവും നടത്തി കാണുന്നില്ല.

ഒരേ ജാതിയിലും സമുദായത്തിലും പെട്ട മാതാപിതാക്കള്‍ നിത്യേന തമ്മില്‍ കലഹിക്കുന്നതും ചില കുട്ടികളെയെങ്കിലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടാവാം. അധ്വാനവും അത്യധ്വാനവും ചെയ്ത് ആവശ്യത്തിലേറെ പണം സ്വരുക്കൂട്ടുമ്പോള്‍ നമ്മുടെ ഉള്ളില്‍ പണ്ട് നാമനുഭവിച്ചതും ച്ചുറ്റുവട്ടത്തുള്ളവര്‍ അനുഭവിച്ചതുമായ ദാരിദ്ര്യം ഒരു നിഴലായി പിന്തുടരുന്നുണ്ടാവും.

കുട്ടികള്‍ക്ക്‌ പക്ഷേ ദാരിദ്ര്യം സംബന്ധിച് കേട്ടറിവ് ഉണ്ടെങ്കിലും അത് അനുഭവിക്കുകയോ അനുഭവിക്കുന്നവരെ കാണുകയോ ചെയ്യുന്നില്ല എന്ന വ്യത്യാസം ഉണ്ട്.

മാറുന്ന സാഹചര്യങ്ങളില്‍ നിലവിലുള്ള സംവിധാനങ്ങള്‍ പുനക്രമീകരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഇതൊക്കെയും വിരല്‍ ചൂണ്ടുന്നത്.


വാല്‍ക്കഷണം: ഗാന്ധിജി വിവാഹ ശേഷം ഇംഗ്ലണ്ടില്‍ എത്തിയത് നന്നായി; അല്ലെന്നു വരികില്‍ ഏതെങ്കിലും വെള്ളക്കാരിയെയോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ദേശവാസിയെയോ വിവാഹം കഴിച്ച് ഇംഗ്ലണ്ടില്‍ തന്നെ കഴിഞ്ഞു കൂടിയിരുന്നെങ്കില്‍ അദ്ദേഹം സ്വയം വളര്‍ത്തിയെടുത്ത ദേശ സ്നേഹവും അതിലൂടെ നാം കൈവരിച്ച സ്വാതന്ത്ര്യവും വെറും മരീചിക മാത്രമാകുമായിരുന്നു ....


Friday, 21 September 2012

മിമിക്രിയുടെ അന്തസ് ഉയരുമ്പോള്‍

മിമിക്രി എന്ന കലാരൂപം ഏറ്റവും അധികം ജനപ്രീതി നേടിയിട്ടുള്ളത് ഒരുപക്ഷെ മലയാളികള്‍ക്കിടയിലാവും. പക്ഷിമൃഗാദികളുടെയും വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ഒക്കെ ശബ്ദം അനുകരിച്ചു കൊണ്ട് വളരെ ലളിതമായിരുന്നു ഇതിന്റെ തുടക്കമെങ്കില്‍ ഇന്ന് ഏറെക്കുറെ നിലവാരമുള്ള സാമൂഹ്യ വിമര്‍ശന കലാ മാധ്യമം എന്ന നിലയിലേക്ക്‌ ഉയര്‍ന്നു കഴിഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദൃശ്യ മാധ്യമങ്ങള്‍ തീരെയില്ലാതിരുന്ന സാഹചര്യങ്ങളില്‍ റേഡിയോയിലൂടെ ഓരോ വര്‍ഷത്തെയും യൂണിവേഴ്സിറ്റി കലോല്‍സവങ്ങളുടെ ശബ്ദരേഖ സംപ്രേക്ഷണം ചെയ്തിരുന്നു. അന്നും കുടുംബ സദസ്സുകളില്‍ നിറഞ്ഞ ചിരിയുടെ വസന്തം വിരിയിക്കാന്‍ ഈ കൊച്ചു കലാരൂപത്തിന് കഴിഞ്ഞു.

കോഴിവളര്‍ത്തുകാരന്‍ കോഴി കൊക്കുന്നത് പോലെ ചിരിക്കുന്നതും മുറുക്കാന്‍ കടക്കാരന്‍ സോഡാ പൊട്ടിക്കുന്നത് പോലെ ചിരിക്കുന്നതും ഒക്കെ അന്ന് നര്‍മ്മത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു. സിനിമാ താരങ്ങളുടെ ശബ്ദം അനുകരിക്കുക എന്നതായിരുന്നു ഈ കലയുടെ മറ്റൊരു പ്രത്യേകത.

രാഷ്ട്രീയക്കാരുടെ ശബ്ദം മിമിക്രി കലാകാരന്മാര്‍ വിഷയമാക്കിയത് ലീഡര്‍ കരുണാകരനെയും ഇ.കെ. നായനാരെയും ഒക്കെ അനുകരിച്ചുകൊണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കലാരൂപമായി ഗാനമേളകള്‍ മാറിയപ്പോള്‍ ഇടവേളകളില്‍ നര്‍മ്മ വിസ്മയം തീര്‍ക്കാന്‍ മിമിക്രി കലാകാരന്മാരുടെ സാന്നിധ്യം ഉറപ്പാക്കുന്നതില്‍ ഓരോ ഗാനമേള ട്രൂപ്പും ശ്രദ്ധിച്ചിരുന്നു.

സാങ്കേതിക വിദ്യയുടെയും പുതിയ അഭിരുചിയുടെയും സമ്മര്‍ദ്ദങ്ങള്‍ ആസ്വാദനങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്‍കിയപ്പോള്‍ കഥാപ്രസംഗവും നാടകവും ബാലെയും പോലെ ഗാനമേളയും അരങ്ങു വിടാന്‍ നിര്‍ബന്ധിതമാകുമായിരുന്നു. എന്നാല്‍ രണ്ടര മണിക്കൂറില്‍ ഒരു മണിക്കൂര്‍ ഗാനാലാപനവും ബാക്കി ഒന്നര മണിക്കൂര്‍ കോമഡി സ്കിറ്റുകള്‍ക്കും സിനിമാറ്റിക് ഡാന്‍സുകള്‍ക്കും വീതിച്ചു നല്‍കിയതിലൂടെ ഒരു പൂര്‍ണ്ണ കലാരൂപം എന്ന അതിന്റെ മുന്‍ധാരണയെ സ്വയം തിരുത്തി ഗാനമേള അരങ്ങത്ത് തുടര്‍ന്നു.

കേരളത്തില്‍ ഉടനീളം മിമിക്രി രംഗത്ത്‌ പ്രകടനം നടത്തി കഴിവ് തെളിയിച്ച കലാകാരന്മാരെ കോര്‍ത്തിണക്കി മത്സരാടിസ്ഥാനത്തില്‍ വിദഗ്ധരുടെ പാനലിനെ വച്ച് വിധി നിര്‍ണ്ണയം നടത്തുന്ന തരത്തില്‍ ഒരു ജനകീയ മാധ്യമമായി ഇതിനെ ഉയര്‍ത്തിയത് ചില ചാനലുകളാണ്. തികച്ചും വാണിജ്യാടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണെങ്കില്‍ കൂടി ഇത്തരം ചാനലുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

വെറും രാഷ്ട്രീയക്കാരെ മാത്രം ആശ്രയിച്ചു സ്കിറ്റുകള്‍ നിര്‍മ്മിച്ച പല കോമഡി പ്രോഗ്രാമുകളും നിലവാരം വിട്ട് ഏറെ താഴേയ്ക്ക് പോയപ്പോള്‍ മത്സരാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഇത്തരം പ്രോഗ്രാമുകളില്‍ പങ്കെടുത്ത ടീമുകള്‍ സാമൂഹ്യ ജീവിതത്തിലും കലയിലും രാഷ്ട്രീയത്തിലും സമൂലമായി സംഭവിച്ച മൂല്യ ച്യുതിയെ ശുദ്ധഹാസ്യത്തില്‍ ചാലിച്ച് ആസ്വാദക ലക്ഷങ്ങള്‍ക്ക് വിരുന്നൊരുക്കി മുന്നേറുന്നു.

സാമൂഹ്യ വിമര്‍ശനം നടത്താന്‍ മറ്റൊരു കലാരൂപം ഉദയം ചെയ്യും വരെ മിമിക്രി കലാകാരന്മാര്‍ അവരുടെ ദൗത്യം തുടരട്ടെ. ഒപ്പം നിലവാരമില്ലാത്ത തട്ടിക്കൂട്ട് ഹാസ്യപരിപാടികള്‍ ബഹിഷ്കരിക്കാന്‍ വേണ്ട ചങ്കൂറ്റം പ്രേക്ഷകന് ഉണ്ടാകുകയും ചെയ്യട്ടെ.






Tuesday, 18 September 2012

ന്യൂ ജനറേഷനും സന്തോഷ്‌ പണ്ഡിറ്റും

സന്തോഷ്‌ പണ്ഡിറ്റ് കൃഷ്ണനും രാധയും എന്നൊരു സിനിമ ഒരുക്കി. തീയേറ്റര്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കുന്നതല്ല തന്റെ കലോപഹാരമെന്ന തിരിച്ചറിവ് സോഷ്യല്‍ നെറ്റ് വര്‍ക്കിലേക്ക് തിരിയാന്‍ ഇയാളെ പ്രേരിപ്പിച്ചു. യു ട്യൂബില്‍ ഗാനരംഗങ്ങള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയ വിപണന തന്ത്രം അയാള്‍ പോലും വിചാരിക്കാത്ത വിധം ജനപ്രീതി നേടി.

തുടര്‍ന്ന് തിയേറ്ററുകള്‍ സിനിമ ഓടിക്കാന്‍ തയ്യാറായി. റിലീസ്‌ ചെയ്ത എല്ലാ തിയേറ്ററുകളിലും നിന്ന് നല്ല രീതിയില്‍ കളക്ഷനുമുണ്ടായി. മലയാളസിനിമാ ചരിത്രത്തില്‍ ആദ്യമായി ഏറെ വൈകല്യങ്ങള്‍ ഉള്ള ഒരു ചലചിത്രം ഹിറ്റാവുകയായിരുന്നു. ഒപ്പം ഫിലിം മേക്കര്‍ സന്തോഷ്‌ പണ്ഡിറ്റും!

കഴിവും കലാബോധവും വേണ്ടുവോളമുള്ള അനേകര്‍ ഒന്നുമാകാതെ കടന്നു പോയ ചരിത്രമാണ് മലയാള സിനിമയ്ക്കുള്ളത്. അവിടെയാണ് സന്തോഷ്‌ ഈ നേട്ടം കൈവരിച്ചതെന്നത് ചില പഠനങ്ങള്‍ അര്‍ഹിക്കുന്നു.

സന്തോഷ്‌ പറഞ്ഞ കഥ എന്താണ്? അത് ഒരിക്കലും ഒരു സെക്സ് സിനിമയുടെതായിരുന്നില്ല. സില്‍ക്ക്‌ സ്മിത, അനുരാധ തുടങ്ങിയ നടിമാരുടെ നഗ്ന തുടകള്‍ മാത്രം വിഷയമാക്കി ഒരുകാലത്ത് മലയാള സിനിമയില്‍ ഒരു സമാന്തര സിനിമ നില നിന്നിരുന്നു. ഭീമന്‍ രഘു നായകനായ കാളരാത്രി ഒക്കെ ഉദാഹരണം.

ആ സിനിമകള്‍ക്കൊന്നും കിട്ടാതെ പോയ വിമര്‍ശനം പാവം സന്തോഷിനു നല്‍കുന്നതിലെ വൈരുധ്യം ചിന്തനീയമാണ്. യഥാര്‍ത്ഥത്തില്‍ സന്തോഷിന്റെ സിനിമ ഒരു കുടുംബ ചിത്രമാണ്. അമ്മയ്ക്കും അച്ഛനും ഒപ്പമിരുന്നു കാണാന്‍ കഴിയുന്ന ഒന്ന്.

അയാള്‍ തിരഞ്ഞെടുത്ത വിഷയം കുറെ പഴയതാണ്. രണ്ടു ജാതിയില്‍ ഉള്ളവര്‍ പ്രണയിക്കുന്നതും വിവാഹം കഴിഞ്ഞ് വീട്ടുകാരുടെ ആശ്രയമില്ലാതെ ജീവിക്കുന്നതും ജീവിത പങ്കാളി മരണപ്പെടുന്നതും ഒക്കെ. ഇത് തന്നെയാണ് ജനപ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ പറഞ്ഞതും.

എന്നാല്‍ സത്യന്‍ തന്റെ സിനിമ സംവിധാനം ചെയ്യുക മാത്രമാണ് ചെയ്തതെങ്കില്‍ സത്യന്റെ നായകന്‍ അഭിനയിച്ച വേഷം തന്റെ സിനിമയില്‍ സന്തോഷ്‌ തന്നെ ചെയ്തു എന്നതാണ് ഇവര്‍ തമ്മിലുള്ള വ്യത്യാസം. അതുമാത്രമോ? ക്യാമറ ഒഴികെ മറ്റ് പതിനെട്ടു ജോലികളും ഇയാള്‍ തന്നെ ചെയ്തു എന്ന് പറയുന്നു.

ഇങ്ങനെയെങ്കില്‍ സന്തോഷിന് മലയാള സിനിമയില്‍ ഒരു സ്ഥാനലബ്ധിക്ക് അര്‍ഹതയില്ലെന്ന് ആര്‍ക്കു പറയാന്‍ കഴിയും? ഇവിടെ ഇദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ആരാണ്? സിനിമാ രംഗത്ത്‌ എന്തൊക്കെയോ ചെയ്തു വിജയിച്ചു എന്ന് സ്വയം അഭിമാനിക്കുന്ന ചിലര്‍ ... സിനിമാസ്വാദനം സിനിമ ഉണ്ടാക്കുന്നതിലും വലിയ കാര്യമാണെന്ന് സ്വയം കരുതുന്ന മറ്റു ചിലര്‍ ... സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത അറുബോറന്‍ പരിപാടികളുടെ അവതാരകരായി ടെലിവിഷനില്‍ നിറയുന്നവര്‍ ...

ഇവിടെ നാം ഓര്‍ക്കേണ്ട ഒന്നുണ്ട്. സന്തോഷിന് മുമ്പ്‌ ഇതുപോലെ യുട്യൂബില്‍ തരംഗമായ സില്‍സില തയ്യാറാക്കിയ കലാകാരന്‍ . അയാള്‍ എത്ര വേഗം കലാലോകത്ത്‌ നിന്ന് നിഷ്കാസിതനായി? ഇവിടെ കൃഷ്ണനും രാധയും ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സന്തോഷ്‌ ചാനലുകളില്‍ സജീവമാണ്. അവിടെയാണ് സന്തോഷിന്റെ വ്യക്തിത്വം. അയാള്‍ ഒരു കഥ അയാള്‍ക്ക്‌ അറിയുന്ന വിധത്തില്‍ സിനിമയാക്കി. അതിലെന്താണ് തെറ്റ്? ആര്‍ക്കാണ് അഭിപ്രായ വ്യത്യാസം?

കഴിഞ്ഞ ദിവസം ജോണ്‍ ബ്രിട്ടാസിന്റെ നമ്മള്‍ തമ്മില്‍ കണ്ടപ്പോഴും ന്യൂ ജനറേഷനില്‍ പെട്ട പെണ്‍കുട്ടികള്‍ അയാളെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നതായി തോന്നി. വളരെ ചുരുക്കം ചില പെണ്‍കുട്ടികള്‍ അയാള്‍ക്ക്‌ പിന്തുണയും നല്‍കി എന്നത് അയാള്‍ക്ക്‌ ഒരംഗീകാരം തന്നെയാണ്.

പിറ്റേന്ന് ആ പരിപാടിയുടെ കമന്റുകള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി! സന്തോഷിനെ അനുകൂലിച്ചു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമന്റുകള്‍ ... പഴയ കാല സെക്സ് പടത്തെ വെല്ലുന്ന ചീത്ത വിളികള്‍ .. സന്തോഷിനെയല്ല ; അയാളെ ഒരു കാരണവും കൂടാതെ വിമര്‍ശിക്കുന്ന ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത കേരളത്തിലെ സദാചാര പരിഷകളെ ...

നിങ്ങള്‍ കരുതിയിരിക്കുക; മലയാളികള്‍ ലോകത്തെമ്പാടുമുണ്ട്. അവര്‍ കേരളത്തില്‍ നടക്കുന്ന ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്നുമുണ്ട്. സ്വയം വിഡ്ഢിത്തരങ്ങള്‍ വിളിച്ചു പറഞ്ഞ് സ്വയം അപഹാസ്യരാകാതിരിക്കാന്‍ ശ്രമിക്കുക. സന്തോഷ്‌ ചെയ്തതിനേക്കാള്‍ എത്രയോ വലിയ തെറ്റുകള്‍ നമ്മുടെ കൊച്ചു സമൂഹത്തില്‍ നടക്കുന്നു. അതിനെതിരെ പ്രതികരിക്കുക. ഒരു പാവം കലാകാരന്റെ ബലഹീനത ചൂഷണം ചെയ്യാന്‍ മാത്രമായി നിങ്ങളുടെ കഴിവും സമയവും നിങ്ങള്‍ വിനിയോഗിക്കേണ്ടതുണ്ടോ




Thursday, 13 September 2012

പ്രവാസി മലയാളിയുടെ ആത്മീയത

എങ്ങനെയും രക്ഷ പെടണമെങ്കില്‍ നാട് വിടണമെന്ന ചിന്ത പ്രാചീനകാലം മുതല്‍ മലയാളികളെ സ്വാധീനിച്ചിരുന്നു. നാട്ടിലെ പട്ടിണിയും തൊഴിലില്ലായ്മയും വ്യവസായങ്ങളുടെ അഭാവവും ഒക്കെ കൂടി ഒരു തരം അരക്ഷിതാവസ്ഥയിലായിരുന്നു കേരളത്തിലെ യുവജനങ്ങള്‍ ഏതാണ്ട് എല്ലാ കാലങ്ങളിലും.

അയല്‍ സംസ്ഥാനങ്ങളില്‍ എന്തെങ്കിലും ഒക്കെ പണി തരപ്പെടുമെന്ന മോഹവുമായി വീട്ടുകാരറിഞ്ഞും അറിയാതെയും കള്ള വണ്ടി കയറിയും ഒറ്റയ്ക്കും കൂട്ടായും നാട് വിട്ടവര്‍ അനവധിയാണ്. പിന്നീട് സിനിമയില്‍ കാണുന്നതുപോലെ വലിയ പണക്കാരായി തിരിച്ചു വന്നവരുണ്ട്; വലിയ കുഴപ്പമില്ലാതെ ജീവിചു പോയവരുണ്ട് ; ഒരിക്കലും മടങ്ങി വരാതെ ജീവിക്കുന്നവരും മരിച്ചവരുമുണ്ട്.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടിയ പ്രവൃത്തി പരിചയവും അനുഭവങ്ങളും മാത്രം കൈമുതലാക്കി ഗള്‍ഫ്‌ എന്ന സ്വപ്ന ഭൂമിയിലേക്ക് ചിറകടിച്ചുയര്‍ന്നവരും ഏറെയാണ്. എന്നാല്‍ ഇവിടെയൊക്കെ ഉത്പാദനപരമായ അല്ലെങ്കില്‍ വാണിജ്യ പരമായ മേഖലകളില്‍ തങ്ങള്‍ക്കിണങ്ങുന്ന ചെറുതും വലുതുമായ സേവന മേഖലകളില്‍ ഏര്‍പ്പെട്ടു ജീവിതം കരുപ്പിടിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം.

കുട്ടുംബം എന്ന സങ്കല്പത്തിന് നിറവും മിഴിവും നല്‍കുന്നതില്‍ നാട് വിട്ടുള്ള ഈ ജൈത്രയാത്ര പലര്‍ക്കും തുണയായി. പെണ്‍കുട്ടികള്‍ സമാന്തരമെന്ന വണ്ണം അന്യ സംസ്ഥാനങ്ങളില്‍ നേഴ്സിംഗ് കോഴ്സുകള്‍ക്ക് ചേര്‍ന്ന്‍ ഭാവി കരുപ്പിടിപ്പിക്കുകയായിരുന്നു.

നാട്ടിലും ഗള്‍ഫിലും നമ്മള്‍ അറിയുന്ന നേഴ്സിംഗ് സേവന മേഖല തികച്ചും ആസ്പത്രികള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ആസ്പത്രികളില്‍ ഉള്ളത് പോലെയോ അതിനേക്കാള്‍ ഏറെയോ ഈ സേവനം ആവശ്യപ്പെടുന്ന കേന്ദ്രങ്ങളാണ് വൃദ്ധ സദനങ്ങള്‍ .

നല്ല ശതമാനം മലയാളികള്‍ പല രാജ്യങ്ങളിലും കെയര്‍ഹോം മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ മിക്കവരും നേഴ്സിംഗ് , സീനിയര്‍ കെയറര്‍ തുടങ്ങിയ തസ്തികകളില്‍ ആണെങ്കില്‍ പുരുഷന്മാര്‍ അധികവും കേറ്ററിംഗ്, ലോണ്ട്രി, ക്ലീനിംഗ് തുടങ്ങി മറ്റ് അസിസ്റന്റ് തസ്തികകളിലാണ്. നേഴ്സുമാരും കുറവല്ല.

ജോലിക്ക് മാസശമ്പളം എന്ന നമുക്ക്‌ പരിചിതമായ സംവിധാനമല്ല ഇവിടെയുള്ളത്. പകരം മണിക്കൂറിനു ഇത്ര പൗണ്ട് എന്ന രീതിയില്‍ ആഴ്ചയില്‍ മുപ്പത്‌ / നാല്‍പത്‌ മണിക്കൂര്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥയില്‍ മാനേജ്മെന്റും തൊഴിലാളികളും തമ്മില്‍ ധാരണയാകുകയാണ് പതിവ്.

മനുഷ്യന് പണത്തിനോട് വല്ലാത്ത ഒരു തരം ആര്‍ത്തിയുണ്ട്. ഇക്കാര്യത്തില്‍ മലയാളിക്കുള്ള ആര്‍ത്തി ഇംഗ്ലീഷുകാരെയും ആഫ്രിക്കകാരെയും ഒക്കെ പിന്നിലാക്കുന്ന തരത്തിലുള്ളതാണ്. പുരുഷന്മാരേക്കാള്‍ മാലയാളി സ്ത്രീകള്‍ ഇക്കാര്യത്തില്‍ ലോകത്ത്‌ ആരുമായും കിട പിടിക്കാന്‍ പ്രാപ്തരാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തന്നെയോ അല്ലെങ്കില്‍ മറ്റ് സ്ഥാപനങ്ങളിലോ ഓവര്‍ ടൈം ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഇതൊരു തെറ്റാണെന്നോ മോശം കീഴ്വഴക്കമാണെന്നോ അസൂയ പൂണ്ടു വിമര്‍ശിക്കുകയല്ല; മറിച്ച് ഇങ്ങനെ അധിക ജോലിയില്‍ ഏര്‍പ്പെടുക വഴി കുറച്ചു സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും കുടുംബ ജീവിതങ്ങളില്‍ ഉണ്ടാകാനിടയുള്ള സൈഡ് ഇഫക്ടുകള്‍ക്കുള്ള സാധ്യതകള്‍ കണ്ടില്ലെന്നു നടിക്കരുത്.

ഈ അധിക ജോലിയുടെയും അമിത വേതനത്തിന്റെയും പരിണിത ഫലങ്ങളില്‍ ഒന്നാണ് കേരളത്തില്‍ ഭൂമി വിലയില്‍ വന്ന ഭീമമായ വര്‍ധന! ഒരുവന്‍ ലോണെടുത്ത് പത്തു സെന്റ്‌ വാങ്ങിയെന്നറിഞ്ഞാല്‍ അടുത്തവന്‍ ലോണ്‍ എടുത്തു പത്തേക്കര്‍ വാങ്ങി സ്വയം കേമനാകും.

കേമന്മാരും കേമികളും തങ്ങളുടെ ആയുസ്സിനെ കുറിച്ചോ ജീവിതത്തെ കുറിച്ചോ ചിന്തിക്കാതെ രാപകല്‍ ഇല്ലാതെ നെട്ടോട്ടമാണ്. ഇതിനിടയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ ... അവര്‍ ക്ലാസ്‌ മുറികളിലും സഹപാഠികളിലും നിന്ന് ഇംഗ്ലീഷ്‌ ഭാഷയും അമ്മയപ്പന്മാരില്‍ നിന്ന് ശകാരവും വഴക്കും മലയാളത്തിലും കേട്ട് വളര്‍ന്നു വലുതാകും!

പ്രവാസി മലയാളി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി, ചിലരെങ്കിലും അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മക്കളുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ അമ്പേ പരാജയപ്പെടുന്നു എന്നതാണ്. കേരളത്തിന്‌ വെളിയില്‍ പല സംസ്ഥാനങ്ങള്‍ താണ്ടിയും ഇന്ത്യക്ക് വെളിയില്‍ പല രാജ്യങ്ങള്‍ താണ്ടിയും കുഞ്ഞുകുട്ടി പരാധീനങ്ങളെയും കൊണ്ട് പങ്കപ്പാടുകള്‍ ഏറെ സഹിച്ചു സാമ്പത്തികമായി വിജയം കൊയ്ത ഒരു തലമുറയ്ക്കാണ് ഈ ദുര്‍വിധി എന്നോര്‍ക്കണം.

അവള്‍ അഞ്ചു ഡ്യൂട്ടി ചെയ്തു, അവന്‍ നാല് ഡ്യൂട്ടി ചെയ്തു; എഴുപതു വയസ്സുള്ള ഇംഗ്ലീഷുകാരി ആഴ്ചയില്‍ മൂന്നു ഡ്യൂട്ടി ചെയ്യുന്നു... ഇങ്ങനെ പോകുന്നു ഓരോരുത്തര്‍ക്കും ഡ്യൂട്ടി കൂടുതല്‍ ചെയ്യാന്‍ ഉതകുന്ന വിധത്തില്‍ ഉള്ള പ്രചോദനങ്ങള്‍ .

ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചും നൈമിഷികതയെക്കുറിച്ചും ഉള്ള ആത്മീയ കാഴച്ചപ്പാടുകളുടെ അഭാവമാണ് പലപ്പോഴും ഇത്തരം വിഡ്ഢി ജീവിതങ്ങള്‍ക്ക്‌ വളമേകുന്നത് . ഇവിടെ അമ്പരപ്പിക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം ഇവരെല്ലാവരും തന്നെ വളരെ റിലീജിയസ് ആണെന്നതാണ്!

മുറ തെറ്റാതെയുള്ള പള്ളിയില്‍ പോക്ക്, ആധ്യാത്മിക ധ്യാനങ്ങളിലെ പങ്കാളിത്തം, എന്ന് വേണ്ട ആചാരാനുഷ്ടാനങ്ങള്‍ കിറുകൃത്യമായി പാലിക്കുന്നവര്‍ ... എന്തുകൊണ്ടാണ് ഇവര്‍ക്ക്‌ യഥാര്‍ഥത്തിലുള്ള ആത്മീയ ജ്ഞാനം ലഭിക്കാതെ പോകുന്നത്? വിളഞ്ഞു കിടക്കുന്ന വയലില്‍ വേലയ്ക്കെത്തുന്ന കൊയ്ത്തുകാര്‍ ഒരു പരിധി വരെ ഇതിനു കാരണക്കാരാണ്.

ഒരുവന്‍ ചത്തൊടുങ്ങുമ്പോള്‍ മാത്രം "വയലില്‍ പൂക്കും പുല്‍ക്കൊടി പോലെ ..." എന്ന് പാടിയിട്ട് കാര്യമില്ല; മാനുഷിക ജീവിതത്തിനു ഉതകുന്ന വിധത്തില്‍ ദൈവ വചനം വിശകലനം ചെയ്ത് അനുവര്‍ത്തിക്കുന്ന നിലപാടുകളില്‍ മാറ്റം വരുത്തുവാന്‍ വേണ്ട ഒത്താശ ചെയ്യുക എന്നതാണ് ധ്യാന ഗുരുക്കളില്‍ നിന്ന് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്.

ആത്മീയതയുടെ വക്താക്കള്‍ എല്ലാവരും തന്നെ ഒന്നുമില്ലാത്തവരായിരുന്നു. ഭൗതികമായി തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം; ഭാര്യയെ ഉള്‍പ്പെടെ, പോലും ഉപേക്ഷിച്ചവരാണ് ബുദ്ധനും ശ്രീ നാരായണ ഗുരുവും. ക്രിസ്തു ആകട്ടെ നിനക്കുള്ളതെല്ലാം വിറ്റിട്ട് വന്ന് എന്നെ അനുഗമിക്കാനാണ് ഒരുവനോട് ആവശ്യപ്പെട്ടത്‌.. ..

ഇനി ഇതൊന്നുമല്ലെങ്കിലും നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളുടെ കാര്യം ഒന്ന് പരിഗണിച്ചു നോക്കൂ. ഒരു കാലത്ത് ആരായിരുന്നവര്‍ ... സമൂഹത്തില്‍ എന്തായിരുന്നവര്‍ ... ഇന്നോ? നമ്മുടെ കണ്മുന്‍പില്‍ കാണുന്ന വസ്തുതകള്‍ നമുക്ക്‌ ഗ്രഹിക്കാനാവുന്നില്ലെങ്കില്‍ നാമാരെയാണ് പഴിക്കേണ്ടത്?

യേശുവിനെ വിട്ട് യേശുവിന്റെ പ്രതിപുരുഷന്മാര്‍ പറയുന്നതു മാത്രം പ്രമാണിക്കുക എന്നത് ശ്രീ നാരായണ ഗുരുവിനെക്കാള്‍ വെള്ളാപ്പള്ളി നടേശനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതിനു തുല്യമാണ് എന്ന് പറയാതെ വയ്യ.








Sunday, 9 September 2012

ന്യൂ ജനറേഷനും പ്രവാസിയും

കേരളത്തില്‍ ന്യൂ ജനറേഷന്‍ ട്രെന്‍ഡുകള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് .ന്യൂ ജനറേഷന്‍ തരംഗം കൂടുതല്‍ പ്രകടമാകുന്നത് സിനിമയും അതുമായി ബന്ധപ്പെട്ട മറ്റു കലാരൂപങ്ങളിലുമാണ്. പുതിയ സംവിധായകര്‍ , കഥാകൃത്തുക്കള്‍ , ഗായകര്‍ , അഭിനേതാക്കള്‍ ... ഇവര്‍ ചേര്‍ന്ന് പുതിയ ആസ്വാദന നിര്‍വ്വചനങ്ങള്‍ രചിക്കുകയാണ് .

ഈ പുതുമ പഴയ തലമുറയ്ക്ക് അത്ര ദഹിക്കുന്നവയല്ല; എന്നിരുന്നാലും പുതിയ ലോകക്രമത്തിന്റെയും മലയാളിയുടെ മാറിയ ജീവിത രീതികളുടെയും നേര്‍ക്ക്‌ പിടിക്കുന്ന കണ്ണാടികളാണ് എന്നതാണ് വസ്തുത.

അതുകൊണ്ട് തന്നെ ഇത് വലിയ സംഭവങ്ങളാകുകയും പരമ്പരാഗത ധാരണകളെ ഏറെക്കുറെ വെല്ലു വിളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

അറുപതുകളിലും എഴുപതുകളിലും ഒക്കെ ജനിച്ച മലയാളികള്‍ക്ക് പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമകള്‍ കാണുമ്പോള്‍ ഒരു തരം നൊസ്റ്റാള്‍ജിയ അനുഭവപ്പെടുക സ്വാഭാവികം. അത്തരം സിനിമകളുടെ സെറ്റുകള്‍ ; അത് ചിലപ്പോള്‍ മാര്‍ക്കറ്റ് ആകാം, നഗര - ഗ്രാമ വീഥികള്‍ ആകാം, കാവും അമ്പലവും ഗ്രാമീണ ഗൃഹാന്തരീക്ഷവും പാടശേഖരങ്ങളും ഒക്കെയാവാം.

അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ നില നിന്നിരുന്ന കൊടിയ ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും ചിഹ്നങ്ങളായിരുന്നു അതിലെ കഥാപാത്രങ്ങള്‍ . ഇന്നത്തെ ന്യൂ ജനറേഷന് ആ സീനുകള്‍ ദഹിക്കുക പ്രയാസമാണ്. അവര്‍ക്ക്‌ അഗ്രാഹ്യമായ ചില വസ്തുതകളുടെ പ്രതിഫലനങ്ങള്‍ ആണെങ്കില്‍ കൂടി.

പഴയ തലമുറയും പുതു തലമുറയും തമ്മില്‍ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുക സ്വാഭാവികമാണ്. കേരളത്തില്‍ തന്നെ ജനിച്ചു വളര്‍ന്ന പുതു തലമുറ മാറ്റത്തിന്റെ വഴിയെ സഞ്ചരിക്കുകയും പഴയ കാര്യങ്ങള്‍ പാടെ അവഗണിച്ച് ആധുനിക ജീവിത ക്രമങ്ങളെ അന്ധമായി പിന്തുടരുകയും ചെയ്യുമ്പോള്‍ പ്രവാസി മലയാളികളിലും അവരുടെ അടുത്ത തലമുറയിലും എന്താണ് സംഭവിക്കുന്നത്?

ഇവിടെ യഥാര്‍ത്ഥത്തില്‍ ന്യൂ ജനറേഷന് സാമൂഹിക വിഷയങ്ങളില്‍ വേണ്ടത്ര വോയ്സില്ല. സംഘടനകളും സാരഥ്യവും ഒക്കെ പഴമക്കാര്‍ തന്നെ കൈയ്യടക്കിയിരിക്കയാണ്. പുതു തലമുറയ്ക്കാകട്ടെ അതില്‍ ലവലേശം താല്പര്യമില്ല താനും. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അസോസിയേഷന്‍ പരിപാടികളില്‍ ചാടി മറിയുന്നതൊഴിച്ചാല്‍ അവര്‍ക്ക്‌ ഈ ഏടാകൂടങ്ങളില്‍ ഒരു താല്പര്യവുമില്ല.

താല്പര്യമുണ്ടാകത്തക്ക വിധത്തില്‍ നാമൊന്നും രൂപ കല്പന ചെയ്തിട്ടുമില്ല. ഓണ സദ്യക്ക് പങ്കെടുക്കുന്ന കുട്ടികളില്‍ പലര്‍ക്കും ഓണക്കറികളില്‍ പലതിനോടും ഒരു താല്പര്യവുമില്ല. കലാരംഗത്ത്‌ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ആരും ഒന്നും പ്രവര്‍ത്തിച്ചു കാണുന്നില്ല. ദിവസവും കുറഞ്ഞത് രണ്ട് സിനിമകള്‍ എങ്കിലും കാണുന്ന നമ്മുടെ ന്യൂ ജനറേഷന്‍ കുഞ്ഞുങ്ങളില്‍ നിന്നും കലാപരമായ ഒരു ഉല്പന്നവും ലഭിക്കുന്നില്ലെങ്കില്‍ എവിടെയോ ചില തകരാറുണ്ട് എന്ന് സമ്മതിക്കാതെ വയ്യ.

വീട്ടുകാരുടെ വിലക്കുകള്‍ മറികടന്ന് മലയാള, തമിഴ്‌, ഹിന്ദി സിനിമകള്‍ കൂടാതെ അപൂര്‍വ്വം ഇംഗ്ലീഷ്‌ സിനിമകളും മാത്രം കണ്ടു ശീലിച്ച് സിനിമയെന്ന മാധ്യമത്തോട് അഗാധമായ അഭിനിവേശം തോന്നി ജീവിതത്തില്‍ കലാപരമായി നേട്ടം കൊയ്തവര്‍ അനേകരുണ്ട് പഴയ തലമുറയില്‍ . ഒന്നുമാകാതെ എല്ലാം നഷ്ടപ്പെട്ടവര്‍ ഒരു പക്ഷെ അതിനേക്കാള്‍ അധികമാവാം! ഇന്നത്തെ ടെക്നോളജിയും സോഷ്യല്‍ നെറ്റ്‌വര്‍ക്കും അന്ന് സ്വായത്തമായിരുന്നുവെങ്കില്‍ അവരില്‍ പലര്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ വെളിച്ചം കാണിക്കുവാന്‍ കഴിയുമായിരുന്നു.

പുതിയ തലമുറയുടെ സര്‍ഗ്ഗ പ്രതിഭകളെ ഉണര്‍ത്തുന്ന വിധത്തില്‍ പഴയ തലമുറയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ചിന്ത ഇവിടെ പ്രസക്തമാണ്. മക്കള്‍ പണം സമ്പാദിക്കുന്ന ജോലികളില്‍ മാത്രം ഏര്‍പ്പെടട്ടെ എന്നതാണ് പല മാതാപിതാക്കളുടെയും ഉള്ളിലിരിപ്പ്.

കലാപ്രവര്‍ത്തനം എന്നാല്‍ ഒരു തരം വില കെട്ട ഏര്‍പ്പാടാണെന്ന മുന്‍വിധിയും പലരെയും അതില്‍ നിന്നും അകലാന്‍ പ്രേരിപ്പിക്കുന്നു. മറ്റൊന്ന് കല ആസ്വദിക്കുവാനുള്ള കഴിവില്ലായ്മയാണ്. ആഘോഷവേളകളില്‍ ഗാനമേളക്കാരുടെ പാട്ട് കേട്ട് തുള്ളുന്നത് ഒരിക്കലും ആസ്വദിച്ചിട്ടല്ല; മറിച്ച് പാട്ട് കേട്ട് ചാടണം എന്ന അലിഖിത നിയമം അപ്പടി പാലിക്കുന്നത് കൊണ്ടാണ്.

ആഴ്ചയില്‍ അഞ്ച് അല്ലെങ്കില്‍ ആറു ദിവസം ജോലി, മാസത്തില്‍ ഒരിക്കല്‍ ആത്മാഭിഷേക ധ്യാനം ഇത്രയുമായാല്‍ എല്ലാമായി എന്ന് ചിന്തിക്കുന്ന പഴയ തലമുറ ഒരു വശത്തും ഇന്‍സ്റ്റന്റ് ഫുഡും സോഷ്യല്‍ നെറ്റ്‌വര്‍ക്കും മൊബൈലുമായി പുതു തലമുറ മറുവശത്തും എന്നതാണ് ഇവിടെ നമ്മുടെ രീതി. കാര്യമായ കലഹവും വിപ്ലവവും ഉണ്ടാകുന്നില്ല; അല്ലെങ്കില്‍ അതിനുള്ള സാഹചര്യമില്ല.

അതുകൊണ്ട് തന്നെ കേരളത്തില്‍ സംഭവിക്കുന്നതുപോലുള്ള ന്യൂ ജനറേഷന്‍ ട്രെണ്ടുകള്‍ക്ക് ഇവിടെ സാധ്യതയും തീരെയില്ല.



Thursday, 16 August 2012

നേഴ്സുമാരുടെ സമര മുഖങ്ങള്‍


സമരമാണ്‌ ജീവിതം. ഇല്ലായ്മകളോട്‌ പട വെട്ടുക എന്നതാണ്‌ സധാരണക്കാരുടെ ജീവിത സമരം. അത്‌ നിശബ്ദവും എന്നാല്‍ ക്രിയാത്മകവുമാണ്‌. രാവിലെ മുതല്‍ രാത്രി വൈകുന്നതു വരെ പുഞ്ചപ്പാടങ്ങളില്‍ ചക്രം ചവിട്ടിയ പൂര്‍വ്വികര്‍ ചെയ്തതും ഈയര്‍ഥത്തില്‍ ജീവിത സമരമാണ്‌..

ഇന്നിപ്പോള്‍ കാലമേറെ പുരോഗമിച്ചു. യന്ത്രവല്ക്കരണത്തോടൊപ്പം  മനുഷ്യവിഭവശേഷിയില്‍ അഥിഷ്ഠിതമായ ആധുനിക തൊഴിലിടങ്ങള്‍ സാര്‍വ്വത്രികമായി. മലയാളികളെ സംബന്ധിച്‌ ആഗോള വ്യാപകമായി മനുഷ്യ വിഭവശേഷി പ്രഥമസ്ഥാനം നേടിയത്‌ നേഴ്സിമ്ഗ്‌ മേഖലയാണ്‌. നമ്മല്‍ കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന്‌ മലയാളികളായ നേഴ്സുമാര്‍ നല്കിയ സംഭാവന വളരെ വലുതാണ്‌.

എന്നാല്‍ എന്തുകൊണ്ടോ കേരളത്തില്‍ നേഴ്സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്ക്ക്‌ ഒരു സ്വകാര്യ ബസ്‌ ഡ്രൈവറുടെ ശമ്പളം പോലും നല്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നു മാത്രമല്ല, ക്രിസ്തീയ സഭകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഉടമസ്ഥതയില്‍ നടത്തിപ്പോന്ന സ്വകാര്യ ആസ്പത്രികളില്‍ എല്ലാം തന്നെ നല്‍കുന്ന വേതനം ബസുകൂലിക്ക്‌ പോലും തികയുമായിരുന്നില്ല എന്നതായിരുന്നു വാസ്തുത!

കേരളത്തിന്റെ പുറം പൂച്ചുകള്‍ മാത്രം നോക്കി കാണുന്നവര്ക്ക്‌ അവിടെ അതിഭയങ്കര വികസനവും ആഡംബര ജീവിതവും അതിരു വിട്ട ഉപഭോഗ സമ്സ്കാരവും വിവാഹം പോലുള്ള ചടങ്ങുകളില്‍ ആര്‍ഭാടവും ധൂര്‍ത്തും ഒക്കെ കാണാന്‍ കഴിയുമെങ്കിലും അതിന്റെയെല്ലാം അടിത്തട്ടില്‍ പട്ടിണിയും ദാരിദ്ര്യവും രോഗവും വൈകല്യങ്ങളും എല്ലാം ഒളിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്‌ സത്യം.

മാസങ്ങള്‍ക്ക് മുമ്പ്‌ ഹിന്ദു, ക്രിസ്ത്യന്‍ മത-സംഘടനകളുടെ ഉടമസ്ഥതയില്‍ നടത്തി വന്നിരുന്ന ആസ്പത്രികളില്‍ തുച്ഛമായ വേതനത്തില്‍ ജോലി ചെയ്തിരുന്ന നേഴ്സുമാര്‍ അധികൃതരുമായി സമരം പ്രഖ്യാപിക്കുകയും ഏറെ സഹനം ഏറ്റു വാങ്ങുകയും ചെയ്തു. കേരള ജനതയുടെ മുഴുവന്‍ പിന്തുണയും നേടിയ സമരം ഒടുവില്‍ വിജയം കണ്ടു.

ഇന്നിപ്പോള്‍ വീണ്ടും അതിന്റെ ആവര്‍ത്തനമാണ്‌ നാം കണുന്നത്‌.. ഇവിടെ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍ കേരള സമൂഹം കാണാതെ പോകുകയാണോ? ഒന്നാമത്‌ പൊതുജനങ്ങളില്‍ നിന്നു ഈ സമരങ്ങള്‍ക്ക് ലഭിച്ച പിന്തുണ. കേരളത്തില്‍ ഇന്ന്‌ ഏത്‌ രാഷ്ട്രീയ പാര്‍ട്ടിക്ക്‌ അവകാശപ്പെടാന്‍ പറ്റും ഈ ബഹുജന പിന്തുണ? ഓരോ ഈര്‍ക്കിലി പാര്‍ട്ടിയും ശക്തി പ്രകടനം നടത്തുന്നതിന്‌ ആളൊന്നിന്‌ ഇത്ര രൂപ വീതം കൂലിയും കള്ളും നല്കിയെങ്കില്‍ ഈ സാധുക്കളെ പിന്തുണയ്ക്കുന്നതിന്‌ തെരുവിലിറങ്ങാന്‍ തദ്ദേശവാസികള്‍ തായ്യാറായി എന്നതാണ്‌ സത്യം 

സര്‍ക്കാര്‍ , അര്‍ധ സര്‍ക്കാര്‍ , സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ , ഇതൊന്നുമില്ലാത്ത കൂലിപ്പണിക്കാര്‍ മറ്റു കൃഷീവലന്മാര്‍ ഒക്കെ ഉള്‍പ്പെട്ട നമ്മുടെ തലമുറയില്‍പെട്ടവര്‍ മക്കളെ എങ്ങനെയും നേഴ്സിംഗിനു വിടാന്‍ തീരുമാനിക്കുന്നതിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്‌. പരമ്പരാഗതമായി അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി ചെയ്തു കുടുംബം പരിപോഷിപ്പിക്കുന്നതു കണ്ടതില്‍ നിന്നുണ്ടായ അവബോധമാണ്‌ എങ്ങനെയും കടം വാങ്ങിയും സ്ഥലം വിറ്റും മകനെ/മകളെ നേഴ്സിംഗിനു വിടുക എന്നത്‌.

മൂന്നു നാലു വര്‍ഷത്തെ പഠനവും കാര്യങ്ങളും കഴിഞ്ഞ്‌ കിട്ടുന്ന വേതനം സ്വന്തം കാലില്‍ നില്ക്കാനുള്ള ത്രാണി പോലും നല്‍കുന്നില്ലെങ്കില്‍ കുടുംബത്തു പിറന്ന കുട്ടികള്‍ അങ്കലാപ്പിലാകുക സ്വാഭാവികം.

മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന മലയാളി നേഴ്സ്‌ ഒരു പത്ര വാര്‍ത്ത എന്നതിലുപരി മലയാളി നേഴ്സുമാര്ക്ക്‌ ഒരു വിപ്ളവ വീര്യമാകുകയായിരുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്‌ ഇന്നിപ്പോല്‍ കേരളത്തില്‍ കാണുന്നത്‌.

പ്രവാസികളായ നേഴ്സുമാര്ക്ക്‌ നാട്ടിലുള്ള തങ്ങളുടെ കുഞ്ഞനിയന്മാരെയും കുഞ്ഞനിയത്തിമാരെയും എങ്ങനെ മേലില്‍  ഈ വിഷയത്തില്‍ സഹായിക്കാം എന്ന ചിന്ത അവരുടെ കൂട്ടായ്മകളില്‍ നിന്നു തന്നെ ഉണ്ടാകട്ടെ.

Friday, 10 August 2012

വിശ്വസിച്ചാലും ഇല്ലെങ്കിലും ...

വിശ്വാസികളായ മാതാപിതാക്കള്‍ അവര്‍ക്ക്‌ ജനിക്കുന്ന കുഞ്ഞ് വിശ്വാസിയായി വളരണമെന്ന് ആഗ്രഹിക്കും. യുക്തിവാദികളായ മാതാപിതാക്കള്‍ക്ക് കുഞ്ഞ് ഒരു യുക്തിവാദിയായി വളര്‍ന്നു വരണമെന്നായിരിക്കും ആഗ്രഹം.

വിശ്വാസം ഉണ്ടായ കാലത്ത് തന്നെ അതിനെ യുക്തിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്ന ശീലവും വിശ്വാസികളില്‍ ചിലര്‍ പിന്തുടര്‍ന്നിരുന്നു. തോമാശ്ലീഹ ഇതിനൊരു ഉദാഹരണമാണ്. ക്രിസ്തുവിനോപ്പം കഴിയുകയും അദ്ഭുതങ്ങളും അടയാളങ്ങളും നേരില്‍ കാണുകയും ചെയ്തിട്ടും മരിച്ചവരില്‍ നിന്നുയര്‍ത്തു മറ്റു ശിഷ്യര്‍ക്ക്‌ ക്രിസ്തു പ്രത്യക്ഷനായത്‌ അന്ധമായി വിശ്വസിക്കാന്‍ ഈ ശിഷ്യന്‍ തയാറായില്ല.

പറുദീസയില്‍ എല്ലാ ജീവജാലങ്ങളും സസ്യ ഫലവൃക്ഷങ്ങളും ആദത്തിനും ഹവ്വയ്ക്കും തീറു നല്‍കിയ ദൈവം ഒരു വൃക്ഷവും അതിന്റെ ഫലവും ആസ്വദിക്കുന്നതില്‍ നിന്ന് അവരെ വിലക്കി. ഇതിലെ യുക്തിയില്ലായ്മയായിരികും ഒരുപക്ഷേ ഹവ്വയെ ആ പഴം രുചിക്കാന്‍ പ്രേരിപ്പിച്ചതും.

മനുഷ്യ സമൂഹം ബൗദ്ധിക തലങ്ങളില്‍ ഒട്ടേറെ മുന്നേറുകയും ആധുനിക സമൂഹമായി രൂപാന്തരപ്പെടുകയും ചെയ്തിട്ടും വിശ്വാസങ്ങള്‍ സംബന്ധിച്ച് യുക്തിപൂര്‍വമായി ചിന്തിക്കാനും അന്ധവിശ്വാസങ്ങളെ അവഗണിക്കാന്‍ തക്ക ആര്‍ജ്ജവം നേടാനും കഴിയാതെ പോകുന്നു എന്നതാണ് മലയാളികളായ വിശ്വാസികളെ സംബന്ധിച്ച ഗതികേട്!

വിഗ്രഹങ്ങള്‍ നിര്‍മ്മിക്കരുത്‌; അവയെ വണങ്ങരുത്; ആരാധിക്കരുത് എന്നൊക്കെ വി.ഗ്രന്ഥം അടിവരയിട്ടു വിശ്വാസിയെ ഉദ്ബോധിപ്പിക്കുമ്പോള്‍ എന്തൊക്കെയോ വരട്ടു ന്യായങ്ങള്‍ നിരത്തി സകല പുണ്യാളന്മാരുടെയും സകല വിശുദ്ധരുടെയും വിഗ്രഹങ്ങള്‍ പള്ളികളായ പള്ളികളിലെല്ലാം നിരത്തി സ്ഥാപിച്ച് വിശ്വാസികളെ ദൈവത്തില്‍ നിന്നും അവന്റെ കല്പനകളില്‍ നിന്നും കൂടുതല്‍ അകറ്റുക എന്ന തരവഴിതരത്തിന് കുട പിടിക്കുകയാണ് ചുരുക്കം ചിലത് ഒഴിച്ചുള്ള ക്രിസ്തീയ സഭകളും അധികാരികളും.

ഇപ്പോഴിതാ അത്തരം ചില വിഗ്രഹങ്ങളില്‍ നിന്ന് രക്തം വരുന്നു, ചില വിഗ്രഹങ്ങളുടെ മുടി വളരുന്നു, ചിലത് സ്പന്ദിക്കുന്നു ... എന്ന് വേണ്ട അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ഘോഷയാത്രകളാണ്. ഇവിടെയെത്തി പ്രാര്‍ഥിക്കുന്ന വിശ്വാസികള്‍ അനുഗ്രഹിക്കപ്പെടുന്നു എന്ന് അനേകര്‍ സാക്ഷ്യവുമായി രംഗത്ത്‌ വരുമ്പോള്‍ കബളിപ്പിക്കപ്പെടുകയാണെന്നാണ് വി.ഗ്രന്ഥം നല്‍കുന്ന സാക്ഷ്യം.

എളുപ്പവഴിയില്‍ അനുഗ്രഹം പ്രാപിക്കാനുള്ള വിശ്വാസിയുടെ ത്വരയും അതേ വഴിയില്‍ പണം വാരാനുള്ള സഭയുടെ ദുരയും ഒന്നിക്കുന്നിടത്ത് സത്യ വിശ്വാസം അന്ധ വിശ്വാസത്തിന്റെ കരിനിഴലില്‍ ഞെരിഞ്ഞമരുക സ്വാഭാവികം.

സാബു ജോസ്‌ 







Monday, 6 August 2012

സായം സന്ധ്യ

ഭാര്യയെ നൈറ്റ് ഡ്യൂട്ടിക്ക്‌ കൊണ്ടുപോയി വിട്ടിട്ട് വന്നിട്ട് വേണം നൂറു മില്ലി അടിക്കാന്‍. . കുട്ടികള്‍ക്ക്‌ ഭക്ഷണം നല്‍കി ഉറക്കേണ്ട ഉത്തരവാദിത്തവും കൂടിയാകുമ്പോള്‍ മദ്യപാനം ഒരിക്കലും ഒരാസ്വാദനമാകാറില്ല; മറിച്ച് കേവലം ഒരു ദിനചര്യ ആയി മാറുകയാണ് പതിവ്.

സ്കൂള്‍ അവധി തുടങ്ങിയതിനു ശേഷം കുട്ടികള്‍ നേരത്തെ ഉറങ്ങേണ്ടി വന്ന വളരെ അവിചാരിതമായി കിട്ടിയ ദിനത്തില്‍ അയാള്‍ ഒരു സിഗരറ്റ് വലിക്കുന്നതിന് വേണ്ടി പുറത്തേക്കിറങ്ങി.

യുട്യൂബില്‍ തനിക്കേറെ ഇഷ്ടപ്പെട്ട "തൊഴുതു മടങ്ങും സന്ധ്യയുമേതോ" എന്ന ഗാനം കേട്ടുകൊണ്ട് അയാള്‍ സിഗരറ്റു കത്തിച്ചു. അന്തരീക്ഷം വളരെ ശോകമൂകമാണ്. അത് എപ്പോഴും അങ്ങനെ തന്നെ. വേനല്‍ക്കാലമാണെങ്കില്‍ കൂടി കറുത്ത മേഘങ്ങളും തണുത്ത കാറ്റും ഒക്കെ കൂടി ഒരു തണുപ്പന്‍ ഫീലിംഗ്.

മദ്യത്തിന് ടച്ചിംഗ്സ് എന്നവണ്ണം പാട്ട് ആസ്വദിച്ചുകൊണ്ട് അയാള്‍ പുക വലിച്ചു. അയല്‍വാസികളില്‍ ചിലര്‍ വീടിനു വെളിയില്‍ കൂടുന്നതിന്റെയും മറ്റും നേരിയ ഒച്ചയും ബഹളവും കേള്‍ക്കാം.

പെട്ടെന്നാണ് അന്തരീക്ഷത്തില്‍ വളരെ അകലെ ഒരു നക്ഷത്രം അയാളുടെ കണ്ണില്‍ പെട്ടത്.  അയാള്‍ അന്തരീക്ഷമാകെ പരതി; ഇല്ല , വേറെയില്ല . പ്രിയപ്പെട്ടവര്‍ മരണ ശേഷം നക്ഷത്രമായി ദര്‍ശനം നല്‍കുമെന്ന്  ഏതോ സിനിമയില്‍ കണ്ട കാര്യം അയാള്‍ ഓര്‍ത്തു.

തനിക്ക്‌ പ്രിയപ്പെട്ട ഈ നക്ഷത്രം ആരുടേതായിരിക്കും? മരിച്ചു മണ്മറഞ്ഞ പലരെയും അയാള്‍ ഓര്‍ത്തു. ജീവിച്ചിരുന്നപ്പോള്‍ കണ്ട അവരുടെ രൂപങ്ങളും ഒപ്പമുണ്ടായിരുന്ന നിമിഷങ്ങളും എല്ലാം...

നക്ഷത്രം അവിടെത്തന്നെ നില്പാണ്. മേഘങ്ങള്‍ സഞ്ചരിച്ചുകൊണ്ടേ ഇരിക്കുന്നു. അയല്‍വാസികളുടെ ബഹളങ്ങള്‍ക്ക് മീതെ മറ്റെന്തോ ശബ്ദവും അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. തനിക്കജ്ഞാതമായ ഏതോ കിളികളും അവരുടെ കലമ്പലുകളും....


Sunday, 29 July 2012

കലാ സാഹിത്യ സ്നേഹിയോടു സഹകരിച്ചവര്‍


കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരുടെ ഒരു കൂട്ടയ്കയ്ക്ക് രൂപം നല്‍കുന്നതിനുള്ള എളിയ ശ്രമം എന്ന രീതിയില്‍ തുടങ്ങിയ ഈ ഗ്രൂപ്പ്‌ ബ്ലോഗില്‍ മുന്‍വിധികളില്ലാതെ സഹകരണം വാഗ്ദാനം ചെയ്ത ചുരുക്കം ചിലര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. 


അലക്സ്‌ കണിയാമ്പറമ്പില്‍ 


യു.കെ.മലയാളി പ്രസിദ്ധീകരണങ്ങളില്‍ ഗൗരവതരമായ വിഷയങ്ങളുടെ വൈവിധ്യങ്ങളാലും നിലവാരത്തിലും എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ബിലാത്തി മലയാളി എന്ന ഇലക്ട്രോണിക് മാസികയുടെ പത്രാധിപര്‍ . ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു സംരംഭമായ ബിലാത്തി വാരാന്ത്യം എന്ന പ്രസിദ്ധീകരണവും സാഹിത്യ കുതുകികള്‍ക്ക് ഏറെ ആസ്വാദ്യജന്യമാണ് . കൂടാതെ, സ്നേഹ സന്ദേശം എന്ന സാമുദായിക പ്രസിദ്ധീകരണവും ഇദ്ദേഹം തന്നെ കൈകാര്യം ചെയ്യുന്നു.

ബിലാത്തി മലയാളിയുടെ ലിങ്ക് ചുവടെ:
http://www.bilathi.info/

മുരളീ മുകുന്ദന്‍


ബിലാത്തി പട്ടണം എന്ന സ്വന്തം സൈറ്റിലൂടെ ജീവിതാനുഭവങ്ങളും  കാഴ്ചപ്പാടുകളും നര്‍മ്മത്തില്‍ ചാലിച്ച് സത്യത്തിന്റെ നേര്‍ക്കാഴ്ച്ചകളായി സഹൃദയര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന മജീഷ്യന്‍. 


ബിലാത്തി പട്ടണത്തിന്റെ ലിങ്ക് ചുവടെ:
http://www.bilatthipattanam.com

ജോഷി പുലിക്കൂട്ടില്‍


ഇതിനോടകം യു.കെ.യിലെ വിവിധ മാധ്യമങ്ങളില്‍ അനേകം കവിതകള്‍ എഴുതുകയും കവിതാ മല്‍സരങ്ങളില്‍ സമ്മാനാര്‍ഹനാകുകയും ചെയ്ത ജോഷി നോവല്‍ എഴുതിയും തന്റെ മികവ് തെളിയിച്ചു. ജോഷിയുടെ അങ്ങനെ തോമച്ചനും നേഴ്സായി എന്ന നോവല്‍ ചുവടെ:

https://docs.google.com/viewer?a=v&pid=sites&srcid=ZGVmYXVsdGRvbWFpbnxzbmVoYXNhbmRlc2hhbXxneDozYjFhOTA3ODczN2Y5ODg1
പേജ് ഏഴ്.

ജെയ്സണ്‍ കാര്‍ഡിഫ്‌


ഗായകന്‍, ഫോട്ടോഗ്രാഫര്‍ , വീഡിയോ എഡിറ്റര്‍ , നര്‍ത്തകന്‍ തുടങ്ങി കലയുടെ വൈവിധ്യമേഖലകളില്‍ കഠിനാധ്വാനത്തിലൂടെ സ്വായത്തമാക്കിയ കഴിവുകള്‍ പ്രകടമാക്കുന്നതില്‍ ഏറെ മികവ് പുലര്‍ത്തുന്ന കലാകാരന്‍.

സുഹൃത്തുക്കളോടൊപ്പം ജെയ്സന്‍ തയ്യാറാക്കിയ ഒരു വീഡിയോ ആല്‍ബത്തിന്റെ ലിങ്ക് ചുവടെ:

http://www.youtube.com/watch?v=fnPWevN96b0


ടോം ജോസ്‌ ലിവര്‍പൂള്‍ 


വേറിട്ട ചിന്തകളാല്‍ സമ്പുഷ്ടമായ ലേഖനങ്ങളിലൂടെ ചുരുങ്ങിയ സമയം കൊണ്ട് യു.കെ.മലയാളികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരന്‍. മത-രാഷ്ട്രീയ ജീര്‍ണ്ണതകളെ വിപ്ലവകാരിയുടെ തന്റേടത്തോടെ തുറന്നു കാട്ടുന്നതില്‍ ആര്‍ജ്ജവം നേടിയ അക്ഷര സ്നേഹി.

ടോം ജോസിന്റെ ഏറ്റവും പുതിയ ലേഖനത്തിന്റെ ലിങ്ക് ചുവടെ:

http://www.ukvartha.com/innerpage.aspx?id=16738&menu=251&top=89


സാബു ജോസ്


സംഗീതോപകരണങ്ങള്‍ ആയ ഗിറ്റാര്‍ , ഓര്‍ഗന്‍ തുടങ്ങിയവയില്‍ കമ്പം. തബല, ഡ്രംസ്, വയലിന്‍, ഓര്‍ഗന്‍ , ഗിറ്റാര്‍ .... തുടങ്ങി ഏതു സംഗീതോപകരണവും ലൈവ് ആയി വായിക്കുവാന്‍ കഴിവുള്ളവരെ തേടുന്നു. പഴയ ഗാനങ്ങളുടെ ആലാപനം തികച്ചും ലൈവ് ആയി യു.കെ.യില്‍ എവിടെ എങ്കിലും എന്നെങ്കിലുംഅവതരിപ്പിക്കാന്‍    അവസരം കാത്തു കഴിയുന്നു. 


സാബു എഴുതി സുഹൃത്തുക്കള്‍ ചിട്ടപ്പെടുത്തി ആലപിച്ച ഗാനത്തിന്റെ ലിങ്ക് ചുവടെ:

http://www.youtube.com/watch?v=3UtFte4Aw9A


Saturday, 14 July 2012

ഭക്തിയും യുക്തിയും

ഭക്തിയും യുക്തിയും തമ്മില്‍ ഒരക്ഷരത്തിന്റെ വ്യത്യാസവും രണ്ടക്ഷരത്തിന്റെ സാമ്യവുമാണ്. യുക്തിയില്‍ വിശ്വസിക്കുന്നവന്‍  യുക്തിവാദി, ഭക്തിയില്‍ വിശ്വസിക്കുന്നവന്‍ വിശ്വാസി. അപ്പോള്‍ പിന്നെ അന്ധവിശ്വാസി ആര് ? അത് തീര്‍ച്ചയായും യുക്തിവാദി ആയിരിക്കില്ല. മറിച്ച്  വിശ്വാസികളില്‍ ആണ് അന്ധവിശ്വാസികള്‍ ഉള്ളത്.

ഇത് എല്ലാ മതങ്ങള്‍ക്കും ബാധകമാകേണ്ട ഒരു സത്യമാണ്. യുക്തിവാദി അല്ലെങ്കില്‍ നിരീശ്വര വാദി ഒരിക്കലും അന്ധവിശ്വാസിയാകേണ്ട കാര്യമില്ല. അയാള്‍ക്ക്‌ വിശാസം പോലും നിഷിദ്ധമാണ്. പിന്നെ അയാള്‍ എങ്ങിനെ അന്ധവിശ്വാസിയാകും?

പക്ഷെ വിശ്വാസികള്‍ പലരുടെയും അവസ്ഥ അങ്ങനെയല്ല. അവര്‍ക്ക്‌ മതങ്ങളും മത പുരോഹിതരും ദൈവങ്ങളും അവരുടെ ഇംഗിതം സാധ്യമാക്കുന്ന മാധ്യമങ്ങളാണ്. ഇത് തെറ്റാണെന്നും അന്ധമാണെന്നും അവര്‍ കരുതുന്നില്ല.  പരീക്ഷയില്‍ ജയിക്കാന്‍, ജോലി ലഭിക്കാന്‍,  ജീവിത പങ്കാളിയെ ലഭിക്കാന്‍, ജോലിയില്‍ ഉന്നതി നേടാന്‍, മക്കളുണ്ടാകാന്‍, മക്കളുടെ ഭാവിക്ക്‌ ... അങ്ങനെ നൂറു നൂറു കാര്യങ്ങള്‍ക്ക് അവര്‍ വിശ്വാസത്തെ ആശ്രയിക്കുന്നു.

ഇങ്ങനെ വിശ്വാസത്തെ ആശ്രയിക്കുന്നവര്‍ തന്നെ രാപകല്‍ ഇല്ലാതെ കഷ്ടപ്പെട്ട് ജീവിതത്തില്‍ സുഖവും ദുഖവും അനുഭവിക്കുന്നു. യുക്തിവാദിയും അതുപോലെ തന്നെ ജീവിതത്തില്‍ കഷ്ടപ്പെട്ട് ജീവിതം മുമ്പോട്ട്‌ തള്ളി നീക്കുന്നു.

വിശ്വാസി തനിക്ക് കിട്ടിയ സൗഭാഗ്യങ്ങള്‍ ദൈവദാനങ്ങള്‍ എന്ന് കരുതുന്നു. യുക്തിവാദി തന്റെ ഉയര്ച്ചകള്‍ക്കും താഴ്ച്ചകള്‍ക്കും ഉത്തരവാദി താന്‍ തന്നെയെന്ന് കണ്ടെത്തുന്നു.

ലോകത്തില്‍ ഏതെല്ലാം രീതിയില്‍ മനുഷ്യകുലം കഷ്ടപ്പാടും വേദനയും ദുരിതവും അനുഭവിക്കുന്നു? ഇതിനൊന്നും വിശ്വാസിക്ക് ഉത്തരം കാണില്ല, അവര്‍ക്ക്‌ അതൊരു പ്രശ്നവുമല്ല. എന്നാല്‍ യുക്തിവാദിക്ക്‌ അത് സ്വന്തം വേദന തന്നെയാണ്.

ഇതില്‍ നിന്നും വിശ്വാസിയെക്കാള്‍ മനുഷ്യത്വം യുക്തിവാദിക്കാണെന്ന് നിസ്സംശയം പറയാം.

Thursday, 28 June 2012

പ്രവാസി മലയാളിയും പുതു തലമുറയും

പ്രവാസി മലയാളി എന്ന പദം പ്രചാരം നേടിയിട്ട് അര നൂറ്റാണ്ടില്‍ അധികമാകാനിടയില്ല. മുപ്പതു വര്‍ഷം മുമ്പ്‌ പോലും ഈ ഗണത്തില്‍ പെടുന്നവരുടെ എണ്ണം തീര്‍ത്തും തുച്ഛമായിരുന്നു. ഇന്നിപ്പോള്‍ സ്ഥിതിയാകെ മാറി. കേരളത്തില്‍ പല ജില്ലകളിലും കുടുംബങ്ങളില്‍ മാതാപിതാക്കള്‍ , അല്ലെങ്കില്‍ ഒന്നോ രണ്ടോ മക്കള്‍ ഒഴികെ ബാക്കിയെല്ലാവരും പ്രവാസി മലയാളികള്‍ ആയിരിക്കുന്നു.

ഇത് സാമ്പത്തികമായി കേരളത്തിന്‌ പൊതുവേ വളരെ നേട്ടം സമ്മാനിച്ചിട്ടുണ്ട്. കേരളത്തില്‍ മനുഷ്യവിഭവ ശേഷിക്ക് നല്‍കേണ്ട വേതനം വികസിതരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍
ഏറെക്കുറെ സമാനമാണ്. ജീവിത ചെലവും അതുപോലെ തന്നെ ഗണ്യമായി കൂടുകയാണ്.

ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ്‌ കേരളത്തിലെ യുവജനങ്ങളെ ഗ്രസിച്ചിരുന്നത് തൊഴിലില്ലായ്മ എന്ന ശാപമായിരുന്നെങ്കില്‍ ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധി തൊഴില്‍ ചെയ്യാന്‍ മലയാളി യുവജനങ്ങള്‍ ഇല്ലെന്നതാണ്.

പ്രവാസി മലയാളികള്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിലൂടെ സാമ്പത്തികമായി ഉന്നതി നേടുകയും വില കൂടിയ കാറും വീടും മറ്റ് ജീവിത സാഹചര്യങ്ങളും സ്വായത്തമാക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക്‌ വേണ്ടി എന്തും ചെയ്യാന്‍ ഇവരില്‍ പലരും തയ്യാറുമാണ്. ഇവരുടെ കുട്ടികളില്‍ പലരും പഠിച്ചു മിടുക്കരായെന്നു വരാം ഇല്ലായിരിക്കാം; ചിലര്‍ പാര്‍ട്ട് ടൈം ജോലിക്ക് പോയെന്ന്‍ വരാം  ഇല്ലായിരിക്കാം, ആര്‍ക്കും ഒന്നിനും ഒരു കുറവും ഇല്ല !


പുതിയ തലമുറയിലെ പല കുട്ടികളും ഉപയോഗിക്കുന്നത് ആഡംബര കാറുകളും അനുബന്ധ സാമഗ്രികളുമാണ് . ഇത് പറയുമ്പോള്‍ പലര്‍ക്കും തോന്നാം പഴയ തലമുറയുടെ കോംപ്ലക്സ്‌ ആണെന്ന്. ശരിയാണ്, ഈ കോംപ്ലക്സ്‌ ഇവരുടെ മാതപിതാകള്‍ക്കും ഇല്ലായെന്നു വരുമോ?

ഇവിടെയുള്ള മധ്യവയസ്കരില്‍ പലര്‍ക്കും അവരുടെ ടീനെജു പ്രായത്തില്‍ ഒരു സൈക്കിള്‍ പോലും ഉണ്ടായിരുന്നില്ല. അവരുടെ വീട്ടില്‍ ഭക്ഷണത്തിന് ആഴ്ചയില്‍ ഒരിക്കലോ മാസത്തില്‍ ഒരിക്കലോ പോലും നോണ്‍ വെജിറ്റബിള്‍ ഭക്ഷണം ഉണ്ടായിരുന്നില്ല. മത്തി മാത്രമായിരുന്നു ഇതിനൊരു അപവാദം.

അതൊക്കെ പോട്ടെ, പ്രവാസി മലയാളിയെന്നും അവരുടെ കുടുംബം, കുട്ടികള്‍ അസോസിയേഷന്‍ എന്നൊക്കെ പറഞ്ഞ്  ആണ്ട് തോറും പല അഭ്യാസ പ്രകടനങ്ങളും നടക്കാറുണ്ട്. നമ്മുടെ കുട്ടികളില്‍ എത്ര പേര്‍ക്ക് മലയാളം പറഞ്ഞാല്‍ മനസിലാകും? എത്ര പേര്‍ക്ക് മലയാളത്തില്‍ സംസാരിക്കാനാകും? എത്ര പേര്‍ക്ക് മലയാളം എഴുതുവാനും വായിക്കുവാനും കഴിയും?

ഓണലൈന്‍ മലയാള പത്രങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി പ്രവാസി മലയാളികളുടെ വരും തലമുറയ്ക്ക് മലയാളം വായിക്കുവാനോ എഴുതുവാനോ അറിയില്ലെന്നതാണ്. ഇന്നും അവര്‍ പ്രതിസന്ധിയില്‍ തന്നെയാണ്. കാരണം, മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്ന മുന്‍ തലമുറയ്ക്ക്  കമ്പ്യൂട്ടര്‍ ഗ്രാഹ്യം തീരെയില്ലാത്തതാണ് .

പണ്ട് വര്‍ത്തമാന പത്രങ്ങള്‍ക്ക് വരിക്കാരാകുക എന്നത് വളരെ ചെറിയ ന്യൂനപക്ഷത്തിനു മാത്രം സാധ്യമായ കാര്യമായിരുന്നു. അങ്ങനെ സാഹചര്യമുണ്ടായിരുന്നവരുടെ മക്കള്‍ പലരും അത് തിരിഞ്ഞു നോക്കാതെ മറ്റു വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ , ചായക്കടകളിലും  ക്ലബ്ബുകളിലും വായനശാലകളിലും നിന്ന് വീണു കിട്ടിയ എച്ചില്‍ തുണ്ടുകളില്‍ നിന്ന് വായിച്ച് പി.എസ.സി. ജോലി നേടിയവരും സാഹിത്യ രചനകളില്‍ ഏര്‍പ്പെട്ടവരും നമ്മുടെ സമൂഹത്തില്‍ ഏറെ ഉണ്ടായിട്ടുണ്ട്.

നമ്മുടെ കുട്ടികള്‍ക്ക്‌ മാതൃ ഭാഷയായ മലയാളം പകര്‍ന്നു നല്‍കാന്‍ നമുക്കാകുന്നില്ലെങ്കില്‍ നമ്മള്‍ മേലില്‍ പ്രവാസി എന്ന് മാത്രം അറിയപ്പെടുന്നതായിരിക്കും ഉചിതം. പ്രവാസി മലയാളി എന്നത് മരണാസന്നമായ ഒരു പദപ്രയോഗമാണ്.






Tuesday, 26 June 2012

ഷോപ്പിംഗ്‌

മിനിക്കഥ 


തണുത്തുറഞ്ഞ രാവിനെ പ്രസന്നമാക്കാന്‍ സൂര്യ കിരണങ്ങള്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഫലിക്കാതെ പോയ അനേകം ദിവസങ്ങളിലെ ഒരു വിന്റര്‍ പ്രഭാതമായിരുന്നു അന്ന്.
ഷോപ്പിങ്ങിനുള്ള ലിസ്റ്റുമായി അയാള്‍ അപ്പാര്‍ട്ട് മെന്റിന്റെ പടികള്‍ ഇറങ്ങി. കൈയ്യില്‍ രണ്ടു ബിഗ്‌ ഷോപ്പര്‍ ബാഗും പിന്നെ ഒരു സാധാ ഷോപ്പിംഗ്‌ ബാഗും. ബാഗുകള്‍ എല്ലാം ഇടതു കൈയ്യിലും വലതു കൈയ്യില്‍ രണ്ടര വയസ്സ് പ്രായം വരുന്ന തന്റെ പൊന്നോമനയുടെ കരവും മുറുകെ പിടിച്ച് അയാള്‍ സൂക്ഷിച്ച് പടിയിറങ്ങി.


വീട്ടില്‍ നിന്ന് നേരെ പത്തു പതിനഞ്ചു മിനിട്ട് നടന്നാല്‍ അല്‍ദി സൂപ്പര്‍ മാര്‍ക്കറ്റ്‌ ആയി. അരി, ചിക്കന്‍, പാല്, പച്ചക്കറികള്‍ , തുടങ്ങി  എല്ലാ സാധനങ്ങളും ഏറ്റവും മിതമായ നിരക്കില്‍ ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കാറ്റ്‌ ആണ് അല്‍ദി.


മറ്റ് സൂപ്പര്‍ മാര്‍ക്കറ്റുകളായ അസ്ദയും ടെസ്കൊയും ഒക്കെ നടന്നു പോകാവുന്ന അകലത്തി ലല്ലാത്തതിനാല്‍ അയാളും കുടുംബവും യു.കെ.യില്‍ വന്നത് മുതല്‍ അല്‍ദിയെ തന്നെയാണാശ്രയിച്ചിരുന്നത്.

വഴിയില്‍ നടന്നു പോകുന്നവര്‍ നന്നേ കുറവ്. അതില്‍ തന്നെ മലയാളികള്‍ ഇല്ലേയില്ല. കാറുകള്‍ തലങ്ങും വിലങ്ങും പായുന്നുണ്ട്. തനിക്കിവിടെ വന്നു മൂന്നു നാല് വര്‍ഷമായിട്ടും ഒരു കാറ് വാങ്ങിക്കാന്‍ കഴിഞ്ഞില്ല. ഒന്നാമത്‌ നന്നായിട്ട് ഓടിക്കാനറിയില്ല. രണ്ടാമത്‌ കടങ്ങള്‍ ഒക്കെ വീടി വരുന്നതേയുള്ളൂ.


ജീവിതത്തിന്റെ വരും കാല സൗഭാഗ്യങ്ങളുടെ ലിസ്റ്റിലേക്ക് ഈയാവശ്യം കൂടി അയാള്‍ പണ്ടേ കുറിച്ചു വച്ചു. ഓരോന്ന് ആലോചിച്ചു പകുതി വഴിയെത്തിയിരിക്കുന്നു. ഇവിടെയൊരു പെലിക്കന്‍ ക്രോസിംഗ് ഉണ്ട്.


ക്രോസ് ചെയ്യുന്നതിനുള്ള ഊഴം വരുമ്പോള്‍ ഇടതും വലതും വശങ്ങളിലെ വാഹനങ്ങളെയും അതിലിരിക്കുന്ന യാത്രക്കാരെയും മിന്നല്‍ വേഗത്തില്‍ ശ്രദ്ധിക്കുക സ്വാഭാവികമാണ്. അപരിചിതത്വത്തിന്റെ വെളിച്ചത്തില്‍ പലരെയും നമ്മള്‍ വിസ്മരിക്കാനാണ് സാധ്യത.
എന്നാല്‍ ഒരിക്കല്‍ മാത്രം ...  അതെ ഷോപ്പിംഗ്‌ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ .  മോള്‍ എടുക്കണമെന്ന്   വാശി പിടിച്ച് കരഞ്ഞപ്പോള്‍ .... രണ്ടു തോളിലും ബിഗ്‌ ഷോപ്പറും ഒരു കൈയ്യില്‍ സാധാ ബാഗും  മറുകൈയ്യില്‍ മോളുടെ കരവും പിടിച്ച് മെല്ലെ നടക്കുമ്പോള്‍ .
ക്രോസിങ്ങില്‍ ഒരു വശത്ത്‌  കാറിനുള്ളില്‍ ഒരു സ്ത്രീയും പുരുഷനും തങ്ങളെതന്നെ നോക്കുന്നതുപോലെ. ഇംഗ്ലീഷ്‌ കാരല്ല; ഇന്ത്യന്‍, അല്ല സാക്ഷാല്‍ മലയാളി !  ഷോപ്പിംഗ്‌ ബാഗുകള്‍ക്കൊപ്പം കുഞ്ഞിനേയും എടുത്തു ക്രോസ് ചെയ്യുന്നതിനിടയില്‍ അവരെ ഒന്ന് കൂടി നോക്കി.


അതെ, അവര്‍ ചിരിക്കുകയാണ്. ഒരു മലയാളി ഹതഭാഗ്യന്റെ ദൈന്യതയോര്‍ത്ത്. അവര്‍ക്കിന്നു മുഴുവന്‍ ചിരിച്ചു തകര്‍ക്കാന്‍ താനൊരു നിമിത്തമായിരിക്കുന്നു. മറ്റുള്ള മലയാളികളുമായി പങ്കു വയ്ക്കാന്‍ ഒരു കിടിലന്‍ ഐറ്റം!


കാറുകള്‍ പിന്നെയും പലതും കടന്നു പോയ്‌. അയാള്‍ അതൊന്നും ശ്രദ്ധിച്ചില്ല. സാധനങ്ങള്‍ വീട് വരെ എത്തിക്കണം....  കുഞ്ഞു വീഴാതെ സൂക്ഷിക്കണം... കൈപ്പലക വേദനിക്കുന്നു... ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതല്ലേ എല്ലാവര്‍ക്കും? അത്  എങ്ങനെയുള്ള ജീവിതമായിരുന്നാലും????  

Thursday, 21 June 2012

പത്ര മാനേജ്മെന്റും എഴുത്തുകാരും

സമകാലീന മലയാളം വരികയുടെ എഡിറ്റര്‍ തല്‍സ്ഥാനം രാജി വച്ചതായി വാര്‍ത്ത വന്നിരുന്നു.  കാരണം വ്യക്തമല്ലെങ്കിലും സാധാരണ ഗതിയില്‍ പ്രസിദ്ധീകരണത്തിന്റെ ഉടമയുമായി അല്ലെങ്കില്‍ അവരുടെ നയങ്ങളുമായി വിയോജിപ്പ്‌ പ്രകടിപ്പിക്കേണ്ടി വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
മാധ്യമങ്ങളുടെ ചരിത്രത്തില്‍ ഇങ്ങനെ രാജി വച്ചും കലഹിച്ചും പുറത്തായ അനേകം പത്രപ്രവര്‍ത്തകരും എഴുതുകാരുമുണ്ട്. അവരില്‍ വളരെ അഗ്രഗണ്യന്മാരുണ്ട്, അങ്ങേയറ്റം കഴിവുള്ളവരുണ്ട്.
എത്രമാത്രം കഴിവുണ്ടെങ്കിലും ഒരു ഓര്‍ഗനൈസേഷന്റെ പിന്തുണ നഷ്ടപ്പെടുമ്പോള്‍ ഇവരില്‍ പലരും തകര്‍ന്നു തരിപ്പണമാകുന്നതായിട്ടു കാണാം. ചിലര്‍ മറ്റ് മാര്‍ഗ്ഗം ഒന്നും കാണാതെ വരുമ്പോള്‍ ചെറിയ പ്രസിദ്ധീകരണങ്ങളെ ആശ്രയിച്ച് സ്വയം ത്രുപ്തരാകാന്‍ ശ്രമിക്കും.
മറ്റ് ചിലര്‍ സ്വന്തമായി ചില പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുക പോലുള്ള  സാഹസങ്ങളില്‍ ഏര്‍പ്പെട്ടു സ്വയം തകരുകയോ കഷ്ടിച്ചു കഴിഞ്ഞു കൂടുകയോ ചെയ്യും. മനോരമ വാരികയില്‍ വര്‍ഷങ്ങളോളം കാര്‍ട്ടൂണ്‍ കൈകാര്യം ചെയ്തിരുന്ന ടോംസ് ഇതിനൊരു ഉദാഹരണമാണ്.
ടോംസ് കോമിക്സ് എന്ന പേരില്‍ സ്വന്തം പബ്ലിക്കേഷന്‍ ആരംഭിച്ച ടോംസ് ഈ സാഹചര്യത്തെ അതിജീവിക്കുക തന്നെ ചെയ്തു. എന്നിരുന്നാലും മനോരമയില്‍ തുടര്‍ന്നിരുന്നെങ്കില്‍ അത് മനോരമ വാരികയ്ക്കും ടോംസിനും കൂടുതല്‍ ഗുണകരമായേനെ എന്ന് തന്നെ കരുതാം.
ടോംസിന്റെ ശൈലി പിന്തുടര്‍ന്ന്‍ അതേ രീതിയില്‍ ഹാസ്യത്തിനും സാമൂഹ്യ വിമര്‍ശങ്ങള്‍ക്കും ഒട്ടും കോട്ടം തട്ടാതെ ടോംസിന്റെ പുറത്താക്കലിനു ശേഷവും മനോരമയില്‍ കാര്‍ട്ടൂണ്‍ വന്നു കൊണ്ടിരുന്നു. ഒടുവില്‍ കോടതി വിധിയെ തുടര്‍ന്ന് മനോരമയ്ക്ക് നാണംകെട്ട അനുകരണം നിര്‍ത്തേണ്ടി വന്നു.
മാനേജ്മെന്റിന്റെ ധിക്കാരവും പണക്കൊഴുപ്പുമാണ് ഇങ്ങനെയൊരു കൃത്യത്തിനവരെ പ്രേരിപ്പിച്ചത്‌. ടോംസ് എന്ന ജീനിയസിന്റെ കഴിവിനോ ക്രിയേറ്റിവിറ്റിക്കോ അവര്‍ യാതൊരു വിലയും കല്പിക്കുകയോ അദ്ദേഹവുമായി ഏതെന്കിലും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുകയോ ചെയ്തില്ല. 

Wednesday, 20 June 2012

കേരളാ രാഷ്ട്രീയവും ബി.ജെ.പി. യും

കേരള രാഷ്ട്രീയത്തില്‍ ഇടതു മുന്നണിയെ നയിക്കുന്ന സി.പി.ഐ.എം. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണമായി പാര്‍ട്ടി നേതാക്കള്‍ തന്നെ കരുതുന്നത് ഒഞ്ചിയം സംഭവം യു.ഡി.എഫ്. വോട്ടാക്കി മാറ്റുന്നതില്‍ വിജയിച്ചു എന്ന് തന്നെയാണ്. ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെ പ്രസംഗവും പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി.


 ഈ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്ന ശ്രദ്ധേയമായ മറ്റൊരു കാര്യം നിര്‍ണ്ണായക വോട്ടു നേടി ബി.ജെ.പി. മൂന്നാം സ്ഥാനത്ത്‌ എത്തി എന്നതാണ്. കേരളത്തില്‍ ബി.ജെ.പി.ക്ക് അക്കൗണ്ട്‌ തുറക്കാന്‍ പറ്റാത്തതിന്റെ പ്രധാന കാരണം ഇവിടെ പ്രബലമായ മുന്നണി സംവിധാനം തന്നെയാണ്. 


ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വോട്ട് ഇടതു വലതു മുന്നണികളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി. ആകട്ടെ മുന്നണിയുടെ പിന്ബലമില്ലാതെയാണ് ഓരോ തെരഞ്ഞെടുപ്പിനെയും നേരിടുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 


സി.പി.എം. ദുര്‍ബലമാകുമ്പോള്‍ ബി.ജെ.പി.ക്ക് അത് ഗുണകരമായി തീരുന്നു എന്ന് തന്നെ കരുതാം. സി.പി.എമ്മിനോട് അനുഭാവമുള്ള ഹിന്ദു വോട്ടര്‍മാര്‍ പാര്‍ട്ടിയോടുള്ള പ്രതിക്ഷേധമായി ബി.ജെ.പി.ക്ക് വോട്ട് ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്. 


എന്‍.എസ്.എസ്. , എസ്.എന്‍.ഡി.പി. മുതലായ സാമുദായിക സംഘടനകള്‍ പരമ്പരാഗതമായി ഇടതു വലതു മുന്നണികളെ പിന്തുണയ്ക്കുന്നു എന്നതും ബി.ജെ.പി.ക്ക് അക്കൗണ്ട്‌ തുറക്കുന്നതില്‍ തടസ്സം നില്‍ക്കുന്നു. 


Monday, 18 June 2012


ചെറുകഥ

വായനക്കാരന്‍



കമ്പ്യൂട്ടര്‍ മോനിറ്ററിന്റെ  ചതുരത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുന്ന ഓണ്‍ലൈന്‍ മാലിന്യങ്ങങ്ങള്‍ക്ക്  തെല്ലിട ബ്രേക്ക്‌ നല്കിയിട്ട്‌ ഒരു കാപ്പി ഉണ്ടാക്കുന്നതിനു വേണ്ടി  അയാള്‍ അടുക്കളയിലേക്ക്‌ പോയി. കാപ്പിയുമായി തിരിച്ചു വന്ന്‌  മോനിറ്ററിലേക്ക്‌ നോക്കിക്കൊണ്ട്‌ അയാള്‍ ചിന്തിച്ചു തുടങ്ങി. ഒരു ദിവസം യു.കെ.യില്‍ എത്ര പേരു വീതമാണ്‌ പ്രശസ്തരാകുന്നത്‌? യു.കെ.യില്‍ അങ്ങോളമിങ്ങോളം എത്ര പ്രസിഡന്റുമാര്‍ ... എത്രയെത്ര സെക്രട്ടറിമാര്‍ ... ട്രഷറര്‍മാര്‍ ... കമ്മറ്റി മെമ്പര്‍മാര്‍ ....

ഈ ഓണ്‍ലൈന്‍ പത്രങ്ങളും മലയാളി സംഘടനകളും തമ്മിലുള്ള അഭേദ്യ ബന്ധം അയാളില്‍ അത്ഭുതമുളവാക്കാതിരുന്നില്ല. ചുവരും ചിത്രവും പോലെ... അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അണ്ടര്‍വെയറും വള്ളിയും പോലെ...

ലോക രാജ്യങ്ങളുടെ പ്രസിഡന്റുമാര്ക്ക്‌ ലോക  മാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ എത്രയോ പതിന്മടങ്ങ്‌ പ്രശസ്തിയും പത്രാസുമാണ്‌ കുട്ടി സംഘടനകള്‍ക്കും  സാരഥികള്‍ക്കും കുട്ടിപത്രങ്ങളില്‍ നിന്നു ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്നത്‌?

താന്‍ ജീവിക്കുന്ന പ്രദേശത്തുള്ള മലയാളി സംഘടനകളുമായി തനിക്കുള്ള ബന്ധം അയാള്‍ ഓര്‍ത്തു. അവരില്‍ നിന്നു തനിക്കും തന്നെപ്പോലെ  നൂറുകണക്കിന്‌ മലയാളികള്‍ക്കും ലഭിക്കുന്ന സേവനങ്ങളില്‍ പ്രഥമസ്ഥാനീയന്‍ ഓണസദ്യ തന്നെ. മലയാളി ഹോട്ടലുകള്‍ വിരളമായ ഇവിടെ ഓണസദ്യ പാഴ്സല്‍ സര്‍വീസിന്‌ യാതൊരു സാധ്യതയുമില്ല. പിന്നെ ആകെ ആശ്രയമായിട്ടുള്ളത്‌ മലയാളി സംഘടനകള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കുക തന്നെ. ഭാര്യയ്ക്കും ഭര്‍ത്താവിനും മാത്രമായി വീട്ടില്‍ ഓണസദ്യയുടെ ചിട്ടവട്ടമൊരുക്കുകയെന്നതിനേക്കാള്‍ മെനക്കേടുണ്ടാക്കുന്ന ഏതേര്‍പ്പാടാണുള്ളത്‌?

അതുകൊണ്ടു തന്നെ ഏത്‌ സംഘടന ഓണാഘോഷം സംഘടിപ്പിച്ചാലും ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത്‌ കുടുംബമായി തന്നെ അതില്‍ സംബന്ധിക്കുന്നതില്‍ അയാള്‍ കൂടുതല്‍ ശുഷ്കാന്തി പുലര്‍ത്തിയിരുന്നു. തന്നെപ്പോലെ തന്നെ മറ്റനേകം മലയാളികളും ഇങ്ങനെ തന്നെ ചിന്തിച്ചതിന്റെ പരിണിതഫലമായിരിക്കില്ലേ ഇവിടുത്തെ കാക്കത്തൊള്ളായിരം സംഘടനകളും അവയുടെ പ്രവര്‍ത്തനങ്ങളും ?

അതു പോട്ടെ; യു.കെ. യിലുള്ള മറ്റു പത്ര വാര്‍ത്തകളിലേക്കായി അയാളുടെ ശ്രദ്ധ.

നിയമപരമായ വാര്‍ത്തകള്‍ , സര്‍ക്കാര്‍ നയങ്ങളുടെ വ്യതിയാനങ്ങള്‍ , ഇംഗ്ളീഷ്‌ ദിനപത്രങ്ങളില്‍ വന്ന പ്രധാന വാര്‍ത്തകളുടെ മലയാള പരിഭാഷ.... എന്നു വേണ്ട, മാതൃഭാഷയില്‍ മലയാളിക്ക്‌ വേണ്ടുന്നതെല്ലാം ഒരുക്കി വച്ചിരിക്കുകയാണ്‌ ഓരോ ഓണ്‍ലൈന്‍ പത്രങ്ങളും .

"കുന്നായ്മ" "കീചകന്‍ "പ്രാഞ്ചി" തുടങ്ങിയ ശീര്‍ഷകങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആക്ഷേപങ്ങളും ഹാസ്യങ്ങളും വായിച്ചപ്പോള്‍ ഇവിടുള്ള മറ്റെല്ലാ പത്രങ്ങളും "മഞ്ഞ"യും താന്‍ മാത്രം "അമഞ്ഞ"യും എന്ന രീതിയിലാണ്‌ ഓരോ പത്രക്കാരും വായനക്കാരെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന്‌ അയാള്‍ക്ക്   തോന്നി.

ഒരു പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ ആ വാര്‍ത്തയെ വിമര്‍ശിച്ചും വാര്‍ത്ത കൈകാര്യം ചെയ്ത രീതിയെ ആക്ഷേപിച്ചും മറ്റ്‌ പത്രങ്ങള്‍ വാര്‍ത്തകള്‍ മെനയുന്നത്‌ ഒരു പക്ഷേ ലോകത്ത്‌ താനുള്‍പ്പെടുന്ന ഈ സമൂഹത്തില്‍ മാത്രമായിരിക്കുമെന്ന അറിവ്‌ അയാളില്‍ ചിരിക്ക്‌ വക നല്കി.

ഈ ടെക്നോളജിയുടെ ഒരു കാര്യം !

പണ്ടൊക്കെ ഒരു പത്രമെങ്കിലും വായിക്കുക എന്നത്‌ എത്ര ക്ളേശകരമായിരുന്നു. ഇന്നിപ്പോള്‍ എത്ര മലയാളം പത്രങ്ങള്‍ ഓണ്‍ലൈനില്‍ നമുക്കു വായിക്കാന്‍ കഴിയുന്നു. അതിനിടയ്ക്കാണ്‌ യു.കെ.യില്‍ നിന്നു തന്നെ പ്രസിദ്ധീകരിക്കുന്ന യു.കെ. മലയാളികളുടെ "പ്രിയ" പ്രസിദ്ധീകരണങ്ങള്.

മലയാളികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്‌ മലയാള ദിനപത്രങ്ങള്‍ എല്ലാം തന്നെ. വാര്‍ത്തകള്‍ക്കു പുറമേ എഡിറ്റോറിയല്‍ , ആനുകാലിക ലേഖനങ്ങള്‍ , നര്‍മ്മം തുടങ്ങി വിഭവ വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ ഈ പത്രങ്ങളില്‍ നിന്നും ഇവിടുള്ള ഓണ്‍ലൈന്‍ പത്രങ്ങളെ വ്യതിരിക്തമാക്കുന്നത്‌ ഒരു പക്ഷേ ഈ ചപ്പും ചവറും നിറഞ്ഞ വായനാ വിഭവങ്ങള്‍ തന്നെ.

യു.കെ.യില്‍ വന്നതിനു ശേഷം തുടങ്ങിയ രണ്ട്‌ ദുശ്ശീലങ്ങള്; ഒന്ന്‌ മദ്യപാനവും മറ്റൊന്ന്‌ ഓണ്‍ലൈന്‍ പത്ര വായനയുമാണ്‌.

"അടുപ്പിലിരിക്കുന്ന ചോറ്  ഇതുവരെ വാര്‍ത്തില്ലേ" ഭാര്യയുടെ ചോദ്യം കേട്ട്‌ "സ്ളീപ്‌ ഓവര്‍ " വായിച്ചു കൊണ്ടിരുന്ന അയാള്‍ ഒന്നു ഞെട്ടി!

"വേഗം റെഡിയാക്‌, കൌണ്‍സലിംഗിന്‌ പോകേണ്ടതാ... " നൈറ്റ്‌ ഡ്യുട്ടി കഴിഞ്ഞ്‌ ഉറങ്ങിയെണീറ്റ ഭാര്യയൂടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്ത്‌ ഒരുങ്ങി തുടങ്ങി.

മനശ്ശാസ്ത്രജ്ഞന്റെ മുമ്പിലിരുന്നപ്പോള്‍ അയാള്‍ ചിന്തിച്ചത്‌ പുതിയൊരു പംക്തിയെക്കുറിച്ചായിരുന്നു. "മനശ്ശസ്ത്രജ്ഞനോട്‌ ചോദിക്കാം ".

മലയാളികള്‍ക്കിടയില്‍ വന്‍ റീഡര്‍ഷിപ്പ്‌ ലഭിച്ചേക്കാവുന്ന പംക്തി! ഇതുവരെ ഇവിടുള്ള ഓണ്‍ലൈനിലൊന്നും കാണാത്ത ഒന്നാന്തരം ഹിറ്റ്‌ മേക്കര്‍ ....

മദ്യപാനത്തിന്റെ  കാര്യത്തില്‍ തനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയും ; എന്നാല്‍ ചികില്‍സിക്കേണ്ട വിധത്തില്‍ അതിനടിമയാകാത്തതിനാല്‍ അതിന്റെ ആവശ്യമില്ലെന്നും ഓണ്‍ലൈന്‍ വായനയ്ക്ക്‌ മനശ്ശാസ്ത്രം ഇന്നേവരെ പ്രതിവിധി  കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞതനുസരിച്ച്‌ അവര്‍ തിരിച്ച്‌ വീട്ടിലേക്ക്‌ യാത്ര ചെയ്തു.

വണ്ടിയിലിരിക്കുമ്പോള്‍ പുതിയ "പംക്തി"യെക്കുറിച്ചുള്ള ആശയം ഏത്‌ പത്രത്തിന്റെ എഡിറ്ററുമായി പങ്കു വയ്ക്കണമെന്നതിനെക്കുറിച്ചായിരുന്നു അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നത്‌.

ഭാര്യയാകട്ടെ ബ്രോഡ് ബാന്‍ഡ്‌  കട്ട്‌ ചെയ്യുന്നതിനെക്കുറിച്ചും !