Tuesday, 25 June 2019

യു.കെ.മലയാളികളുടെ കള്ളുകുടിയും ആഘോഷങ്ങളും മതപരമായി മാറുമ്പോൾ ...

ജീവിതത്തിൽ ഏറ്റവും കൂടുതൽ സംഘർഷം അനുഭവിക്കുന്നത് ഭക്ഷണത്തിനു വകയില്ലാതെ അലയുന്നവരാണ്. ഒരാളാണെങ്കിൽ ഭിക്ഷാടനത്തിലൂടെ അതിനു പരിഹാരം കണ്ടെത്താം; താൻ വസിക്കുന്നത് വികസിത രാജ്യമോ വികസ്വര രാജ്യമോ ആണെങ്കിൽ.

ദരിദ്ര്യ രാജ്യങ്ങളിൽ ഒരു ജനത തന്നെ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ അവിടെ ഭിക്ഷാടനത്തിനു പ്രസക്തിയില്ല. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ പട്ടിണി മരണം പോലുള്ള തലക്കെട്ടുകൾ പത്രമാധ്യമങ്ങളിലൂടെ മിന്നിമറയുമ്പോൾ നമ്മൾ അതിനെ മറ്റാരുടെയോ വിഷയമെന്ന മട്ടിൽ അത്രകണ്ട് ഗൗനിക്കാറില്ല.

പത്തിരുപതു കൊല്ലം മുമ്പ് കേരളത്തിൽ ഒരു പട്ടിണി മരണം വാർത്തയായി. അയൽക്കാർ പോലും അറിഞ്ഞിരുന്നില്ല ഇവരുടെ പട്ടിണിയെക്കുറിച്ച്. അന്തസ്സും ആഭിജാത്യവും കാത്തുസൂക്ഷിക്കുന്ന ജനുസ്സിൽ പെട്ടവർക്ക് അത്യപൂർവ്വമായി വന്നു ഭവിച്ച ദുര്യോഗം...

മറ്റൊന്ന് വാർധക്യമാണ്. വാർധക്യത്തിൽ എന്തുണ്ടായിട്ടും കാര്യമില്ല. ആള് ഡോക്‌ടർ ആയിരിക്കാം , എഞ്ചിനീയർ ആയിരിക്കാം , പുരോഹിതനോ മെത്രാനോ പോപ്പോ ആയിരിക്കാം ... ഉണ്ണാനും ഉടുക്കാനും കിടക്കാനും വിസർജിക്കാനും പരസഹായം വേണമെന്നു വന്നാൽ ? അതിനു യന്ത്രങ്ങൾ പോരാ; ആളുകൾ തന്നെ വേണം (മനുഷ്യ വിഭവശേഷി)

ഇന്നിപ്പോൾ ലോക രാജ്യങ്ങൾ തങ്ങളുടെ മൂല്യമേറിയ വിദേശ കറൻസികൾ കാട്ടി നമ്മെ മാടി വിളിക്കുകയാണ്; എന്തിന് ? അവന്റെ രാജ്യത്തെ വൃദ്ധ പ്രജകളുടെ മേൽപറഞ്ഞ ആവശ്യങ്ങൾ നിർവ്വഹിക്കാൻ.

നമ്മൾ പഠിച്ചു മത്സരിച്ചു മുന്നേറുകയാണ്; എന്തിന് ? മൂല്യമേറിയ വിദേശ കറൻസികൾ സ്വന്തമാക്കുവാൻ. കേരളം പോലുള്ള കൊച്ചു സംസ്ഥാനം ഇപ്പറഞ്ഞ വിദേശനാണയങ്ങളുടെ ഗുണദോഷങ്ങൾ അനുഭവിക്കുന്ന ഒരിടമായി മാറി എന്നത് മറ്റൊരു കാര്യം.

വിദേശ നാണയം സ്വപ്നം കണ്ട് ലോകത്തെവിടെയോ ഉള്ള ആരുടെയോ വൃദ്ധമാതാപിതാക്കളെ പരിചരിക്കാൻ വെമ്പൽ കൊണ്ടോടുന്ന മലയാളി സ്വന്തം മാതാപിതാക്കൾക്ക് തമിഴനെയും ബംഗാളിയെയും ആശ്രയിക്കുന്നു എന്നത് കാര്യമാണോ, തമാശയാണോ ?

യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഒരു വ്യാഴവട്ടക്കാലത്തിൽ അധികമായി ജീവിച്ചിട്ടും ഇവിടുത്തെ ജനസമൂഹവുമായി ഇഴുകി ചേർന്നിട്ടും വൃദ്ധ സദനങ്ങളിൽ ജോലി ചെയ്തിട്ടും മനുഷ്യ ജീവിതത്തെയും ജീവിതാവസ്ഥകളെയും: ഇന്ത്യയിലാകട്ടെ; യൂറോപ്പിലാകട്ടെ, ഒന്നായി കാണാൻ മലയാളി സമൂഹത്തിനു കഴിഞ്ഞിട്ടുണ്ടോ ? ഇല്ല.

എന്താണ് തെളിവ്? ഇവിടെ മതങ്ങൾ ഏറെക്കുറെ അപ്രസക്തരായി തങ്ങളുടെ പരിമിതമായ ലാവണങ്ങളിൽ ചില്ലറ വ്യവഹാരങ്ങളും മറ്റുമായി കഴിഞ്ഞിടത്ത്, നിൽക്കക്കള്ളിയില്ലാതെ മുസ്ലിം സമൂഹമുൾപ്പെടെയുള്ളവർക്ക് കച്ചവടം ചെയ്യാൻ പള്ളികൾ വിറ്റു തുലയ്ക്കുന്നതും കണ്ടു.

അപ്പോഴാണ് നമ്മുടെ രംഗപ്രവേശം. പള്ളി കച്ചവട കേന്ദ്രമാകണമോ പള്ളി തന്നെയാകണമോ ? മലയാളികൾക്ക് തുരുതുരാ പള്ളികൾ റെഡി... ഇവിടെ കാര്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്; എന്താണ് ദാരിദ്ര്യവും ആരോഗ്യവും വാർധക്യവും സംബന്ധിച്ച നിങ്ങളുടെ കാഴ്ച്ചപ്പാട് ?

കഴിഞ്ഞ പത്തിരുപതു കൊല്ലമായി ഈ രാജ്യത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുകയും ഈ രാജ്യത്തിലേക്ക് വരുന്ന പത്തു ലോറികളിൽ ആറെണ്ണം മദ്യമായിരിക്കെ അതു പൈശാചികവും വീട്ടിൽ കയറ്റാൻ കൊള്ളാത്തതും എന്ന മട്ടിൽ ഏതോ വിവരദോഷിയായ മലയാളി വൈദികന്റെ ഉപദേശ പ്രകാരം ജീവിക്കാൻ തയ്യാറാകുകയും ചെയ്താൽ പിന്നെ നിങ്ങളായി ... നിങ്ങളുടെ പാടായി ...


Saturday, 22 June 2019

കലാലയ സ്മരണകൾക്ക് കാൽ നൂറ്റാണ്ട്

കോട്ടയം ഗവ: കോളജ് സ്ഥിതിചെയ്യുന്നത് ടൗണിൽ നിന്നും മൂന്നു മൈൽ അകലെയുള്ള നാട്ടകത്താണ്. കേരളാ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ പ്രൈവറ്റായി പ്രീഡിഗ്രി ആദ്യ ചാൻസിൽ പൊട്ടി രണ്ടാമത് എഴുതി ജയിച്ചപ്പോൾ (ഫോർത് ഗ്രൂപ്പ്) തുടർപഠനത്തിന്‌ ചേർന്നത് കോട്ടയം മോഹൻസ് കോളജിലാണ് (ബി കോം).

പഠനം മൂന്നു മാസം പിന്നിട്ടപ്പോൾ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്ന നാട്ടുകാരനായ മോഹൻസർ ആണ് നാട്ടകത്തു ഇക്കണോമിക്‌സിൽ വേക്കൻസി ഉണ്ടെന്ന കാര്യം അറിയിച്ചത്. അന്നൊക്കെ അങ്ങനെയാണ്, മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വിവരങ്ങൾ തികച്ചും സൗജന്യമായി പങ്കുവയ്ക്കാനുള്ള സന്മനസ്സുള്ളവരാണ് പലരും.

കൊമേഴ്‌സ് ഐച്ഛിക വിഷയമായിരുന്നിട്ടും സാമ്പത്തിക ശാസ്ത്രം തിരഞ്ഞെടുക്കാൻ കാരണം മാസം തോറും ഫീസ് കൊടുക്കേണ്ടതില്ല എന്നതും യാത്രാനുകൂല്യവുമാണ്. കുറുമുള്ളൂർ -ഏറ്റുമാനൂർ 15 പൈസ, ഏറ്റുമാനൂർ- കോട്ടയം 25 പൈസ, കോട്ടയം- നാട്ടകം 10 പൈസ; ഇതായിരുന്നു അന്നത്തെ വിദ്യാർത്ഥികളുടെ ആനുകൂല്യ നിരക്ക് !

അങ്ങനെ എണ്പത്തിയൊൻപത്തിലെ ഓണാഘോഷ പരിപാടികൾ തകൃതിയായി കൊണ്ടാടിയ ദിനങ്ങളിലൊന്നിൽ വാകപ്പൂമരങ്ങൾ തിങ്ങി നിറഞ്ഞ കലാലയാന്തരീക്ഷത്തിലേക്ക് കാലെടുത്തു വച്ചു.

അക്കാദമിക് കാലഘട്ടത്തിൽ അതിനുമുമ്പും ശേഷവും അനുഭവിക്കാൻ പറ്റാത്ത സ്വാതന്ത്ര്യത്തിന്റെയും സൗഹൃദങ്ങളുടെയും വിശാലതയുടെയും ലോകത്തേക്കുള്ള കാൽവയ്‌പ് കൂടിയായിരുന്നു അത്.

കാൽ നൂറ്റാണ്ടിനു ശേഷം അന്നത്തെ സതീർഥ്യരും ഗുരുജനങ്ങളും ഒത്തുചേരുന്ന സുദിനമാണ് നാളെ (23 /06 /2019 ). അകാലത്തിൽ മണ്മറഞ്ഞ ബിജു മാധവൻ, ഷീലാ മണി, ഉമ്മൻ (ഹിസ്റ്ററി) എന്നിവരെ പ്രത്യേകം സ്മരിക്കുന്നു. ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ, വ്യവിധ്യമാർന്ന കർമ്മരംഗങ്ങളിൽ വിരാജിക്കുന്നവർ ... എല്ലാവരും മധ്യവയസ്കരായിരിക്കുന്നു. കൂട്ടായ്മയ്ക്ക് ഒരായിരം ആശംസകൾ ...

Thursday, 20 June 2019

നിക്ഷേപം സ്വയം കുരുക്കാകുമ്പോൾ...

മലയാളികൾ ഒട്ടുമിക്ക ലോകരാജ്യങ്ങളിലും സജീവ സാന്നിധ്യമാണ്. കേരളത്തിനു വെളിയിൽ ഉള്ളവർ പൊതുവെ അറിയപ്പെടുന്നത് പ്രവാസി മലയാളി എന്നാണ്.

പഴയ കാല ബ്ലാക് ആൻഡ് വൈറ്റ് സിനിമകളിൽ നമ്മുടെ സമീപകാല സാമൂഹ്യ ചരിത്രം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഉദാ: പോസ്റ്റ്മാനെ കാണാനില്ല എന്ന നസീർ ചിത്രം. ഒരു ഹോട്ടൽ നടത്തുന്ന കുടുംബം ഹോട്ടലിലേക്ക് ആവശ്യമായ വെള്ളത്തിനു ആശ്രയിക്കുന്നത് തൊട്ടടുത്തുള്ള കുളത്തെയാണ്.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ജീവിത സംസ്കൃതി; അതായിരുന്നു നമ്മുടെ സംസ്കാരം. അതിൽനിന്നെല്ലാം ഒരുപാട് മുന്നോട്ടു പോയി, ആധുനിക ലോക രാജ്യങ്ങൾക്ക് സമാനമായ ജീവിത നിലവാരം പിന്തുടരാൻ പറ്റുന്ന സമൂഹമായി നമ്മൾ മാറി.

വിദേശ നാണയം നമ്മെ വല്ലാത്ത ഉന്മാദത്തിലെത്തിച്ചു എന്നുതന്നെ പറയാം. എങ്ങനെയും വിദേശ നാണയം നേടുക എന്ന ലക്ഷ്യവുമായി അറബ് ലോകത്തേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും നമ്മൾ കുതിക്കുകയായിരുന്നു...

പത്തോ പതിനഞ്ചോ വർഷം ജന്മനാടും വീടും വിട്ടു ജോലി ചെയ്തു പ്രവാസി നേടുന്ന പണം അവന്റെ ജീവനാണ്, രക്തമാണ്; വിയർപ്പാണ്.

അതു മുഴുവൻ നിക്ഷേപിച്ച് സ്വന്തം നാട്ടിൽ സ്വന്തം രീതിയിൽ ഒരു സ്വകാര്യ സംരംഭം തുടങ്ങാൻ ശ്രമിച്ചവർ ചുവപ്പു നാടയുടെ കുരുക്കിൽപെട്ട് സ്വയം ജീവിതം അവസാനിപ്പിക്കുന്നു എന്നത് കർഷകന്റെ ആത്മഹത്യ പോലെതന്നെ സത്യസന്ധതയുടെ നെഞ്ചു പിളർക്കുന്ന ക്രൂരതയാണ്.

ഇതിനൊരന്ത്യം വേണം.



Wednesday, 19 June 2019

സമ്പന്നരാജ്യങ്ങളിലെ ധർമ്മ സ്ഥാപനങ്ങൾ

ചാരിറ്റി എന്നാൽ തട്ടിപ്പ് എന്നാണ് മലയാളികൾ തെറ്റിദ്ധരിച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ സാൽവേഷൻ ആർമിയുടെ നേതൃത്വത്തിൽ ആരംഭിച്ച ചാരിറ്റി ഷോപ്പ് വിവിധ ഘട്ടങ്ങൾ താണ്ടി പതിനായിരത്തി അഞ്ഞൂറിലധികം സ്ഥാപന ശ്രുംഖലകളായി യു.കെ. യിലും അയർലണ്ടിലും പടർന്നു പന്തലിച്ചു.

സാൽവേഷൻ ആർമിക്കു ശേഷം ഇന്നു കാണുന്ന ആധുനിക ചാരിറ്റി ഷോപ്പുകൾക്ക് തുടക്കം കുറിച്ചത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തൊള്ളായിരത്തി നാല്പത്തിയേഴ്-നാല്പത്തിയെട്ട് കാലത്ത് ഓക്സ്ഫോർഡിലുള്ള ഓക്സ്ഫം (OXFAM) എന്ന സ്ഥാപനമാണ്.

ഓരോ വർഷവും നൂറ്റിപ്പത്തു ദശലക്ഷം പൗണ്ടിന്റെ കച്ചവടമാണ് ഇത്തരം സ്ഥാപനങ്ങൾ വഴി നടക്കുന്നത്. ഈ രംഗത്തു പ്രവർത്തിക്കുന്ന പ്രധാന സ്ഥാപനങ്ങൾ ബ്രിട്ടീഷ് ഹാർട്ട് ഫൌണ്ടേഷൻ, ബ്രിട്ടീഷ് റെഡ് ക്രോസ്, യേജ് യു.കെ.തുടങ്ങിയവർ.

ചാരിറ്റിയാണ് മാതൃസ്ഥാപങ്ങളുടെ ലക്ഷ്യമെന്നതുകൊണ്ട് സർക്കാർ ഇവരുടെ വ്യവഹാരങ്ങൾക്ക് സാരമായ നികുതി ഇളവ് നൽകുന്നു.

ആരോഗ്യമേഖലയിൽ രോഗപ്രതിരോധം പോലുള്ള ഗവേഷണ വിഷയങ്ങളിൽ, വിദേശ രാജ്യങ്ങൾക്ക് ധനസഹായം, പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച പഠനങ്ങൾ, ഭവനരഹിതർ, മാനസികവും ശാരീരികവുമായ വൈകല്യം അനുഭവിക്കുന്ന കുഞ്ഞുങ്ങൾ, മൃഗ സംരക്ഷണം... തുടങ്ങി ഇവർ കൈത്താങ്ങാകുന്ന മേഖലകൾ അനവധിയാണ്.

മലയാളികളുടെ നേതൃത്വത്തിൽ, നികുതി വെട്ടിക്കാം എന്ന ഏക ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിച്ച പ്രസ്ഥാനങ്ങളായിരിക്കാം ഈ രംഗത്ത് തട്ടിപ്പ് പരിവേഷത്തിനർഹരായവർ.

വഴിയിൽ കാണുന്ന അണ്ണാന് ശാരീരിക അവശത കണ്ണിൽപ്പെട്ടാൽ, കാർ നിറുത്തി അതിനെ വഴിയിൽ നിന്നു രക്ഷ പെടുത്തുന്ന വെള്ളക്കാരന്റെ നന്മയാണ് ഇത്തരം ധർമ്മ സ്ഥാപനങ്ങൾ ഇവിടെ ശക്തിപ്പെടാൻ കാരണം. അഞ്ചു പേരിൽ നാലു പേർ ചാരിറ്റി ഷോപ്പുകളിൽ സാധനങ്ങൾ നൽകാൻ മഹാമനസ്കത കാട്ടുമ്പോൾ മൂന്നിൽ രണ്ടു പേർ അത്തരം സാധനങ്ങൾ വാങ്ങി സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിൽ പങ്കാളികളാകുന്നു.

ഗുണനിലവാരമില്ലാത്ത സാധനങ്ങൾ റിസൈക്കിൾ ചെയ്യുകയോ നശിപ്പിക്കുകയോ ആണ് പതിവ്. ഇങ്ങനെ പ്രതിവർഷം കൈകാര്യം ചെയ്യുന്ന ഉത്പന്നങ്ങൾ രണ്ടര ലക്ഷം ടണ്ണാണ് !

ഒരു ലക്ഷത്തി മുപ്പതിനായിരം വോളൻഡേഴ്‌സ് കർമ്മ നിരതരായ ചാരിറ്റി ഷോപ്പുകളിൽ ഗുണനിലവാരമുള്ള വസ്ത്രം, കളിക്കോപ്പുകൾ, സംഗീത സാമഗ്രികൾ, വീഡിയോ, ഫർണിച്ചർ, ഇലക്ട്രിക് ഉത്പന്നങ്ങൾ, വിവാഹ വസ്ത്രങ്ങൾ, ബുക്കുകൾ... എന്നുവേണ്ട, വ്യക്തി ജീവിതത്തിൽ ആവശ്യം വേണ്ടുന്ന പലതും ലഭ്യമാണ്.

Friday, 7 June 2019

പാഴാകാതെ പോകുന്ന സ്വപ്നങ്ങള്‍



ഏതൊരു വസ്തുവും ഉപയോഗ ശേഷം വലിച്ചെറിയുന്ന സമൂഹത്തില്‍ പാഴ്വസ്തുക്കള്‍ ഒരു ബാധ്യതയാണ്. വലിച്ചെറിയപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന പാഴ്വസ്തുക്കളില്‍ തന്റെ സങ്കല്പത്തിലെ നൂതന സൃഷ്ടിക്കുള്ള അസംസ്കൃത വസ്തുക്കളെ കണ്ടെത്തുകയാണ് കാര്‍ഡിഫില്‍ നേഴ്സായി ജോലി ചെയ്യുന്ന ജയ്സന്‍ ലോറന്‍സ്‌ എന്ന ടെക്നീഷ്യന്‍..., .

കുടുംബത്തോട് ചേര്‍ന്ന് പിതാവ്‌ നടത്തിയിരുന്ന വര്‍ക്ക്‌ ഷോപ്പും ലെയ്ത്ത് വര്‍ക്കുകളും കണ്ടു വളര്‍ന്ന ജയ്സന്‍ ചെറുപ്പം മുതല്‍ തന്നെ യന്ത്രങ്ങളോടും അവയുടെ പ്രവര്‍ത്തനങ്ങളോടും സാങ്കേതിക വിദ്യയോടും വല്ലാത്തൊരു വൈകാരിക ബന്ധം പുലര്‍ത്തിയിരുന്നു. ഉപജീവനാര്‍ത്ഥം ഇംഗ്ലണ്ടിലെത്തി താരതമ്യേന ഭേദപ്പെട്ട നേഴ്സിംഗ് മേഖലയില്‍ ജോലി നേടിയിട്ടും ഉള്ളിലെരിഞ്ഞു കൊണ്ടിരുന്ന സ്വപ്ന സങ്കല്പങ്ങളെ തല്ലിക്കെടുത്താന്‍ ഈ ടെക്നീഷ്യന്‍ തയ്യാറായില്ല.

വീഡിയോ ഗ്രാഫിയിലും ഫോട്ടോഗ്രാഫിയിലും എന്ന് വേണ്ട പാട്ട് നൃത്തം തുടങ്ങി കലയുടെ വിവിധ മേഖലയിലും കര്‍മ്മ നിരതനായ ജയ്സന്‍ സ്വന്തമായി സൗണ്ട് സിസ്റ്റം ഉള്‍പ്പെടെ സാങ്കേതിക വിദ്യയുടെ വിപുലമായ ശ്രേണി കെട്ടിപ്പടുത്തുന്നതില്‍ ഉത്സാഹിച്ചു കൊണ്ടിരുന്നു. വിവിധയിനം സംഗീത വാദ്യ ഉപകരണങ്ങള്‍ , സ്റ്റില്‍ / വീഡിയോ ക്യാമറകള്‍ , വീടിനുള്ളില്‍ ചെറിയ രീതിയില്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ തുടങ്ങി പല സംരംഭങ്ങളും സംഘടിപ്പിക്കാന്‍ പ്രേരണയായത് കലയോടും സാങ്കേതിക വിദ്യയോടും അതിന്റെ സംയോഗങ്ങളോടും ഉള്ള അഭിനിവേശം ഒന്ന് മാത്രമായിരുന്നു.

പാരമ്പര്യത്തിന്റെ പ്രചീനമല്ലാത്ത ഊടുവഴികളില്‍ ജയ്സന്റെ പിതാവ് പിന്നിട്ടതും തന്നിഷ്ടത്തിന്റെ സ്വപ്ന വീഥികള്‍ തന്നെയായിരുന്നു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്നില്‍ സ്നേഹം ഒരു പ്രവാഹം എന്ന മലയാള സിനിമ നിര്‍മ്മിക്കാന്‍ അദ്ദേഹത്തെ പ്രേരിതനാക്കിയതും കലയോടുള്ള അഭിനിവേശമല്ലാതെ മറ്റൊന്നുമായിരുന്നില്ല. റിലീസ്‌ ചെയ്യാന്‍ കഴിയാതെയും ചെയ്തിട്ട് പൊട്ടി പോകുകയും ചെയ്ത മറ്റനേകം സിനിമകളില്‍ ഒന്നാകാനയിരുന്നു അന്നത്തെ സൂപ്പര്‍ നായകന്‍ സുകുമാരന്‍ പ്രധാന റോളില്‍ അഭിനയിച്ച ആ സിനിമയുടെയും വിധി!

സിനിമ വരുത്തിയ സാമ്പത്തിക ബാധ്യത ജയ്സന്റെ എന്ജിനീയറിംഗ് ഡിഗ്രി എന്ന സ്വപ്നത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഉണ്ടായിരുന്ന ജയ്സന്റെ മുമ്പില്‍ പിന്നെ ഉണ്ടായിരുന്ന ഏക വഴി നേഴ്സിംഗ് തെരഞ്ഞെടുക്കുക എന്നതായിരുന്നു. വിവഹ ശേഷം ഭാര്യയോടൊത്ത് ഇംഗ്ലണ്ടില്‍ എത്തിയ ജയ്സണ്‍ ഏറെ കഴിയുന്നതിനു മുമ്പേ സഹോദരന്‍ താമസിക്കുന്ന കാര്‍ഡിഫില്‍ അറ്റകുറ്റ പ്പണികള്‍ ഏറെ ഉണ്ടായിരുന്ന ഒരു വീട് വാങ്ങി ജ്യേഷ്ടന്‍റെ കൂടി സഹായത്തോടെ പണികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി താമസം തുടങ്ങി.

ഫോട്ടോ ഗ്രാഫിയിലും വീഡിയോയിലും നേടിയ പ്രവര്‍ത്തി പരിചയത്തില്‍ നിന്നും വിവിധ ആംഗിളുകളില്‍ സ്റ്റില്‍ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനു സഹായകരമായ സ്റ്റാന്‍ഡുകള്‍ റെയിലുകള്‍ ക്രെയിന്‍ തുടങ്ങിയ അനുബന്ധ സാങ്കേതിക വിദ്യകള്‍ സ്വയം വികസിപ്പിക്കുന്നതിലായി പിന്നിടുള്ള ശ്രദ്ധയും പരിശ്രമവും. ക്ഷമയോടെയുള്ള ദീര്‍ഘനാളത്തെ പരീക്ഷണങ്ങള്‍ സങ്കല്‍പങ്ങളില്‍ പലതും യഥാര്‍ത്ഥ്യമാക്കി.

രണ്ടു മരങ്ങളിലോ പില്ലറുകളിലോ കൂട്ടി കെട്ടിയ കേബിളില്‍ ഘടിപ്പിച്ച് ക്യാമറ യഥേഷ്ടം ചലിപ്പിക്കാവുന്നതാണ് ഇതിലൊന്ന്. ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ വിന്‍ഡ്‌ സ്ക്രീനോടു ചേര്‍ന്ന് ഘടിപ്പിക്കാവുന്ന ക്യാമറ സ്റ്റാന്റ് ആണ് മറ്റൊന്ന്. അടുത്തത്‌ ഒരു മീറ്റര്‍ നീളത്തില്‍ വീഡിയോ ക്യാമറ ഘടിപ്പിച്ച് സ്ലൈഡ് ചെയ്യുന്നതിനുള്ള സ്ലൈഡര്‍ സ്റ്റാന്റ്. വീഡിയോ ക്യാമറ ഷോള്‍ഡറില്‍ ഇളകാതെ ഇരിക്കുന്നതിനുള്ള മറ്റൊരു ഉപകരണം. താഴെ നിന്ന് മുകള്‍ വരെയുള്ള ആംഗിളില്‍ ഷൂട്ട്‌ ചെയ്യാവുന്ന ജിബ് ക്രെയിന്‍. , ഒരു മേശയിലോ പ്രതലതിലോ ഘടിപ്പിച്ച് ചുറ്റിലും ഷൂട്ട്‌ ചെയ്യാവുന്ന മറ്റൊന്ന് ... അങ്ങനെ പോകുന്നു ജയ്സന്റെ പരീക്ഷങ്ങങ്ങള്‍ .

മാര്‍ക്കറ്റില്‍ നൂറുമുതല്‍ നൂറ്റിയമ്പത് പൗണ്ട് വരെ വില വരുന്ന ഈ സാമഗ്രികള്‍ നിര്‍മ്മിക്കാന്‍ ജയ്സന്‍ ചെലവിടുന്നത് പലപ്പോഴും അഞ്ചു മുതല്‍ ഇരുപതു പൗണ്ട് വരെ യാണ്.

തനിക്ക്‌ ഗ്രഹ്യമുള്ളതും ഏറെ താല്പര്യമുള്ളതുമായ ടെക്നിക്കല്‍ മേഖലയില്‍ മാത്രം ശ്രദ്ധിച്ചു കൊണ്ട് മറ്റ് കാര്യങ്ങളില്‍ സുഹൃത്തുക്കളുടെ സഹകരണം തേടുന്ന രീതിയാണ്‌ ജയ്സന്റെത്. മലയാളികള്‍ക്കും മറ്റ് ഇന്ത്യക്കാര്‍ക്കും പുറമേ മറ്റു പല രാജ്യങ്ങളിലുമുള്ള കലാകാരന്മാരുമായും ജയ്സന് നല്ല ബന്ധമാണുള്ളത്. ഇംഗ്ലീഷുകാരുടെ കൂട്ടായ്മകള്‍ ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം സംരംഭത്തില്‍ ഏര്‍പ്പെടാനുള്ള ക്ഷണവും ജയ്സനെ തേടിയെത്തി. ഈ രംഗത്തുള്ള തന്റെ അര്‍പ്പണബോധത്തിനുള്ള അംഗീകാരമായിട്ടാണ് ജയ്സണ്‍ ഇതിനെ കാണുന്നത്.

യു.കെ.യില്‍ അങ്ങോളമിങ്ങോളമുള്ള മലയാളികളില്‍ കലയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയില്‍ നിന്ന് പുതിയ കലാ സംരംഭങ്ങള്‍ ഉണ്ടാകണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്ന ഈ കലാകാരന്‍ തന്റെ കഴിവുകള്‍ ഭാവിയില്‍ ഇത്തരം സംരംഭങ്ങളില്‍ പ്രയോജനപ്പെടുത്താനാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്.

ഭാര്യ : സ്മിത, മക്കള്‍ :റോവന്‍, റോസ്‌ മരിയ.

Wednesday, 5 June 2019

കോടതിയിൽ ഇളയരാജയുടെ പാട്ട്

വെട്ടൊന്ന്; മുറി രണ്ട്, ഇതാണല്ലോ നമ്മുടെ രീതി? ഇളയരാജ തന്റെ സംഗീതത്തിന് അവകാശം സംബന്ധിച്ച് കോടതി കയറിയതും നമുക്കിഷ്‌ടമായില്ല.

നമ്മുടെ ഇഷ്ടം അവിടെ നിൽക്കട്ടെ, ഇളയരാജ കോടതി കയറിയത് ഒന്ന് മലേഷ്യൻ കമ്പനിയായ ഏ ജി ഐ. എന്ന കമ്പനിക്കെതിരെ 2013 ലാണ്. അഞ്ചു വർഷത്തെ കരാറിൽ ഇവർ രാജയോട് 2007 ൽ ഒപ്പിട്ട കരാർ പുതുക്കാതെ തുടർന്നപ്പോളാണ് കേസായത്. അതു സ്വാഭാവികമല്ലേ?

അടുത്ത കേസ് എക്കോ എന്ന കമ്പനിയുമായി. ഇവരിലൂടെ ആയിരിക്കും ഓൺലൈൻ, വിവിധ റേഡിയോ, റിയാലിറ്റി ഷോ തുടങ്ങിയ ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് രാജയുടെ ട്രക്കുകൾ യഥേഷ്‌ടം ലഭ്യമായത് എന്നു വേണം കരുതാൻ.

അവരെയും കോടതിയിൽ അനിത സുമന്ത്‌ എന്ന ജഡ്ജി വിലക്കി. 2014 ൽ ഇവർക്കെതിരെ സമർപ്പിച്ച പരാതിയിൽ രാജ പരാമർശിക്കുന്ന വിഷയം റോയൽറ്റി ഇനത്തിൽ തനിക്ക് യാതൊരു പണവും കിട്ടിയില്ലെന്ന ആരോപണമാണ് !

ഇത്തരം ചതിയും വഞ്ചനയും എന്നുമുണ്ട്. ഇക്കൂട്ടർ രണ്ടുപേരും രാജയെ ചതിക്കുകയായിരുന്നു. ആ ചതിയെ ചോദ്യം ചെയ്തപ്പോൾ നമ്മൾ ഇളയരാജ എന്ന സംഗീത പ്രതിഭയെ പരമാവധി ഇകഴ്ത്തി പോസ്റ്റുകൾ പടക്കാനാണ് സമയം കണ്ടെത്തിയത്. എന്നാൽ നിജസ്ഥിതിയോ? ഇത്രയേ ഉള്ളൂ കാര്യം. എക്കോയുമായുള്ള കേസിന്റെ വിഷയത്തിലാകാം എസ്. പി. ബാലസുബ്രഹ്മണ്യവുമായി 2017 ൽ സ്റ്റേജ് ഷോ സംബന്ധിച്ച് നോട്ടീസ് നൽകിയതും മറ്റും.

കോടതിയിൽ പരിഗണിക്കുന്ന കേസെന്ന നിലയിൽ എസ്. പി. ക്കെതിരെയും നിലപാട് എടുക്കേണ്ടി വരുന്നത് നിയമപരമായി കാണേണ്ടതുണ്ട്. അതു മനസ്സിലായതു കൊണ്ടാണല്ലോ എസ്. പി. അതു കാര്യമാക്കാതെ ഇന്നും ഇളയരാജയുടെ ആരാധകനായി തുടരുന്നത്???

Saturday, 1 June 2019

പ്രകൃതിയിൽ ഒരു ദിനം

തടാകം ശാന്തമാണ്;
വെള്ളാരം കിളികൾ
ഓളപ്പരപ്പുകളെ തൊട്ടുരുമ്മി
പറന്നിരതേടുന്നു, അരയന്നങ്ങളും കൂടെ
താറാവുകളും...

സുരക്ഷാവേലിയിൽ
എട്ടുകാലി തീർത്ത വലയിൽ
കുടുങ്ങിയ ഇരകൾ
തോലുകൾ മാത്രമായി
കാറ്റത്തു ഇളകുന്നുണ്ട്...

വിശന്നെത്തിയ താറാവിനെ
വക വയ്ക്കാതെ ഓരോരുത്തരും
തങ്ങളുടെ ഭക്ഷണം
ആസ്വദിക്കുന്നതിൽ മുഴുകി
ഉച്ചത്തിൽ അട്ടഹസിച്ചു;

ഭക്ഷണം കിട്ടാതെ താറാവ്
മറ്റു വഴി തേടി പോയി..

വെള്ളത്തിനടിയിൽ തല പൂഴ്ത്തി
ഇര തേടിയ അരയന്നം
സ്വതസിദ്ധമായ അതിന്റെ
സൗന്ദര്യം വികൃതമാക്കി...

മരങ്ങൾ തീർത്ത ദലമർമ്മരങ്ങൾ
ഗാന്ധാര ശ്രുതിയിൽ തങ്ങളുടെ
സംഗീത മികവിന് മിഴിവേകി...

അർധനഗ്നരും ഭാഗിക
നഗ്നരുമായി ചൂട് നുകരാനെത്തിയ
മനുഷ്യരും അവരുടെ നിയന്ത്രണ
വിധേയരായ വളർത്തു നായ്ക്കളും

പ്രകൃതിക്കിണങ്ങാത്ത മട്ടിൽ
പ്രകൃതിയെ വരുതിയിലാക്കി
ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു...