Friday, 11 December 2020

പാർക്കിലെ പട്ടികൾ...

മനുഷ്യ മനസ്സുകൾ പോലെ വിസ്തൃതവും നിഗൂഢവുമാണ് പാർക്കുകൾ...

ഒളിഞ്ഞിരിക്കാൻ പാകത്തിന് കൂറ്റൻ മരങ്ങളും

ഒളിക്കാൻ പറ്റാത്ത പുല്പരപ്പുകളും പാർക്കിന്റെ പ്രത്യേകതയാണ്...

നടപ്പു വ്യായാമത്തിൽ ഏർപ്പെടുന്ന ചിലരാണ് പുലർകാലങ്ങളിൽ പാർക്കിന്റെ വിജനതയ്ക്ക് പരിഹാരം...

ചിലരോടൊപ്പം അവരുടെ വളർത്തു നായ്ക്കളെയും കാണാം...

പട്ടികൾ പല രൂപം, പല ഭാവം... കാഴ്ചയിൽ എല്ലാം ഭയം ജനിപ്പിക്കുന്നവ...

പാർക്ക് വിജനമാണെങ്കിൽ പട്ടി വിലങ്ങിൽ നിന്നു മോചിതനാണ്...

പട്ടികളെപ്പോലെ പലവിധമുണ്ട് വിലങ്ങുകളും...

തുണി, തുകൽ തുടങ്ങി ലോഹം കൊണ്ടുവരെ...

അതാതു നായ്ക്കളുടെ തീവ്രതയെ സൂചിപ്പിക്കുന്നതാണ് ഓരോ പട്ടിത്തുടലും...

പട്ടി,യജമാനൻ, തുടൽ, പിന്നെ നടപ്പുകാരും ചേർന്നതാണ് പുലർകാല പാർക്കുകൾ...


സാബു ജോസ്

Saturday, 11 January 2020

ഗാന ഗന്ധർവ്വൻ @ 80

എൺപതുവയസ്സുവരെ ആരോഗ്യത്തോടെ ജീവിക്കുന്നത് ഒരു ഭാഗ്യമാണ്. ആ പ്രായത്തിലും ഗാനാലാപനത്തിലൂടെ സംഗീതാസ്വാദകർക്ക് പ്രിയങ്കരനാകുക എന്നത് അതിലും മഹാഭാഗ്യം! മലയാളികളുടെ സ്വകാര്യ അഹങ്കാരം ഗാനഗന്ധർവ്വൻ യേശുദാസാണ് ആ ഭാഗ്യവാൻ.

കഴിഞ്ഞ അമ്പതു കൊല്ലത്തെ മലയാള സിനിമാ ചരിത്രം പിന്നണി ഗായകൻ എന്ന നിലയിൽ യേശുദാസിന്റെ കൂടി ചരിത്രമാകുന്നു. ആറും എട്ടുമൊക്കെ പാട്ടുകളുണ്ടായിരുന്ന ആദ്യകാല ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ യേശുദാസിനൊപ്പം ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ തുടങ്ങിയ പ്രതിഭകളും പ്രമുഖരുമായ ഗായകർ ഒന്നോ രണ്ടോ ഗാനങ്ങൾ പാടിയിരുന്നു.

ജയചന്ദ്രൻ തൊട്ടുപിന്നിലായി ഭാവഗായകൻ എന്ന പരിവേഷവുമായി മറ്റൊരു ചരിത്രമായപ്പോൾ ബ്രഹ്മാനന്ദൻ ഉൾപ്പെടെ അറിഞ്ഞതും അറിയാത്തതുമായ ഒട്ടനവധി ഗായകരാണ് വിസ്മൃതിയിലാണ്ടു പോയത്.

ലോക സിനിമകളുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ ചെറിയ ഒരു വ്യാവസായിക മേഖലയാണ് മലയാള സിനിമ. മഹാനടന്മാരെന്ന് ഇന്നത്തെ സൂപ്പർ സ്റ്റാറുകളും മെഗാസ്റ്റാറുകളും ജനനായകരും ഒക്കെ വിശേഷിപ്പിക്കുന്ന സത്യൻ, നസീർ, കൊട്ടാരക്കര, ഉമ്മർ.... തുടങ്ങി പ്രതിഭാധനന്മാരുടെ ഒരു കൂട്ടം അന്ന് ഒരു സിനിമയിൽ അച്ഛനായും മകനായും മുത്തച്ഛനായും വേഷമിട്ടു.

എന്നാൽ സംഗീതമേഖല അങ്ങനെയായിരുന്നില്ല. യേശുദാസെന്ന മഹാമേരു തന്റെ താരമൂല്യം വിലപേശി മലയാള സിനിമയിലെ ഗായകസ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഹിന്ദിസിനിമ പോലുള്ള വൻതട്ടകങ്ങളിൽ പോയി പയറ്റി നോക്കിയെങ്കിലും രക്ഷ പെടാതിരുന്നതിനാലാകാം (അധോലോകം കാര്യങ്ങൾ തീരുമാനിക്കുന്ന അവിടെ കഴിവ് മാത്രം പോരല്ലോ ?) ഇങ്ങനെയൊരു കടുംകൈക്ക് അദ്ദേഹം മുതിർന്നത്...

ഇതിലൂടെ മലയാള സിനിമയ്ക്കു ചില ദുരന്തങ്ങളാണ് സംഭവിച്ചത്. ഒന്ന്, അഭിനേതാക്കളിൽ പിന്നീട് വന്ന തലമുറ ഇത്തരം വിലപേശൽ കളിച്ചതിന്റെ ഭലമായി നമുക്ക് സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും ജനനായകനും ഒക്കെ ലഭിച്ചു; ഇതു മലയാള സിനിമയുടെ അധഃപതനത്തിനു കാരണമാകുകയും ചെയ്തു.

മുട്ടത്തുവർക്കിയുടെ "പൈങ്കിളി" എന്നു വിശേഷിപ്പിച്ച കഥകൾ തോപ്പിൽ ഭാസിയെപ്പോലുള്ളവർ സംഭാഷണമെഴുതി പ്രഗത്ഭരായവർ സംവിധാനം നിർവ്വഹിച്ചപ്പോൾ ന്യൂജനറേഷൻ സിനിമകൾ എന്നു വിളിച്ച് നമ്മളിന്നാദരിക്കുന്ന തരം കാലാമൂല്യവും
കാമ്പുമുള്ള കഥകൾ സിനിമയാക്കിയവരുടെ ചരിത്രം കൂടിയാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്; അവിടെ യേശുദാസ് ഒരു പിന്നണി ഗായകൻ മാത്രമാണ്, മറ്റു പലർക്കൊപ്പം.

ദൃശ്യമാധ്യമങ്ങൾ കടന്നുവരുന്നതും മലയാളി സമൂഹത്തെ സ്വാധീനിച്ചതും കാൽ നൂറ്റാണ്ടിനു ശേഷമാണ്. തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിനു ശേഷം.

എന്താണ് ഇവരുടെ സംഭാവന ? യേശുദാസിന്റെ അതേ ശബ്ദത്തിൽ ഗാനമാലപിക്കുന്നവർ എന്നു വിശേഷിപ്പിച്ച് ഒട്ടനവധി ഗായകർ ടി.വി. സ്‌ക്രീനിൽ മിന്നിമറയുന്നു, ഇവരെ പ്രൊമോട്ട് ചെയ്തു സ്റ്റേജ് ഷോകൾ, നാട്ടിലും വിദേശങ്ങളിലും ഉണ്ടാകുന്നു ...

ബ്രഹ്മാനന്ദൻ, അയിരൂർ സദാശിവൻ, ജോളി എബ്രഹാം പോലുള്ള നിരവധി ഗായകർക്ക് കഴിവുകൾ ഉണ്ടായിട്ടും തുലോം തുച്ഛമായ കലാജീവിതത്തെ ആശ്രയിച്ചു ജീവിക്കേണ്ടി വന്നപ്പോൾ ഇവരൊക്കെ സെലിബ്രിറ്റി സ്റ്റാറ്റസിലാണിന്ന് !!!

ട്രാക്ക് മ്യൂസിക്കിന്റെ അനായാസ ലഭ്യതയും മറ്റൊരു ഘടകമാണ്. ട്രാക്ക് ഉപയോഗിച്ച് പലരും പാടുന്നു; ശബ്ദം അവരുടേതാണ്. യേശുദാസിന്റെ പാട്ടിനു പകരം ജോളി ഏബ്രഹാമിന്റെയോ, മാർക്കോസിന്റെയോ , അയിരൂർ സദാശിവന്റേയോ പാട്ടാണെങ്കിൽ തീർച്ചയായും നന്നായി ആസ്വദിച്ചേനെ.

ഇങ്ങനെയാണ് ഗാനഗന്ധർവ്വൻ എന്നു വിശേഷിപ്പിച്ച് നമ്മൾ ആരാധിക്കുന്ന നമ്മുടെ സ്വകാര്യ അഹങ്കാരം അറിഞ്ഞോ, അറിയാതെയോ കരോക്കെ ഗാനമേളകൾ മലയാളികൾക്ക് അരോചകമാക്കിയത്; അപൂർവ്വം അപവാദങ്ങൾ ഇല്ലെന്നില്ല.

പറഞ്ഞു വന്നത്, ഏതു മേഖലയാകട്ടെ? വെറുതെ വെട്ടി പിടിക്കുന്നതിൽ അർത്ഥമില്ല. അവനവൻ തങ്ങളുടെ കഴിവുകൾ തെളിയിക്കട്ടെ ? ഒപ്പം മറ്റുള്ളവർക്കും വിഘാതങ്ങൾ സൃഷ്‌ടിക്കാതെ മുന്നേറാൻ, കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കട്ടെ ? അപ്പോഴാണ് യഥാർത്ഥത്തിൽ അയാൾ നമ്മുടെ ഗാനഗന്ധർവ്വൻ എന്ന വിശേഷണത്തിന് അർഹനാകുന്നത്.

പിറന്നാൾ ആശംസകൾ ...