മറ്റു ജീവികളെ വേട്ടയാടി കൊന്നു തിന്നുകൊണ്ട് ആദിമ മനുഷ്യര്‍ മാംസഭുക്ക് ആയി സ്വയം പരിണമിച്ചു. ക്രൌഞ്ച മിഥുനങ്ങളെ അമ്പെയ്ത കാട്ടാളനില്‍ നിന്ന് വാല്മീകി എന്ന മഹര്‍ഷിയിലേയ്ക്കുള്ള പരിവര്‍ത്തന ദൂരം ഏറെയാണ്.
പക്ഷിമൃഗാദികളെ കൊന്നു വിശപ്പടക്കുന്നത് ക്രൂരതയായി/പാപമായി കരുതിയ ജനവിഭാഗങ്ങള്‍ സസ്യഭുക്കുകള്‍ എന്നറിയപ്പെട്ടു. മത്സ്യ-മാംസാദികള്‍ രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ആയി പരിണമിച്ചപ്പോള്‍ നാനാ ജാതി മനുഷ്യര്‍ അതിന്റെ ആസ്വാദകരായി മാറി.
മത്സ്യവും മാംസവും യഥേഷ്ടം ഭക്ഷിച്ചു തൃപ്തരായ മനുഷ്യര്‍ തങ്ങള്‍ വിശ്വസിക്കുന്ന മതങ്ങള്‍/മതഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിച്ച ജീവികളെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഏദന്‍ തോട്ടത്തില്‍ നടുക്ക് നില്‍ക്കുന്ന വൃക്ഷത്തിലെ ഫലം പോലെ ചില ജീവികള്‍ ചില മത വിശ്വാസികള്‍ക്ക് ഭക്ഷണ യോഗ്യമല്ലാതായി.
തങ്ങള്‍ക്ക് നിഷിദ്ധമായ ജീവികളുടെ മാംസം ഭക്ഷിക്കില്ലെന്ന് മാത്രമല്ല; ഭക്ഷിക്കുന്ന അന്യമതസ്ഥര്‍ കൊല്ലപ്പെടേണ്ടവര്‍ ആണെന്ന തീവ്രവാദപരമായ നിലപാടില്‍ വരെ കാര്യങ്ങള്‍ എത്തി! ആഹാരത്തിനു വേണ്ടിയല്ലാതെ സ്വന്തം സഹജീവിയെ കൊന്നു കൊലവിളിക്കുന്ന പുതിയ സംസ്കാരത്തിന് ആധുനിക മനുഷ്യനെ പ്രേരിപ്പിച്ചത് പ്രാചീനവും പ്രാകൃതവുമായ മത വിശ്വാസ ഗ്രന്ഥങ്ങളിലെ അസംബന്ധങ്ങളോ സ്ഥാപിത താല്പര്യക്കാരുടെ വളച്ചൊടിക്കലുകളോ ആണ്.
തങ്ങളുടെ നിലനില്പിന് ഭീഷണി ഉയര്‍ത്തുന്ന വ്യവസ്ഥിതികളെയോ ഭരണകൂടങ്ങളെയോ പാഠം പഠിപ്പിക്കാന്‍ വിപ്ലവ പ്രസ്ഥാനങ്ങള്‍ കൈക്കൊണ്ടത് തിന്മയുടെ ശക്തികള്‍ എന്ന് അവര്‍ കരുതിയവരുടെ തലയറുത്തുകൊണ്ടായിരുന്നുവെങ്കില്‍ വെറും സാധാരണ പ്രജകളെ കൊന്നു തള്ളുന്ന ആധുനിക ഭീകര പ്രവര്‍ത്തന പ്രവണതകള്‍ക്ക് ഊര്‍ജ്ജം നല്‍കിയത് പ്രാചീന മതവ്യാഖ്യാനങ്ങളുടെ തെറ്റായ ബോധനം തന്നെ.
ഒരു രാജ്യത്തിന്‍റെ പ്രകൃതി വിഭവങ്ങളില്‍ നോട്ടമിട്ട് ജനങ്ങളുടെ സ്വസ്ഥതയും സമാധാനവും സംരക്ഷിക്കാനെന്ന വ്യാജേന ആ രാജ്യത്ത് കടന്നു കയറി വിഭവങ്ങള്‍ കൊള്ളയടിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ഉള്ള ഭീകര പ്രവര്‍ത്തകരുടെ മറുപടിക്ക് ഇരയാകേണ്ടി വരുന്നത് വികസിത രാജ്യങ്ങളിലെയും അവികസിത രാജ്യങ്ങളിലെയും വെറും സാധാരണ പൗരന്മാര്‍ ആണെന്നതാണ് വസ്തുത.
ഈ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അധികവും 18-25 വയസ്സ് പ്രായമുള്ള യുവാക്കള്‍ ആണെന്നതും ശ്രദ്ധേയമാണ്. ലോകം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി കൂടിയാണിത്. കേവലം മത തീവ്രവാദമായി പരിഗണിച്ച് പ്രശ്നപരിഹാരം നടത്താന്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായിരിക്കുമോ?