Wednesday, 26 June 2013

ശരികളുടെ അപ്പസ്തോലന്മാര്‍ക്ക് ...

ശരികളും തെറ്റുകളും നിറഞ്ഞതാണ് മനുഷ്യ ജീവിതം. ശരികള്‍ ചെയ്യുമ്പോള്‍ സമൂഹത്തില്‍ നിന്ന് കാര്യമായ പരിഗണനയോ അംഗീകാരമോ പലപ്പോഴും ലഭിച്ചെന്നു വരില്ല. എന്നാല്‍ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതല്ല അനുഭവം. സ്വന്തം വീട്ടുകാരും നാട്ടുകാരും എന്ന് വേണ്ട സമൂഹമാകെ തെറ്റ് ചെയ്തവനെതിരെ മുറവിളി ഉയര്‍ത്തും. മാധ്യമങ്ങള്‍ നിതാന്ത ജാഗ്രതയോടെ കാത്തിരിക്കുന്നതും ആര് എന്ത് തെറ്റ് എവിടെ എങ്ങനെ ആരുമായി ചെയ്തു എന്നറിയാന്‍ വേണ്ടി മാത്രമാണെന്ന് തോന്നുന്നു.

ഗണേഷ്‌ കുമാര്‍ എന്ന മന്ത്രി കേരളം കണ്ട എക്കാലത്തെയും രാഷ്ട്രീയക്കാരെ നിഷ്പ്രഭമാക്കാന്‍ പോന്ന പ്രകടനം കാഴ്ച വച്ച ഒരു കലാകാരനാണ്. അദ്ദേഹത്തിന്റെ കുടുംബ ബന്ധത്തിലെ താളപ്പിഴയും പരസ്ത്രീ ബന്ധവും വഴിവിട്ട് വ്യഭിചരിച്ച് ആഘോഷിച്ച മാധ്യമങ്ങള്‍ അദ്ദേഹം മന്ത്രി എന്ന നിലയില്‍ ചെയ്ത അനേക നന്മകള്‍ കുഴിച്ചു മൂടുകയാണ് ചെയ്തത്. സീനിയറായ മറ്റൊരു മുന്‍ മന്ത്രി ചെയ്തു എന്ന് കരുതുന്ന തെറ്റിന്റെ ദൃശ്യാവിഷ്കാരം ഘോഷയാത്രയായി പ്രക്ഷേപണം ചെയ്ത മാധ്യമങ്ങള്‍ മലയാളികള്‍ക്ക്‌ ആസ്വാദനത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ കാട്ടികൊടുത്തു.

എഴുപതു വയസ്സ് വരെ ജീവിക്കുന്ന ഏതൊരു വ്യക്തിയുടെയും ഓരോ ദിവസത്തെയും ജീവിത ക്രമം ഒളി ക്യാമറയിലോ അല്ലാതെയോ റെക്കോര്‍ഡ്‌ ചെയ്താല്‍ ഈ തെറ്റുകളെ വിമര്‍ശിക്കുന്നവരില്‍ എത്ര പേര്‍ക്ക് ശരികളുടെ അപ്പസ്തോലന്മാര്‍ ആയി ഞെളിയാന്‍ കഴിയും? ആര്‍ക്കും കഴിയില്ല എന്നാണ് ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ വേശ്യയെ കല്ലെറിയാന്‍ വന്നവര്‍ എറിയാതെ പോയതിലൂടെ രണ്ടായിരം വര്‍ഷം മുമ്പ്‌ തെളിയിച്ചത്.

കത്തോലിക്കാ സഭയുടെ ദുര്‍ന്നടപ്പുകളെ വിമര്‍ശിക്കുകയും ശുദ്ധീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് പുതിയ പോപ്പ്‌ ഫ്രാന്‍സിസിനെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറയ്ക്കുന്നത്. ആത്മീയ മേഖലയാണെങ്കിലും അധികാരത്തിന്റെയും ഉപജാപക ശുശ്രൂഷയുടെയും വിഹാര കേന്ദ്രമായ വത്തിക്കാന്റെ ഇടനാഴികളില്‍ ഒളി ക്യാമറകള്‍ സജ്ജീകരിച്ചാല്‍ ലോകത്തെ ഞെട്ടിക്കാന്‍ പോന്ന വാര്‍ത്തകള്‍ക്ക്‌ പഞ്ഞമുണ്ടാകാന്‍ ഇടയില്ല.

മാര്‍പാപ്പയുടെ പ്രവര്‍ത്തികളെ പര്‍വ്വതീകരിച്ച് ചിത്രീകരിക്കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ പാപ്പായുടെ ശുദ്ധീകരണ പ്രക്രിയയെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അധികാര ശ്രേണിയിലെ മൂട് താങ്ങികള്‍ നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്ന കീഴ്വഴക്കങ്ങളെയാണ് ഫ്രാന്‍സിസ്‌ പാപ്പ പരസ്യമായി വെല്ലുവിളിക്കുന്നത്. പാപ്പായുടെ വിശുദ്ധീകരണം ലക്ഷ്യമാക്കിയുള്ള വാര്‍ത്താ സൃഷ്ടികളിലൂടെ മാധ്യമങ്ങള്‍ പാപ്പാ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികളെ സമര്‍ത്ഥമായി കുഴിച്ചു മൂടാന്‍ തന്നെയാണ് ശ്രമിക്കുന്നത്‌ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.