Thursday, 9 October 2014

യുക്മയും ഫോബ്മയും ആര്‍ക്കു വേണ്ടി?

യു.കെ. മലയാളികള്‍ ഏറെയും നാല്പതും അമ്പതും അറുപതും വയസ്സ് പിന്നിട്ടവരാണ്. മുടി കറുപ്പിച്ചും ശാരീരികമായ പലവിധ പ്രയാസങ്ങള്‍ക്ക് ഗുളിക കഴിച്ചും ഡ്യൂട്ടിക്ക്‌ മുടക്കം വരാതെയും പറ്റുന്ന ഓവര്‍ടൈം ചെയ്തും കാലം കഴിക്കുന്നു. പണം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നേ പറയൂ; സത്യത്തില്‍ ഒരുവിധം നല്ല ആസ്തി ഉള്ളവരാണ് ഏറെയും. നാട്ടില്‍ ന്യായമായ വിലപിടിപ്പുള്ള ഒരു വീടില്ലാത്തവര്‍ യു.കെ. മലയാളികളില്‍ വിരളമാണ്. ഇവിടെയും ഒന്നിലധികം മോര്‍ട്ട്ഗേജ് ഉള്ളവര്‍ കുറവല്ല.

കഴിഞ്ഞ പത്തു പന്ത്രണ്ടു കൊല്ലം ജോലി ചെയ്തവരുടെ വരുമാനം വര്‍ധിച്ചു. കുട്ടികളില്‍ ചിലര്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടി, മറ്റു ചിലര്‍ ഭേദപ്പെട്ട ജോലിയില്‍ ആയി. ചിലര്‍ വിവാഹിതരായി... എന്നാല്‍ മറുവശത്ത്, സാംസ്കാരികമായും സംഘടനാപരമായും കലാപരമായും കലശലായ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സമൂഹമാണ്‌ ഇപ്പോഴും നമ്മുടേത് എന്നതാണ് സത്യം. ഉറക്കമിളച്ചും ഏറെ കഷ്ടതകള്‍ സഹിച്ചും ധനസമ്പാദനത്തിലും മക്കളുടെ ഉല്‍ക്കര്‍ഷത്തിലും മാത്രം ഉന്നം വച്ചു നീങ്ങിയ നമ്മള്‍ നമ്മെ കുറിച്ച് ഒരിക്കല്‍ പോലും ചിന്തിച്ചില്ല.

നിന്ന് തിരിയാന്‍ നേരമില്ലാത്തതിന്റെ ഇടയ്ക്കും ഉറക്കച്ചടവിലും നമ്മള്‍ നമുക്ക്‌ വേണ്ടി എന്ന് ഉച്ചത്തില്‍ ഘോഷിച് നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ തീരെ സംസ്കാര ശൂന്യമായി അധപതിച്ച് പല കഷണങ്ങള്‍ ആയി സ്വയം തകരുകയാണ് ചെയ്തത്. എല്ലാ സംഘടനകള്‍ക്കും വേണ്ടി ഒരു മാതൃ സംഘടന എന്ന ആശയം ഏറെ കൊട്ടി ഘോഷിക്കലുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രൂപം കൊണ്ടു. സമാന്തരമായി മറ്റൊരു സംഘടനയുടെ ഉല്‍ഭവത്തിനു കാരണമായി എന്നതായിരിക്കും യുക്മ എന്ന മാതൃ സംഘടന കൊണ്ടുണ്ടായ ഒരു നേട്ടം!

ഈ രണ്ടു സംഘടനകള്‍; യുക്മയും ഫോബ്മയും, വലിയ ചില സംഭവങ്ങള്‍ എന്ന രീതിയില്‍ സംഘടിപ്പിക്കുന്ന കലാമേളകള്‍ ഇവിടുത്തെ മലയാളി സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ചെയ്യുന്നുണ്ടോ? ടീനേജ് പ്രായത്തിലേയ്ക്ക് കടക്കുന്ന പെണ്‍കുട്ടികളുടെ ഡാന്‍സ്‌ മേള എന്നതില്‍ മാത്രം ഒതുങ്ങുന്നു നമ്മുടെ കലാമേളകള്‍ എന്ന സത്യം ആര്‍ക്ക് നിരാകരിക്കാനാകും?

കഴിഞ്ഞ അഞ്ചു വര്‍ഷമോ അതിനു മുമ്പോ ഡാന്‍സ്‌ കളിച്ചു വിജയശ്രീലാളിതരായ നമ്മുടെ കുട്ടികള്‍ ഇന്ന് എവിടെയാണ്? എന്ത് കൊണ്ടാണ് ശോഭനയെ പോലൊരു നര്‍ത്തകി യു.കെ. മലയാളികളില്‍ നിന്ന് ഉണ്ടാകാതെ പോകുന്നത്? സംഘടനകളെയും മാതൃ സംഘടനകളെയും മറികടന്ന് സ്വന്തം ഇച്ഛാശക്തിയുടെ ബലത്തില്‍ കൈയ്യില്‍ നിന്ന് കാശ് മുടക്കി ചിലര്‍ ചില സാഹസത്തിനു മുതിര്‍ന്നു. മലയാള സിനിമയില്‍ തന്നെ ഏറെ വ്യത്യസ്ഥത അവകാശപ്പെടാവുന്ന ചില സിനിമകളും കുറെ ഷോര്‍ട്ട് ഫിലിമുകളും അങ്ങനെ ജന്മം കൊണ്ടു.

ആഴ്ചയില്‍ ഒരിക്കല്‍ പള്ളിയില്‍ പോകണം, കുര്‍ബാന കാണണം, മലയാളി കത്തനാര്‍ തന്നെ കുര്‍ബ്ബാന ചൊല്ലണം, കത്തനാര്‍ക്ക് കുര്‍ബ്ബാന ഒന്നിന് നൂറ്റമ്പത് പൗണ്ട് ശമ്പളം നല്കാനും വിശ്വാസികള്‍ തയ്യാര്‍! നമ്മുടെ കുട്ടികള്‍ എവിടെ, നമ്മള്‍ എവിടെ? നമ്മള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ നമ്മുടെ മക്കള്‍ ശിരസ്സാ വഹിച്ചു എന്ന അന്ധവിശ്വാസത്തിലാണ് നാം. ലോകം മാറിക്കൊണ്ടേയിരിക്കുന്നു, നമ്മുടെ കുട്ടികളും. മാറ്റത്തിനതീതരായി നമ്മള്‍ യു.കെ. മലയാളികളും നമ്മുടെ സംഘടനകളും!






Thursday, 31 July 2014

ഈ നൂറ്റാണ്ടിലെ വിശ്വാസിയും നൂറ്റാണ്ടുകള്‍ക്ക്‌ പിന്നിലെ അവന്റെ വിശ്വാസവും

ദൈവ ഭയം (ഭക്തി)ജ്ഞാനത്തിന്റെ ഉറവിടം എന്ന് വചനം പറയുന്നു. മനുഷ്യര്‍ ബലഹീനരും നിസ്സഹായരും അവന്റെ ജന്മം വെറും പുല്‍ക്കൊടിക്ക് തുല്യവും എന്നു കൂടി വചനം പറയുന്നു. ഇതൊക്കെ വായിച്ചോ അറിഞ്ഞോ മനസ്സിലാക്കിയവര്‍, അവര്‍ എത്ര വലിയ സ്ഥാനമാനങ്ങളില്‍ അവരോധിക്കപ്പെട്ടാലും തങ്ങളുടെ നിലയും വിലയും മറക്കാറില്ല.

എല്ലാ മതങ്ങളും നല്‍കുന്ന മൂല്യ ബോധങ്ങളില്‍ പരമ പ്രധാനമാണ് ഇത്. ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഈ ധര്‍മ്മങ്ങള്‍ കിട്ടിയത് ഇതേ മൂല്യബോധത്തില്‍ നിന്ന് തന്നെ.

നിരീശ്വര വാദിയായ രോഗിയെ കീറി മുറിച്ച് ചികില്‍സിക്കേണ്ടി വരുമ്പോള്‍ ഈ മൂല്യബോധം കാത്തുസൂക്ഷിക്കുന്ന വൈദ്യന്‍ തന്റെ കൃത്യം നിര്‍വഹിക്കുന്നതിന് മുമ്പ്‌ ദൈവത്തെ വിളിക്കും. നിരീശ്വര വാദി ആണെങ്കില്‍ കൂടി രോഗിയോട് പ്രാര്‍ത്ഥിക്കാന്‍ പറയുകയും ചെയ്യും.

നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ മൂല്യബോധവും ദൈവ ഭക്തിയും എന്തായിരുന്നുവോ അത് തന്നെയാണ് ഇന്നും. എന്നാല്‍ ശാസ്ത്ര സാങ്കേതിക മേഖലകളിലെ കുതിച്ചു കയറ്റം, അത് മനുഷ്യ കുലത്തെ മൊത്തത്തില്‍ അമ്പരപ്പിച്ചു കളഞ്ഞു.

ജന്മനാ കുരുടനായ ഒരുവനെ കാഴ്ച നല്‍കി സുഖപ്പെടുത്തുന്ന സുവിശേഷം ക്രിസ്തു നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ നല്‍കി നമ്മെ അമ്പരപ്പിച്ചു. അന്ന് വൈദ്യ ശാസ്ത്രം പരമ ദരിദ്രമായിരുന്നു എന്നോര്‍ക്കണം?

ഇന്ന് മദ്ധ്യവയസ്കര്‍ കാഴ്ച മങ്ങുമ്പോള്‍ നേരെ കണ്ണാശുപത്രികളില്‍ പോയി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കഴ്ച്ചയ്ക്കുള്ള കണ്ണടയോ ലെന്‍സോ വാങ്ങി മടങ്ങുന്നു. അന്ധരായി ജനിക്കുന്നവര്‍ക്ക് മരിക്കുന്നവര്‍ ദാനമായി നല്‍കുന്ന കണ്ണുകള്‍ വച്ചു പിടിപ്പിച്ച് കാഴ്ച നല്‍കുന്ന സമ്പ്രദായവും ലോകത്ത്‌ എവിടെയും നില നില്‍ക്കുന്നു.

ഇതൊന്നും മതപരമല്ല. തികച്ചും മാനുഷിക പരിഗണനയും പൗരബോധവും കണക്കിലെടുത്ത് ആധുനിക ലോകം മനുഷ്യ കുലത്തിനു സമ്മാനിക്കുന്ന അവകാശങ്ങള്‍ മാത്രമാണ്. ആധുനിക വൈദ്യ രംഗം ഇതിന്റെ ഗുണഭോക്താക്കളില്‍ നിന്ന് സാക്ഷ്യങ്ങള്‍ സ്വീകരിച്ചതായി ചരിത്രവുമില്ല, അവര്‍ക്ക്‌ അതിന്റെ ആവശ്യവുമില്ല.

എന്നാല്‍ മതങ്ങള്‍ ഇന്ന് ചെയ്യുന്നന്തെന്താണ്? ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സമ്മാനിക്കുന്നതെല്ലാം കണ്ണടച്ച് ആസ്വദിക്കുകയും വിശ്വാസിയെ നൂറ്റാണ്ടുകള്‍ക്ക്‌ പിറകിലേയ്ക്ക് ആനയിച്ച് വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റെയും ലാവണങ്ങളില്‍ തളച്ചിടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

പുരോഗമന ചിന്തയോ സാമൂഹ്യ ജീവിത സത്യങ്ങളോ അന്യമായിരുന്ന ഒരു സമൂഹമായിരുന്നു പുരോഹിത വര്‍ഗ്ഗം ക്രിസ്തുവിന്റെ കാലത്ത് പോലും. ക്രിസ്തുവിനെ അവര്‍ കൊന്നു. പിന്നീട് ഗലീലി ഭൂമിയുടെ ഭൗതിക ഘടനയെക്കുറിച്ച് ശാസ്ത്രീയമായ യഥാര്‍ത്ഥ്യം പറഞ്ഞപ്പോള്‍ ക്രിസ്ത്യാനി പുരോഹിതര്‍ ആ സാധുവിനെയും കൊന്നു കളഞ്ഞു.

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്‌. പുരോഹിതവര്‍ഗ്ഗം, അത് ഏതു മണ്ണാങ്കട്ടയായാലും അവര്‍ ആധുനിക ലോക വീക്ഷണങ്ങള്‍ക്കും പൗര ബോധത്തിനും എതിരാണ്. യു.കെ. പോലൊരു രാജ്യത്ത് രോഗശാന്തി ശുശ്രൂഷയുമായി കടന്നു വരുന്ന മലയാളി ദൈവദാസന്മാര്‍ ഇന്ന് വളരെയേറെയാണ്. ഇവര്‍ വിമാനം കയറി ഇവിടെയെത്തി ഇവിടെയുള്ള മലയാളികള്‍ക്ക് രോഗശാന്തി നല്‍കി മടങ്ങുന്നു; രോഗികള്‍ ഇവിടുത്തെ എന്‍.എച്ച്.എസ്. നല്‍കുന്ന ഗുളിക കഴിച്ച് പുരോഹിതന്‍ സമക്ഷം വ്യാജസാക്ഷ്യം നല്‍കുകയും ചെയ്യുന്നു.

രോഗശാന്തി ശുശ്രൂഷ എന്ന പേരില്‍ യു.കെ.യില്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി അരങ്ങേറിയ നാടകങ്ങള്‍ക്ക് പ്രഭ മങ്ങുമ്പോള്‍ പുതിയ കഥയും തിരക്കഥകളുമായി ന്യൂ ജനറേഷന്‍ താരങ്ങള്‍ അരങ്ങു തകര്‍ക്കാന്‍ എത്തുന്നു. പഴയ സൂപ്പര്‍ താരങ്ങള്‍ സഹ നടന്മാരും വില്ലന്മാരും ആകുന്ന പുതിയ ബൈബിള്‍ നാടകം നമ്മെ കാത്തിരിക്കുന്നു...




Monday, 24 February 2014

ആള്‍ ദൈവങ്ങളും ആത്മീയ നിര്‍വൃതിയും

അമൃതാനന്ദമയിയും അവരുടെ ആശ്രമവും ഇന്ന് ഏറെ വിവാദത്തിലാണ്. വിവാദങ്ങളില്‍ പെടാതെ ഏതെങ്കിലും ആത്മീയ കേന്ദ്രം ലോകത്ത് എവിടെയെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടാകുമോ? അറിയില്ല. മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ അദ്ദേഹം രണ്ടു കന്യകമാരെ ഇടതും വലതും സഹായത്തിനു നിയമിച്ചതിനെയും വിമര്‍ശിച്ചവരുണ്ട്!

ആത്മീയ ജീവിയുടെ ആത്യന്തികമായ ലക്ഷ്യം മനുഷ്യ രാശിക്ക്‌ സ്നേഹത്തിന്റെ മാര്‍ഗ്ഗം പറഞ്ഞു കൊടുക്കുക എന്നതാണ്. ഇന്ന് ലോകത്ത് എവിടെയുമുള്ള മനുഷ്യര്‍ പിന്തുടരുന്ന സഹാനുഭൂതിയും മനുഷ്യത്വവും സഹവര്‍ത്തിത്വവും എല്ലാം തന്നെ ഏതെങ്കിലും ആത്മീയ ജീവിയില്‍ നിന്നോ, മറ്റ് ആത്മീയ കേന്ദ്രങ്ങളായ ജാതി മത സംവിധാനങ്ങളില്‍ നിന്നോ നേടിയ സന്മാര്‍ഗ ബോധത്തിലൂടെയാണ്.

മതങ്ങള്‍ എല്ലാം തന്നെ പഠിപ്പിക്കുന്ന സ്നേഹമെന്ന വികാരം ഇന്ന് ഒരു മതത്തിലും പ്രകടമായ വിധത്തില്‍ കാണാനില്ല. അതുകൊണ്ട് തന്നെ സമൂഹത്തിലും സ്നേഹത്തിന്റെ നാമ്പുകള്‍ ഏറെക്കുറെ കരിന്തിരി കത്തുകയോ എരിഞ്ഞോടുങ്ങുകയോ ആണ്.

ഏറ്റവും മൂല്യവത്തായത് എന്ന് കരുതിയിരുന്ന മത സംവിധാനങ്ങളില്‍ സംഭവിച്ച മൂല്യ ശോഷണത്തെ തിരുത്താന്‍ ശ്രമിക്കുകയും ദൈവിക സങ്കല്‍പങ്ങളില്‍ കുടിയേറിയിരുന്ന തിന്മയുടെ ശക്തികളെ വെല്ലു വിളിക്കുകയും ചെയ്തതിലൂടെ ഈ രംഗത്ത്‌ ചരിത്രപരമായി തിരുത്തല്‍വാദിയെന്ന വിശേഷത്തിന് യോഗ്യനായ ഒരാള്‍ ക്രിസ്തുവാണ്.

ക്രിസ്തീയ സഭകള്‍ക്ക് ഇന്ന് വന്നു ഭവിച്ച ദുരന്തം എന്താണ്? മറ്റൊരു ജാതിയിലും കാണാത്ത വിധം അഞ്ഞൂറ് വിഭാഗങ്ങള്‍ . എല്ലാം തങ്ങളുടെ സ്വകാര്യ ആചാരങ്ങളില്‍ വിശ്വാസികളെ തളച്ച് ശ്വാസം മുട്ടിക്കുന്നു.

കേരളത്തില്‍ പണ്ട് ജാതി വ്യവസ്ഥ നില നിന്ന കാലത്ത് മേല്‍ ജാതിക്കാര്‍ മാത്രം ഈശ്വരരെ ആരാധിച്ചപ്പോള്‍ കീഴ്ജാതികള്‍ക്ക് വേണ്ടി നാരായണ ഗുരു ഈഴവ ശിവനെ പ്രതിഷ്ടിച്ചു. മേല്‍ജാതിക്കാരുടെ വിഗ്രഹാരാധനയിലെ വിഡ്ഢിത്തത്തെ പരിഹസിക്കുക; ഒപ്പം സാധുക്കളായ കീഴ്ജാതിക്കാരുടെ ദൈവികാരാധനയെന്ന സ്വപ്നം സാക്ഷാത്കരിക്കുക എന്നതൊക്കെ ആയിരുന്നിരിക്കാം ഇതിനു പിന്നില്‍ ഗുരുവിനെ പ്രേരിപ്പിച്ച ഘടകം.

കാലം മാറിയിട്ടും ഒട്ടേറെ പുരോഗതി കൈവരിച്ചിട്ടും നമ്മള്‍ വിശ്വാസം സംബന്ധിച്ച് കൂടുതല്‍ അന്ധത കൈവരിച്ചതേയുള്ളൂ. സത്യം പറഞ്ഞു തരേണ്ട ബാധ്യത ഉണ്ടായിരുന്നവര്‍ക്ക് അതായിരുന്നില്ല ദൌത്യം. ഉത്തരവാദപ്പെട്ടവരുടെ പിടിപ്പുകേടോ അനാസ്ഥതയോ എന്തുമാകട്ടെ, വിശ്വാസികള്‍ക്ക് ഭൗതിക നേട്ടങ്ങള്‍ക്ക്‌ ആശ്രയിക്കാവുന്ന ഷോര്‍ട്ട് കട്ട് സംവിധാനമായി ആത്മീയത എന്നോ അധപതിച്ചു.

തൊള്ളായിരത്തി അറുപതുകളില്‍ പാശ്ചാത്യ സംഗീതം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ബീറ്റില്‍സ് (ജോണ്‍ ലെനന്‍, പോള്‍ മാര്‍ക്ക്‌ആട്നി, റിംഗോ സ്റ്റാര്‍, ജോര്‍ജ്ജ് ഹാരിസന്‍) എല്ലാ ഭൗതിക സുഖ ഭോഗങ്ങളോടും വിട പറഞ്ഞ് ആത്മീയതയുടെ നിര്‍വാണ സുഖം തേടി ഇന്ത്യയിലെത്തി. അവിടെ ഒരു വടക്കേ ഇന്ത്യന്‍ സ്വാമിയുടെ ആശ്രമത്തില്‍ അഭയം പ്രാപിച്ചു. ആദ്യം കുറച്ചു ദിവസം കുഴപ്പം തോന്നിയില്ല. പിന്നെ സ്വാമി ഇവരുടെ കഴിവുകള്‍ മുതലെടുത്ത് വാണിജ്യം ചെയ്യാന്‍ തുടങ്ങി. ഇത് മനസ്സിലാക്കി അവര്‍ എത്രയും പെട്ടെന്ന്‍ തടി തപ്പി.

ആത്മീയ ജീവി ആകട്ടെ അല്ലാത്ത ജീവി ആകട്ടെ, ഭൗതിക ജീവിതത്തില്‍ ആത്മീയ തത്വങ്ങള്‍ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ. ഒന്നാം സ്ഥാനം പണത്തിനും അഭിവൃദ്ധിക്കും തന്നെ. ഈ സാമാന്യ തത്വം മാനസ്സിലാക്കാതെ ആവണം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അമൃതാ മഠത്തിനെതിരെ കൊലവിളി ഉയരുന്നത്.

ഇവിടെ ഒരു വിഷയം ലൈംഗികാരോപണമാണ്. ഈ ആരോപണം കേള്‍ക്കാത്ത ഏതു ജാതി മത സംവിധാനമാണ് കേരളത്തിലുള്ളത്? ഒരുവന്‍/ഒരുവള്‍ ആത്മീയതയുടെ കോട്ട് ഇട്ടു കഴിഞ്ഞാല്‍ പിന്നെ ലൈംഗികതയെ കുറിച്ച് ചിന്തിക്കാനേ പാടില്ല എന്ന സാമൂഹ്യ ചിന്തയില്‍ ഇനിയെങ്കിലും നാം മാറ്റം വരുത്തേണ്ടിയിരിക്കുന്നു. പ്രായപൂര്‍ത്തിയായവര്‍ ആത്മീയ മേഖലയില്‍ ഉള്ളവര്‍ ആണെങ്കില്‍ കൂടി അവര്‍ ആരോപണ വിധേയരായാല്‍ അവരെ കല്ലെറിയാതിരിക്കുക.

മറ്റൊന്ന് സ്ഥാപനത്തിന്റെ നടത്തിപ്പ്‌. ഒരു സ്ഥാപനം വിജയകരമായി നടത്തി കൊണ്ട് പോകുക എന്നത് നിഷ്പ്രയാസം സാധിക്കുന്ന കാര്യമല്ല. രാഷ്ട്രീയക്കാരുടെ ബാന്ധവവും ഗുണ്ടായിസവും ഒക്കെ ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ ഒരു സ്ഥാപനം വിജയകരമായി നടത്തിക്കൊണ്ട് പോകാന്‍ കഴിയൂ എന്ന് ഈ ബഹളക്കാരില്‍ ആര്‍ക്കാണ്‌ അറിഞ്ഞു കൂടാത്തത്? ഏതെങ്കിലും നിസാര കാര്യങ്ങള്‍ക്ക് വില്ലേജ്‌ ഓഫീസിലോ പഞ്ചായത്ത്‌ ഓഫീസിലോ കയറി ഇറങ്ങിയിട്ടുള്ള ഏതൊരു പൗരനും ബോധ്യപ്പെട്ടിട്ടുള്ള പരമമായ സത്യമാണത്.

ഇതൊക്കെ പറയുമ്പോഴും പലരും തങ്ങളില്‍ ആര്‍ക്കെങ്കിലും അല്ലെങ്കില്‍ സ്വന്തക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഒരു മാരക രോഗം വന്നാല്‍ ഉടനെ ആലോചിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഒന്ന് അമൃത ആയിരിക്കും എന്നതും തീര്‍ച്ച! എവിടെ പോയി വിമര്‍ശന ശരങ്ങള്‍? എന്നിട്ടും ചിലര്‍ നിരത്തുന്ന ആരോപണങ്ങള്‍ ഇവയാണ്; അവിടെ രോഗികളുടെ അവയവം അടിച്ചു മാറ്റുന്നു, ചില നിര്‍ധനര്‍ക്ക് സൗജന്യ ചികില്‍സ നല്‍കും; അതിനേക്കാള്‍ കൂടുതല്‍ തുക സര്‍ക്കാരില്‍ നിന്ന് പാരിതോഷികം കൈപ്പറ്റുകയും ചെയ്യും....

ഹിന്ദി നടന്‍ സല്‍മാന്‍ ഖാന്‍ കാറില്‍ യാത്ര ചെയ്യവേ റോഡില്‍ ഒരു പിതാവ് തന്റെ വൈകല്യം ഉള്ള കുട്ടിയുമായി വീല്‍ ചെയറില്‍ പോകുന്നത് കണ്ടു. കാര്‍ നിറുത്തിയ നടന്‍ താന്‍ അറിയുന്ന ഡോക്ടറുടെ അഡ്രസ്സ് പിതാവിന് നല്‍കി പോയി കാണുവാന്‍ പറഞ്ഞു. പൂര്‍ണ്ണ ചികിത്സാ ചെലവും വഹിക്കാമെന്നേറ്റു. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം കണ്ട ഒരാള്‍ കമന്റ് എഴുതിയപ്പോള്‍ ഖാന്‍ ചെയ്ത നന്മയല്ല എഴുതിയത്; പണ്ട് ഇയാള്‍ മദ്യപിച്ചു വാഹനമോടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അപകടവും മരണവും ആണ്.

ആത്മീയത വേറെ; ഭൗതികത വേറെ. ഇനിയുള്ള കാലം ആത്മീയ നിര്‍വൃതി നുകരാം എന്ന് കരുതി ഏതെങ്കിലും ആത്മീയ കേന്ദ്രങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്നവര്‍ ഒന്നാലോചിക്കുക; നിങ്ങള്‍ കടന്നു ചെല്ലുന്നിടം ഭൗതിക ജഡികാസക്തികള്‍ നിറഞ്ഞ ഭൂമിക മാത്രമാണ്. അവിടെ ഉള്ളവര്‍ മനുഷ്യരും.





Monday, 6 January 2014

മലയാളി സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭൂതവും ഭാവിയും

തൊള്ളായിരത്തി എഴുപതുകളില്‍ കേരളത്തില്‍ ജനിച്ചവരും ഇന്ന് ജനിക്കുന്നവരും തമ്മില്‍ അജഗജാന്തര വ്യത്യാസമുള്ളത് പ്രായത്തില്‍ മാത്രമല്ല; ജീവിതതിന്റെ സമസ്ത സങ്കല്‍പങ്ങളിലുമാണ്. അന്ന് ജനിച്ചവരുടെ രാഷ്ട്രീയം പറഞ്ഞാല്‍ ഇ.എം.എസ്.നമ്പൂതിരിപ്പാട്, കെ.കരുണാകരന്‍, സി.അച്യുതമേനോന്‍, ഇ.കെ.നായനാര്‍ , ഏ.കെ. ആന്‍റണി,കെ.എം. മാണി, പി.ജെ.ജോസഫ്‌...അങ്ങനെ ഒരുപാടു പേര്‍ . ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ആശയപരമായോ തെറ്റിദ്ധാരണാപരമായോ ചിലരെ നമ്മള്‍ വെറുത്തിരുന്നു എങ്കില്‍ പോലും അങ്ങനെയുള്ളവരുടെ നന്മ തിരിച്ചറിയുന്നത്‌ ഈ ആധുനിക യുഗത്തിലാണ്.

നന്മ എന്ന് പറയുമ്പോള്‍ അത് എന്താണ് എന്ന് കൂടി വിശദീകരിക്കേണ്ടി വരും. ജനാധിപത്യ വ്യവസ്ഥയില്‍ പ്രജകള്‍ ഭൂരിഭാഗവും ദരിദ്ര നാരായണന്മാര്‍ ആയി ജീവിക്കുമ്പോള്‍ അവരുടെ ഭരണാധിപന്മാരും ഒട്ടൊക്കെ ദാരിദ്ര്യം അനുഭവിക്കാന്‍, അല്ലെങ്കില്‍ ഭൗതിക സൗഭാഗ്യങ്ങള്‍ ത്യജിക്കാന്‍ നിര്‍ബന്ധിതരായി തീരും. മുകളില്‍ സൂചിപ്പിച്ച ഏതാണ്ട് എല്ലാ നേതാക്കന്മാരുടെയും ജീവിതത്തിന്റെ ഫ്ലാഷ് ബാക്കുകള്‍ കാണിക്കുന്ന സത്യം അതാണ്.

എന്നാല്‍ ഇന്നോ? സമൂഹം വല്ലാതെ മാറി. ഒപ്പം കേരള രാഷ്ട്രീയവും. "തൊഴിലു തേടി തേടി തോലുരിഞ്ഞ കാലുമായ് ... " എന്ന മുദ്രാവാക്യം മുഴക്കിയ എണ്‍പതുകളിലെ രാഷ്ട്രീയ യുവാക്കള്‍ ഇന്ന് ലോക രാജ്യങ്ങളില്‍ വിയര്‍പ്പോഴുക്കിയോ അല്ലാതെയോ അവരുടെ കുടുംബ ജീവിതം മോശമല്ലാത്ത വിധം ശോഭനമാക്കുന്നുണ്ട്. ഇതിന് അവരെ സഹായിച്ചത് മുതലാളിത്ത രാജ്യങ്ങളും അവിടെ നേരിട്ട മനുഷ്യ വിഭവ ശേഷിയുടെ അപര്യാപ്തതയും ആണ്. അതിലൂടെ നാട്ടില്‍ നിന്നാല്‍ കിട്ടുമായിരുന്നതിനെക്കാള്‍ ജീവിതാഭിവൃദ്ധി നേടാന്‍ മറ്റു പലരെയും പോലെ ഇവര്‍ക്കും ഇടയായി.

രാഷ്ട്രീയം തലയ്ക്ക് പിടിച്ചവര്‍ക്കും മുന്‍കാല രാഷ്ട്രീയാചാര്യന്മാരുടെ ചുവടു പിടിച്ചു വിപ്ലവത്തിനിറങ്ങി പുറപ്പെട്ടവര്‍ക്കും മാറിയ കേരള രാഷ്ട്രീയ സമവാക്യങ്ങള്‍ സമ്മാനിച്ചത് "സ്വന്തം കാര്യം സിന്ദാബാദ്‌" എന്ന ആധുനിക മുദ്രാവാക്യമാണ്. ഇതില്‍ ആകൃഷ്ടരായി ചിലര്‍ അവിടെ തന്നെ തുടര്‍ന്നപ്പോള്‍ മറുഭാഗത്തിന് രാജ്യം വിടുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ, അത് ഇടതു പക്ഷം ആയാലും വലതു പക്ഷം ആയാലും. അങ്ങനെ രാജ്യം വിട്ടവരുടെ ഏകോപനത്തിന് വേദി ഒരുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത് ആധുനിക സാങ്കേതിക വിദ്യ തന്നെ, സംശയമില്ല.

വന്നെത്തിയ രാജ്യങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ മാതാപിതാക്കളും മക്കളും രണ്ടു വിധത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. രാഷ്ട്രീയ പരമായ അധികാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ദൌത്യവുമായി മാതാപിതാക്കള്‍ കിടമത്സരങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ മക്കള്‍ കമ്പ്യൂട്ടര്‍ വഴി പഠിച്ച സിനിമാറ്റിക് ഡാന്‍സ്‌ തുടങ്ങിയ നൂതന കലാരൂപത്തിലൂടെ മലയാളിയുടെ ആസ്വാദന ക്ഷമതകളിലെയ്ക്ക് നൂര്‍ന്നിറങ്ങി.

സംഘടനകളുടെ അമരത്തിരുന്ന്‍ കഴിഞ്ഞ കാല രാഷ്ട്രീയ മോഹങ്ങളുടെ തേരിലേറി അധരവ്യായാമങ്ങളില്‍ ഏര്‍പ്പെട്ട മാതാപിതാക്കള്‍ കൊച്ചു കുട്ടികള്‍ പോലും മറക്കുകയും പൊറുക്കുകയും ചെയ്യുന്ന കുട്ടി കുറ്റങ്ങള്‍ പരസ്പരം പഴി ചാരി തമ്മില്‍ കലഹിക്കുകയും സംഘടനകള്‍ പലതായി വിഭജിക്കുകയും ചെയ്തു കൊണ്ടിരുന്നു. കുട്ടികള്‍ ഏതാണ്ട് ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ട്രോഫികള്‍ സമ്മാനം നേടുകയും ചെയ്തു കൊണ്ടിരുന്നു.

മാതാപിതാക്കള്‍ക്ക്‌ ഏറെ അഭിമാനം സമ്മാനിച്ച ഈ ട്രോഫികള്‍ കുട്ടികള്‍ക്ക്‌ കാലാന്തരത്തില്‍ സമ്മാനിച്ചത് ഈ സമ്മാനങ്ങളോടും അതിനു നിര്‍ബന്ധിക്കുന്ന കലയോടും ഉള്ള വെറുപ്പാണ്. അതിന്റെ പരിണിതഫലം, അവര്‍ മുതിര്‍ന്നവരാകുന്നതോടെ അവരിലെ ഉള്ള കലാ വസനകള്‍ക്ക് തിരശ്ശീല വീഴുന്നു എന്നതാണ്.

മാതാപിതാക്കളില്‍ കലയുമായി വിദൂര ബന്ധമുള്ളവര്‍ പോലും വലിയ പാട്ടുകാരോ ഒക്കെയായി വിരാജിക്കുന്നുണ്ട്. പത്തിരുപതു കൊല്ലം മുമ്പ്‌ പാടി തിമിര്‍ത്ത് ചത്തുകെട്ടു പോയ ഒരുപിടി ഗാനങ്ങളുടെ പ്രേതങ്ങളുടെ ആവാഹനം പോലുമാകുന്നില്ല ഇവരുടെ ഈ കസര്‍ത്ത്. ആകെയുള്ളത് അവിടെയും ടെക്നോളജിയുടെ മുന്നേറ്റം മാത്രം. യേശുദാസോ എസ്.ബി.ബാലസുബ്രഹ്മണ്യമോ പോലുള്ള അനുഗൃഹീത ഗായകര്‍ പാടിയ അനശ്വര ഗാനങ്ങളുടെ യഥാര്‍ത്ഥ ട്രാക്കുകള്‍ ഉപയോഗിച്ച് നടത്തുന്ന പ്രേതാവിഷ്കാരം; അതാണ് മുതിര്‍ന്നവരുടെ കല.

ഇതിന് ഒരവസാനമുണ്ടോ? തീര്‍ച്ചയായും കാണും. ഈ തലമുറയുടെ അവസാന കണ്ണികള്‍ സ്റ്റേജ് വിടുന്ന നിമിഷം മുതല്‍ നമ്മള്‍ വൃദ്ധരായ മാതാപിതാക്കള്‍ മാത്രമാകും. പരസ്പരം ഇണങ്ങിയവര്‍ ,ചെറിയ പരിഭവങ്ങളില്‍ പിണങ്ങിയവര്‍ ... നമ്മുടെ ചെയ്തികളെ നമ്മള്‍ തന്നെ വെറുക്കുന്ന ...ഒക്കെ അര്‍ത്ഥ ശൂന്യമായിരുന്നു എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍ ...
അതായിരിക്കുമോ ഒടുക്കം? ആര്‍ക്കറിയാം?