Wednesday, 25 September 2019

ഹൗഡി മോദി

അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി വിഷയവുമായി ബന്ധപ്പെട്ടു സോഷ്യൽമീഡിയകളിൽ വലിയ രീതിയിൽ ആക്രമണ പ്രത്യാക്രമണം കണ്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയിലെ ഇന്ത്യൻ വംശജർ നൽകിയ സ്വീകരണ പരിപാടി ശ്രദ്ധേയവും അതോടൊപ്പം വിവാദവുമാകാൻ കാരണം, അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റ് സാന്നിധ്യം ആ പരിപാടിയിൽ ഉണ്ടായി എന്നതാണ്.

ഈ രണ്ടു നേതാക്കളെയും വിഡ്ഢികളായും അന്തവും കുന്തവുമില്ലാത്ത തീരുമാനങ്ങൾ എടുക്കുന്നവരായും ഒക്കെ പരാമർശിക്കുകയും വിമർശിക്കുകയും ചെയ്യുന്നവർ ഏറെയുണ്ട്. അതാണ് ജനാധിപത്യത്തിന്റെ ശക്തിയും സ്വാതന്ത്ര്യവും.

അമേരിക്കയിൽ ഇന്ത്യൻ വംശജർ അവരുടെ പ്രധാനമന്ത്രിയെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് വരേണ്ട യാതൊരു കാര്യവുമില്ല; ശരിയാണ്, അതാണ് കീഴ്വഴക്കം. പക്ഷേ എന്തിനു വന്നു ? അല്ലെങ്കിൽ എങ്ങനെ വന്നു ? അവിടെയാണ് നമ്മൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രം പയറ്റിത്തെളിഞ്ഞ രാഷ്ട്രീയ നാടകങ്ങൾക്ക് സമാനമായി അടുത്ത തെരഞ്ഞെടുപ്പിൽ തന്റെ വിജയം ഉറപ്പാക്കാൻ ഇവിടെ ഒത്തുകൂടിയ 50000 പേരുടെ വോട്ടുകൾ ലക്ഷ്യമിട്ടാണ് ട്രംപ് വന്നതെന്ന നിഗമനത്തിലെത്തിയത്.

തൊട്ടടുത്ത പരിപാടിയിൽ പാക് പ്രസിഡന്റ്, നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റ് ഇതിഹാസം ഇമ്രാൻ ഖാനുമായും ട്രംപ് ഇതേ നാടകം കളിച്ചു... ഇത് രാഷ്ട്രീയമാണ്, രാഷ്ട്രീയം ഇങ്ങനെയൊക്കെയാണ്. ഇതാർക്കാണ് അറിയാത്തത് ?

ഇനി കുറച്ചു ഭൂതകാലത്തേക്ക് ...

1989 -90 കാലഘട്ടം. യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (USSR) എന്ന റഷ്യയുടെ അവസ്ഥ എന്തായിരുന്നു ? രണ്ടാം ലോക യുദ്ധത്തിനു ശേഷം അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോയും യു.എസ്.എസ്.ആർ റഷ്യയുടെ നേതൃത്വത്തിൽ മറ്റൊരു സംഘടനയും നിലവിൽ വന്നു. കോൾഡ് വാർ എന്ന ഓമനപ്പേരു നൽകി ലോകരാജ്യങ്ങൾ ഇരു ചേരികളായി നിലകൊണ്ടു. നെഹ്‌റു എന്ന അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി വേണ്ടപ്പെട്ടവരുമായി ആലോചിച്ചെടുത്ത തീരുമാനം ഇന്ത്യ റഷ്യയോടൊപ്പം നിൽക്കുക എന്നതായിരുന്നു.

വലതുപക്ഷ സ്വഭാവമുള്ള, മുതലാളിത്ത വ്യവസ്ഥിതിയോടു അടങ്ങാത്ത കൂറ് കാണിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യ രീതിയിൽ രാജ്യം ഭരിക്കുമ്പോൾ നെഹ്‌റു സ്വീകരിച്ച നടപടിയെ ധീരമെന്നല്ലാതെ ആർക്ക് വിലയിരുത്താനാകും ?

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യു എസ് ഏ) യ്ക്ക് യു.എസ്.എസ്.ആർ എന്ന റഷ്യയുടെ മേൽ യാതൊരു അപ്രമാദിത്വവുമുണ്ടായിരുന്നില്ല. രാജ്യത്തിൻറെ വിസ്തൃതി, ജനസംഖ്യ, എല്ലാത്തിലുമുപരി യുദ്ധസന്നാഹം; കര, നാവിക, വ്യോമ മേഖലകളിൽ
ഇന്നു ലോക പോലീസായി വിലസുന്ന അമേരിക്കക്ക് ക്രൂയിസ് മിസൈൽ, കൺവൻഷൻ അറ്റാക്ക്, ഓക്സി സബ് മറൈൻ, കോർവേറ്റസ് തുടങ്ങിയ റഷ്യൻ സാങ്കേതിക വിദ്യകൾ അപ്രാപ്യമായിരുന്നു.

ബാക്കിയുള്ള കാര്യങ്ങളിലാകട്ടെ, എണ്ണത്തിൽ വളരെ കുറവും. ആകെ മേൽക്കൈ നേടിയത് എയർ ടാങ്കറിൽ മാത്രം 84 x 618 . ഇത് 1990 ലെ വിക്കിപീഡിയ കണക്ക്.

അപ്പോൾ പറഞ്ഞു വന്നത്, രാഷ്ട്ര നേതാക്കളെ കുറിച്ചും ലോക രാഷ്ട്രീയത്തെക്കുറിച്ചുമാണ്. മിഖായേൽ ഗോർബച്ചേവ് ഇന്നും ജീവിച്ചിരിപ്പുണ്ടാവും. യു എസ് എസ് ആറിന്റെ തകർച്ചക്ക് കാരണക്കാരൻ അദ്ദേഹമാണ്. അതിനു അദ്ദേഹത്തിന് പറയാൻ കാരണവുമുണ്ട്.

പഴയ യു എസ് എസ് ആർ അംഗ രാജ്യങ്ങൾ ആരെല്ലാമാണ് ? റഷ്യ, ജോർജ്ജിയ, ഉക്രൈൻ, മൊൾഡോവ, ബെലാറസ്, അർമേനിയ, അസർബൈജാൻ, കസാക്കിസ്ഥാൻ, ഉസ്ബെസ്ക്കിസ്ഥാൻ, ടാർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ... ഇങ്ങനെ കാണുന്നു.

റഷ്യ, പോളണ്ട്, ചെക്കോസ്ലോവാക്യ (ചെക്ക് ,സ്ലോവാക്യ ), ഫിൻലാൻഡ്, ടർക്കി, നോർവേ, ഹംഗറി, റൊമേനിയ, ഇറാൻ, മംഗോളിയ, നോർത്ത് കൊറിയ, അഫ്ഗാനിസ്ഥാൻ, ചൈന ... ഇങ്ങനെ വേറെയും മറ്റൊരു വിവരണമുണ്ട്.

ഗോർബച്ചേവ് പഴയ യു എസ് എസ് ആറിനെ തകർത്തതിന് ഒരു കാരണം പറയുന്നത് പിന്നീട് വന്ന ബോറിസ് യെൽസിനും ടീമും അല്ലായിരുന്നെങ്കിൽ രാഷ്ട്രം ചുട്ടെരിച്ചേനെ എന്നാണ് .... അതൊഴിവാക്കാനായിരുന്നത്രേ അദ്ദേഹം തന്റെ അധികാരം വിട്ടൊഴിഞ്ഞു ലോക ശക്തിയായ റഷ്യയെ കൈവെള്ളയിൽ കാത്തത് ....

ഇവിടെ ആര് ആരെയാണ് വിശ്വസിക്കേണ്ടത് ? ആർക്ക് ആരോടാണ് കടപ്പാടുള്ളത് ?

Thursday, 19 September 2019

മാംസം വർജ്ജിക്കണോ ???

മാംസഭോജനം സംബന്ധിച്ച് മതപരമായും വിശ്വാസപരമായും ചില ആശയങ്ങളും ആശയകുഴപ്പങ്ങളും സോഷ്യൽ മീഡിയകളിൽ ഉയർന്നു കേൾക്കുന്നു.

ബൈബിൾ (പഴയ നിയമം), ഖുർ ആൻ, യഹൂദരുടെ മതഗ്രൻഥം തുടങ്ങിയ ഗ്രൻഥങ്ങളിൽ പൊതുവായി ഒഴിവാക്കേണ്ട ചില ജീവികളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് എന്നത് ഈ ആശയങ്ങളുടെ ബുദ്ധികേന്ദ്രം ഒന്നാണോ എന്നു സംശയിപ്പിക്കുന്നതാണ്.

അതെന്തുമാകട്ടെ, ആധികാരിക ചരിത്ര രേഖകളുടെ പിൻബലത്തിൽ പ്രാചീന ഭാരതസങ്കല്പങ്ങളിൽ ബ്രാഹ്മണർ മാംസം ഭക്ഷിച്ചിരുന്നു എന്നു വാദിക്കുന്നവരുമുണ്ട്;

സസ്യഭോജനം പോലെ അനായാസമായ ഒന്നല്ല മാംസഭോജനം എന്നതിനെ അടിവരയിട്ടു ചില ട്രോളുകളും കാണായി. ഇതിൽ അല്പം കഴമ്പില്ലേ ?

ശരിയാണ്, ഒരു കോഴിയോ പ്രാവോ പോലെയാണോ പന്നിയും പോത്തും ആടും ? പ്രാചീന ലോകത്ത് ഇവയെ കൊന്നു സമയബന്ധിതമായി പാകം ചെയ്തു കഴിക്കുക എന്നത് ഇന്നു നമ്മൾ ശീലിച്ച കാര്യങ്ങളുമായി തട്ടിച്ചുനോക്കിയാൽ എങ്ങുമെത്തില്ല.

കോഴിയെ ആണെങ്കിൽകൂടി കഴുത്തു ഞെരിച്ചോ അറുത്തോ കൊല്ലാൻ ധൈര്യം വേണം. ചൂട് വെള്ളത്തിൽ മുക്കി പപ്പും തൂവലും പറിച്ച് വെട്ടി നുറുക്കി കഴുകി മുളകും മല്ലിയും ചേർത്ത് വേവിക്കണം.

ഇന്നു നാലുനേരവും മാംസഭോജികളായിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള വിവിധ ജാതി മത വിശ്വാസികൾ ആധുനിക ലോകം നമുക്ക് മുന്നിൽ സൂപ്പർ മാർക്കറ്റുകളിലൂടെ വിവിധയിനം ഇറച്ചികൾ ലഭ്യമാക്കുന്നതുകൊണ്ടു മാംസഭോജികളായി തുടരുന്നു എന്നേയുള്ളൂ.

പോത്തോ കാളയോ പന്നിയോ ആടോ... പോട്ടെ, ഒരു കോഴിയെ എങ്കിലും കൊന്നുവേണം തിന്നാൻ എന്ന അവസ്ഥയായിരുന്നെങ്കിൽ ഇന്നു മാംസഭോജികൾ എന്നഭിമാനിക്കുന്ന തൊണ്ണൂറു ശതമാനത്തിനും വെജിറ്റേറിയൻ വിഭാഗത്തിലേക്ക് കൂടു മാറേണ്ടി വന്നേനെ !

മാംസാഹാരങ്ങളുടെ സംഭരണവും സംരക്ഷണവും ശീതീകരണവും പ്രധാനവെല്ലുവിളിയാണ്. യു.കെ. പോലുള്ള രാജ്യങ്ങളിൽ പോലും വിഷമയമായ മാംസാഹാരം കഴിച്ച് മരണം വരിച്ചവരുണ്ട് എന്നതാണ് മാംസഭോജികളെ ഞെട്ടിപ്പിക്കുന്നത്.

എന്നോ കൊന്ന ജീവിയുടെ മാംസം ഇത്ര ദിവസത്തേക്കു എന്നു ലേബലൊട്ടിച്ചു ഫ്രീസറുകളിൽ നിന്നും ഫ്രീസറുകളിലേക്ക് മാറിമാറി പാചകം ചെയ്യുന്നവന്റെ കൈയ്യിൽ കിട്ടുന്നു; അവിടെയും അപകടം സംഭവിക്കാം. ഫ്രീസറിൽ നിന്നും എടുത്തു പാചകം ചെയ്യാൻ ഉദ്ദേശിച്ച മാംസം പാചകം ചെയ്യാതെ വീണ്ടും ഫ്രീസ് ചെയ്യാൻ പാടില്ല !!!

ഇങ്ങനെയൊക്കെയാണ് ഇവിടെ മാംസാഹാരം വില്ലനാകുന്നത്. നമുക്ക് അത്ര ഭയപ്പാടില്ല; കാരണം, പാചകത്തിനുപയോഗിക്കുന്ന സുഗന്ധ വ്യഞ്ജന കൂട്ടായിരിക്കാം ആശ്വാസം.

ഒരു ജീവി ചത്തുകിടന്നാൽ മൈനസ് ഡിഗ്രി ഉള്ള സമയത്ത് പോലും രണ്ടാം ദിവസം ദുർഗന്ധം വമിക്കും. പ്രാകൃത ലോകത്തെ സ്ഥിതി പറയാനുണ്ടോ ? ഇതൊക്കെയായിരിക്കാം മാംസഭോജനത്തിൽ നിന്നും സസ്യ ഭോജനത്തിലേക്ക് മനുഷ്യരെ കൂടു മാറാൻ പ്രേരിപ്പിച്ചത്.

Monday, 16 September 2019

നാട്ടുനടപ്പ്

കാപട്യങ്ങളുടെ ആൾരൂപങ്ങളായി ആധുനിക മാലയാളികൾ മാറിയിരിക്കുന്നു. ജാതി മത ഭേദമെന്യേ എല്ലാവരും തീവ്ര വിശ്വാസികളും അനുഷ്‌ടാനങ്ങളിൽ മുഴുകി കഴിയുന്നവരുമാണ്. പക്ഷേ, ഇവരുടെ കൈയ്യിലിരിപ്പും കാര്യങ്ങളും തികഞ്ഞ സ്വാർത്ഥതയിലൂന്നിയ മുഴുതിന്മകളുടേതാണ് എന്നു പറയാതിരിക്കാൻ കഴിയില്ല.

അനധികൃതമായി നിർമ്മിച്ചു എന്നു പറയപ്പെടുന്ന മരട് ഫ്ലാറ്റും മുത്തങ്ങയിലെ ആദിവാസി വനഭൂമി കൈയ്യേറ്റവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.

മനുഷ്യരുടെ ജീവനത്തിന്റെ പ്രശ്നമാണ് രണ്ടും. യുഗങ്ങളായി കേരളത്തിൽ തന്നെ ജീവിക്കുന്ന, പ്രകൃതിയുമായി ഏറെ ഇടപഴകി കഴിയുന്ന ജനതയാണ് ആദിവാസി സമൂഹം. അവരിൽ,കേരളം വിട്ടു പുറത്തുപോയി ജീവിതം കരുപ്പിടിപ്പിച്ചവർ ഇല്ലതന്നെ.

അതുപോലെയല്ല മരട് ഫ്ലാറ്റ് ഉടമകൾ. ഇക്കൂട്ടർ കേരളത്തിലും കേരളത്തിനു വെളിയിൽ, ഇന്ത്യക്ക് വെളിയിൽ ദീർഘകാലം ജോലി ചെയ്തു സമ്പാദിച്ച പണമാണ് ഫ്ലാറ്റിൽ നിക്ഷേപിച്ചത്.

ഇതു നമ്മെ പഠിപ്പിക്കുന്നതെന്താണ് ? ഒരു രാജ്യത്ത് നോട്ട് നിരോധനം , ജി.എസ്.ടി. പോലുള്ള സാമ്പത്തിക സംഭവവികാസങ്ങളിൽ അടിപതറി വീണ അനേകർ ഒരുവശത്ത്; നിരോധിച്ച നോട്ടുകൾ കണ്ടിട്ടു പോലുമില്ലാത്ത കോടിക്കണക്കിനു ദരിദ്രവാസികൾ മറുവശത്ത് ....

ഉമ്മൻ‌ചാണ്ടി പറയുംപോലെ നിയമം അതിന്റെ വഴിക്കു പോകട്ടെ ? പക്ഷേ, സാമൂഹ്യമായി നമ്മൾ വിശ്വാസത്തെയും ദൈവത്തെയും കെട്ടിപ്പിടിച്ച് സ്വാർത്ഥതയുടെ ഭീകരമായ അന്ധകാര സ്വകാര്യതകളിലേക്ക് കൂപ്പു കുത്തുന്നത് നിർത്തണം. നമ്മൾ മനുഷ്യരാണ്; മാനവികത എന്നത് സർവ്വ സാഹോദര്യമാണ്.

നാട്ടിലെ ട്രെൻഡ് എന്താണെന്നുവച്ചാൽ, കല്ല്യാണത്തിന് വധൂവരന്മാരുടെ മാതാപിതാക്കൾ ഏറെക്കുറെ പണക്കാരായിരിക്കും. അവരുടെ അണുകുടുംബങ്ങളിലെ കുട്ടികളുടെ കല്ല്യാണം ഏറ്റവും ആർഭാടമാക്കുക എന്നതായിരിക്കും അവരുടെ ജീവിതാഭിലാഷം.

ഇവർക്ക് മാതാപിതാക്കൾ ഉണ്ടെങ്കിൽ, (ഇല്ലാതിരിക്കുന്നതാണ് നല്ലത്) അത്തരക്കാർക്ക് മുമ്പ് ഉണ്ടായിരുന്ന മേധാവിത്വവും അധികാരങ്ങളും ഇന്നില്ല. പണ്ട്, ഭൂമിയും അതിന്റെ അവകാശവും ഒക്കെ ഇക്കൂട്ടരിൽ നിക്ഷിപ്തമായിരുന്നു എന്നതുകൊണ്ട് ഇവർക്ക് വലിയ അധികാരങ്ങൾ ഉണ്ടായിരുന്നു, ഇന്നിപ്പോൾ വിദേശത്തോ സ്വദേശത്തോ ജോലി ചെയ്തു പണക്കാരായ മക്കൾ പ്രത്യേകിച്ചും ആവശതയുള്ള മാതാപിതാക്കളെ കാണുന്നത് പേരിനു മുഖം കാണിക്കാൻ വേണ്ടി മാത്രമാണ്.

ഇവർ മരിച്ചാൽ ആഘോഷമായിത്തന്നെ മൃതസംസ്കാര ശുശ്രൂഷകൾ ഏർപ്പാടാക്കുന്നതിലും മക്കളും കൊച്ചുമക്കളും മുൻനിരയിൽ തന്നെ കാണും താനും !

ചുരുക്കി പറഞ്ഞാൽ, ഇതാണ് നമ്മുടെ ഇന്നത്തെ നാട്ടുനടപ്പ്.

Wednesday, 4 September 2019

ഔപചാരികതകളും ആത്മസംഘർഷങ്ങളും...


കേരളത്തിൽ കഴിഞ്ഞ ഒന്നര വ്യാഴവട്ടക്കാലത്തെ സാമൂഹ്യ ജീവിതം നിരീക്ഷിച്ചാൽ സമസ്ത മേഖലകളിലും അശാസ്ത്രീയവും സ്വാർത്ഥ സമ്പദ്ഘടനയിൽ അധിഷ്‌ഠിതവുമായ വികലമായ പുരോഗതികളുടെ ആവർത്തനവിരസതകൾ കാണാം.

കോൺക്രീറ്റ് വീടുകളുടെ പെരുപ്പം; വലുപ്പം, വർണ്ണ വൈവിധ്യം, സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിലുണ്ടായ ഭീമമായ വർധന, മതപരമായ ചടങ്ങുകളിലുണ്ടായ വർധന, അഭൂതപൂർവ്വമായ അത്യാഡംബരഭ്രമം .... തുടങ്ങി സ്വാർത്ഥ സമ്പദ്ഘടനയുടെ ഇച്ഛാശക്തിക്കനുസരണമായ സാമ്പത്തിക ക്രയവിക്രയങ്ങൾക്കാണ് മുൻ‌തൂക്കം.

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച്, വിദേശത്തേക്ക് കയറ്റി അയക്കപ്പെടുന്ന മനുഷ്യ വിഭവശേഷിയുടെ കാര്യത്തിൽ അഭൂതപൂർവ്വമായ വർധനവ് ഉണ്ടായപ്പോൾ, കോൺക്രീറ്റ് സൗധങ്ങളിൽ ഒറ്റയ്ക്കും പെട്ടയ്ക്കും കഴിയേണ്ടി വരുന്ന വൃദ്ധരായ മാതാപിതാക്കളുടെ എണ്ണത്തിലും അതിനേക്കാൾ കൂടിയ വർധനവാണുണ്ടായത് !

രോഗികൾ, വരുമാനം കുറഞ്ഞവർ, തകർച്ച നേരിടുന്ന സ്വയം തൊഴിൽ സംരംഭകർ, കർഷകർ ... എന്നുവേണ്ട, അന്നന്നത്തെ അപ്പത്തിനും ചികിത്സയ്ക്കും മരുന്നിനും പെടാപ്പാട് പെടുന്നവരുടെ എണ്ണവും ദിനംപ്രതി പെരുകുകയാണ് കേരളത്തിൽ !

സ്വാർത്ഥ സമ്പദ്ഘടനയുടെ തേരോട്ടം ഒരുവശത്ത്; നിരാലംബ ജീവിതങ്ങളുടെ ദൈന്യതയും രോഗവും കഷ്‌ടതയും മറുവശത്ത്, ഇതാണ് വർത്തമാന കേരളം നേരിടുന്ന സാമൂഹ്യ പ്രതിസന്ധി.

ഇതിനൊരു പരിഹാരം വേണ്ടേ ? തീർച്ചയായും വേണം. എല്ലാവർക്കും അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഒരുക്കുന്നതിലും വൃദ്ധജന സംരക്ഷണത്തിനും പ്രതിജ്ഞാബദ്ധരാണ് വികസിത രാജ്യങ്ങളിലെ ഭരണകൂടങ്ങൾ.

പതിനെട്ടു വയസ്സ് പൂർത്തിയായവർക്ക് സർക്കാർ / സ്വകാര്യ മേഖലകളിൽ പാർട്ട് ടൈം / ഫുൾ ടൈം ജോലി സാധ്യതയും മിനിമം കൂലിയും ലഭ്യമാകത്തക്ക വിധത്തിൽ സർക്കാർ നിരീക്ഷണത്തിലുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഇക്കാര്യങ്ങൾക്ക് വേണ്ടി ഇവിടെ നിലവിലുണ്ട്.

മുതലാളിത്ത സമ്പദ്ഘടനയിൽ അധിഷ്‌ഠിതമായിട്ടുകൂടി അമിതമായി പണം കുന്നുകൂട്ടാനോ അതിരുവിട്ട ആർഭാടാഭാസങ്ങൾക്ക് കുടപിടിക്കാനോ ഇവരുടെ സോഷ്യലിസ്റ്റ് മനസ്ഥിതി അനുവദിക്കാറില്ല. ആരെങ്കിലും അതിനു മുതിർന്നാൽ, അത്തരക്കാരിൽ നിന്നും അന്യായമായ നികുതി ഈടാക്കുന്നതിൽ യാതൊരമാന്തവും കാണിക്കാറില്ലെന്നുമുള്ളതാണ് സത്യം.

മറ്റൊന്ന്, മതപരമായ സംവിധാനങ്ങളും ആചാരാനുഷ്ടാനങ്ങളുമാണ്. ആത്മീയമായ കൂദാശകൾ വളരെ ചിലവ് കുറഞ്ഞ രീതിയിൽ നിർവ്വഹിക്കത്തക്ക വിധത്തിൽ സർക്കാർ നിരീക്ഷണത്തിലാണ് ഇവിടെ ആരാധനാലയങ്ങളും പുരോഹിത വൃന്ദവും.

ഇതെല്ലാം കൂടി കണക്കിലെടുത്താൽ ഒരു കാര്യം ബോധ്യമാകും; വിദേശങ്ങളിൽ കഷ്‌ടപ്പെട്ടു നേടിയ വിദേശ നാണയം കേരളത്തിൽ യാതൊരു ഉളുപ്പുമില്ലാതെ അത്യാഡംബരത്തിനും അതിരു കവിഞ്ഞ ആർഭാടത്തിനും വേണ്ടി ചിലവഴിക്കുന്നവർ സത്യത്തിൽ വെല്ലുവിളിക്കുന്നത് നമ്മുടെ പാവം സർക്കാർ നിസ്സഹായാവസ്ഥയെയാണ്.

ആഘോഷങ്ങൾ തുടരുക തന്നെ വേണം. മര്യാദയുടെ സീമകൾ ലംഘിക്കാതെയുള്ള ആഘോഷങ്ങൾ ഈ രംഗത്തു പ്രവർത്തിക്കുന്ന അനേകരുടെ ജീവിത സന്ധാരണത്തിന് കാരണമാകുന്നത് കാണാതിരുന്നുകൂടാ. അതിനാൽത്തന്നെ അതിനെ ശ്ലാഘിക്കാതിരിക്കാൻ കഴിയില്ല താനും .


സാമൂഹ്യ നീതിയും ജനക്ഷേമവും ലക്ഷ്യമാക്കി പ്രത്യയശാസ്‌ത്രപരമായ വേരോട്ടമുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയെപ്പോലും നോക്കുകുത്തിയാക്കി തേരോട്ടം തുടരുന്ന വികലമായ ആർഭാടങ്ങൾക്ക് തടയിടാൻ തക്ക ഇച്ഛാശക്തി ഭരണകൂടങ്ങൾക്ക് ഉണ്ടാകേണ്ട കാലം അതിക്രമിച്ചു എന്ന സത്യവും നമ്മെ തുറിച്ചുനോക്കുന്നില്ലേ ?