Monday, 16 September 2019

നാട്ടുനടപ്പ്

കാപട്യങ്ങളുടെ ആൾരൂപങ്ങളായി ആധുനിക മാലയാളികൾ മാറിയിരിക്കുന്നു. ജാതി മത ഭേദമെന്യേ എല്ലാവരും തീവ്ര വിശ്വാസികളും അനുഷ്‌ടാനങ്ങളിൽ മുഴുകി കഴിയുന്നവരുമാണ്. പക്ഷേ, ഇവരുടെ കൈയ്യിലിരിപ്പും കാര്യങ്ങളും തികഞ്ഞ സ്വാർത്ഥതയിലൂന്നിയ മുഴുതിന്മകളുടേതാണ് എന്നു പറയാതിരിക്കാൻ കഴിയില്ല.

അനധികൃതമായി നിർമ്മിച്ചു എന്നു പറയപ്പെടുന്ന മരട് ഫ്ലാറ്റും മുത്തങ്ങയിലെ ആദിവാസി വനഭൂമി കൈയ്യേറ്റവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.

മനുഷ്യരുടെ ജീവനത്തിന്റെ പ്രശ്നമാണ് രണ്ടും. യുഗങ്ങളായി കേരളത്തിൽ തന്നെ ജീവിക്കുന്ന, പ്രകൃതിയുമായി ഏറെ ഇടപഴകി കഴിയുന്ന ജനതയാണ് ആദിവാസി സമൂഹം. അവരിൽ,കേരളം വിട്ടു പുറത്തുപോയി ജീവിതം കരുപ്പിടിപ്പിച്ചവർ ഇല്ലതന്നെ.

അതുപോലെയല്ല മരട് ഫ്ലാറ്റ് ഉടമകൾ. ഇക്കൂട്ടർ കേരളത്തിലും കേരളത്തിനു വെളിയിൽ, ഇന്ത്യക്ക് വെളിയിൽ ദീർഘകാലം ജോലി ചെയ്തു സമ്പാദിച്ച പണമാണ് ഫ്ലാറ്റിൽ നിക്ഷേപിച്ചത്.

ഇതു നമ്മെ പഠിപ്പിക്കുന്നതെന്താണ് ? ഒരു രാജ്യത്ത് നോട്ട് നിരോധനം , ജി.എസ്.ടി. പോലുള്ള സാമ്പത്തിക സംഭവവികാസങ്ങളിൽ അടിപതറി വീണ അനേകർ ഒരുവശത്ത്; നിരോധിച്ച നോട്ടുകൾ കണ്ടിട്ടു പോലുമില്ലാത്ത കോടിക്കണക്കിനു ദരിദ്രവാസികൾ മറുവശത്ത് ....

ഉമ്മൻ‌ചാണ്ടി പറയുംപോലെ നിയമം അതിന്റെ വഴിക്കു പോകട്ടെ ? പക്ഷേ, സാമൂഹ്യമായി നമ്മൾ വിശ്വാസത്തെയും ദൈവത്തെയും കെട്ടിപ്പിടിച്ച് സ്വാർത്ഥതയുടെ ഭീകരമായ അന്ധകാര സ്വകാര്യതകളിലേക്ക് കൂപ്പു കുത്തുന്നത് നിർത്തണം. നമ്മൾ മനുഷ്യരാണ്; മാനവികത എന്നത് സർവ്വ സാഹോദര്യമാണ്.

നാട്ടിലെ ട്രെൻഡ് എന്താണെന്നുവച്ചാൽ, കല്ല്യാണത്തിന് വധൂവരന്മാരുടെ മാതാപിതാക്കൾ ഏറെക്കുറെ പണക്കാരായിരിക്കും. അവരുടെ അണുകുടുംബങ്ങളിലെ കുട്ടികളുടെ കല്ല്യാണം ഏറ്റവും ആർഭാടമാക്കുക എന്നതായിരിക്കും അവരുടെ ജീവിതാഭിലാഷം.

ഇവർക്ക് മാതാപിതാക്കൾ ഉണ്ടെങ്കിൽ, (ഇല്ലാതിരിക്കുന്നതാണ് നല്ലത്) അത്തരക്കാർക്ക് മുമ്പ് ഉണ്ടായിരുന്ന മേധാവിത്വവും അധികാരങ്ങളും ഇന്നില്ല. പണ്ട്, ഭൂമിയും അതിന്റെ അവകാശവും ഒക്കെ ഇക്കൂട്ടരിൽ നിക്ഷിപ്തമായിരുന്നു എന്നതുകൊണ്ട് ഇവർക്ക് വലിയ അധികാരങ്ങൾ ഉണ്ടായിരുന്നു, ഇന്നിപ്പോൾ വിദേശത്തോ സ്വദേശത്തോ ജോലി ചെയ്തു പണക്കാരായ മക്കൾ പ്രത്യേകിച്ചും ആവശതയുള്ള മാതാപിതാക്കളെ കാണുന്നത് പേരിനു മുഖം കാണിക്കാൻ വേണ്ടി മാത്രമാണ്.

ഇവർ മരിച്ചാൽ ആഘോഷമായിത്തന്നെ മൃതസംസ്കാര ശുശ്രൂഷകൾ ഏർപ്പാടാക്കുന്നതിലും മക്കളും കൊച്ചുമക്കളും മുൻനിരയിൽ തന്നെ കാണും താനും !

ചുരുക്കി പറഞ്ഞാൽ, ഇതാണ് നമ്മുടെ ഇന്നത്തെ നാട്ടുനടപ്പ്.

1 comment:

  1. കാപട്യങ്ങളുടെ ആൾരൂപങ്ങളായി ആധുനിക മാലയാളികൾ മാറിയിരിക്കുന്നു. ജാതി മത ഭേദമെന്യേ എല്ലാവരും തീവ്ര വിശ്വാസികളും അനുഷ്‌ടാനങ്ങളിൽ മുഴുകി കഴിയുന്നവരുമാണ്. പക്ഷേ, ഇവരുടെ കൈയ്യിലിരിപ്പും കാര്യങ്ങളും തികഞ്ഞ സ്വാർത്ഥതയിലൂന്നിയ മുഴുതിന്മകളുടേതാണ് എന്നു പറയാതിരിക്കാൻ കഴിയില്ല...

    ReplyDelete