Monday, 19 August 2019

തെരുവുപട്ടി ഉറങ്ങുകയാണ്

ചാറ്റൽ മഴ കനത്തപ്പോഴാണ്
അയാൾ ബസ് കാത്തിരിപ്പുകേന്ദ്രം ശ്രദ്ധിച്ചത്

അതിലേയ്ക്ക് പ്രവേശിക്കവേ
ഭിത്തിയോടു ചേർന്ന് കിടന്നുറങ്ങുന്ന
തെരുവുപട്ടിയെയാണ് കണ്ടത് ...

പട്ടി ഉറക്കത്തിലാണ്;
തെരുവുപട്ടി നല്ല ഉറക്കത്തിലാണ്..

ബസ്സ് കാത്തു നിൽക്കുന്നവരിൽ
ഒരു സ്ത്രീ തന്റെ നനഞ്ഞ കുട
പട്ടിയുടെ നേരെ മുകളിലായി
പിടിച്ചു നിൽക്കുകയാണ്...

പട്ടി ഉറക്കത്തിലാണ്;
തെരുവുപട്ടി നല്ല ഉറക്കത്തിലാണ്...

അക്ഷമയോടെ ബസ്സ്‌ കാത്തുനിൽക്കുന്ന
മറ്റൊരു യാത്രികന്റെ കാലുകൾ
പട്ടിയുടെ പരിസരങ്ങളിലൂടെ
അസ്വസ്ഥമാകുന്നുണ്ട്...

പട്ടി ഉറക്കത്തിലാണ്;
തെരുവുപട്ടി നല്ല ഉറക്കത്തിലാണ്...

ബസ്സ്‌ വന്നതും യാത്രക്കാർ
ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുതിക്കാൻ
വെമ്പൽ കൊണ്ടോടിയതോടെ
കാത്തിരിപ്പു കേന്ദ്രം വിജനമായി...

പട്ടി അപ്പോഴും നല്ല ഉറക്കത്തിലാണ്;
തെരുവുപട്ടി നല്ല ഉറക്കത്തിലാണ്...

Friday, 9 August 2019

പ്രളയാനന്തര പ്രളയങ്ങൾ ...



വറ്റിപ്പോയത് പുഴകളാണ് ; കരകവിഞ്ഞൊഴുകുന്നതും പുഴയാണ്. പണ്ട്, ഉരുളുകളിലൂടെ പൊട്ടിയൊഴുകിയത് മലയും മരങ്ങളുമായിരുന്നെങ്കിൽ, ഇന്ന് വീടുകളും ജീവിതങ്ങളുമാണ്...

വീടെന്നു പറഞ്ഞു നമ്മൾ വസിച്ച കുടിലുകൾ ഒലിച്ചുകൊണ്ടുപോയത് പ്രളയമല്ല;മാനം മുട്ടെ പടുത്തുയർത്തിയ അംബരചുംബികളായ സൗധങ്ങൾക്ക് വേണ്ടി നാംതന്നെ തച്ചുടച്ചതാണ്...

കമ്മട്ടിപ്പാടങ്ങളിലൂടെ പരന്നൊഴുകിയ വെള്ളത്തെ തടഞ്ഞു നിലക്കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയതും സാധുജീവിതങ്ങളെ കുടിയൊഴിപ്പിച്ചതും പ്രളയമല്ല; നമ്മളാണ് ...

പാറമടകളെയും മണൽ വാരലിനെയും പ്രോത്സാഹിപ്പിച്ചത് പ്രളയമല്ല; നമ്മളാണ് ...

ഈ പ്രളയം നമുക്ക് സ്വന്തം ... പ്രകൃതിയോട് നമ്മൾ കാണിച്ച മര്യാദകൾക്കുള്ള പ്രത്യുപകാരം ...