Thursday, 9 October 2014

യുക്മയും ഫോബ്മയും ആര്‍ക്കു വേണ്ടി?

യു.കെ. മലയാളികള്‍ ഏറെയും നാല്പതും അമ്പതും അറുപതും വയസ്സ് പിന്നിട്ടവരാണ്. മുടി കറുപ്പിച്ചും ശാരീരികമായ പലവിധ പ്രയാസങ്ങള്‍ക്ക് ഗുളിക കഴിച്ചും ഡ്യൂട്ടിക്ക്‌ മുടക്കം വരാതെയും പറ്റുന്ന ഓവര്‍ടൈം ചെയ്തും കാലം കഴിക്കുന്നു. പണം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നേ പറയൂ; സത്യത്തില്‍ ഒരുവിധം നല്ല ആസ്തി ഉള്ളവരാണ് ഏറെയും. നാട്ടില്‍ ന്യായമായ വിലപിടിപ്പുള്ള ഒരു വീടില്ലാത്തവര്‍ യു.കെ. മലയാളികളില്‍ വിരളമാണ്. ഇവിടെയും ഒന്നിലധികം മോര്‍ട്ട്ഗേജ് ഉള്ളവര്‍ കുറവല്ല.

കഴിഞ്ഞ പത്തു പന്ത്രണ്ടു കൊല്ലം ജോലി ചെയ്തവരുടെ വരുമാനം വര്‍ധിച്ചു. കുട്ടികളില്‍ ചിലര്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടി, മറ്റു ചിലര്‍ ഭേദപ്പെട്ട ജോലിയില്‍ ആയി. ചിലര്‍ വിവാഹിതരായി... എന്നാല്‍ മറുവശത്ത്, സാംസ്കാരികമായും സംഘടനാപരമായും കലാപരമായും കലശലായ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സമൂഹമാണ്‌ ഇപ്പോഴും നമ്മുടേത് എന്നതാണ് സത്യം. ഉറക്കമിളച്ചും ഏറെ കഷ്ടതകള്‍ സഹിച്ചും ധനസമ്പാദനത്തിലും മക്കളുടെ ഉല്‍ക്കര്‍ഷത്തിലും മാത്രം ഉന്നം വച്ചു നീങ്ങിയ നമ്മള്‍ നമ്മെ കുറിച്ച് ഒരിക്കല്‍ പോലും ചിന്തിച്ചില്ല.

നിന്ന് തിരിയാന്‍ നേരമില്ലാത്തതിന്റെ ഇടയ്ക്കും ഉറക്കച്ചടവിലും നമ്മള്‍ നമുക്ക്‌ വേണ്ടി എന്ന് ഉച്ചത്തില്‍ ഘോഷിച് നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ തീരെ സംസ്കാര ശൂന്യമായി അധപതിച്ച് പല കഷണങ്ങള്‍ ആയി സ്വയം തകരുകയാണ് ചെയ്തത്. എല്ലാ സംഘടനകള്‍ക്കും വേണ്ടി ഒരു മാതൃ സംഘടന എന്ന ആശയം ഏറെ കൊട്ടി ഘോഷിക്കലുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രൂപം കൊണ്ടു. സമാന്തരമായി മറ്റൊരു സംഘടനയുടെ ഉല്‍ഭവത്തിനു കാരണമായി എന്നതായിരിക്കും യുക്മ എന്ന മാതൃ സംഘടന കൊണ്ടുണ്ടായ ഒരു നേട്ടം!

ഈ രണ്ടു സംഘടനകള്‍; യുക്മയും ഫോബ്മയും, വലിയ ചില സംഭവങ്ങള്‍ എന്ന രീതിയില്‍ സംഘടിപ്പിക്കുന്ന കലാമേളകള്‍ ഇവിടുത്തെ മലയാളി സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ചെയ്യുന്നുണ്ടോ? ടീനേജ് പ്രായത്തിലേയ്ക്ക് കടക്കുന്ന പെണ്‍കുട്ടികളുടെ ഡാന്‍സ്‌ മേള എന്നതില്‍ മാത്രം ഒതുങ്ങുന്നു നമ്മുടെ കലാമേളകള്‍ എന്ന സത്യം ആര്‍ക്ക് നിരാകരിക്കാനാകും?

കഴിഞ്ഞ അഞ്ചു വര്‍ഷമോ അതിനു മുമ്പോ ഡാന്‍സ്‌ കളിച്ചു വിജയശ്രീലാളിതരായ നമ്മുടെ കുട്ടികള്‍ ഇന്ന് എവിടെയാണ്? എന്ത് കൊണ്ടാണ് ശോഭനയെ പോലൊരു നര്‍ത്തകി യു.കെ. മലയാളികളില്‍ നിന്ന് ഉണ്ടാകാതെ പോകുന്നത്? സംഘടനകളെയും മാതൃ സംഘടനകളെയും മറികടന്ന് സ്വന്തം ഇച്ഛാശക്തിയുടെ ബലത്തില്‍ കൈയ്യില്‍ നിന്ന് കാശ് മുടക്കി ചിലര്‍ ചില സാഹസത്തിനു മുതിര്‍ന്നു. മലയാള സിനിമയില്‍ തന്നെ ഏറെ വ്യത്യസ്ഥത അവകാശപ്പെടാവുന്ന ചില സിനിമകളും കുറെ ഷോര്‍ട്ട് ഫിലിമുകളും അങ്ങനെ ജന്മം കൊണ്ടു.

ആഴ്ചയില്‍ ഒരിക്കല്‍ പള്ളിയില്‍ പോകണം, കുര്‍ബാന കാണണം, മലയാളി കത്തനാര്‍ തന്നെ കുര്‍ബ്ബാന ചൊല്ലണം, കത്തനാര്‍ക്ക് കുര്‍ബ്ബാന ഒന്നിന് നൂറ്റമ്പത് പൗണ്ട് ശമ്പളം നല്കാനും വിശ്വാസികള്‍ തയ്യാര്‍! നമ്മുടെ കുട്ടികള്‍ എവിടെ, നമ്മള്‍ എവിടെ? നമ്മള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ നമ്മുടെ മക്കള്‍ ശിരസ്സാ വഹിച്ചു എന്ന അന്ധവിശ്വാസത്തിലാണ് നാം. ലോകം മാറിക്കൊണ്ടേയിരിക്കുന്നു, നമ്മുടെ കുട്ടികളും. മാറ്റത്തിനതീതരായി നമ്മള്‍ യു.കെ. മലയാളികളും നമ്മുടെ സംഘടനകളും!