ജീവിതം തമാശയാണ്, സ്നേഹമാണ്, സഹനമാണ്, ഗൗരവമേറിയതാണ്, ദുരന്തമാണ്, അപകടം നിറഞ്ഞതാണ് ... ചിലർക്ക് ജീവിക്കാനുള്ളതാണ് ; ചിലർക്ക് ഹോമിക്കാനുള്ളതാണ് ...
Tuesday, 24 December 2013
ആത്മീയത; അഭ്യാസവും ആഭാസവും
ജാതി മത ഭേദമെന്യേ ഏറെ അവ്യക്തതകള്‍ നിലനില്‍ക്കുന്നതാണ് മലയാളിയുടെ ഇന്നത്തെ ആത്മീയരംഗം. വിശ്വാസികളുടെ എണ്ണത്തിലും ആത്മീയ പ്രഘോഷണങ്ങളിലും വമ്പിച്ച ജനപങ്കാളിത്തം കാണാം. പഴയ കാലങ്ങളെ അപേക്ഷിച്ച് ആത്മീയ രംഗത്ത് വമ്പന്‍ സന്നാഹവും കുതിച്ചു ചാട്ടവും ഉണ്ടായി എങ്കില്‍ പോലും വിരോധാഭാസമായി തോന്നുന്ന സംഗതി വിശ്വാസികളായ സാമാന്യ ജനങ്ങളില്‍ ഇതിന്റെ ഗുണങ്ങള്‍ വേണ്ട രീതിയില്‍ പ്രകടമല്ല എന്നതാണ്.
എങ്ങനെയും പണം സമ്പാദിക്കണം, ആര്‍ഭാടമായി ജീവിക്കണം, മക്കള്‍ക്ക് പരമാവധി കരുതല്‍ നിക്ഷേപം കരുതണം... ഏതൊരു വിശ്വാസിയും ഇന്ന് ഇതിനപ്പുറം ജീവിത ലക്ഷ്യങ്ങള്‍ ഉള്ളവരല്ല. ഭൗതികമായ ഇത്തരം ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് വിശ്വാസികള്‍ അത്മീയാനുഷ്ടാനങ്ങള് പിന്തുടരുന്നത് എന്ന് തന്നെ ന്യായമായും സംശയിക്കാം. ഇത് തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ അവിശ്വാസികളും പിന്തുടരുന്നത്?
യേശുവോ ബുദ്ധനോ നാരായണ ഗുരുവോ നടത്തിയതുപോലെ ലാളിത്യത്തില്‍ അധിഷ്ടിതമായ പ്രബോധനങ്ങള്‍ അല്ല ഇന്നത്തെ ആത്മീയ നേതൃത്വം അലങ്കരിക്കുന്നവരുടെത്. കാലഘട്ടത്തിന്റെ മാറ്റമായി ഇതിനെ വ്യാഖ്യാനിക്കാം എങ്കില്‍ പോലും അത്യാഡംബര കാറുകളും ഫൈവ് സ്റ്റാര്‍ ഭക്ഷണവും ശീതീകരിച്ച കിടപ്പറകളും വിശ്വാസികള്‍ക്ക് നല്‍കുന്നത് ആത്മീയതയ്ക്കെതിരായ ഭൗതിക സന്ദേശമാണ്.
വിശ്വാസികള്‍ ദൈവ പ്രീതിക്കായ് നല്കുന്ന കാണിക്ക അല്ലെങ്കില്‍ ദശാംശം ആണ് മറ്റൊന്ന്. കഷ്ടപ്പെട്ട് അധ്വാനിച്ചു കിട്ടുന്ന ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ചും അര്‍ഹതയുള്ള സ്വന്തക്കാരെ അവഗണിച്ചും നല്കുന്ന ഈ കാണിക്കകള്‍ പലപ്പോഴും അത് അര്‍ഹിക്കാത്തവരുടെ കൈകളില്‍ കുമിഞ്ഞു കൂടുന്നു. ലോക ദാരിദ്ര്യത്തെ പാടേ തുടച്ചു നീക്കാന്‍ കഴിയുന്ന സാമ്പത്തിക ശേഷി ലോകത്താകമാനം വരുന്ന മത സംവിധാനങ്ങളില്‍ കുമിഞ്ഞു കൂടിയിട്ടില്ല എന്ന് ആര്‍ക്ക് പറയാന്‍ സാധിക്കും?
അദ്ഭുതങ്ങളും അടയാളങ്ങളും ആണ് മറ്റൊന്ന്. യേശു ഒരു അദ്ഭുതമോ അടയാളമോ ചെയ്തത് അത് അര്‍ഹിക്കുന്നവര്‍ക്ക് വേണ്ടി ആയിരുന്നു; അല്ലാതെ, ധനസമ്പാദനം ലക്ഷ്യമാക്കി ആയിരുന്നില്ല. എന്നാല്‍ ഇന്നോ? ചിതലരിച്ച ചുവരിലെ പ്രതിമകളിലൂടെയും ചിത്രങ്ങളിലൂടെയും ദര്‍ശനങ്ങളും അടയാളങ്ങളും എണ്ണയായും സുഗന്ധദ്രവ്യമായും ഒലിച്ചിറങ്ങുമ്പോള്‍ സത്യത്തില്‍ തകരുന്നത് സത്യവിശ്വാസത്തിന്റെ അടിത്തറ കൂടിയാണ്.
ഈ ലോക ജീവിതം ഏറെ ക്ലേശ ദുരിതങ്ങള്‍ നിറഞ്ഞതാണ്. അത് വിശ്വാസി ആയാലും അല്ലെങ്കിലും. ഈ വിഷയത്തില്‍ വിശ്വാസിയെ കുറെ ധൈര്യപ്പെടുത്തുക എന്ന ദൗത്യമാണ് ആത്മീയ അനുഷ്ടാനങ്ങള്‍ വഴി ആത്മീയ നേതൃത്വം പിന്തുടരുന്നത്. ഇത് ആത്മീയ മേഖലയിലെ പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ്. അടുത്ത തലത്തിലേയ്ക്ക് കയറാന്‍ വിശ്വാസി തയ്യാറായിട്ടില്ല എന്ന് മാത്രമല്ല, അതിനുള്ള ശിക്ഷണം ഇന്ന് ആത്മീയ നേതൃത്വത്തില്‍ നിന്ന് അവനു ലഭിക്കുന്നുമില്ല. ആത്മീയ രംഗം കാലങ്ങളായി നേരിടുന്ന വെല്ലുവിളി കൂടിയാണിത്.
ആത്മീയതയുടെ പ്രാഥമിക മേഖലകള്‍ ഇന്ന് ഏറെക്കുറെ ശബ്ദായമാനമാണ്. ലോക ജീവിത ക്ലേശങ്ങള്‍ ഒപ്പിയെടുക്കാന്‍,പാപികളെ നേര്‍വഴി നയിക്കാന്‍, ജീവിതം അനുഗ്രഹദായകമാക്കാന്‍ ... തുടങ്ങി എന്തിനും പോന്ന സന്നാഹങ്ങള്‍ ഇന്ന് അനവധിയാണ്. ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നതില്‍ എന്നും ഉല്സുകരായിരുന്നു. പണം വാങ്ങി പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുക, വാര്‍ത്തകളും ചിത്രങ്ങളും നിരത്തി വിശ്വാസികളെ അതിലേയ്ക്ക് ആകര്‍ഷിക്കുക തുടങ്ങി ആത്മീയതയുടെ പ്രാഥമിക തലങ്ങളില്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ പങ്ക് ചെറുതായിരുന്നില്ല.
പുതിയ വഴിത്തിരിവ്, ഈ മാധ്യമങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ രംഗത്ത് നില നില്ക്കുന്ന കച്ചവട താല്പര്യങ്ങളെയും അനാചാരങ്ങളെയും വിമര്‍ശിച്ചും തുടങ്ങിയിരിക്കുന്നു എന്നതാണ്. തികച്ചും പോസിറ്റീവ് ആയ ഒരു നിലപാട് ആണിത്. ആത്മീയ രംഗത്ത് വിരാജിക്കുന്നവരുടെ അഴിമതിയോ സ്വജന പക്ഷപാതമോ ചൂണ്ടി കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ എല്ലാം തന്നെ നിരീശ്വരവാദികളോ യുക്തിവാദികളോ ആയി മുദ്രകുത്തപ്പെടുകയായിരുന്നു ഇതുവരെ ഉള്ള പതിവ്. അതിനു ഒരറുതി വരുത്തുന്നതിനും സമാന ചിന്താഗതിയുള്ള വിശ്വാസ സമൂഹത്തിന്റെ ആത്മീയ അന്വേഷണത്തിന്റെ ദിശ നിയന്ത്രിക്കാനും ഇതിനു കഴിഞ്ഞേക്കും.
മലയാളികളുടെ മത സാമുദായിക സംഘടനകള്‍ ഇവിടെ യു.കെ.യില്‍ വേരുറപ്പിക്കുന്നത് ആത്മീയ രംഗത്ത് ഇന്ന് കാണുന്ന വഷളതരങ്ങളെക്കാള് സമൂഹത്തിനു ദോഷകരമായി ഭവിക്കും എന്ന് ശങ്കിക്കുന്നവരും ഉണ്ട്. ഇത് ശരിയാകാന്‍ ഇടയില്ല. മലയാളികള്‍ ലോകത്ത് എവിടെയും മതപരമായും സ്മുദായികമായും വ്യത്യസ്ത ഗ്രൂപ്പുകളായി തുടരുന്ന പ്രവണത കാലങ്ങളായി നില നില്‍ക്കുന്നുണ്ട്. പ്രതിസന്ധിയിലുള്ള ഒരു മലയാളിയെ സഹായിക്കാന്‍ അത്തരം കെട്ടുപാടുകള്‍ ഒന്നും ആര്‍ക്കും തടസമായിട്ടില്ല. വിസ പ്രശ്നത്തില്‍ നട്ടം തിരിയുന്ന മുസ്ലിമിനെ സഹായിക്കുന്ന ഹിന്ദുക്കള്‍ എത്ര വേണമെങ്കിലും ഗള്‍ഫിലുണ്ട്. നേരെ തിരിച്ചും. കേരളത്തില്‍ ഈ രണ്ടു മത വിഭാഗങ്ങള്‍ തമ്മില്‍ കുത്തി കൊല്ലുമ്പോള്‍ ആണിത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
രണ്ടു മതത്തില്‍ വിശ്വസിച്ചതു കൊണ്ടോ രണ്ടു സമുദായങ്ങളില്‍ പെട്ടതുകൊണ്ടോ തകരുന്ന ഒന്നല്ല മനുഷ്യ ബന്ധം. എല്ലാ മതങ്ങളും പഠിപ്പിക്കുന്ന സ്നേഹമെന്ന വികാരത്തില്‍ നിന്നാണ് മനുഷ്യത്വവും കരുണയും ഒക്കെ ഉണ്ടാകുന്നത്. ഒരേ മതത്തില്‍ വിശ്വസിച്ചതു കൊണ്ടോ ഒരു സമുദായത്തില്‍ ഉള്ളവരായത് കൊണ്ടോ എല്ലാവര്ക്കും ഇത് പ്രകടിപ്പിക്കാന്‍ കഴിയണം എന്നുമില്ല.
ഇന്ന് കാണുന്ന ശബ്ദായമാനമായ അന്തരീക്ഷങ്ങളില്‍ നിന്ന് ആര്‍ജ്ജിക്കാവുന്നതല്ല ഈ ഗുണം. പിന്നെയോ, പഴകി ദ്രവിച്ച ജീവിക്കുന്ന വചനങ്ങളുടെ ശീലുകള്‍ ഉള്ളില്‍ ആഞ്ഞു തറയ്ക്കപ്പെട്ടവര്‍ക്ക് മാത്രം ലഭിക്കുന്ന ഒന്നാണത്; അത് ഏതു മതമായാലും, സമുദായമായാലും. അനുഷ്ടാനങ്ങളെക്കാള്‍ സ്വന്തം ജീവിതം തനിക്കും കുടുംബത്തിനും സഹജീവികള്‍ക്കും സമൂഹത്തിനും വേണ്ടി നിസ്വാര്‍ത്ഥമായി പങ്ക് വയ്ക്കാന്‍ തയ്യാറാകുന്ന ഒരുവന് മാത്രമേ യഥാര്‍ത്ഥത്തില്‍ ആത്മീയതയുടെ പ്രാഥമിക തലം പിന്നിടുന്നുള്ളൂ.
Subscribe to:
Posts (Atom)