Wednesday, 30 September 2015

ദശാബ്ദം പിന്നിടുമ്പോള്‍...

യു.കെ. യില്‍ പലയിടങ്ങളിലും ഉള്ള മലയാളി സംഘടനകള്‍ ദശാബ്ദി വാര്‍ഷിക ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ്. പത്തു വര്‍ഷം എന്നത് ചെറിയ കാലയളവ്‌ അല്ല. യൗവനത്തില്‍ ഇവിടെയെത്തിയ പലരും മധ്യ വയസ്കരാകുകയും മധ്യവയസ്കരായി എത്തിയവര്‍ വാര്‍ധക്യത്തോട്‌ അടുക്കുകയും ചെയ്ത കാലയളവ്‌ കൂടിയാണ്.

ധനസമ്പാദനത്തിലും ജീവിതം പരിപോഷിപ്പിക്കുന്നതിലും ഏറെക്കുറെ വിജയിച്ച മലയാളി, സംഘടനാ പരമായും കലാ-സാംസ്‌കാരിക രംഗത്തും തികഞ്ഞ പരാജയമാണ് കാഴ്ചവച്ചത്.

ഫുള്‍ടൈം / പാര്‍ട്ട്‌ ടൈം ജോലിയും കുഞ്ഞുകുട്ടി പരാധീനതയും നൈറ്റ് ഡ്യൂട്ടിയുടെ അവശതയും കൊണ്ടു പൊറുതി മുട്ടിയ മലയാളി ഓണത്തിനും ക്രിസ്മസിനും സംഘടനകള്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളില്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ എന്നതുപോലെ തല കാണിക്കുക എന്ന സാമാന്യ തത്വം പത്തു വര്‍ഷം പിന്നിടുമ്പോഴും പിന്തുടരുന്നു എന്നത് ഖേദകരമാണ്.

കോമഡി ഷോകളുടെ അനുകരണങ്ങള്‍, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, കരോക്കെ ഗാനമേള, ഭരതനാട്യം (പൂര്‍ണ്ണവും അപൂര്‍ണ്ണവും) ഇത്രയുമാണ് ഇന്നും മലയാളിയുടെ പ്രദര്‍ശന വിഭവങ്ങള്‍. യു.കെ.യുടെ പല ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ചില തിയേറ്റര്‍ സംരംഭങ്ങള്‍ക്ക് വേദി ഒരുക്കുന്നതില്‍ കഠിന പ്രയത്നം ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശ്രദ്ധ ലഭിച്ചില്ല.

ആസ്വാദകരുടെ നിലവാരമില്ലായ്മയും മലയാളിയുടെ സ്വതസിദ്ധമായ നിഷേധാത്മക നിലപാടുകളും ജോലിത്തിരക്കും ജീവിത പ്രാരാബ്ധം ഏല്‍പിക്കുന്ന മാനസിക സമ്മര്‍ദ്ദവും ... എന്നിങ്ങനെ കാരണങ്ങള്‍ അനവധിയാകാം.

മറ്റൊന്ന്, ഇത്തരം മാനസികോല്ലാസ പരിപാടികളില്‍ സംഘാടകര്‍ പിന്തുടരുന്ന അമിത ഫോര്‍മാലിറ്റിയാണ്. വരിസംഖ്യയ്ക്ക് പുറമേ ഓരോ പരിപാടിക്കും തലയെണ്ണി കാശു കൊടുത്തു പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം മാത്രമാണ് ആശ്വാസം! അതും അടിച്ചേല്‍പിക്കുന്ന കലാവിരുതുകള്‍ക്കൊപ്പം ആസ്വദിക്കാന്‍ നിര്‍ബ്ബന്ധിതരായി തീരുകയാണ് സാമാന്യ ജനം.

ഒരു മൂളിപ്പാട്ട് പോലും പാടാത്തവരായി ആരെങ്കിലുമുണ്ടോ? മല്ലു സംഘടനകളില്‍ എന്തുകൊണ്ടാണ് ഒരു വിധം പാടുന്നവര്‍ക്ക് ഇന്നും പ്രകടനം അസാധ്യമാകുന്നത്? കരോക്കെ ഉപയോഗിച്ചോ കൈത്താളം ഉപയോഗിച്ചോ എന്തുകൊണ്ട് പഴയ നാടക ഗാനങ്ങളോ നാടന്‍ പാട്ടുകളോ സിനിമാ പാട്ടുകളോ ഒറ്റയ്ക്കോ കൂട്ടമായോ പാടിക്കൂടാ?

വേറിട്ട ഇത്തരം പരിപാടികള്‍ക്ക് കലാപരമായ അല്‍പം കഴിവും പരിശീലനവും മാത്രം മതി; ഒപ്പം ഇഛശക്തിയും. ഇതിനു തയ്യാറാകാന്‍ സംഘടനകളിലെ ഓരോ അംഗങ്ങളും തയ്യാറാകട്ടെ? സംഘടനകള്‍ ആ വഴിക്ക് കൂടി ചിന്തിച്ചു തുടങ്ങട്ടെ? അടുത്ത പത്തു വര്‍ഷം കഴിയുമ്പോള്‍ പുതിയ ഒരു കലാസംസ്കാരം ഉരുത്തിരിയട്ടെ? ദശവര്‍ഷികം ആഘോഷിക്കുന്ന എല്ലാ സംഘടനകള്‍ക്കും ആശംസകള്‍...

Wednesday, 16 September 2015

കലയുടെ കമ്പോള നിലവാരം

കേവലം അനുകരണം മാത്രമല്ല; ആശയങ്ങളുടെ ആവിഷ്കാരം കൂടിയാകുന്നു കല. ചിത്ര-ശില്പ കലകള്‍, സിനിമ, നാടന്‍ കലാരൂപങ്ങള്‍, പാട്ട്, നൃത്തം... തുടങ്ങി കലയുടെ അരങ്ങും അണിയറയും പ്രകടന വൈവിധ്യങ്ങളാലും പ്രതിഭാ വിലാസങ്ങളാലും സമ്പുഷ്ടമാണ്.

കാലത്തിന്റെ തേരോട്ടത്തില്‍ നിഷ് പ്രഭമായി അന്യംനിന്ന കലാരൂപങ്ങള്‍ അനവധിയാണ്. ഉത്തരവാദികള്‍ ആര് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭ്യമല്ല. സാഹചര്യങ്ങള്‍ ആകാം. സാമ്പത്തിക പരാധീനതകള്‍ ആകാം.

പട്ടണങ്ങളില്‍ തമ്പടിച്ച് ആഴ്ചകള്‍ നീളുന്ന സര്‍ക്കസ് പ്രകടനങ്ങള്‍, ഗ്രാമീണ ഉത്സവങ്ങള്‍, തുടര്‍ന്നുള്ള കലാപരിപാടികള്‍ തുടങ്ങി കലയുടെ രുചിഭേദങ്ങള്‍ ഇന്നത്തേക്കാള്‍ കൂടുതല്‍ അനുഭവവേദ്യമായിരുന്നത് പണ്ട് കാലങ്ങളില്‍ ആയിരുന്നോ?

പേരെടുത്ത സര്‍ക്കസ് കമ്പനികളെ അനുകരിച്ച് നാട്ടിന്‍പുറങ്ങളില്‍ അരങ്ങേറിയ കലാരൂപമാണ് സൈക്കിള്‍ യജ്ഞം. സൈക്കിളില്‍ കൈ വിട്ടു വട്ടം കറങ്ങിയും കരിങ്കല്ല് ദേഹത്ത് വച്ചു കൂടം കൊണ്ട് അടിച്ചു പൊടിച്ചും ബള്‍ബ് കടിച്ചു തിന്നും കായികമായി ഗ്രാമീണരെ ഇക്കൂട്ടര്‍ അതിശയിപ്പിച്ചു; ഒപ്പം സിനിമാ പാട്ടുകള്‍ക്ക് ഇണങ്ങും വിധം ചുവടുകള്‍ വച്ചും തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞും തങ്ങളാല്‍ കഴിയുന്ന കലാപ്രകടനങ്ങള്‍ നടത്തി.

പഴയ കാലത്തെ കലാരൂപങ്ങളുടെ സ്വഭാവം പരിഗണിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്; ഒരാള്‍ നേതൃത്വം നല്‍കുന്ന സംരംഭത്തിന് ഒരു കൂട്ടം പേരുടെ നിര്‍ലോഭമായ പിന്തുണ! പണചെലവ് വഹിക്കുന്നത് സ്വഭാവികയും നേതൃ സ്ഥാനത്ത് ഉള്ള ആള്‍ തന്നെ. ആണ്ടില്‍ എല്ലാ മാസവും ഉപജീവനം സാധ്യമല്ലാത്ത ഒന്നായിരുന്നു അന്നത്തെ കലാ സംരംഭങ്ങള്‍ എല്ലാം തന്നെ. ബാക്കി സമയങ്ങളില്‍ അടുപ്പ് പുകയണമെങ്കില്‍ കഠിനമായ കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടാതെ തരമില്ലായിരുന്നു.

വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവുമുള്ള ഒരു കൂട്ടം ആളുകള്‍ എന്ന അവസ്ഥയ്ക്ക് പകരം ഒറ്റയാള്‍ പ്രസ്ഥാനങ്ങള്‍ നിലവില്‍ വന്നതോടെ കലാസംരംഭങ്ങളുടെ നിറച്ചാര്‍ത്ത് ചോര്‍ന്നു തുടങ്ങിയോ? പാടത്തും പറമ്പിലും പണിയെടുത്തു വലഞ്ഞ ദരിദ്ര ജനവിഭാഗത്തിന് അമ്പല പറമ്പുകള്‍ നല്‍കിയ കലാസംരംഭങ്ങള്‍; കഥാപ്രസംഗമായാലും നാടകമായാലും മറ്റെന്തു തന്നെ ആയാലും സമ്മാനിച്ചത്‌ കലാനുഭൂതിയുടെ മിന്നലാട്ടങ്ങള്‍ ആണ്.

ഇന്നിപ്പോള്‍ വ്യക്തീ കേന്ദ്രീകൃതമായ കലാസംരംഭങ്ങള്‍ നിശ്ചയിക്കുന്ന വില വിവരപ്പട്ടിക കലാസ്വാദ്യതയുടെ മുന്നോട്ടുള്ള പ്രയാണത്തെ തടയിടുന്നതാണോ എന്ന് സംശയിക്കണം. തൊണ്ണൂറുകളില്‍ ആയിരമോ ആയിരത്തി അഞ്ഞൂറോ രൂപയ്ക്ക് നാലഞ്ചു ഉപകരണ സംഗീതക്കാരും ഗായികാ ഗായകനും സൗണ്ട് സിസ്റ്റവും വണ്ടിയും ഉള്‍പ്പെടെ നടത്തിയിരുന്ന ലൈവ് ഗായക സംഘങ്ങളുടെ സ്ഥാനത്ത് ഇന്ന് നാലു പേര്‍ മാത്രമാണ്. പാട്ടുകാരന്‍ (സൗണ്ട്+വണ്ടി) പാട്ടുകാരി, ഒരു ട്രാക്ക് ഓപ്പറേറ്റര്‍, പേരിന് ഒരു കൊട്ടുകാരന്‍.

ഇവിടെ മണ്ണടിയാന്‍ വിധിക്കപ്പെടുകയാണ് വിസ്മരിക്കപ്പെട്ട ലൈവ് ഓര്‍ക്കസ്ട്ര പോലുള്ള കലാസംരംഭങ്ങള്‍. എട്ടും പത്തും സംഗീതോപകരണക്കാരും അര ഡസന്‍ പാട്ടുകാരും സൗണ്ട് സിസ്റ്റവും ഗതാഗത സംവിധാനവും ഒക്കെ തലയെണ്ണി നീക്കുപോക്ക് ഇല്ലാത്ത പ്രതിഫലം ആവശ്യപ്പെട്ടാല്‍ നടപ്പാക്കാന്‍ പറ്റാതെ സ്വയം നിഷ്കാസിതമാകുക എന്നതല്ലാതെ മറ്റൊരു പോംവഴി ഇല്ല. അതിനെ മറികടക്കണമെങ്കില്‍ തികഞ്ഞ ഇച്ചാശക്തിയും അര്‍പ്പണ ബോധവുമുള്ള ഒരാളുടെയല്ല; ഒരുപാടു പേരുടെ കൂട്ടായ യത്നവും സഹകരണവും ആവശ്യകരമാണ് താനും. വിദേശങ്ങളില്‍ പ്രത്യേകിച്ച്.