രാഷ്ട്രീയം ഒരു സുഖമുള്ള വിഷയമല്ല; ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. കേരള രാഷ്ട്രീയം ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഇതിന്റെ പ്രജകള്‍ ലോകവ്യപകമാണ് എന്നതാണ് കാരണം. സോളാര്‍ വിവാദം, മുഖ്യമന്ത്രിയുടെ ഓഫീസിലും പേഴ്സണല്‍ സ്റ്റാഫിലും പെട്ടവര്‍ക്ക് ഇതിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ കേരളം ഇളകി മറിയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു.
മുഖ്യ മന്ത്രി രാജി വയ്ക്കുക എന്നതില്‍ കുറഞ്ഞ് ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല എന്ന മട്ടില്‍ പ്രതിപക്ഷം തുടങ്ങിയ സമരം രണ്ടു ദിവസം പോലും നീണ്ടു നിന്നില്ല. സമരം പ്രഖ്യാപിച്ചതും പിന്‍വലിച്ചതും ഒക്കെ അവ്യക്തതകളായി തന്നെ നില നില്‍ക്കുന്നു. അര ഡസനിലധികം മാധ്യമങ്ങള്‍ മണിക്കൂറുകള്‍ ഇടവിട്ട് മണിക്കൂറുകള്‍ നീളുന്ന രാഷ്ട്രീയ ചര്‍ച്ചകളും അവലോകനങ്ങളും നടത്തുമ്പോഴും പൊതുജനം അവ്യക്തതയില്‍ തന്നെ!
ഒരു കാലത്ത് കേരള സമൂഹം ഭ്രഷ്ട് കല്പിച്ചിരുന്ന അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അന്തം വിട്ടത് പൊതുജനം തന്നെ. പ്രവര്‍ത്തനങ്ങളിലെ സത്യസന്ധതയും കാര്‍ക്കശ്യവും ജനങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കി. താര പരിവേഷവും വീര പരിവേഷവും നല്‍കി ജനങ്ങള്‍ അദ്ദേഹത്തെ ആദരിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മൂക്കുകയറുമായി പിറകേ കൂടി.
കാലാവധി കഴിഞ്ഞ മന്ത്രിസഭ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ തലനാരിഴയ്ക്ക് മാത്രമാണ് മുന്നണി പരാജയം നുണഞ്ഞത്. ഒപ്പത്തിനൊപ്പം പോന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ ഇടതുമുന്നണിക്ക് ഇട നല്‍കിയത് അച്യുതാനന്ദന്‍ എന്ന മുന്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന മികവല്ലാതെ മറ്റൊന്നും തന്നെ ആയിരുന്നില്ല.
മുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ തിളങ്ങുന്ന പ്രകടനം കാഴ്ച വച്ച് മുന്നേറിയ ഉമ്മന്‍ ചാണ്ടി ഒരുവേള മറ്റ് മന്ത്രിമാരെയും സര്‍ക്കാരിനെയും തന്നെ നിഷ്പ്രഭമാക്കി. ബഹുജന സമ്പര്‍ക്ക പരിപാടികള്‍ നാട് നീളെ സംഘടിപ്പിച്ച് ജനപ്രതിനിധി എന്ന നിലയില്‍ കേരളത്തില്‍ ഇതുവരെ ഒരു നേതാവും ചെയ്യാത്ത വിധം ജനകീയ പ്രവര്‍ത്തനം നടത്തി മുന്നേറിക്കൊണ്ടിരിക്കവേ പൊടുന്നനെയാണ് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ പരമ്പരകള്‍ അരങ്ങേറുന്നത്.
ഇവിടെ നിഷ്പക്ഷ മതികള്‍ക്ക് കാണാന്‍ കഴിയുന്നത് അടുത്ത കാലത്ത് കേരളം കണ്ട രണ്ടു ജനപ്രതിനിധികളുടെ സത്യസന്ധതയും രാഷ്ട്രീയ ഇചാശക്തിയുമാണ്. എന്നാല്‍ അതിനു തടയിടുന്നത് അവരുടെ തന്നെ പാര്‍ട്ടിയിലോ മുന്നണിയിലോ ഉള്‍പ്പെടുന്നവര്‍ . ഈ അവസ്ഥയല്ലേ യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ശാപം? മുഖ്യമന്ത്രി അധികാരം ഒഴിയണമെന്ന ആവശ്യവുമായി സമരം നയിച്ചവര്‍ പരാജയപ്പെട്ട ആ സമരത്തിന് വേണ്ടി ചെലവാക്കിയ കോടികള്‍ എത്രയാകും? സമരത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയ തുകയോ?
കേരളത്തിലെ കുണ്ടും കുഴികളും നിറഞ്ഞ റോഡും പട്ടണങ്ങളിലെ മാലിന്യ കൂമ്പാരങ്ങളും പകര്‍ച്ച വ്യാധികളും ഏറെക്കുറെ വിസ്മരിക്കപ്പട്ടിരിക്കുകയാണ്. കേരളത്തിന്റെ വികസനവും അഭിവൃത്തിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതില്‍ ഇടതു വലതു പക്ഷങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ രണ്ടു മുന്നണികളെയും വിജയിപ്പിക്കുന്നതിലും പരാജയപ്പെടുത്തുന്നതിലും കാര്യമില്ലാത്ത അവസ്ഥയാണ് പ്രജകള്‍ നേരിടുന്ന വെല്ലുവിളി.
കേരളാ രാഷ്ട്രീയ മേഖല സംശുദ്ധമാകാന്‍ സമ്മതിക്കാത്ത അവിശുദ്ധ കൂട്ടുകെട്ട് ഇടതു വലതു മുന്നണികളെ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു എന്ന അവ്യക്ത സത്യമാണ് ദൈനം ദിന രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെ പ്രജകള്‍ക്ക് നല്‍കുന്ന സന്ദേശം.