പട്ടിണി മരണങ്ങൾ തുടർക്കഥകളായിരുന്ന ദരിദ്ര രാജ്യങ്ങളിൽ ഇന്നും ശമനമില്ലാതെ അതു തുടരുന്നു. സമ്പന്ന രാജ്യങ്ങൾ ലോകജനതയുടെ പട്ടിണിയും പരിവട്ടവും മാറ്റാനെന്നവണ്ണം പദ്ധതികൾ ആവിഷ്കരിച്ച് കാലം കഴിക്കുമ്പോഴും പട്ടിണിക്കാരുടെ എണ്ണം കൂടുന്നതല്ലാതെ കുറഞ്ഞു കാണുന്നില്ല.
അവികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസിത രാജ്യങ്ങളും ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളും ഉത്തരം കണ്ടെത്താനാകാതെ വിഷമിക്കുന്ന വിഷയമാണ് വർധിച്ചു വരുന്ന ആത്മഹത്യകൾ.
വ്യവസ്ഥിതിയുടെ തകരാറും കെടുകാര്യസ്ഥതയും ലോക മുതലാളിത്ത ശക്തികളുടെ സ്വാർത്ഥ ലാഭമോഹങ്ങളുമാണ് പട്ടിണിയും പരിവട്ടവും ലോകത്തുനിന്നും അപ്രത്യക്ഷമാക്കുന്നതിൽ വില്ലൻ.
ലോകജനതയുടെ പട്ടിണി മാറ്റുന്നതിൽ മുഖ്യ പങ്കു വഹിച്ചിരുന്ന സോവ്യറ്റ് റഷ്യയുടെ പതനത്തിലൂടെ ലോക സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ ചിറകുകൂടി അരിഞ്ഞു തള്ളി മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾ.
പ്രജകൾ പ്രായഭേദമില്ലാതെ മാനസികമായി പിരിമുറുക്കം അനുഭവിക്കുന്നവരാണെന്നു വേണം കരുതാൻ. മാതാപിതാക്കളുടെ സമ്മർദ്ദം സഹിക്കാൻ കഴിയാതെ പഠനവിഷയങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുന്ന കുട്ടികളെക്കുറിച്ചുള്ള ധാരാളം റിപ്പോർട്ടുകളുണ്ട്.
കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണവും കുറവല്ല. പ്രണയ നൈരാശ്യം, പരാജയം ഒക്കെ നേരിടാനാകാതെ ജീവനൊടുക്കിയവരും ഏറെ.
എൺപതു പിന്നിട്ടവരും മരണം വന്നെത്തേണ്ട ശിഷ്‌ടകാലം കൂടി കാത്തിരിക്കാൻ തയ്യാറാകാതെ ആത്മഹത്യയെ അഭയം പ്രാപിക്കുന്നുവെങ്കിൽ അതു ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്.
മതങ്ങൾക്കും മതസ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ വലിയ റോളുണ്ട്. എൺപതു വയസ്സുവരെ മതാനുഷ്‌ടാനങ്ങളും മതപരമായ ജീവിത ശൈലിയും പിന്തുടർന്നു കുടുംബവും കുട്ടികളുമായി ജീവിച്ചയാൾ ആത്മഹത്യയിൽ അഭയം തേടണമെങ്കിൽ അതിനെക്കുറിച്ച് വ്യവസ്ഥാപിത മതസ്ഥാപനങ്ങൾ ആത്മപരിശോധന നടത്തേണ്ടതില്ലേ? ഉണ്ട്. കാലഘട്ടത്തിന്റെ ആവശ്യമാണത്.
ആത്മഹത്യ ചെയ്തവന് ശുശ്രൂഷ വിലക്കിയതുകൊണ്ടോ ശുശ്രൂഷയിലും ശവം മറവു ചെയ്യുന്നതിലും പക്ഷഭേദം കാണിച്ചതുകൊണ്ടോ ഒരു മതവിഭാഗവും ശ്രേഷ്‌ഠരാകാൻ പോകുന്നില്ല; മറിച്ച്, ഇത്തരക്കാരുടെ മാനസിക നില ഭദ്രമാക്കേണ്ട ഉത്തരവാദിത്തം കൂടി തങ്ങളുടെ ചുമതലയായി കരുതി സന്നദ്ധസേവനത്തിനു നേതൃത്വം നൽകുക എന്ന ധാർമ്മികമായ കടമകൂടി ഇടവക വികാരി എന്ന പുരോഹിതൻറെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾക്കുണ്ട്.
ഒപ്പം രാഷ്ട്രീയമായി ഭരണസംവിധാനങ്ങൾ വൃദ്ധരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് യോജിച്ച സാമ്പത്തിക നയങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതുമുണ്ട്.
ജീവിതം തമാശയാണ്, സ്നേഹമാണ്, സഹനമാണ്, ഗൗരവമേറിയതാണ്, ദുരന്തമാണ്, അപകടം നിറഞ്ഞതാണ് ... ചിലർക്ക് ജീവിക്കാനുള്ളതാണ് ; ചിലർക്ക് ഹോമിക്കാനുള്ളതാണ് ...
Wednesday, 24 July 2019
Tuesday, 16 July 2019
സാത്താന്റെ മൂത്രം ഉപേക്ഷിച്ച് ദൈവത്തോട് ഭക്ഷണം യാചിക്കുന്നവർ ..
ആത്മീയത ഒരു പ്രതിഭാസമാണ്; ജീവിത ചര്യകളും അനുഭവങ്ങളും നൽകുന്ന ദിശാബോധത്തിൽ നിന്നും ഉരുത്തിരിയുന്ന ഒരനുഭൂതി, മാനസികമായി അവനവനു മാത്രം സംരക്ഷണം നൽകുന്ന ഒരു ചെപ്പടി.
ആത്മീയവാദികളെല്ലാം തികഞ്ഞ സ്വാർത്ഥമതികളായിരുന്നു. അവനവന്റെ ആത്മീയാന്വേഷണവുമായി വീടു വിട്ടറങ്ങുമ്പോൾ സ്വന്തം കുടുംബത്തിന്റെ ഗതിയെന്താകും എന്നാലോചിക്കാതെയാണ് രാജാവായിരുന്ന ബുദ്ധൻ മുതൽ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും ഒളിച്ചോടിയ മറ്റനേകം സാധുക്കളായ സന്യാസികൾ വരെ വീടു വിട്ടത്.
ബുദ്ധൻ തിരിച്ചു വന്നില്ല. ബുദ്ധിസം വലിയ തോതിൽ ആത്മീയമായി ലോകമെങ്ങും പരിലസിച്ചു. ക്രിസ്തുവിന്റെ കാര്യം കുറേക്കൂടി ഭിന്നമാണ്. പന്ത്രണ്ടു വയസ്സിൽ കാണാതെ പോകുന്നു (ആത്മീയ യാത്ര -കെ.പി. യോഹന്നാന്റെ അല്ല) തിരിച്ചു മുപ്പതാമത്തെ വയസ്സിൽ തിരിച്ചെത്തി കാണിച്ചുകൂട്ടിയ അദ്‌ഭുതങ്ങൾക്കും അടയാളങ്ങൾക്കും പ്രത്യുപകാരമായി അടിച്ചു പണ്ടാരമടക്കി കുരിശിലേറ്റി കൊന്നു; വ്യവസ്ഥിതിയും യാഥാസ്ഥിതിക വിശ്വാസ പരിഷകളും ഒത്തുചേർന്ന് മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ...
ഇനിയാണ് കഥ; ക്രിസ്തുമതം ഇറ്റലി കേന്ദ്രീകൃതമായി ലോകമെങ്ങും പടർന്നു പന്തലിക്കുന്നു, ആത്മീയമായി മാത്രമല്ല രാഷ്ട്രീയമായും അധികാരം കൈയ്യാളുന്നു. ക്രിസ്തു ശിഷ്യൻ പത്രോസിന്റെ പിന്തുടർച്ചക്കാരായി വന്നവർ അവരുടെ രാജകീയ സിംഹാസനം മാത്രമാണ് പരിഗണിച്ചത്. ആത്മീയത പാടെ തൊലിഞ്ഞു നാശമായി.
ഇരുണ്ട കാലഘട്ടം എന്ന ചരിത്രത്തിന്റെ ഏടുകൾ നമ്മോടു സംസാരിക്കുന്നത് ക്രിസ്തുവിനെ വിറ്റു തുലച്ചു തിന്നവരുടെ ഏമ്പക്കങ്ങളുടെ കഥകളാണ്.
ക്രിസ്തുവിന്റെ പേരിൽ തുടങ്ങിയ പെട്ടിക്കടകൾ ലുലുമാൾ പോലെയോ കുറഞ്ഞ പക്ഷം അയ്യപ്പാസ് പോലെയോ കച്ചിയടിച്ചു എന്നതാണ് ആത്മീയ യാത്രാ വ്യവസായികളെ ഇത്രയധികം ഈ മേഖലകളിൽ വിരാജിക്കാൻ ഉത്തേജിതരാക്കിയത്.
ചിലർ ജനിച്ചുവന്ന ക്രിസ്തീയ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് പെട്ടെന്നൊരു സുപ്രഭാതത്തിൽ യേശുവിനെ കണ്ടു എന്നുപറഞ് മറ്റു ക്രിസ്തീയ വിശ്വാസത്തിലേക്ക് ചേക്കേറുന്നത് കാണാം.
യേശുവിനെ കാണാൻ വിശ്വാസിയാകണമെന്നു പോലുമില്ല; ലോകത്തിലേക്ക് കണ്ണോടിച്ചാൽ അവശതയനുഭവിക്കുന്നവർ, രോഗികൾ, ഭക്ഷണം കിട്ടാതെ അലയുന്നവർ..... ഇവരൊക്കെ തങ്ങളുടെ അവശതകൾ തങ്ങളുടെ വിധിയായി കരുതി പരാതിയില്ലാതെ ആത്മീയമായി ഒളിച്ചോടാൻ നിവൃത്തിയില്ലാതെ ജീവിതം തള്ളിനീക്കുന്നു.
യേശുവിനെ കണ്ടവരും ആത്മീയമായി ഏറെ മുന്നേറിയവരും അവരെക്കാൾ കൂടുതൽ ഭയചകിതരായി അനാവശ്യ പാപബോധവും അടിമത്ത വിശ്വാസവും തലയിലേറ്റി ജീവിതത്തെ കൂടുതൽ സംഘർഷഭരിതമാക്കി ജീവിതം തുലയ്‌ക്കുകയാണോ ?
ജീവിതം; അത് ആസ്വദിക്കാനുള്ളതാണ് ഹേ; ഓരോ നിമിഷവും, ആത്മീയമായും ഭൗതികമായും ....
Subscribe to:
Posts (Atom)