Sunday, 15 November 2015

വെടിയൊച്ചകള്‍ക്ക് കാതോര്‍ക്കുമ്പോള്‍ ...

മൃഗബലിയും നരബലിയും പ്രാചീന മതങ്ങള്‍ അനുവര്‍ത്തിച്ചിരുന്ന പ്രാകൃതാചാരങ്ങള്‍ ആണ്. ഒരു ജീവന്‍ ബലി നല്‍കുന്നതിലൂടെ ദൈവപ്രീതി ഉണ്ടാകുമെന്നും ചെയ്ത പാപങ്ങള്‍ ക്ഷമിക്കപ്പെടുമെന്നും പ്രാചീന മതഗ്രന്ഥങ്ങളില്‍ കുത്തിക്കുറിച്ചിരിക്കുന്നു.

മറ്റു ജീവികളെ വേട്ടയാടി കൊന്നു തിന്നുകൊണ്ട്‌ ആദിമ മനുഷ്യര്‍ മാംസഭുക്ക് ആയി സ്വയം പരിണമിച്ചു. ക്രൌഞ്ച മിഥുനങ്ങളെ അമ്പെയ്ത കാട്ടാളനില്‍ നിന്ന് വാല്മീകി എന്ന മഹര്‍ഷിയിലേയ്ക്കുള്ള പരിവര്‍ത്തന ദൂരം ഏറെയാണ്‌.

പക്ഷിമൃഗാദികളെ കൊന്നു വിശപ്പടക്കുന്നത് ക്രൂരതയായി/പാപമായി കരുതിയ ജനവിഭാഗങ്ങള്‍ സസ്യഭുക്കുകള്‍ എന്നറിയപ്പെട്ടു. മത്സ്യ-മാംസാദികള്‍ രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ആയി പരിണമിച്ചപ്പോള്‍ നാനാ ജാതി മനുഷ്യര്‍ അതിന്റെ ആസ്വാദകരായി മാറി.



മത്സ്യവും മാംസവും യഥേഷ്ടം ഭക്ഷിച്ചു തൃപ്തരായ മനുഷ്യര്‍ തങ്ങള്‍ വിശ്വസിക്കുന്ന മതങ്ങള്‍/മതഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിച്ച ജീവികളെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഏദന്‍ തോട്ടത്തില്‍ നടുക്ക് നില്‍ക്കുന്ന വൃക്ഷത്തിലെ ഫലം പോലെ ചില ജീവികള്‍ ചില മത വിശ്വാസികള്‍ക്ക് ഭക്ഷണ യോഗ്യമല്ലാതായി.

തങ്ങള്‍ക്ക് നിഷിദ്ധമായ ജീവികളുടെ മാംസം ഭക്ഷിക്കില്ലെന്ന് മാത്രമല്ല; ഭക്ഷിക്കുന്ന അന്യമതസ്ഥര്‍ കൊല്ലപ്പെടേണ്ടവര്‍ ആണെന്ന തീവ്രവാദപരമായ നിലപാടില്‍ വരെ കാര്യങ്ങള്‍ എത്തി! ആഹാരത്തിനു വേണ്ടിയല്ലാതെ സ്വന്തം സഹജീവിയെ കൊന്നു കൊലവിളിക്കുന്ന പുതിയ സംസ്കാരത്തിന് ആധുനിക മനുഷ്യനെ പ്രേരിപ്പിച്ചത് പ്രാചീനവും പ്രാകൃതവുമായ മത വിശ്വാസ ഗ്രന്ഥങ്ങളിലെ അസംബന്ധങ്ങളോ സ്ഥാപിത താല്പര്യക്കാരുടെ വളച്ചൊടിക്കലുകളോ ആണ്.

തങ്ങളുടെ നിലനില്പിന് ഭീഷണി ഉയര്‍ത്തുന്ന വ്യവസ്ഥിതികളെയോ ഭരണകൂടങ്ങളെയോ പാഠം പഠിപ്പിക്കാന്‍ വിപ്ലവ പ്രസ്ഥാനങ്ങള്‍ കൈക്കൊണ്ടത് തിന്മയുടെ ശക്തികള്‍ എന്ന് അവര്‍ കരുതിയവരുടെ തലയറുത്തുകൊണ്ടായിരുന്നുവെങ്കില്‍ വെറും സാധാരണ പ്രജകളെ കൊന്നു തള്ളുന്ന ആധുനിക ഭീകര പ്രവര്‍ത്തന പ്രവണതകള്‍ക്ക് ഊര്‍ജ്ജം നല്‍കിയത് പ്രാചീന മതവ്യാഖ്യാനങ്ങളുടെ തെറ്റായ ബോധനം തന്നെ.

ഒരു രാജ്യത്തിന്‍റെ പ്രകൃതി വിഭവങ്ങളില്‍ നോട്ടമിട്ട് ജനങ്ങളുടെ സ്വസ്ഥതയും സമാധാനവും സംരക്ഷിക്കാനെന്ന വ്യാജേന ആ രാജ്യത്ത് കടന്നു കയറി വിഭവങ്ങള്‍ കൊള്ളയടിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ഉള്ള ഭീകര പ്രവര്‍ത്തകരുടെ മറുപടിക്ക് ഇരയാകേണ്ടി വരുന്നത് വികസിത രാജ്യങ്ങളിലെയും അവികസിത രാജ്യങ്ങളിലെയും വെറും സാധാരണ പൗരന്മാര്‍ ആണെന്നതാണ് വസ്തുത.

ഈ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അധികവും 18-25 വയസ്സ് പ്രായമുള്ള യുവാക്കള്‍ ആണെന്നതും ശ്രദ്ധേയമാണ്. ലോകം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി കൂടിയാണിത്. കേവലം മത തീവ്രവാദമായി പരിഗണിച്ച് പ്രശ്നപരിഹാരം നടത്താന്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായിരിക്കുമോ?









Saturday, 31 October 2015

ബാർക്കോഴ നൽകുന്ന പാഠം

ബാര്‍കോഴ എന്ന വാക്ക് രണ്ടു തിന്മകളെ പ്രതിനിധാനം ചെയ്യുന്നു. മദ്യം എന്ന ഉപഭോഗ വസ്തുവിന്റെ കച്ചവടം സംബന്ധിച്ച നെറികേടുളാണ് ഇതിലൊന്ന്. ഇത്തരം നെറികേടുകള്‍ ചെയ്യുന്നതിനുള്ള അനുമതിക്ക് അധികാരികള്‍ ആവശ്യപ്പെടുന്ന കൈക്കൂലിയാണ് മറ്റൊന്ന്.

മന്ത്രി കെ.എം.മാണി രാജി വച്ചാല്‍ തീരുന്ന പ്രശ്നമാണോ ഇത്? നിത്യോപയോഗ സാധനങ്ങള്‍ പോലെ തന്നെ ഗുണമേന്മയുള്ള മദ്യവും ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ലഭ്യമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ സംഭാവിച്ചുകൊണ്ടിരുന്നത് എന്താണ്? മദ്യ ലഭ്യത ഏറെ ക്ലേശകരവും ഭീമമായ തുക ഈടാക്കുന്നതുമായ ഒരു വ്യവസായമായി മാറി.

പകലന്തിയോളം പണിതു മടുത്ത സാധാരണ ജനങ്ങള്‍ക്ക് ലഹരിസുഖത്തെക്കാള്‍ മദ്യപാനത്തിലൂടെ ലഭ്യമായത് അപമാന ഭാരവും ഓട്ടക്കീശയുമാണ്. അവര്‍ക്കും കുടുംബത്തിനും അവകാശപ്പെട്ട കോടികള്‍ വരുന്ന സമ്പാദ്യത്തെ ചൊല്ലിയാണ് ഇന്ന് തിന്മയുടെ ഈ രണ്ടു പക്ഷവും കണക്കു പറഞ്ഞു ചിരിക്കുന്നത്.

പറഞ്ഞു വന്നത്, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ മാത്രമല്ല; പെട്ടി നിറയെ കാശുമായി അവരെ ഗസ്റ്റ് ഹൗസിലും വീട്ടിലും പോയി നിരങ്ങി നെറികെട്ട വ്യാപാരത്തിന് ഒസ്യത്ത് വാങ്ങി സാധാരണക്കാരന്റെ അന്നന്നത്തെ അന്നത്തിനുള്ള വക തട്ടിപ്പറിക്കുന്ന കള്ളുവ്യാപാരികളും പാഠം പഠിക്കേണ്ടതുണ്ട്.

അന്നജം (starch) വിഷമല്ല. ധാന്യങ്ങളില്‍ ആണ് ഇതുള്ളത്. ഏറെ പ്രചാരത്തില്‍ ലോകമാകെ വിറ്റഴിയുന്ന പ്രമുഖ കമ്പനിയുടെ മഞ്ഞള്‍ പ്പൊടി, മുളകു പൊടി തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ അമിത തോതില്‍ അന്നജം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മേധാവി ആ ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നു (മഞ്ഞളിലോ മുളകിലോ അന്നജം അടങ്ങിയിട്ടില്ല; അതിന്റെ പൊടിയില്‍ അന്നജം കണ്ടെത്തുക എന്നാല്‍ മായം കലര്‍ന്നു എന്ന് തന്നെയാണ്).

ഫേസ് ബുക്കികളും മറ്റു സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരും ധീരമായ ഈ നടപടിയെ പിന്തുണച്ച് പോസ്റ്റുകള്‍ കാച്ചുന്നു. ഇന്നിപ്പോള്‍ കാര്യങ്ങള്‍ മലക്കം മറിഞ്ഞതായി വാര്‍ത്തകള്‍ വരുന്നു. അമ്പത് കോടി രൂപയാണ് ഈ ഉദ്യോഗസ്ഥയില്‍ നിന്ന് കമ്പനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്!

അന്നജം കണ്ടെത്തി എന്നത് ശരിയാണെങ്കിലും അത് കഴിക്കുന്നത്‌ ഉപഭോക്താക്കള്‍ക്ക് അപകടം ഉണ്ടാക്കും എന്ന് വ്യക്തമാക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് നീതിപീഠത്തിന്റെ കണ്ടെത്തല്‍.

നമ്മുടെ നീതി പീഠം അങ്ങനെയാണ്; കണ്ണ് മൂടിക്കെട്ടി രാഷ്ട്രീയ ദുഷ്പ്രേരണകളുടെയും ഉപജാപങ്ങളുടെയും അന്ധകാരങ്ങളില്‍ തപ്പിത്തടഞ്ഞ് പലര്‍ക്കും അനര്‍ഹമായ നിയമപരിരക്ഷ നല്‍കും.

ഡസന്‍ കണക്കിന് ആള്‍ക്കാര്‍ ചുരുങ്ങിയ ദിവസം കൊണ്ട് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ലൈംഗികമായി ഉപയോഗിക്കപ്പെട്ട പെണ്‍കുട്ടി (സൂര്യനെല്ലി) രക്ഷ പെടാന്‍ അവസരം ഉണ്ടായിട്ടും അത് ചെയ്തില്ല എന്ന ന്യായം പറഞ്ഞ് അവള്‍ക്ക് നീതി നിഷേധിക്കുകയും ചെയ്യും!

ഭക്ഷണ പൊടികളില്‍ മായം കലര്‍ത്തി കോടികള്‍ വിറ്റുവരവ് നേടിയ കമ്പനി നിരപരാധിയാണെന്ന്; ദുഷ്ചെയ്തിക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥ തെറ്റുകാരിയും. ദുഷിച്ച വ്യവസ്ഥിതികള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കുള്ള താക്കീതു കൂടിയായി ഈ കോടതി വിധിയെ കരുതാം.



Wednesday, 30 September 2015

ദശാബ്ദം പിന്നിടുമ്പോള്‍...

യു.കെ. യില്‍ പലയിടങ്ങളിലും ഉള്ള മലയാളി സംഘടനകള്‍ ദശാബ്ദി വാര്‍ഷിക ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ്. പത്തു വര്‍ഷം എന്നത് ചെറിയ കാലയളവ്‌ അല്ല. യൗവനത്തില്‍ ഇവിടെയെത്തിയ പലരും മധ്യ വയസ്കരാകുകയും മധ്യവയസ്കരായി എത്തിയവര്‍ വാര്‍ധക്യത്തോട്‌ അടുക്കുകയും ചെയ്ത കാലയളവ്‌ കൂടിയാണ്.

ധനസമ്പാദനത്തിലും ജീവിതം പരിപോഷിപ്പിക്കുന്നതിലും ഏറെക്കുറെ വിജയിച്ച മലയാളി, സംഘടനാ പരമായും കലാ-സാംസ്‌കാരിക രംഗത്തും തികഞ്ഞ പരാജയമാണ് കാഴ്ചവച്ചത്.

ഫുള്‍ടൈം / പാര്‍ട്ട്‌ ടൈം ജോലിയും കുഞ്ഞുകുട്ടി പരാധീനതയും നൈറ്റ് ഡ്യൂട്ടിയുടെ അവശതയും കൊണ്ടു പൊറുതി മുട്ടിയ മലയാളി ഓണത്തിനും ക്രിസ്മസിനും സംഘടനകള്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളില്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ എന്നതുപോലെ തല കാണിക്കുക എന്ന സാമാന്യ തത്വം പത്തു വര്‍ഷം പിന്നിടുമ്പോഴും പിന്തുടരുന്നു എന്നത് ഖേദകരമാണ്.

കോമഡി ഷോകളുടെ അനുകരണങ്ങള്‍, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, കരോക്കെ ഗാനമേള, ഭരതനാട്യം (പൂര്‍ണ്ണവും അപൂര്‍ണ്ണവും) ഇത്രയുമാണ് ഇന്നും മലയാളിയുടെ പ്രദര്‍ശന വിഭവങ്ങള്‍. യു.കെ.യുടെ പല ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ചില തിയേറ്റര്‍ സംരംഭങ്ങള്‍ക്ക് വേദി ഒരുക്കുന്നതില്‍ കഠിന പ്രയത്നം ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശ്രദ്ധ ലഭിച്ചില്ല.

ആസ്വാദകരുടെ നിലവാരമില്ലായ്മയും മലയാളിയുടെ സ്വതസിദ്ധമായ നിഷേധാത്മക നിലപാടുകളും ജോലിത്തിരക്കും ജീവിത പ്രാരാബ്ധം ഏല്‍പിക്കുന്ന മാനസിക സമ്മര്‍ദ്ദവും ... എന്നിങ്ങനെ കാരണങ്ങള്‍ അനവധിയാകാം.

മറ്റൊന്ന്, ഇത്തരം മാനസികോല്ലാസ പരിപാടികളില്‍ സംഘാടകര്‍ പിന്തുടരുന്ന അമിത ഫോര്‍മാലിറ്റിയാണ്. വരിസംഖ്യയ്ക്ക് പുറമേ ഓരോ പരിപാടിക്കും തലയെണ്ണി കാശു കൊടുത്തു പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം മാത്രമാണ് ആശ്വാസം! അതും അടിച്ചേല്‍പിക്കുന്ന കലാവിരുതുകള്‍ക്കൊപ്പം ആസ്വദിക്കാന്‍ നിര്‍ബ്ബന്ധിതരായി തീരുകയാണ് സാമാന്യ ജനം.

ഒരു മൂളിപ്പാട്ട് പോലും പാടാത്തവരായി ആരെങ്കിലുമുണ്ടോ? മല്ലു സംഘടനകളില്‍ എന്തുകൊണ്ടാണ് ഒരു വിധം പാടുന്നവര്‍ക്ക് ഇന്നും പ്രകടനം അസാധ്യമാകുന്നത്? കരോക്കെ ഉപയോഗിച്ചോ കൈത്താളം ഉപയോഗിച്ചോ എന്തുകൊണ്ട് പഴയ നാടക ഗാനങ്ങളോ നാടന്‍ പാട്ടുകളോ സിനിമാ പാട്ടുകളോ ഒറ്റയ്ക്കോ കൂട്ടമായോ പാടിക്കൂടാ?

വേറിട്ട ഇത്തരം പരിപാടികള്‍ക്ക് കലാപരമായ അല്‍പം കഴിവും പരിശീലനവും മാത്രം മതി; ഒപ്പം ഇഛശക്തിയും. ഇതിനു തയ്യാറാകാന്‍ സംഘടനകളിലെ ഓരോ അംഗങ്ങളും തയ്യാറാകട്ടെ? സംഘടനകള്‍ ആ വഴിക്ക് കൂടി ചിന്തിച്ചു തുടങ്ങട്ടെ? അടുത്ത പത്തു വര്‍ഷം കഴിയുമ്പോള്‍ പുതിയ ഒരു കലാസംസ്കാരം ഉരുത്തിരിയട്ടെ? ദശവര്‍ഷികം ആഘോഷിക്കുന്ന എല്ലാ സംഘടനകള്‍ക്കും ആശംസകള്‍...

Wednesday, 16 September 2015

കലയുടെ കമ്പോള നിലവാരം

കേവലം അനുകരണം മാത്രമല്ല; ആശയങ്ങളുടെ ആവിഷ്കാരം കൂടിയാകുന്നു കല. ചിത്ര-ശില്പ കലകള്‍, സിനിമ, നാടന്‍ കലാരൂപങ്ങള്‍, പാട്ട്, നൃത്തം... തുടങ്ങി കലയുടെ അരങ്ങും അണിയറയും പ്രകടന വൈവിധ്യങ്ങളാലും പ്രതിഭാ വിലാസങ്ങളാലും സമ്പുഷ്ടമാണ്.

കാലത്തിന്റെ തേരോട്ടത്തില്‍ നിഷ് പ്രഭമായി അന്യംനിന്ന കലാരൂപങ്ങള്‍ അനവധിയാണ്. ഉത്തരവാദികള്‍ ആര് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭ്യമല്ല. സാഹചര്യങ്ങള്‍ ആകാം. സാമ്പത്തിക പരാധീനതകള്‍ ആകാം.

പട്ടണങ്ങളില്‍ തമ്പടിച്ച് ആഴ്ചകള്‍ നീളുന്ന സര്‍ക്കസ് പ്രകടനങ്ങള്‍, ഗ്രാമീണ ഉത്സവങ്ങള്‍, തുടര്‍ന്നുള്ള കലാപരിപാടികള്‍ തുടങ്ങി കലയുടെ രുചിഭേദങ്ങള്‍ ഇന്നത്തേക്കാള്‍ കൂടുതല്‍ അനുഭവവേദ്യമായിരുന്നത് പണ്ട് കാലങ്ങളില്‍ ആയിരുന്നോ?

പേരെടുത്ത സര്‍ക്കസ് കമ്പനികളെ അനുകരിച്ച് നാട്ടിന്‍പുറങ്ങളില്‍ അരങ്ങേറിയ കലാരൂപമാണ് സൈക്കിള്‍ യജ്ഞം. സൈക്കിളില്‍ കൈ വിട്ടു വട്ടം കറങ്ങിയും കരിങ്കല്ല് ദേഹത്ത് വച്ചു കൂടം കൊണ്ട് അടിച്ചു പൊടിച്ചും ബള്‍ബ് കടിച്ചു തിന്നും കായികമായി ഗ്രാമീണരെ ഇക്കൂട്ടര്‍ അതിശയിപ്പിച്ചു; ഒപ്പം സിനിമാ പാട്ടുകള്‍ക്ക് ഇണങ്ങും വിധം ചുവടുകള്‍ വച്ചും തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞും തങ്ങളാല്‍ കഴിയുന്ന കലാപ്രകടനങ്ങള്‍ നടത്തി.

പഴയ കാലത്തെ കലാരൂപങ്ങളുടെ സ്വഭാവം പരിഗണിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്; ഒരാള്‍ നേതൃത്വം നല്‍കുന്ന സംരംഭത്തിന് ഒരു കൂട്ടം പേരുടെ നിര്‍ലോഭമായ പിന്തുണ! പണചെലവ് വഹിക്കുന്നത് സ്വഭാവികയും നേതൃ സ്ഥാനത്ത് ഉള്ള ആള്‍ തന്നെ. ആണ്ടില്‍ എല്ലാ മാസവും ഉപജീവനം സാധ്യമല്ലാത്ത ഒന്നായിരുന്നു അന്നത്തെ കലാ സംരംഭങ്ങള്‍ എല്ലാം തന്നെ. ബാക്കി സമയങ്ങളില്‍ അടുപ്പ് പുകയണമെങ്കില്‍ കഠിനമായ കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടാതെ തരമില്ലായിരുന്നു.

വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവുമുള്ള ഒരു കൂട്ടം ആളുകള്‍ എന്ന അവസ്ഥയ്ക്ക് പകരം ഒറ്റയാള്‍ പ്രസ്ഥാനങ്ങള്‍ നിലവില്‍ വന്നതോടെ കലാസംരംഭങ്ങളുടെ നിറച്ചാര്‍ത്ത് ചോര്‍ന്നു തുടങ്ങിയോ? പാടത്തും പറമ്പിലും പണിയെടുത്തു വലഞ്ഞ ദരിദ്ര ജനവിഭാഗത്തിന് അമ്പല പറമ്പുകള്‍ നല്‍കിയ കലാസംരംഭങ്ങള്‍; കഥാപ്രസംഗമായാലും നാടകമായാലും മറ്റെന്തു തന്നെ ആയാലും സമ്മാനിച്ചത്‌ കലാനുഭൂതിയുടെ മിന്നലാട്ടങ്ങള്‍ ആണ്.

ഇന്നിപ്പോള്‍ വ്യക്തീ കേന്ദ്രീകൃതമായ കലാസംരംഭങ്ങള്‍ നിശ്ചയിക്കുന്ന വില വിവരപ്പട്ടിക കലാസ്വാദ്യതയുടെ മുന്നോട്ടുള്ള പ്രയാണത്തെ തടയിടുന്നതാണോ എന്ന് സംശയിക്കണം. തൊണ്ണൂറുകളില്‍ ആയിരമോ ആയിരത്തി അഞ്ഞൂറോ രൂപയ്ക്ക് നാലഞ്ചു ഉപകരണ സംഗീതക്കാരും ഗായികാ ഗായകനും സൗണ്ട് സിസ്റ്റവും വണ്ടിയും ഉള്‍പ്പെടെ നടത്തിയിരുന്ന ലൈവ് ഗായക സംഘങ്ങളുടെ സ്ഥാനത്ത് ഇന്ന് നാലു പേര്‍ മാത്രമാണ്. പാട്ടുകാരന്‍ (സൗണ്ട്+വണ്ടി) പാട്ടുകാരി, ഒരു ട്രാക്ക് ഓപ്പറേറ്റര്‍, പേരിന് ഒരു കൊട്ടുകാരന്‍.

ഇവിടെ മണ്ണടിയാന്‍ വിധിക്കപ്പെടുകയാണ് വിസ്മരിക്കപ്പെട്ട ലൈവ് ഓര്‍ക്കസ്ട്ര പോലുള്ള കലാസംരംഭങ്ങള്‍. എട്ടും പത്തും സംഗീതോപകരണക്കാരും അര ഡസന്‍ പാട്ടുകാരും സൗണ്ട് സിസ്റ്റവും ഗതാഗത സംവിധാനവും ഒക്കെ തലയെണ്ണി നീക്കുപോക്ക് ഇല്ലാത്ത പ്രതിഫലം ആവശ്യപ്പെട്ടാല്‍ നടപ്പാക്കാന്‍ പറ്റാതെ സ്വയം നിഷ്കാസിതമാകുക എന്നതല്ലാതെ മറ്റൊരു പോംവഴി ഇല്ല. അതിനെ മറികടക്കണമെങ്കില്‍ തികഞ്ഞ ഇച്ചാശക്തിയും അര്‍പ്പണ ബോധവുമുള്ള ഒരാളുടെയല്ല; ഒരുപാടു പേരുടെ കൂട്ടായ യത്നവും സഹകരണവും ആവശ്യകരമാണ് താനും. വിദേശങ്ങളില്‍ പ്രത്യേകിച്ച്.

Saturday, 22 August 2015

മലയാളികള്‍ വിശ്വാസപരമായി ചിന്നി ചിതറുമ്പോള്‍

നാനാത്വത്തില്‍ ഏകത്വം എന്നതാണ് സ്വതന്ത്ര ഇന്ത്യന്‍ റിപ്പബ്ലിക് പിന്തുടരുന്ന നയം. മുന്‍കാലങ്ങളില്‍ പട്ടിണിയും പരിവട്ടവും ജീവിതത്തെ ക്ലേശപൂര്‍ണ്ണമാക്കിയിരുന്ന നാളുകളില്‍ നാനാജാതി മതസ്ഥരും അന്യ മതസ്ഥരോട് സ്നേഹവും കരുണയും വേണ്ടുവോളം പ്രകടിപ്പിക്കുന്നതില്‍ ഉത്സുകരായിരുന്നു.

വിവിധ ജാതിയിലും മതത്തിലും പെട്ട അഷ്ടിക്ക് വകയില്ലാത്ത വിശ്വാസികള്‍ അന്യരാജ്യങ്ങളില്‍ ചേക്കേറി വിദേശ നാണ്യം നേടി ഒരുവിധം സമ്പന്നരായപ്പോള്‍ മത പുരോഹിതരും ജാതിക്കോമരങ്ങളും അവരെ തങ്ങളുടെ വരുതിയില്‍ ആക്കാന്‍, മതപരമായ അവന്റെ ഐഡന്റിറ്റി ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ പല തരത്തില്‍ ഉള്ള കളികള്‍ നടത്തുകയും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വിജയം കൈവരിക്കുകയും ചെയ്തു.

യു.കെ. മലയാളികള്‍ എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ഇന്ത്യയിലെ ഏതോ പ്രാദേശിക സമൂഹം മാത്രമാണ്. ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും അവയിലെ അനേകം വരുന്ന ഉപ വിഭാഗങ്ങളുടെയും പ്രസക്തി ജോലി സംബന്ധമായോ സേവന രംഗത്തോ അപ്രസക്തമാണ്.

കിട്ടുന്ന ശമ്പളത്തിന്റെ ഏക്കം അനുസരിച്ച് മുന്തിയ തരം വീടും കാറും വാങ്ങാന്‍ വെള്ളക്കാരനെ പോലെ യു.കെ. മലയാളിക്കും സ്വാതന്ത്ര്യമുണ്ട്. അവര്‍ ആ സ്വാതന്ത്ര്യം വിനിയോഗിക്കുന്നുമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ജോലിയും വെള്ളക്കാര്‍ക്ക് സമാനമായ രീതിയില്‍ തന്നെ പ്രാപ്യമാണ്.

എല്ലാ അര്‍ത്ഥത്തിലും സമാധാനപരമായി ജീവിക്കേണ്ട മലയാളി ആഗ്രഹിച്ചിട്ടോ അല്ലാതെയോ അനുഷ്ടാനങ്ങളിലൂടെ മതപരമായ കടന്നു കയറ്റം വളരെ നേരത്തെ തന്നെ സാധ്യമായി. ക്രിസ്ത്യന്‍ വിഭാഗമാണ് ഇതിനു തുടക്കം കുറിച്ചത്. എല്ലാ ആഴ്ചകളിലും നാമമാത്രമായ വിശ്വാസി സമൂഹത്തിനു വേണ്ടി ആരാധന നടത്തിയിരുന്ന ഇംഗ്ലീഷ് പള്ളികളില്‍ പോയി ആത്മീക കാര്യങ്ങള്‍ നിര്‍വഹിക്കാം എന്നിരിക്കെ മലയാളികള്‍ മലയാളം വൈദികരെ കിട്ടുന്നതില്‍ വൈകാരികമായ ആക്രാന്തം കാണിക്കയും സഭകള്‍ ഇത് മുതലാക്കി നിരവധി വൈദികരെ ഇംഗ്ലണ്ടിലേയ്ക്ക് നിയമിക്കാന്‍ ഉത്സഹിക്കുകയും ചെയ്തു.

ഭൗതികമായി എല്ലാ നന്മകളും ആസ്വദിക്കുമ്പോഴും ജോലിയും അണുകുടുംബ വുവസ്ഥകളിലെ താളപ്പിഴകളും സമ്മാനിച്ച തിക്കുമുട്ടലുകള്‍ കുടുംബങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാതിരുന്നില്ല. യു.കെ.മലയാളികള്‍ തൃപ്തരല്ല എന്ന പ്ലാക്കാര്‍ഡുമേന്തി ഇവരെ സാന്ത്വനിപ്പിക്കാന്‍ ധ്യാനഗുരുക്കളും രോഗശാന്തിക്കാരും പ്രദക്ഷിണം വയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സ്വാഭാവികമായി ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് പറഞ്ഞു പരിഹരിക്കാവുന്ന ഒട്ടനേകം പ്രശ്നങ്ങളെ പര്‍വതീകരിച്ച് മാനസികമായി രണ്ടു ധ്രുവങ്ങളില്‍ സ്ഥാപിക്കാന്‍ ആണ് ഗുരുക്കന്മാര്‍ ശ്രദ്ധിച്ചത്. കുടുംബ ജീവിതത്തിലെ പൈശാചിക സാന്നിധ്യമായി ഭര്‍ത്താവ്/ഭാര്യ പരിഗണിക്കപ്പെടുന്നത് തുടങ്ങി ചിലരില്‍ ആരാധനകളോടും അനുഷ്ടാനങ്ങളോടും ഭ്രാന്തമായ ആസക്തി ഉള്ളവരാക്കി തീര്‍ക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തി.

ആത്മീയ കച്ചവടം നടത്തുന്നവരുടെ രീതിയാണത്. ഇംഗ്ലീഷ് പള്ളികള്‍ ശൂന്യമാകാന്‍ കാരണം വെള്ളക്കാര്‍ക്ക് വേണ്ട പരിഹാരങ്ങള്‍ക്ക് മറ്റ് ഇടങ്ങള്‍ ഉണ്ട് എന്നതിനാലാണ്. മലയാളിക്ക് രണ്ടും വേണം. രോഗം ചെറുതാകട്ടെ, വലുതാകട്ടെ; എന്‍.എച്ച്.എസ്. നല്‍കുന്ന ചികിത്സയും വേണം നാട്ടില്‍ നിന്ന് എത്തുന്ന ഗുരു/രോഗശാന്തിക്കാരന്റെ കൈവയ്പും വേണം! ഈ സാഹചര്യം മുതലാക്കാന്‍ ആത്മീയരംഗത്തുള്ള വെള്ളക്കാരനെക്കാള്‍ എന്തുകൊണ്ടും മിടുക്കന്‍ മലയാളിയാണ് തീര്‍ച്ച.

ക്രൈസ്തവ സഭയില്‍ മാത്രമായി നിലനിന്നിരുന്ന ആത്മീയ ഇറക്കുമതി കലകള്‍ അന്യ മതസ്ഥരും മാതൃകയാക്കുന്ന ദയനീയ കാഴ്ചയാണ് വര്‍ത്തമാന കാല സംഭവങ്ങള്‍ വിശദീകരിക്കുന്നത്. നിങ്ങള്‍ക്ക് ആകാമെങ്കില്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നായിരിക്കും വിമര്‍ശിക്കുന്നവരോട് ഇക്കൂട്ടര്‍ക്ക് ചോദിക്കാന്‍ ഉള്ളത്. ആയിക്കോളൂ, പക്ഷേ കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലത്തെ കാര്യങ്ങള്‍ നിരീക്ഷിക്കുക. മലയാളിക്ക് നഷ്ടപ്പെട്ടതും അവന്റെ നേട്ടവും എന്തൊക്കെയെന്ന്‍? സ്വന്തം കാര്യം നോക്കി മുറി അടച്ച് കഴിയുന്നതാണോ വലിയ നേട്ടം? മറ്റുള്ളവരെ അന്യന്‍ എന്ന് കരുതി അകലം പാലിക്കുന്നതാണോ വിശ്വാസം?

Saturday, 16 May 2015

അമ്മ വെളുപ്പിന് അഞ്ചരയ്ക്ക് എണീറ്റതും
പശുവിനെ കറന്ന് പാല് കുപ്പികളില്‍ ആക്കിയതും
കുപ്പിപ്പാല്‍ പെങ്ങള്‍ ചായക്കടയില്‍ കൊണ്ടുപോയതും
ഒരു കുപ്പിപാലിന് ഒരു രൂപ കിട്ടിയതും

ഒരു രൂപയ്ക്ക് നാല്‍പതു മത്തി വാങ്ങിയതും
മത്തി പകുതി വറുത്തതും ബാക്കി കറി വച്ചതും
മാസത്തില്‍ ഒരിക്കല്‍ ഒരു രൂപയ്ക്ക് ദോശ വാങ്ങിയതും
ദോശ രണ്ടു പെങ്ങന്മാരും ഞാനും പങ്കിട്ടെടുത്തതും



അപ്പനും അമ്മയും വല്യമ്മയും ഓരോ ദോശ തിന്നതും
ബാക്കി വിശപ്പടക്കാന്‍ കപ്പയും ഉണക്കമീനും തിന്നതും
സ്കൂള്‍ വിട്ടു വന്ന് പശുവിന് പുല്ലു പറിക്കാന്‍ പോയതും
ജീവിതമായിരുന്നു; എണ്‍പതുകളിലെ സ്വന്തം ജീവിതം...