ധനസമ്പാദനത്തിലും ജീവിതം പരിപോഷിപ്പിക്കുന്നതിലും ഏറെക്കുറെ വിജയിച്ച മലയാളി, സംഘടനാ പരമായും കലാ-സാംസ്കാരിക രംഗത്തും തികഞ്ഞ പരാജയമാണ് കാഴ്ചവച്ചത്.
ഫുള്‍ടൈം / പാര്‍ട്ട് ടൈം ജോലിയും കുഞ്ഞുകുട്ടി പരാധീനതയും നൈറ്റ് ഡ്യൂട്ടിയുടെ അവശതയും കൊണ്ടു പൊറുതി മുട്ടിയ മലയാളി ഓണത്തിനും ക്രിസ്മസിനും സംഘടനകള്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളില്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ എന്നതുപോലെ തല കാണിക്കുക എന്ന സാമാന്യ തത്വം പത്തു വര്‍ഷം പിന്നിടുമ്പോഴും പിന്തുടരുന്നു എന്നത് ഖേദകരമാണ്.
കോമഡി ഷോകളുടെ അനുകരണങ്ങള്‍, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, കരോക്കെ ഗാനമേള, ഭരതനാട്യം (പൂര്‍ണ്ണവും അപൂര്‍ണ്ണവും) ഇത്രയുമാണ് ഇന്നും മലയാളിയുടെ പ്രദര്‍ശന വിഭവങ്ങള്‍. യു.കെ.യുടെ പല ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ചില തിയേറ്റര്‍ സംരംഭങ്ങള്‍ക്ക് വേദി ഒരുക്കുന്നതില്‍ കഠിന പ്രയത്നം ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശ്രദ്ധ ലഭിച്ചില്ല.
ആസ്വാദകരുടെ നിലവാരമില്ലായ്മയും മലയാളിയുടെ സ്വതസിദ്ധമായ നിഷേധാത്മക നിലപാടുകളും ജോലിത്തിരക്കും ജീവിത പ്രാരാബ്ധം ഏല്പിക്കുന്ന മാനസിക സമ്മര്‍ദ്ദവും ... എന്നിങ്ങനെ കാരണങ്ങള്‍ അനവധിയാകാം.
മറ്റൊന്ന്, ഇത്തരം മാനസികോല്ലാസ പരിപാടികളില്‍ സംഘാടകര്‍ പിന്തുടരുന്ന അമിത ഫോര്മാലിറ്റിയാണ്. വരിസംഖ്യയ്ക്ക് പുറമേ ഓരോ പരിപാടിക്കും തലയെണ്ണി കാശു കൊടുത്തു പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം മാത്രമാണ് ആശ്വാസം! അതും അടിച്ചേല്പിക്കുന്ന കലാവിരുതുകള്‍ക്കൊപ്പം ആസ്വദിക്കാന്‍ നിര്‍ബ്ബന്ധിതരായി തീരുകയാണ് സാമാന്യ ജനം.
ഒരു മൂളിപ്പാട്ട് പോലും പാടാത്തവരായി ആരെങ്കിലുമുണ്ടോ? മല്ലു സംഘടനകളില്‍ എന്തുകൊണ്ടാണ് ഒരു വിധം പാടുന്നവര്‍ക്ക് ഇന്നും പ്രകടനം അസാധ്യമാകുന്നത്? കരോക്കെ ഉപയോഗിച്ചോ കൈത്താളം ഉപയോഗിച്ചോ എന്തുകൊണ്ട് പഴയ നാടക ഗാനങ്ങളോ നാടന്‍ പാട്ടുകളോ സിനിമാ പാട്ടുകളോ ഒറ്റയ്ക്കോ കൂട്ടമായോ പാടിക്കൂടാ?
വേറിട്ട ഇത്തരം പരിപാടികള്‍ക്ക് കലാപരമായ അല്പം കഴിവും പരിശീലനവും മാത്രം മതി; ഒപ്പം ഇഛശക്തിയും. ഇതിനു തയ്യാറാകാന്‍ സംഘടനകളിലെ ഓരോ അംഗങ്ങളും തയ്യാറാകട്ടെ? സംഘടനകള്‍ ആ വഴിക്ക് കൂടി ചിന്തിച്ചു തുടങ്ങട്ടെ? അടുത്ത പത്തു വര്‍ഷം കഴിയുമ്പോള്‍ പുതിയ ഒരു കലാസംസ്കാരം ഉരുത്തിരിയട്ടെ? ദശവര്ഷികം ആഘോഷിക്കുന്ന എല്ലാ സംഘടനകള്‍ക്കും ആശംസകള്‍...
ബിലാത്തിയിൽ ഓരോ വർഷവും നാട്ടിൽ നിന്നും
ReplyDeleteമറ്റും ധാരാളം കലാ പ്രതിഭകളെ കൊണ്ടുവരുന്നതിന്റെ
കാൽ ഭാഗം ചിലവ് മതി ഇത്തരം കലാ സാംസ്കാരിക
കൂട്ടായ്മകൾ ഇവിടെയുണ്ടാക്കി ,ആ കലാകാരന്മാരെ/കാരികളെ
വളർത്തിയെടുക്കുവാൻ സംഘടനകൾ തീർച്ചയായും തയ്യാറാകണം...
വേറിട്ട ഇത്തരം പരിപാടികള്‍ക്ക് കലാപരമായ അല്പം
കഴിവും പരിശീലനവും മാത്രം മതി; ഒപ്പം ഇഛശക്തിയും. സംഘടനകള്‍
ഈ വഴിക്ക് കൂടി ചിന്തിച്ചു തുടങ്ങീയാൽ അടുത്ത പത്തു വര്‍ഷം കഴിയുമ്പോള്‍
പുതിയ ഒരു മലയാളി തനിമയുള്ള കലാസംസ്കാരം ഇവിടെ ഉരുത്തിരിഞ്ഞ് വരും ...!
നന്ദി മുരളീ മുകുന്ദന് ... ചില ഞാണിന്മേല് കളികള്‍ക്ക് ഉള്ള സമയമായി. കല എന്നത് ആള്‍ക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഉള്ളതാകരുത്; മറിച്ച്, കലയുടെ കാഞ്ചീവരങ്ങള് ഏവര്‍ക്കും അനുഭവ വേദ്യമാക്കുക എന്ന വെല്ലുവിളിയാണ് മുമ്പില്‍; അത് നേരിടാന്‍ തക്ക സൈന്യം കൂടെയുണ്ട്. അതൊരു ധൈര്യം തന്നെയാണ്.
ReplyDelete