Friday, 11 December 2020

പാർക്കിലെ പട്ടികൾ...

മനുഷ്യ മനസ്സുകൾ പോലെ വിസ്തൃതവും നിഗൂഢവുമാണ് പാർക്കുകൾ...

ഒളിഞ്ഞിരിക്കാൻ പാകത്തിന് കൂറ്റൻ മരങ്ങളും

ഒളിക്കാൻ പറ്റാത്ത പുല്പരപ്പുകളും പാർക്കിന്റെ പ്രത്യേകതയാണ്...

നടപ്പു വ്യായാമത്തിൽ ഏർപ്പെടുന്ന ചിലരാണ് പുലർകാലങ്ങളിൽ പാർക്കിന്റെ വിജനതയ്ക്ക് പരിഹാരം...

ചിലരോടൊപ്പം അവരുടെ വളർത്തു നായ്ക്കളെയും കാണാം...

പട്ടികൾ പല രൂപം, പല ഭാവം... കാഴ്ചയിൽ എല്ലാം ഭയം ജനിപ്പിക്കുന്നവ...

പാർക്ക് വിജനമാണെങ്കിൽ പട്ടി വിലങ്ങിൽ നിന്നു മോചിതനാണ്...

പട്ടികളെപ്പോലെ പലവിധമുണ്ട് വിലങ്ങുകളും...

തുണി, തുകൽ തുടങ്ങി ലോഹം കൊണ്ടുവരെ...

അതാതു നായ്ക്കളുടെ തീവ്രതയെ സൂചിപ്പിക്കുന്നതാണ് ഓരോ പട്ടിത്തുടലും...

പട്ടി,യജമാനൻ, തുടൽ, പിന്നെ നടപ്പുകാരും ചേർന്നതാണ് പുലർകാല പാർക്കുകൾ...


സാബു ജോസ്

Saturday, 11 January 2020

ഗാന ഗന്ധർവ്വൻ @ 80

എൺപതുവയസ്സുവരെ ആരോഗ്യത്തോടെ ജീവിക്കുന്നത് ഒരു ഭാഗ്യമാണ്. ആ പ്രായത്തിലും ഗാനാലാപനത്തിലൂടെ സംഗീതാസ്വാദകർക്ക് പ്രിയങ്കരനാകുക എന്നത് അതിലും മഹാഭാഗ്യം! മലയാളികളുടെ സ്വകാര്യ അഹങ്കാരം ഗാനഗന്ധർവ്വൻ യേശുദാസാണ് ആ ഭാഗ്യവാൻ.

കഴിഞ്ഞ അമ്പതു കൊല്ലത്തെ മലയാള സിനിമാ ചരിത്രം പിന്നണി ഗായകൻ എന്ന നിലയിൽ യേശുദാസിന്റെ കൂടി ചരിത്രമാകുന്നു. ആറും എട്ടുമൊക്കെ പാട്ടുകളുണ്ടായിരുന്ന ആദ്യകാല ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ യേശുദാസിനൊപ്പം ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ തുടങ്ങിയ പ്രതിഭകളും പ്രമുഖരുമായ ഗായകർ ഒന്നോ രണ്ടോ ഗാനങ്ങൾ പാടിയിരുന്നു.

ജയചന്ദ്രൻ തൊട്ടുപിന്നിലായി ഭാവഗായകൻ എന്ന പരിവേഷവുമായി മറ്റൊരു ചരിത്രമായപ്പോൾ ബ്രഹ്മാനന്ദൻ ഉൾപ്പെടെ അറിഞ്ഞതും അറിയാത്തതുമായ ഒട്ടനവധി ഗായകരാണ് വിസ്മൃതിയിലാണ്ടു പോയത്.

ലോക സിനിമകളുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ ചെറിയ ഒരു വ്യാവസായിക മേഖലയാണ് മലയാള സിനിമ. മഹാനടന്മാരെന്ന് ഇന്നത്തെ സൂപ്പർ സ്റ്റാറുകളും മെഗാസ്റ്റാറുകളും ജനനായകരും ഒക്കെ വിശേഷിപ്പിക്കുന്ന സത്യൻ, നസീർ, കൊട്ടാരക്കര, ഉമ്മർ.... തുടങ്ങി പ്രതിഭാധനന്മാരുടെ ഒരു കൂട്ടം അന്ന് ഒരു സിനിമയിൽ അച്ഛനായും മകനായും മുത്തച്ഛനായും വേഷമിട്ടു.

എന്നാൽ സംഗീതമേഖല അങ്ങനെയായിരുന്നില്ല. യേശുദാസെന്ന മഹാമേരു തന്റെ താരമൂല്യം വിലപേശി മലയാള സിനിമയിലെ ഗായകസ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഹിന്ദിസിനിമ പോലുള്ള വൻതട്ടകങ്ങളിൽ പോയി പയറ്റി നോക്കിയെങ്കിലും രക്ഷ പെടാതിരുന്നതിനാലാകാം (അധോലോകം കാര്യങ്ങൾ തീരുമാനിക്കുന്ന അവിടെ കഴിവ് മാത്രം പോരല്ലോ ?) ഇങ്ങനെയൊരു കടുംകൈക്ക് അദ്ദേഹം മുതിർന്നത്...

ഇതിലൂടെ മലയാള സിനിമയ്ക്കു ചില ദുരന്തങ്ങളാണ് സംഭവിച്ചത്. ഒന്ന്, അഭിനേതാക്കളിൽ പിന്നീട് വന്ന തലമുറ ഇത്തരം വിലപേശൽ കളിച്ചതിന്റെ ഭലമായി നമുക്ക് സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും ജനനായകനും ഒക്കെ ലഭിച്ചു; ഇതു മലയാള സിനിമയുടെ അധഃപതനത്തിനു കാരണമാകുകയും ചെയ്തു.

മുട്ടത്തുവർക്കിയുടെ "പൈങ്കിളി" എന്നു വിശേഷിപ്പിച്ച കഥകൾ തോപ്പിൽ ഭാസിയെപ്പോലുള്ളവർ സംഭാഷണമെഴുതി പ്രഗത്ഭരായവർ സംവിധാനം നിർവ്വഹിച്ചപ്പോൾ ന്യൂജനറേഷൻ സിനിമകൾ എന്നു വിളിച്ച് നമ്മളിന്നാദരിക്കുന്ന തരം കാലാമൂല്യവും
കാമ്പുമുള്ള കഥകൾ സിനിമയാക്കിയവരുടെ ചരിത്രം കൂടിയാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്; അവിടെ യേശുദാസ് ഒരു പിന്നണി ഗായകൻ മാത്രമാണ്, മറ്റു പലർക്കൊപ്പം.

ദൃശ്യമാധ്യമങ്ങൾ കടന്നുവരുന്നതും മലയാളി സമൂഹത്തെ സ്വാധീനിച്ചതും കാൽ നൂറ്റാണ്ടിനു ശേഷമാണ്. തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിനു ശേഷം.

എന്താണ് ഇവരുടെ സംഭാവന ? യേശുദാസിന്റെ അതേ ശബ്ദത്തിൽ ഗാനമാലപിക്കുന്നവർ എന്നു വിശേഷിപ്പിച്ച് ഒട്ടനവധി ഗായകർ ടി.വി. സ്‌ക്രീനിൽ മിന്നിമറയുന്നു, ഇവരെ പ്രൊമോട്ട് ചെയ്തു സ്റ്റേജ് ഷോകൾ, നാട്ടിലും വിദേശങ്ങളിലും ഉണ്ടാകുന്നു ...

ബ്രഹ്മാനന്ദൻ, അയിരൂർ സദാശിവൻ, ജോളി എബ്രഹാം പോലുള്ള നിരവധി ഗായകർക്ക് കഴിവുകൾ ഉണ്ടായിട്ടും തുലോം തുച്ഛമായ കലാജീവിതത്തെ ആശ്രയിച്ചു ജീവിക്കേണ്ടി വന്നപ്പോൾ ഇവരൊക്കെ സെലിബ്രിറ്റി സ്റ്റാറ്റസിലാണിന്ന് !!!

ട്രാക്ക് മ്യൂസിക്കിന്റെ അനായാസ ലഭ്യതയും മറ്റൊരു ഘടകമാണ്. ട്രാക്ക് ഉപയോഗിച്ച് പലരും പാടുന്നു; ശബ്ദം അവരുടേതാണ്. യേശുദാസിന്റെ പാട്ടിനു പകരം ജോളി ഏബ്രഹാമിന്റെയോ, മാർക്കോസിന്റെയോ , അയിരൂർ സദാശിവന്റേയോ പാട്ടാണെങ്കിൽ തീർച്ചയായും നന്നായി ആസ്വദിച്ചേനെ.

ഇങ്ങനെയാണ് ഗാനഗന്ധർവ്വൻ എന്നു വിശേഷിപ്പിച്ച് നമ്മൾ ആരാധിക്കുന്ന നമ്മുടെ സ്വകാര്യ അഹങ്കാരം അറിഞ്ഞോ, അറിയാതെയോ കരോക്കെ ഗാനമേളകൾ മലയാളികൾക്ക് അരോചകമാക്കിയത്; അപൂർവ്വം അപവാദങ്ങൾ ഇല്ലെന്നില്ല.

പറഞ്ഞു വന്നത്, ഏതു മേഖലയാകട്ടെ? വെറുതെ വെട്ടി പിടിക്കുന്നതിൽ അർത്ഥമില്ല. അവനവൻ തങ്ങളുടെ കഴിവുകൾ തെളിയിക്കട്ടെ ? ഒപ്പം മറ്റുള്ളവർക്കും വിഘാതങ്ങൾ സൃഷ്‌ടിക്കാതെ മുന്നേറാൻ, കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കട്ടെ ? അപ്പോഴാണ് യഥാർത്ഥത്തിൽ അയാൾ നമ്മുടെ ഗാനഗന്ധർവ്വൻ എന്ന വിശേഷണത്തിന് അർഹനാകുന്നത്.

പിറന്നാൾ ആശംസകൾ ...

Saturday, 7 December 2019

സെക്കൻഡ് ഹാൻഡ്

ഫേസ്‌ബുക്കിലെ മാർക്കറ്റ് പ്ലേസിൽ കണ്ടതനുസരിച്ച് വളരെക്കാലം ഉപയോഗിച്ച റോളണ്ട് കീബോർഡ് വാങ്ങിക്കാൻ അയാൾ തീരുമാനിച്ചു. പറഞ്ഞതനുസരിച്ച് മുപ്പതു മൈൽ അകലെയുള്ള വില്പനക്കാരന്റെ വീട് ലക്ഷ്യമാക്കി അദ്ദേഹവും സുഹൃത്തും യാത്ര തിരിച്ചു.

എന്തുകൊണ്ടാണ് ഇത്ര പഴയ കീബോർഡ് വാങ്ങുന്നത് ? സുഹൃത്ത് ചോദിച്ചു.

റോളണ്ട് വലിയ വിലയുള്ള ബ്രാൻഡാണ്. പുതിയ ഇനങ്ങൾക്ക് ഭീമമായ വില നൽകേണ്ടി വരും. പഴയ മോഡലുകൾ ആധുനിക മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാടു പിറകിലാണ്; എങ്കിലും, ശബ്ദ മാധുര്യത്തിലും ഗുണനിലവാരത്തിലും ഒട്ടും പിറകിലല്ല താനും. .. അയാൾ പറഞ്ഞു.

പറഞ്ഞ സമയത്തുതന്നെ ലക്ഷ്യസ്ഥാനത്തെത്തി. വർധക്യത്തോടടുക്കുന്ന വെള്ളക്കാരായ ദമ്പതികൾ മാത്രമുള്ള ഒതുങ്ങിയ ഭവനം. കാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള കീബോർഡ് പ്രദർശനത്തിന് സജ്ജമാണ്. പവർ കോഡിന് ലേശം ചളുക്കം ഉണ്ടെന്നതൊഴിച്ചാൽ കാര്യമായ തകരാറൊന്നുമില്ല; കാലപ്പഴക്കം തോന്നാത്തവിധം സുരക്ഷിതമായി സംരക്ഷിച്ച പെട്ടിക്കു മുകളിലാണ് കീബോർഡുള്ളത്.

പ്രവർത്തിച്ചു കണ്ടപ്പോൾ തോന്നിയ സംശയങ്ങൾക്ക് കൃത്യമായ ഉത്തരം തരാൻ വീട്ടുകാരന് സാധിക്കുന്നില്ല. വർഷങ്ങളായി കൈകാര്യം ചെയ്യാത്തതിന്റെയും പ്രായാധിക്യത്തിൽ സ്വാഭാവികമായ ഓർമ്മക്കുറവിന്റെയും പ്രശ്നമാണ്. കീബോർഡിനെ സംബന്ധിച്ചും അതിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും രണ്ടു വലിയ പുസ്തകങ്ങൾ അദ്ദേഹം വച്ചു നീട്ടി.

എന്താണ് പ്ലാൻ ? വാങ്ങിക്കുന്നോ ? സുഹൃത്ത് ചോദിച്ചു. അപ്പോഴാണ് അയാൾ റോളണ്ട് കീബോർഡ് സെക്കൻഡ് ഹാൻഡ് വാങ്ങി ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന നോർത്തിന്ത്യൻ സുഹൃത്തും മ്യുസിഷ്യനുമായ ഷാമിനെക്കുറിച്ചോർത്തത്.

ഷാമിനെ വിളിക്കുന്നതിന്‌ അനുവാദം വാങ്ങി വിളിച്ചു; കിട്ടിയില്ല. ഒടുവിൽ ഇങ്ങനെ തീരുമാനിച്ചു. ഇപ്പോൾ വിളിച്ച സുഹൃത്തുമായി ആലോചിച്ച് അയാൾ പറയുന്നതനുസരിച്ച് നാളെത്തന്നെ വിവരം അറിയിക്കുകയോ വന്നു വാങ്ങുകയോ ആകാം.

വീട്ടുകാരൻ സമ്മതിച്ചു. ഇറങ്ങാൻ തുടങ്ങുമ്പോൾ ഷാം വിളിച്ചു. കാര്യം പറഞ്ഞു. അദ്ദേഹം നിരുത്സാഹപ്പെടുത്തി. റോളണ്ടിന്റെ തന്നെ മറ്റു ചില മുന്തിയ ബ്രാൻഡുകൾ ശുപാർശ ചെയ്തു.

ശരി, എങ്കിൽപിന്നെ വേണ്ടെന്നു വയ്ക്കാം; അയാൾ തീരുമാനിച്ചു. അപ്പോഴാണ് സുഹൃത്തിന്റെ ചോദ്യം. നീയിത് പഴയതാണെന്നറിഞ്ഞു കൊണ്ടുതന്നെ വാങ്ങാൻ ഇറങ്ങിപുറപ്പെട്ടതല്ലേ ? ഭാഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിച്ച നല്ല കണ്ടീഷനിൽ ഉള്ള കീബോർഡ്. പലരു കൂടി തല്ലിയാൽ പാമ്പ് ചാകില്ല....

എങ്കിൽപ്പിന്നെ എടുക്കാം അല്ലേ ?

ശരി ഞങ്ങൾ തയ്യാറാണ്, ഫേസ്‌ബുക്കിൽ കണ്ട വില നൂറ്റിപത്ത് പൗണ്ട് എടുക്കാൻ തുടങ്ങുമ്പോൾ ഉടമസ്ഥൻ പറഞ്ഞു; ശരി, സന്തോഷം എഴുപത്
പൗണ്ട്!

ചിലരങ്ങനെയാണ്; ചില സാധനങ്ങൾ, പ്രത്യേകിച്ചും സെക്കൻഡ് ഹാൻഡ് വിൽക്കാൻ തീരുമാനിക്കുന്നത് വില പ്രതീക്ഷിച്ചല്ല; എങ്ങനെയെങ്കിലും ഒഴിവാക്കാൻ കൂടിയാണ്....

വൈകാരികമായി ഏറെ ബന്ധമുള്ള വസ്തുക്കളോ ... ആളുകളോ ആണെങ്കിൽ പോലും ....

Friday, 1 November 2019

കാടിന്റെ മക്കളും കടലിന്റെ മക്കളും ...

മനുഷ്യ വിഭവശേഷിയുടെ കയറ്റുമതിയിലൂടെ വിദേശനാണയം സംഭരിക്കുന്നതിൽ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെയും പിന്നിലാക്കി കേരളം മുന്നേറുകയാണ്.

വിവിധ ജാതി-മത-വർഗ്ഗ-സമുദായങ്ങളിൽപ്പെട്ട ഒട്ടനേകം പേർ വിവിധ രാജ്യങ്ങളിൽ പലവിധ തസ്തികകളിൽ മാന്യവും അല്ലാത്തതുമായ തൊഴിൽ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിയുന്നത്.

മലയാളികളിൽ വലിയൊരു വിഭാഗത്തിന്റെ ജീവിതനിലവാരം ഉയരുന്നതിനു കാരണം പ്രധാനമായും വിദേശനാണയം തന്നെ. പണ്ടുകാലം മുതൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ അവശിഷ്‌ടമെന്ന നിലയിൽ കൂലിപ്പണിയും കാർഷിക വൃത്തിയും തരം താഴ്ന്നതും തുച്ഛമായ വേതനം ലഭിക്കുന്ന കഠിനാദ്ധ്വാനവുമായി മാറി.

തൊഴിലാളി സംഘടനകളുടെ രാഷ്ട്രീയമായ ഇടപെടലുകളിലൂടെ കൂലി വർധിച്ചെങ്കിലും ആത്മാർഥമായി ജോലി ചെയ്യുന്നതിൽ മലയാളി വിമുഖത കാണിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കുണ്ടായി. കാര്യക്ഷമമായ അവരുടെ കഠിനാധ്വാനം കേരളത്തിനു പ്രയോജനം ചെയ്യുമ്പോൾ ഇതേ കാര്യക്ഷമതയുടെ കൈക്കരുത്തുമായി മലയാളികൾ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്കും കൂടുമാറി.

വിദേശരാജ്യങ്ങൾ; അറബിയാകട്ടെ, വെള്ളക്കാരാകട്ടെ, മറ്റു സമ്പന്ന രാജ്യങ്ങളാകട്ടെ ജാതി-മത-വർഗ്ഗ-വർണ്ണ വേർതിരിവിലല്ല; മറിച്ച്, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരുൾപ്പെടെയുള്ള തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നത്. അതിൽ കടലിന്റെ മക്കളും കാടിന്റെ മക്കളും ഇടനാടിന്റെ മക്കളുമുണ്ട്‌. വിവിധ ജാതിമത സമുദായങ്ങളിൽപ്പെട്ടവരുണ്ട്.

കേരളത്തിൽ അടിസ്ഥാനവർഗ്ഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി രൂപംകൊണ്ട അനേകം ക്ഷേമനിധികൾ പ്രാബല്യത്തിലുണ്ട്. ഇക്കാലമത്രയും ഈ വെള്ളാനകൾ ശ്രമിച്ചിട്ടും ഒരു സമൂഹവും രക്ഷപെട്ടു കണ്ടില്ല !

കാടിന്റെ മക്കൾ എന്നവകാശപ്പെട്ട് ഒരു വലിയ വിഭാഗം എല്ലാവരാലും പറ്റിക്കപ്പെട്ടു വനാന്തരങ്ങളിൽ ജീവിക്കുന്നു. ഇവരുടെ സംരക്ഷകരായി
ഇവർക്കിടയിൽ നിന്നുതന്നെ ഉയർന്നുവന്നവർ പലരും (ആക്ടിവിസ്റ്റുകൾ) സ്വന്തം കാര്യം നോക്കി ഇക്കൂട്ടരെ നിഷ്കരുണം തഴഞ്ഞുകളഞ്ഞു !

ചില നക്സലൈറ്റ് ഗ്രൂപ്പുകൾ ഇക്കൂട്ടരുടെ സംരക്ഷകരാണെന്ന മട്ടിൽ കാലഹരണപ്പെട്ട വിപ്ലവ വീര്യം കൂട്ടിക്കുഴച്ച് ജീവിതം കലാപകലുഷിതമാക്കി ഇവരെ വീണ്ടും പറ്റിക്കുകയാണ്.

കാടിറങ്ങി തൊട്ടടുത്ത ജില്ലകളിലേക്ക് പോകുക; അന്യസംസ്ഥാന തൊഴിലാളികൾ ഏർപ്പെടുന്ന തൊഴിലുകളിൽ നിങ്ങൾ കർമ്മനിരതരാകുക, ഒരു ഭാഷയും ഒരേ ദേശവാസികളുമായ നിങ്ങൾക്ക് മറ്റാരേക്കാളും സ്വീകാര്യതയുണ്ടെന്നു തിരിച്ചറിയുക.

വെള്ളാനകളും ആക്ടിവിസ്റ്റുകളും മറ്റെന്തെങ്കിലും ജീവിതമാർഗ്ഗം കണ്ടെത്തട്ടെ ? കാലക്രമേണ കാടിനു പുറത്തൊരു ജീവിതം കരുപ്പിടിപ്പിക്കുക; കാട് വന്യമൃഗങ്ങൾക്കും വൃക്ഷലതാദികൾക്കും വിട്ടുകൊടുത്ത് കാടിനെ സ്വതന്ത്രമാക്കുക.

കടലിന്റെ മക്കളും ഇനിയുള്ള കാലം അനുവർത്തിക്കേണ്ട ജീവിത ശൈലി ഇതുതന്നെ. ട്രോളിങ് പോലുള്ള ജോലികൾക്ക് തീരപ്രദേശത്തു തന്നെ ജീവിക്കണമെന്ന ശാഠ്യം ഉപേക്ഷിക്കുക.

പ്രകൃതി ശാന്തമാകട്ടെ, മനുഷ്യർ അന്തസ്സായി ജോലി ചെയ്തു ജീവിതം ആസ്വദിക്കട്ടെ ? ജാതിവ്യവസ്ഥയും മേലാള -കീഴാള സങ്കല്പങ്ങളും തച്ചുടയ്ക്കപ്പെടട്ടെ ?

Saturday, 5 October 2019

ജോളിയാവുക...

സ്ത്രീയാണ്; പഠിപ്പ് വേണം,
ഉദ്യോഗം വേണം,
നല്ല വിവാഹ ബന്ധം വേണം....

കുടുംബ മഹിമ വേണം,
കുടുംബത്തിലുള്ളവർക്ക്
പ്രിയങ്കരിയാകണം...

ഒസ്യതും കുടുംബാധിപത്യവും
സൂക്ഷ്മമായി നിരീക്ഷിക്കണം

തനിക്കനുകൂലിക്കാൻ പറ്റാത്ത
യാഥാർഥ്യങ്ങളെ പ്രതിരോധിക്കാൻ
അരുംകൊലയെങ്കിൽ അത്...

എത്ര പേരെയെങ്കിൽ അത്രയും...
വിഷം;ഹ്രസ്വ രീതിയിൽ പ്രവർത്തിക്കുന്നത്
അതിന്റെ പ്രവർത്തനം അറിഞ്ഞു
ദൈവത്തെ വിളിച്ച് കൃത്യം നിറവേറ്റുക..

വിജയം സുനിശ്ചിതം...
ജോളിയാവുക, നമ്മൾ
ഇനിയും ജോളിയാകുക...

Wednesday, 25 September 2019

ഹൗഡി മോദി

അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി വിഷയവുമായി ബന്ധപ്പെട്ടു സോഷ്യൽമീഡിയകളിൽ വലിയ രീതിയിൽ ആക്രമണ പ്രത്യാക്രമണം കണ്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയിലെ ഇന്ത്യൻ വംശജർ നൽകിയ സ്വീകരണ പരിപാടി ശ്രദ്ധേയവും അതോടൊപ്പം വിവാദവുമാകാൻ കാരണം, അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റ് സാന്നിധ്യം ആ പരിപാടിയിൽ ഉണ്ടായി എന്നതാണ്.

ഈ രണ്ടു നേതാക്കളെയും വിഡ്ഢികളായും അന്തവും കുന്തവുമില്ലാത്ത തീരുമാനങ്ങൾ എടുക്കുന്നവരായും ഒക്കെ പരാമർശിക്കുകയും വിമർശിക്കുകയും ചെയ്യുന്നവർ ഏറെയുണ്ട്. അതാണ് ജനാധിപത്യത്തിന്റെ ശക്തിയും സ്വാതന്ത്ര്യവും.

അമേരിക്കയിൽ ഇന്ത്യൻ വംശജർ അവരുടെ പ്രധാനമന്ത്രിയെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് വരേണ്ട യാതൊരു കാര്യവുമില്ല; ശരിയാണ്, അതാണ് കീഴ്വഴക്കം. പക്ഷേ എന്തിനു വന്നു ? അല്ലെങ്കിൽ എങ്ങനെ വന്നു ? അവിടെയാണ് നമ്മൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രം പയറ്റിത്തെളിഞ്ഞ രാഷ്ട്രീയ നാടകങ്ങൾക്ക് സമാനമായി അടുത്ത തെരഞ്ഞെടുപ്പിൽ തന്റെ വിജയം ഉറപ്പാക്കാൻ ഇവിടെ ഒത്തുകൂടിയ 50000 പേരുടെ വോട്ടുകൾ ലക്ഷ്യമിട്ടാണ് ട്രംപ് വന്നതെന്ന നിഗമനത്തിലെത്തിയത്.

തൊട്ടടുത്ത പരിപാടിയിൽ പാക് പ്രസിഡന്റ്, നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റ് ഇതിഹാസം ഇമ്രാൻ ഖാനുമായും ട്രംപ് ഇതേ നാടകം കളിച്ചു... ഇത് രാഷ്ട്രീയമാണ്, രാഷ്ട്രീയം ഇങ്ങനെയൊക്കെയാണ്. ഇതാർക്കാണ് അറിയാത്തത് ?

ഇനി കുറച്ചു ഭൂതകാലത്തേക്ക് ...

1989 -90 കാലഘട്ടം. യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (USSR) എന്ന റഷ്യയുടെ അവസ്ഥ എന്തായിരുന്നു ? രണ്ടാം ലോക യുദ്ധത്തിനു ശേഷം അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോയും യു.എസ്.എസ്.ആർ റഷ്യയുടെ നേതൃത്വത്തിൽ മറ്റൊരു സംഘടനയും നിലവിൽ വന്നു. കോൾഡ് വാർ എന്ന ഓമനപ്പേരു നൽകി ലോകരാജ്യങ്ങൾ ഇരു ചേരികളായി നിലകൊണ്ടു. നെഹ്‌റു എന്ന അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി വേണ്ടപ്പെട്ടവരുമായി ആലോചിച്ചെടുത്ത തീരുമാനം ഇന്ത്യ റഷ്യയോടൊപ്പം നിൽക്കുക എന്നതായിരുന്നു.

വലതുപക്ഷ സ്വഭാവമുള്ള, മുതലാളിത്ത വ്യവസ്ഥിതിയോടു അടങ്ങാത്ത കൂറ് കാണിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യ രീതിയിൽ രാജ്യം ഭരിക്കുമ്പോൾ നെഹ്‌റു സ്വീകരിച്ച നടപടിയെ ധീരമെന്നല്ലാതെ ആർക്ക് വിലയിരുത്താനാകും ?

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യു എസ് ഏ) യ്ക്ക് യു.എസ്.എസ്.ആർ എന്ന റഷ്യയുടെ മേൽ യാതൊരു അപ്രമാദിത്വവുമുണ്ടായിരുന്നില്ല. രാജ്യത്തിൻറെ വിസ്തൃതി, ജനസംഖ്യ, എല്ലാത്തിലുമുപരി യുദ്ധസന്നാഹം; കര, നാവിക, വ്യോമ മേഖലകളിൽ
ഇന്നു ലോക പോലീസായി വിലസുന്ന അമേരിക്കക്ക് ക്രൂയിസ് മിസൈൽ, കൺവൻഷൻ അറ്റാക്ക്, ഓക്സി സബ് മറൈൻ, കോർവേറ്റസ് തുടങ്ങിയ റഷ്യൻ സാങ്കേതിക വിദ്യകൾ അപ്രാപ്യമായിരുന്നു.

ബാക്കിയുള്ള കാര്യങ്ങളിലാകട്ടെ, എണ്ണത്തിൽ വളരെ കുറവും. ആകെ മേൽക്കൈ നേടിയത് എയർ ടാങ്കറിൽ മാത്രം 84 x 618 . ഇത് 1990 ലെ വിക്കിപീഡിയ കണക്ക്.

അപ്പോൾ പറഞ്ഞു വന്നത്, രാഷ്ട്ര നേതാക്കളെ കുറിച്ചും ലോക രാഷ്ട്രീയത്തെക്കുറിച്ചുമാണ്. മിഖായേൽ ഗോർബച്ചേവ് ഇന്നും ജീവിച്ചിരിപ്പുണ്ടാവും. യു എസ് എസ് ആറിന്റെ തകർച്ചക്ക് കാരണക്കാരൻ അദ്ദേഹമാണ്. അതിനു അദ്ദേഹത്തിന് പറയാൻ കാരണവുമുണ്ട്.

പഴയ യു എസ് എസ് ആർ അംഗ രാജ്യങ്ങൾ ആരെല്ലാമാണ് ? റഷ്യ, ജോർജ്ജിയ, ഉക്രൈൻ, മൊൾഡോവ, ബെലാറസ്, അർമേനിയ, അസർബൈജാൻ, കസാക്കിസ്ഥാൻ, ഉസ്ബെസ്ക്കിസ്ഥാൻ, ടാർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ... ഇങ്ങനെ കാണുന്നു.

റഷ്യ, പോളണ്ട്, ചെക്കോസ്ലോവാക്യ (ചെക്ക് ,സ്ലോവാക്യ ), ഫിൻലാൻഡ്, ടർക്കി, നോർവേ, ഹംഗറി, റൊമേനിയ, ഇറാൻ, മംഗോളിയ, നോർത്ത് കൊറിയ, അഫ്ഗാനിസ്ഥാൻ, ചൈന ... ഇങ്ങനെ വേറെയും മറ്റൊരു വിവരണമുണ്ട്.

ഗോർബച്ചേവ് പഴയ യു എസ് എസ് ആറിനെ തകർത്തതിന് ഒരു കാരണം പറയുന്നത് പിന്നീട് വന്ന ബോറിസ് യെൽസിനും ടീമും അല്ലായിരുന്നെങ്കിൽ രാഷ്ട്രം ചുട്ടെരിച്ചേനെ എന്നാണ് .... അതൊഴിവാക്കാനായിരുന്നത്രേ അദ്ദേഹം തന്റെ അധികാരം വിട്ടൊഴിഞ്ഞു ലോക ശക്തിയായ റഷ്യയെ കൈവെള്ളയിൽ കാത്തത് ....

ഇവിടെ ആര് ആരെയാണ് വിശ്വസിക്കേണ്ടത് ? ആർക്ക് ആരോടാണ് കടപ്പാടുള്ളത് ?

Thursday, 19 September 2019

മാംസം വർജ്ജിക്കണോ ???

മാംസഭോജനം സംബന്ധിച്ച് മതപരമായും വിശ്വാസപരമായും ചില ആശയങ്ങളും ആശയകുഴപ്പങ്ങളും സോഷ്യൽ മീഡിയകളിൽ ഉയർന്നു കേൾക്കുന്നു.

ബൈബിൾ (പഴയ നിയമം), ഖുർ ആൻ, യഹൂദരുടെ മതഗ്രൻഥം തുടങ്ങിയ ഗ്രൻഥങ്ങളിൽ പൊതുവായി ഒഴിവാക്കേണ്ട ചില ജീവികളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് എന്നത് ഈ ആശയങ്ങളുടെ ബുദ്ധികേന്ദ്രം ഒന്നാണോ എന്നു സംശയിപ്പിക്കുന്നതാണ്.

അതെന്തുമാകട്ടെ, ആധികാരിക ചരിത്ര രേഖകളുടെ പിൻബലത്തിൽ പ്രാചീന ഭാരതസങ്കല്പങ്ങളിൽ ബ്രാഹ്മണർ മാംസം ഭക്ഷിച്ചിരുന്നു എന്നു വാദിക്കുന്നവരുമുണ്ട്;

സസ്യഭോജനം പോലെ അനായാസമായ ഒന്നല്ല മാംസഭോജനം എന്നതിനെ അടിവരയിട്ടു ചില ട്രോളുകളും കാണായി. ഇതിൽ അല്പം കഴമ്പില്ലേ ?

ശരിയാണ്, ഒരു കോഴിയോ പ്രാവോ പോലെയാണോ പന്നിയും പോത്തും ആടും ? പ്രാചീന ലോകത്ത് ഇവയെ കൊന്നു സമയബന്ധിതമായി പാകം ചെയ്തു കഴിക്കുക എന്നത് ഇന്നു നമ്മൾ ശീലിച്ച കാര്യങ്ങളുമായി തട്ടിച്ചുനോക്കിയാൽ എങ്ങുമെത്തില്ല.

കോഴിയെ ആണെങ്കിൽകൂടി കഴുത്തു ഞെരിച്ചോ അറുത്തോ കൊല്ലാൻ ധൈര്യം വേണം. ചൂട് വെള്ളത്തിൽ മുക്കി പപ്പും തൂവലും പറിച്ച് വെട്ടി നുറുക്കി കഴുകി മുളകും മല്ലിയും ചേർത്ത് വേവിക്കണം.

ഇന്നു നാലുനേരവും മാംസഭോജികളായിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള വിവിധ ജാതി മത വിശ്വാസികൾ ആധുനിക ലോകം നമുക്ക് മുന്നിൽ സൂപ്പർ മാർക്കറ്റുകളിലൂടെ വിവിധയിനം ഇറച്ചികൾ ലഭ്യമാക്കുന്നതുകൊണ്ടു മാംസഭോജികളായി തുടരുന്നു എന്നേയുള്ളൂ.

പോത്തോ കാളയോ പന്നിയോ ആടോ... പോട്ടെ, ഒരു കോഴിയെ എങ്കിലും കൊന്നുവേണം തിന്നാൻ എന്ന അവസ്ഥയായിരുന്നെങ്കിൽ ഇന്നു മാംസഭോജികൾ എന്നഭിമാനിക്കുന്ന തൊണ്ണൂറു ശതമാനത്തിനും വെജിറ്റേറിയൻ വിഭാഗത്തിലേക്ക് കൂടു മാറേണ്ടി വന്നേനെ !

മാംസാഹാരങ്ങളുടെ സംഭരണവും സംരക്ഷണവും ശീതീകരണവും പ്രധാനവെല്ലുവിളിയാണ്. യു.കെ. പോലുള്ള രാജ്യങ്ങളിൽ പോലും വിഷമയമായ മാംസാഹാരം കഴിച്ച് മരണം വരിച്ചവരുണ്ട് എന്നതാണ് മാംസഭോജികളെ ഞെട്ടിപ്പിക്കുന്നത്.

എന്നോ കൊന്ന ജീവിയുടെ മാംസം ഇത്ര ദിവസത്തേക്കു എന്നു ലേബലൊട്ടിച്ചു ഫ്രീസറുകളിൽ നിന്നും ഫ്രീസറുകളിലേക്ക് മാറിമാറി പാചകം ചെയ്യുന്നവന്റെ കൈയ്യിൽ കിട്ടുന്നു; അവിടെയും അപകടം സംഭവിക്കാം. ഫ്രീസറിൽ നിന്നും എടുത്തു പാചകം ചെയ്യാൻ ഉദ്ദേശിച്ച മാംസം പാചകം ചെയ്യാതെ വീണ്ടും ഫ്രീസ് ചെയ്യാൻ പാടില്ല !!!

ഇങ്ങനെയൊക്കെയാണ് ഇവിടെ മാംസാഹാരം വില്ലനാകുന്നത്. നമുക്ക് അത്ര ഭയപ്പാടില്ല; കാരണം, പാചകത്തിനുപയോഗിക്കുന്ന സുഗന്ധ വ്യഞ്ജന കൂട്ടായിരിക്കാം ആശ്വാസം.

ഒരു ജീവി ചത്തുകിടന്നാൽ മൈനസ് ഡിഗ്രി ഉള്ള സമയത്ത് പോലും രണ്ടാം ദിവസം ദുർഗന്ധം വമിക്കും. പ്രാകൃത ലോകത്തെ സ്ഥിതി പറയാനുണ്ടോ ? ഇതൊക്കെയായിരിക്കാം മാംസഭോജനത്തിൽ നിന്നും സസ്യ ഭോജനത്തിലേക്ക് മനുഷ്യരെ കൂടു മാറാൻ പ്രേരിപ്പിച്ചത്.