ഫേസ്ബുക്കിലെ മാർക്കറ്റ് പ്ലേസിൽ കണ്ടതനുസരിച്ച് വളരെക്കാലം ഉപയോഗിച്ച റോളണ്ട് കീബോർഡ് വാങ്ങിക്കാൻ അയാൾ തീരുമാനിച്ചു. പറഞ്ഞതനുസരിച്ച് മുപ്പതു മൈൽ അകലെയുള്ള വില്പനക്കാരന്റെ വീട് ലക്ഷ്യമാക്കി അദ്ദേഹവും സുഹൃത്തും യാത്ര തിരിച്ചു.
എന്തുകൊണ്ടാണ് ഇത്ര പഴയ കീബോർഡ് വാങ്ങുന്നത് ? സുഹൃത്ത് ചോദിച്ചു.
റോളണ്ട് വലിയ വിലയുള്ള ബ്രാൻഡാണ്. പുതിയ ഇനങ്ങൾക്ക് ഭീമമായ വില നൽകേണ്ടി വരും. പഴയ മോഡലുകൾ ആധുനിക മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാടു പിറകിലാണ്; എങ്കിലും, ശബ്ദ മാധുര്യത്തിലും ഗുണനിലവാരത്തിലും ഒട്ടും പിറകിലല്ല താനും. .. അയാൾ പറഞ്ഞു.
പറഞ്ഞ സമയത്തുതന്നെ ലക്ഷ്യസ്ഥാനത്തെത്തി. വർധക്യത്തോടടുക്കുന്ന വെള്ളക്കാരായ ദമ്പതികൾ മാത്രമുള്ള ഒതുങ്ങിയ ഭവനം. കാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള കീബോർഡ് പ്രദർശനത്തിന് സജ്ജമാണ്. പവർ കോഡിന് ലേശം ചളുക്കം ഉണ്ടെന്നതൊഴിച്ചാൽ കാര്യമായ തകരാറൊന്നുമില്ല; കാലപ്പഴക്കം തോന്നാത്തവിധം സുരക്ഷിതമായി സംരക്ഷിച്ച പെട്ടിക്കു മുകളിലാണ് കീബോർഡുള്ളത്.
പ്രവർത്തിച്ചു കണ്ടപ്പോൾ തോന്നിയ സംശയങ്ങൾക്ക് കൃത്യമായ ഉത്തരം തരാൻ വീട്ടുകാരന് സാധിക്കുന്നില്ല. വർഷങ്ങളായി കൈകാര്യം ചെയ്യാത്തതിന്റെയും പ്രായാധിക്യത്തിൽ സ്വാഭാവികമായ ഓർമ്മക്കുറവിന്റെയും പ്രശ്നമാണ്. കീബോർഡിനെ സംബന്ധിച്ചും അതിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും രണ്ടു വലിയ പുസ്തകങ്ങൾ അദ്ദേഹം വച്ചു നീട്ടി.
എന്താണ് പ്ലാൻ ? വാങ്ങിക്കുന്നോ ? സുഹൃത്ത് ചോദിച്ചു. അപ്പോഴാണ് അയാൾ റോളണ്ട് കീബോർഡ് സെക്കൻഡ് ഹാൻഡ് വാങ്ങി ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന നോർത്തിന്ത്യൻ സുഹൃത്തും മ്യുസിഷ്യനുമായ ഷാമിനെക്കുറിച്ചോർത്തത്.
ഷാമിനെ വിളിക്കുന്നതിന് അനുവാദം വാങ്ങി വിളിച്ചു; കിട്ടിയില്ല. ഒടുവിൽ ഇങ്ങനെ തീരുമാനിച്ചു. ഇപ്പോൾ വിളിച്ച സുഹൃത്തുമായി ആലോചിച്ച് അയാൾ പറയുന്നതനുസരിച്ച് നാളെത്തന്നെ വിവരം അറിയിക്കുകയോ വന്നു വാങ്ങുകയോ ആകാം.
വീട്ടുകാരൻ സമ്മതിച്ചു. ഇറങ്ങാൻ തുടങ്ങുമ്പോൾ ഷാം വിളിച്ചു. കാര്യം പറഞ്ഞു. അദ്ദേഹം നിരുത്സാഹപ്പെടുത്തി. റോളണ്ടിന്റെ തന്നെ മറ്റു ചില മുന്തിയ ബ്രാൻഡുകൾ ശുപാർശ ചെയ്തു.
ശരി, എങ്കിൽപിന്നെ വേണ്ടെന്നു വയ്ക്കാം; അയാൾ തീരുമാനിച്ചു. അപ്പോഴാണ് സുഹൃത്തിന്റെ ചോദ്യം. നീയിത് പഴയതാണെന്നറിഞ്ഞു കൊണ്ടുതന്നെ വാങ്ങാൻ ഇറങ്ങിപുറപ്പെട്ടതല്ലേ ? ഭാഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിച്ച നല്ല കണ്ടീഷനിൽ ഉള്ള കീബോർഡ്. പലരു കൂടി തല്ലിയാൽ പാമ്പ് ചാകില്ല....
എങ്കിൽപ്പിന്നെ എടുക്കാം അല്ലേ ?
ശരി ഞങ്ങൾ തയ്യാറാണ്, ഫേസ്ബുക്കിൽ കണ്ട വില നൂറ്റിപത്ത് പൗണ്ട് എടുക്കാൻ തുടങ്ങുമ്പോൾ ഉടമസ്ഥൻ പറഞ്ഞു; ശരി, സന്തോഷം എഴുപത്
പൗണ്ട്!
ചിലരങ്ങനെയാണ്; ചില സാധനങ്ങൾ, പ്രത്യേകിച്ചും സെക്കൻഡ് ഹാൻഡ് വിൽക്കാൻ തീരുമാനിക്കുന്നത് വില പ്രതീക്ഷിച്ചല്ല; എങ്ങനെയെങ്കിലും ഒഴിവാക്കാൻ കൂടിയാണ്....
വൈകാരികമായി ഏറെ ബന്ധമുള്ള വസ്തുക്കളോ ... ആളുകളോ ആണെങ്കിൽ പോലും ....
ചിലരങ്ങനെയാണ്; ചില സാധനങ്ങൾ, പ്രത്യേകിച്ചും സെക്കൻഡ് ഹാൻഡ് വിൽക്കാൻ തീരുമാനിക്കുന്നത് വില പ്രതീക്ഷിച്ചല്ല; എങ്ങനെയെങ്കിലും ഒഴിവാക്കാൻ കൂടിയാണ്....!
ReplyDeleteവൈകാരികമായി ഏറെ ബന്ധമുള്ള
വസ്തുക്കളോ ... ആളുകളോ ആണെങ്കിൽ പോലും ....