Saturday, 22 August 2015

മലയാളികള്‍ വിശ്വാസപരമായി ചിന്നി ചിതറുമ്പോള്‍

നാനാത്വത്തില്‍ ഏകത്വം എന്നതാണ് സ്വതന്ത്ര ഇന്ത്യന്‍ റിപ്പബ്ലിക് പിന്തുടരുന്ന നയം. മുന്‍കാലങ്ങളില്‍ പട്ടിണിയും പരിവട്ടവും ജീവിതത്തെ ക്ലേശപൂര്‍ണ്ണമാക്കിയിരുന്ന നാളുകളില്‍ നാനാജാതി മതസ്ഥരും അന്യ മതസ്ഥരോട് സ്നേഹവും കരുണയും വേണ്ടുവോളം പ്രകടിപ്പിക്കുന്നതില്‍ ഉത്സുകരായിരുന്നു.

വിവിധ ജാതിയിലും മതത്തിലും പെട്ട അഷ്ടിക്ക് വകയില്ലാത്ത വിശ്വാസികള്‍ അന്യരാജ്യങ്ങളില്‍ ചേക്കേറി വിദേശ നാണ്യം നേടി ഒരുവിധം സമ്പന്നരായപ്പോള്‍ മത പുരോഹിതരും ജാതിക്കോമരങ്ങളും അവരെ തങ്ങളുടെ വരുതിയില്‍ ആക്കാന്‍, മതപരമായ അവന്റെ ഐഡന്റിറ്റി ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ പല തരത്തില്‍ ഉള്ള കളികള്‍ നടത്തുകയും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വിജയം കൈവരിക്കുകയും ചെയ്തു.

യു.കെ. മലയാളികള്‍ എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ഇന്ത്യയിലെ ഏതോ പ്രാദേശിക സമൂഹം മാത്രമാണ്. ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും അവയിലെ അനേകം വരുന്ന ഉപ വിഭാഗങ്ങളുടെയും പ്രസക്തി ജോലി സംബന്ധമായോ സേവന രംഗത്തോ അപ്രസക്തമാണ്.

കിട്ടുന്ന ശമ്പളത്തിന്റെ ഏക്കം അനുസരിച്ച് മുന്തിയ തരം വീടും കാറും വാങ്ങാന്‍ വെള്ളക്കാരനെ പോലെ യു.കെ. മലയാളിക്കും സ്വാതന്ത്ര്യമുണ്ട്. അവര്‍ ആ സ്വാതന്ത്ര്യം വിനിയോഗിക്കുന്നുമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ജോലിയും വെള്ളക്കാര്‍ക്ക് സമാനമായ രീതിയില്‍ തന്നെ പ്രാപ്യമാണ്.

എല്ലാ അര്‍ത്ഥത്തിലും സമാധാനപരമായി ജീവിക്കേണ്ട മലയാളി ആഗ്രഹിച്ചിട്ടോ അല്ലാതെയോ അനുഷ്ടാനങ്ങളിലൂടെ മതപരമായ കടന്നു കയറ്റം വളരെ നേരത്തെ തന്നെ സാധ്യമായി. ക്രിസ്ത്യന്‍ വിഭാഗമാണ് ഇതിനു തുടക്കം കുറിച്ചത്. എല്ലാ ആഴ്ചകളിലും നാമമാത്രമായ വിശ്വാസി സമൂഹത്തിനു വേണ്ടി ആരാധന നടത്തിയിരുന്ന ഇംഗ്ലീഷ് പള്ളികളില്‍ പോയി ആത്മീക കാര്യങ്ങള്‍ നിര്‍വഹിക്കാം എന്നിരിക്കെ മലയാളികള്‍ മലയാളം വൈദികരെ കിട്ടുന്നതില്‍ വൈകാരികമായ ആക്രാന്തം കാണിക്കയും സഭകള്‍ ഇത് മുതലാക്കി നിരവധി വൈദികരെ ഇംഗ്ലണ്ടിലേയ്ക്ക് നിയമിക്കാന്‍ ഉത്സഹിക്കുകയും ചെയ്തു.

ഭൗതികമായി എല്ലാ നന്മകളും ആസ്വദിക്കുമ്പോഴും ജോലിയും അണുകുടുംബ വുവസ്ഥകളിലെ താളപ്പിഴകളും സമ്മാനിച്ച തിക്കുമുട്ടലുകള്‍ കുടുംബങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാതിരുന്നില്ല. യു.കെ.മലയാളികള്‍ തൃപ്തരല്ല എന്ന പ്ലാക്കാര്‍ഡുമേന്തി ഇവരെ സാന്ത്വനിപ്പിക്കാന്‍ ധ്യാനഗുരുക്കളും രോഗശാന്തിക്കാരും പ്രദക്ഷിണം വയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സ്വാഭാവികമായി ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് പറഞ്ഞു പരിഹരിക്കാവുന്ന ഒട്ടനേകം പ്രശ്നങ്ങളെ പര്‍വതീകരിച്ച് മാനസികമായി രണ്ടു ധ്രുവങ്ങളില്‍ സ്ഥാപിക്കാന്‍ ആണ് ഗുരുക്കന്മാര്‍ ശ്രദ്ധിച്ചത്. കുടുംബ ജീവിതത്തിലെ പൈശാചിക സാന്നിധ്യമായി ഭര്‍ത്താവ്/ഭാര്യ പരിഗണിക്കപ്പെടുന്നത് തുടങ്ങി ചിലരില്‍ ആരാധനകളോടും അനുഷ്ടാനങ്ങളോടും ഭ്രാന്തമായ ആസക്തി ഉള്ളവരാക്കി തീര്‍ക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തി.

ആത്മീയ കച്ചവടം നടത്തുന്നവരുടെ രീതിയാണത്. ഇംഗ്ലീഷ് പള്ളികള്‍ ശൂന്യമാകാന്‍ കാരണം വെള്ളക്കാര്‍ക്ക് വേണ്ട പരിഹാരങ്ങള്‍ക്ക് മറ്റ് ഇടങ്ങള്‍ ഉണ്ട് എന്നതിനാലാണ്. മലയാളിക്ക് രണ്ടും വേണം. രോഗം ചെറുതാകട്ടെ, വലുതാകട്ടെ; എന്‍.എച്ച്.എസ്. നല്‍കുന്ന ചികിത്സയും വേണം നാട്ടില്‍ നിന്ന് എത്തുന്ന ഗുരു/രോഗശാന്തിക്കാരന്റെ കൈവയ്പും വേണം! ഈ സാഹചര്യം മുതലാക്കാന്‍ ആത്മീയരംഗത്തുള്ള വെള്ളക്കാരനെക്കാള്‍ എന്തുകൊണ്ടും മിടുക്കന്‍ മലയാളിയാണ് തീര്‍ച്ച.

ക്രൈസ്തവ സഭയില്‍ മാത്രമായി നിലനിന്നിരുന്ന ആത്മീയ ഇറക്കുമതി കലകള്‍ അന്യ മതസ്ഥരും മാതൃകയാക്കുന്ന ദയനീയ കാഴ്ചയാണ് വര്‍ത്തമാന കാല സംഭവങ്ങള്‍ വിശദീകരിക്കുന്നത്. നിങ്ങള്‍ക്ക് ആകാമെങ്കില്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നായിരിക്കും വിമര്‍ശിക്കുന്നവരോട് ഇക്കൂട്ടര്‍ക്ക് ചോദിക്കാന്‍ ഉള്ളത്. ആയിക്കോളൂ, പക്ഷേ കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലത്തെ കാര്യങ്ങള്‍ നിരീക്ഷിക്കുക. മലയാളിക്ക് നഷ്ടപ്പെട്ടതും അവന്റെ നേട്ടവും എന്തൊക്കെയെന്ന്‍? സ്വന്തം കാര്യം നോക്കി മുറി അടച്ച് കഴിയുന്നതാണോ വലിയ നേട്ടം? മറ്റുള്ളവരെ അന്യന്‍ എന്ന് കരുതി അകലം പാലിക്കുന്നതാണോ വിശ്വാസം?

1 comment:

  1. ആത്മീയ കച്ചവടം നടത്തുന്നവരുടെ രീതിയാണത്.
    ഇംഗ്ലീഷ് പള്ളികള്‍ ശൂന്യമാകാന്‍ കാരണം വെള്ളക്കാര്‍ക്ക്
    വേണ്ട പരിഹാരങ്ങള്‍ക്ക് മറ്റ് ഇടങ്ങള്‍ ഉണ്ട് എന്നതിനാലാണ്.
    മലയാളിക്ക് രണ്ടും വേണം. രോഗം ചെറുതാകട്ടെ, വലുതാകട്ടെ;
    എന്‍.എച്ച്.എസ്. നല്‍കുന്ന ചികിത്സയും വേണം നാട്ടില്‍ നിന്ന്
    എത്തുന്ന ഗുരു/രോഗശാന്തിക്കാരന്റെ കൈവയ്പും വേണം!
    ഈ സാഹചര്യം മുതലാക്കാന്‍ ആത്മീയരംഗത്തുള്ള വെള്ളക്കാരനെക്കാള്‍ എന്തുകൊണ്ടും മിടുക്കന്‍ മലയാളിയാണ് തീര്‍ച്ച...!

    ReplyDelete