Monday, 24 February 2014

ആള്‍ ദൈവങ്ങളും ആത്മീയ നിര്‍വൃതിയും

അമൃതാനന്ദമയിയും അവരുടെ ആശ്രമവും ഇന്ന് ഏറെ വിവാദത്തിലാണ്. വിവാദങ്ങളില്‍ പെടാതെ ഏതെങ്കിലും ആത്മീയ കേന്ദ്രം ലോകത്ത് എവിടെയെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടാകുമോ? അറിയില്ല. മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ അദ്ദേഹം രണ്ടു കന്യകമാരെ ഇടതും വലതും സഹായത്തിനു നിയമിച്ചതിനെയും വിമര്‍ശിച്ചവരുണ്ട്!

ആത്മീയ ജീവിയുടെ ആത്യന്തികമായ ലക്ഷ്യം മനുഷ്യ രാശിക്ക്‌ സ്നേഹത്തിന്റെ മാര്‍ഗ്ഗം പറഞ്ഞു കൊടുക്കുക എന്നതാണ്. ഇന്ന് ലോകത്ത് എവിടെയുമുള്ള മനുഷ്യര്‍ പിന്തുടരുന്ന സഹാനുഭൂതിയും മനുഷ്യത്വവും സഹവര്‍ത്തിത്വവും എല്ലാം തന്നെ ഏതെങ്കിലും ആത്മീയ ജീവിയില്‍ നിന്നോ, മറ്റ് ആത്മീയ കേന്ദ്രങ്ങളായ ജാതി മത സംവിധാനങ്ങളില്‍ നിന്നോ നേടിയ സന്മാര്‍ഗ ബോധത്തിലൂടെയാണ്.

മതങ്ങള്‍ എല്ലാം തന്നെ പഠിപ്പിക്കുന്ന സ്നേഹമെന്ന വികാരം ഇന്ന് ഒരു മതത്തിലും പ്രകടമായ വിധത്തില്‍ കാണാനില്ല. അതുകൊണ്ട് തന്നെ സമൂഹത്തിലും സ്നേഹത്തിന്റെ നാമ്പുകള്‍ ഏറെക്കുറെ കരിന്തിരി കത്തുകയോ എരിഞ്ഞോടുങ്ങുകയോ ആണ്.

ഏറ്റവും മൂല്യവത്തായത് എന്ന് കരുതിയിരുന്ന മത സംവിധാനങ്ങളില്‍ സംഭവിച്ച മൂല്യ ശോഷണത്തെ തിരുത്താന്‍ ശ്രമിക്കുകയും ദൈവിക സങ്കല്‍പങ്ങളില്‍ കുടിയേറിയിരുന്ന തിന്മയുടെ ശക്തികളെ വെല്ലു വിളിക്കുകയും ചെയ്തതിലൂടെ ഈ രംഗത്ത്‌ ചരിത്രപരമായി തിരുത്തല്‍വാദിയെന്ന വിശേഷത്തിന് യോഗ്യനായ ഒരാള്‍ ക്രിസ്തുവാണ്.

ക്രിസ്തീയ സഭകള്‍ക്ക് ഇന്ന് വന്നു ഭവിച്ച ദുരന്തം എന്താണ്? മറ്റൊരു ജാതിയിലും കാണാത്ത വിധം അഞ്ഞൂറ് വിഭാഗങ്ങള്‍ . എല്ലാം തങ്ങളുടെ സ്വകാര്യ ആചാരങ്ങളില്‍ വിശ്വാസികളെ തളച്ച് ശ്വാസം മുട്ടിക്കുന്നു.

കേരളത്തില്‍ പണ്ട് ജാതി വ്യവസ്ഥ നില നിന്ന കാലത്ത് മേല്‍ ജാതിക്കാര്‍ മാത്രം ഈശ്വരരെ ആരാധിച്ചപ്പോള്‍ കീഴ്ജാതികള്‍ക്ക് വേണ്ടി നാരായണ ഗുരു ഈഴവ ശിവനെ പ്രതിഷ്ടിച്ചു. മേല്‍ജാതിക്കാരുടെ വിഗ്രഹാരാധനയിലെ വിഡ്ഢിത്തത്തെ പരിഹസിക്കുക; ഒപ്പം സാധുക്കളായ കീഴ്ജാതിക്കാരുടെ ദൈവികാരാധനയെന്ന സ്വപ്നം സാക്ഷാത്കരിക്കുക എന്നതൊക്കെ ആയിരുന്നിരിക്കാം ഇതിനു പിന്നില്‍ ഗുരുവിനെ പ്രേരിപ്പിച്ച ഘടകം.

കാലം മാറിയിട്ടും ഒട്ടേറെ പുരോഗതി കൈവരിച്ചിട്ടും നമ്മള്‍ വിശ്വാസം സംബന്ധിച്ച് കൂടുതല്‍ അന്ധത കൈവരിച്ചതേയുള്ളൂ. സത്യം പറഞ്ഞു തരേണ്ട ബാധ്യത ഉണ്ടായിരുന്നവര്‍ക്ക് അതായിരുന്നില്ല ദൌത്യം. ഉത്തരവാദപ്പെട്ടവരുടെ പിടിപ്പുകേടോ അനാസ്ഥതയോ എന്തുമാകട്ടെ, വിശ്വാസികള്‍ക്ക് ഭൗതിക നേട്ടങ്ങള്‍ക്ക്‌ ആശ്രയിക്കാവുന്ന ഷോര്‍ട്ട് കട്ട് സംവിധാനമായി ആത്മീയത എന്നോ അധപതിച്ചു.

തൊള്ളായിരത്തി അറുപതുകളില്‍ പാശ്ചാത്യ സംഗീതം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ബീറ്റില്‍സ് (ജോണ്‍ ലെനന്‍, പോള്‍ മാര്‍ക്ക്‌ആട്നി, റിംഗോ സ്റ്റാര്‍, ജോര്‍ജ്ജ് ഹാരിസന്‍) എല്ലാ ഭൗതിക സുഖ ഭോഗങ്ങളോടും വിട പറഞ്ഞ് ആത്മീയതയുടെ നിര്‍വാണ സുഖം തേടി ഇന്ത്യയിലെത്തി. അവിടെ ഒരു വടക്കേ ഇന്ത്യന്‍ സ്വാമിയുടെ ആശ്രമത്തില്‍ അഭയം പ്രാപിച്ചു. ആദ്യം കുറച്ചു ദിവസം കുഴപ്പം തോന്നിയില്ല. പിന്നെ സ്വാമി ഇവരുടെ കഴിവുകള്‍ മുതലെടുത്ത് വാണിജ്യം ചെയ്യാന്‍ തുടങ്ങി. ഇത് മനസ്സിലാക്കി അവര്‍ എത്രയും പെട്ടെന്ന്‍ തടി തപ്പി.

ആത്മീയ ജീവി ആകട്ടെ അല്ലാത്ത ജീവി ആകട്ടെ, ഭൗതിക ജീവിതത്തില്‍ ആത്മീയ തത്വങ്ങള്‍ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ. ഒന്നാം സ്ഥാനം പണത്തിനും അഭിവൃദ്ധിക്കും തന്നെ. ഈ സാമാന്യ തത്വം മാനസ്സിലാക്കാതെ ആവണം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അമൃതാ മഠത്തിനെതിരെ കൊലവിളി ഉയരുന്നത്.

ഇവിടെ ഒരു വിഷയം ലൈംഗികാരോപണമാണ്. ഈ ആരോപണം കേള്‍ക്കാത്ത ഏതു ജാതി മത സംവിധാനമാണ് കേരളത്തിലുള്ളത്? ഒരുവന്‍/ഒരുവള്‍ ആത്മീയതയുടെ കോട്ട് ഇട്ടു കഴിഞ്ഞാല്‍ പിന്നെ ലൈംഗികതയെ കുറിച്ച് ചിന്തിക്കാനേ പാടില്ല എന്ന സാമൂഹ്യ ചിന്തയില്‍ ഇനിയെങ്കിലും നാം മാറ്റം വരുത്തേണ്ടിയിരിക്കുന്നു. പ്രായപൂര്‍ത്തിയായവര്‍ ആത്മീയ മേഖലയില്‍ ഉള്ളവര്‍ ആണെങ്കില്‍ കൂടി അവര്‍ ആരോപണ വിധേയരായാല്‍ അവരെ കല്ലെറിയാതിരിക്കുക.

മറ്റൊന്ന് സ്ഥാപനത്തിന്റെ നടത്തിപ്പ്‌. ഒരു സ്ഥാപനം വിജയകരമായി നടത്തി കൊണ്ട് പോകുക എന്നത് നിഷ്പ്രയാസം സാധിക്കുന്ന കാര്യമല്ല. രാഷ്ട്രീയക്കാരുടെ ബാന്ധവവും ഗുണ്ടായിസവും ഒക്കെ ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ ഒരു സ്ഥാപനം വിജയകരമായി നടത്തിക്കൊണ്ട് പോകാന്‍ കഴിയൂ എന്ന് ഈ ബഹളക്കാരില്‍ ആര്‍ക്കാണ്‌ അറിഞ്ഞു കൂടാത്തത്? ഏതെങ്കിലും നിസാര കാര്യങ്ങള്‍ക്ക് വില്ലേജ്‌ ഓഫീസിലോ പഞ്ചായത്ത്‌ ഓഫീസിലോ കയറി ഇറങ്ങിയിട്ടുള്ള ഏതൊരു പൗരനും ബോധ്യപ്പെട്ടിട്ടുള്ള പരമമായ സത്യമാണത്.

ഇതൊക്കെ പറയുമ്പോഴും പലരും തങ്ങളില്‍ ആര്‍ക്കെങ്കിലും അല്ലെങ്കില്‍ സ്വന്തക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഒരു മാരക രോഗം വന്നാല്‍ ഉടനെ ആലോചിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഒന്ന് അമൃത ആയിരിക്കും എന്നതും തീര്‍ച്ച! എവിടെ പോയി വിമര്‍ശന ശരങ്ങള്‍? എന്നിട്ടും ചിലര്‍ നിരത്തുന്ന ആരോപണങ്ങള്‍ ഇവയാണ്; അവിടെ രോഗികളുടെ അവയവം അടിച്ചു മാറ്റുന്നു, ചില നിര്‍ധനര്‍ക്ക് സൗജന്യ ചികില്‍സ നല്‍കും; അതിനേക്കാള്‍ കൂടുതല്‍ തുക സര്‍ക്കാരില്‍ നിന്ന് പാരിതോഷികം കൈപ്പറ്റുകയും ചെയ്യും....

ഹിന്ദി നടന്‍ സല്‍മാന്‍ ഖാന്‍ കാറില്‍ യാത്ര ചെയ്യവേ റോഡില്‍ ഒരു പിതാവ് തന്റെ വൈകല്യം ഉള്ള കുട്ടിയുമായി വീല്‍ ചെയറില്‍ പോകുന്നത് കണ്ടു. കാര്‍ നിറുത്തിയ നടന്‍ താന്‍ അറിയുന്ന ഡോക്ടറുടെ അഡ്രസ്സ് പിതാവിന് നല്‍കി പോയി കാണുവാന്‍ പറഞ്ഞു. പൂര്‍ണ്ണ ചികിത്സാ ചെലവും വഹിക്കാമെന്നേറ്റു. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം കണ്ട ഒരാള്‍ കമന്റ് എഴുതിയപ്പോള്‍ ഖാന്‍ ചെയ്ത നന്മയല്ല എഴുതിയത്; പണ്ട് ഇയാള്‍ മദ്യപിച്ചു വാഹനമോടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അപകടവും മരണവും ആണ്.

ആത്മീയത വേറെ; ഭൗതികത വേറെ. ഇനിയുള്ള കാലം ആത്മീയ നിര്‍വൃതി നുകരാം എന്ന് കരുതി ഏതെങ്കിലും ആത്മീയ കേന്ദ്രങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്നവര്‍ ഒന്നാലോചിക്കുക; നിങ്ങള്‍ കടന്നു ചെല്ലുന്നിടം ഭൗതിക ജഡികാസക്തികള്‍ നിറഞ്ഞ ഭൂമിക മാത്രമാണ്. അവിടെ ഉള്ളവര്‍ മനുഷ്യരും.





1 comment:

  1. ആത്മീയത വേറെ; ഭൗതികത വേറെ.
    ഇനിയുള്ള കാലം ആത്മീയ നിര്‍വൃതി നുകരാം
    എന്ന് കരുതി ഏതെങ്കിലും ആത്മീയ കേന്ദ്രങ്ങള്‍
    ലക്‌ഷ്യം വയ്ക്കുന്നവര്‍ ഒന്നാലോചിക്കുക; നിങ്ങള്‍
    കടന്നു ചെല്ലുന്നിടം ഭൗതിക ജഡികാസക്തികള്‍ നിറഞ്ഞ
    ഭൂമിക മാത്രമാണ്. അവിടെ ഉള്ളവര്‍ മനുഷ്യരും.
    തനി മനുഷ്യ ദൈവങ്ങൾ ....

    ReplyDelete