ജീവിതം തമാശയാണ്, സ്നേഹമാണ്, സഹനമാണ്, ഗൗരവമേറിയതാണ്, ദുരന്തമാണ്, അപകടം നിറഞ്ഞതാണ് ... ചിലർക്ക് ജീവിക്കാനുള്ളതാണ് ; ചിലർക്ക് ഹോമിക്കാനുള്ളതാണ് ...
Friday, 7 June 2019
പാഴാകാതെ പോകുന്ന സ്വപ്നങ്ങള്‍
ഏതൊരു വസ്തുവും ഉപയോഗ ശേഷം വലിച്ചെറിയുന്ന സമൂഹത്തില്‍ പാഴ്വസ്തുക്കള് ഒരു ബാധ്യതയാണ്. വലിച്ചെറിയപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന പാഴ്വസ്തുക്കളില് തന്റെ സങ്കല്പത്തിലെ നൂതന സൃഷ്ടിക്കുള്ള അസംസ്കൃത വസ്തുക്കളെ കണ്ടെത്തുകയാണ് കാര്‍ഡിഫില്‍ നേഴ്സായി ജോലി ചെയ്യുന്ന ജയ്സന് ലോറന്‍സ് എന്ന ടെക്നീഷ്യന്..., .
കുടുംബത്തോട് ചേര്‍ന്ന് പിതാവ് നടത്തിയിരുന്ന വര്‍ക്ക് ഷോപ്പും ലെയ്ത്ത് വര്‍ക്കുകളും കണ്ടു വളര്‍ന്ന ജയ്സന് ചെറുപ്പം മുതല്‍ തന്നെ യന്ത്രങ്ങളോടും അവയുടെ പ്രവര്‍ത്തനങ്ങളോടും സാങ്കേതിക വിദ്യയോടും വല്ലാത്തൊരു വൈകാരിക ബന്ധം പുലര്‍ത്തിയിരുന്നു. ഉപജീവനാര്‍ത്ഥം ഇംഗ്ലണ്ടിലെത്തി താരതമ്യേന ഭേദപ്പെട്ട നേഴ്സിംഗ് മേഖലയില്‍ ജോലി നേടിയിട്ടും ഉള്ളിലെരിഞ്ഞു കൊണ്ടിരുന്ന സ്വപ്ന സങ്കല്പങ്ങളെ തല്ലിക്കെടുത്താന്‍ ഈ ടെക്നീഷ്യന് തയ്യാറായില്ല.
വീഡിയോ ഗ്രാഫിയിലും ഫോട്ടോഗ്രാഫിയിലും എന്ന് വേണ്ട പാട്ട് നൃത്തം തുടങ്ങി കലയുടെ വിവിധ മേഖലയിലും കര്‍മ്മ നിരതനായ ജയ്സന് സ്വന്തമായി സൗണ്ട് സിസ്റ്റം ഉള്‍പ്പെടെ സാങ്കേതിക വിദ്യയുടെ വിപുലമായ ശ്രേണി കെട്ടിപ്പടുത്തുന്നതില്‍ ഉത്സാഹിച്ചു കൊണ്ടിരുന്നു. വിവിധയിനം സംഗീത വാദ്യ ഉപകരണങ്ങള്‍ , സ്റ്റില്‍ / വീഡിയോ ക്യാമറകള്‍ , വീടിനുള്ളില്‍ ചെറിയ രീതിയില്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ തുടങ്ങി പല സംരംഭങ്ങളും സംഘടിപ്പിക്കാന്‍ പ്രേരണയായത് കലയോടും സാങ്കേതിക വിദ്യയോടും അതിന്റെ സംയോഗങ്ങളോടും ഉള്ള അഭിനിവേശം ഒന്ന് മാത്രമായിരുന്നു.
പാരമ്പര്യത്തിന്റെ പ്രചീനമല്ലാത്ത ഊടുവഴികളില്‍ ജയ്സന്റെ പിതാവ് പിന്നിട്ടതും തന്നിഷ്ടത്തിന്റെ സ്വപ്ന വീഥികള്‍ തന്നെയായിരുന്നു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്നില്‍ സ്നേഹം ഒരു പ്രവാഹം എന്ന മലയാള സിനിമ നിര്‍മ്മിക്കാന്‍ അദ്ദേഹത്തെ പ്രേരിതനാക്കിയതും കലയോടുള്ള അഭിനിവേശമല്ലാതെ മറ്റൊന്നുമായിരുന്നില്ല. റിലീസ് ചെയ്യാന്‍ കഴിയാതെയും ചെയ്തിട്ട് പൊട്ടി പോകുകയും ചെയ്ത മറ്റനേകം സിനിമകളില്‍ ഒന്നാകാനയിരുന്നു അന്നത്തെ സൂപ്പര്‍ നായകന് സുകുമാരന്‍ പ്രധാന റോളില്‍ അഭിനയിച്ച ആ സിനിമയുടെയും വിധി!
സിനിമ വരുത്തിയ സാമ്പത്തിക ബാധ്യത ജയ്സന്റെ എന്‍ജിനീയറിംഗ് ഡിഗ്രി എന്ന സ്വപ്നത്തിന്മേല് കരിനിഴല്‍ വീഴ്ത്തി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഉണ്ടായിരുന്ന ജയ്സന്റെ മുമ്പില്‍ പിന്നെ ഉണ്ടായിരുന്ന ഏക വഴി നേഴ്സിംഗ് തെരഞ്ഞെടുക്കുക എന്നതായിരുന്നു. വിവഹ ശേഷം ഭാര്യയോടൊത്ത് ഇംഗ്ലണ്ടില്‍ എത്തിയ ജയ്സണ്‍ ഏറെ കഴിയുന്നതിനു മുമ്പേ സഹോദരന് താമസിക്കുന്ന കാര്‍ഡിഫില്‍ അറ്റകുറ്റ പ്പണികള്‍ ഏറെ ഉണ്ടായിരുന്ന ഒരു വീട് വാങ്ങി ജ്യേഷ്ടന്റെ കൂടി സഹായത്തോടെ പണികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി താമസം തുടങ്ങി.
ഫോട്ടോ ഗ്രാഫിയിലും വീഡിയോയിലും നേടിയ പ്രവര്‍ത്തി പരിചയത്തില്‍ നിന്നും വിവിധ ആംഗിളുകളില്‍ സ്റ്റില്‍ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനു സഹായകരമായ സ്റ്റാന്‍ഡുകള്‍ റെയിലുകള്‍ ക്രെയിന്‍ തുടങ്ങിയ അനുബന്ധ സാങ്കേതിക വിദ്യകള്‍ സ്വയം വികസിപ്പിക്കുന്നതിലായി പിന്നിടുള്ള ശ്രദ്ധയും പരിശ്രമവും. ക്ഷമയോടെയുള്ള ദീര്‍ഘനാളത്തെ പരീക്ഷണങ്ങള്‍ സങ്കല്പങ്ങളില് പലതും യഥാര്‍ത്ഥ്യമാക്കി.
രണ്ടു മരങ്ങളിലോ പില്ലറുകളിലോ കൂട്ടി കെട്ടിയ കേബിളില്‍ ഘടിപ്പിച്ച് ക്യാമറ യഥേഷ്ടം ചലിപ്പിക്കാവുന്നതാണ് ഇതിലൊന്ന്. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ വിന്‍ഡ് സ്ക്രീനോടു ചേര്‍ന്ന് ഘടിപ്പിക്കാവുന്ന ക്യാമറ സ്റ്റാന്റ് ആണ് മറ്റൊന്ന്. അടുത്തത് ഒരു മീറ്റര്‍ നീളത്തില്‍ വീഡിയോ ക്യാമറ ഘടിപ്പിച്ച് സ്ലൈഡ് ചെയ്യുന്നതിനുള്ള സ്ലൈഡര്‍ സ്റ്റാന്റ്. വീഡിയോ ക്യാമറ ഷോള്ഡറില് ഇളകാതെ ഇരിക്കുന്നതിനുള്ള മറ്റൊരു ഉപകരണം. താഴെ നിന്ന് മുകള്‍ വരെയുള്ള ആംഗിളില്‍ ഷൂട്ട് ചെയ്യാവുന്ന ജിബ് ക്രെയിന്‍. , ഒരു മേശയിലോ പ്രതലതിലോ ഘടിപ്പിച്ച് ചുറ്റിലും ഷൂട്ട് ചെയ്യാവുന്ന മറ്റൊന്ന് ... അങ്ങനെ പോകുന്നു ജയ്സന്റെ പരീക്ഷങ്ങങ്ങള്‍ .
മാര്‍ക്കറ്റില്‍ നൂറുമുതല്‍ നൂറ്റിയമ്പത് പൗണ്ട് വരെ വില വരുന്ന ഈ സാമഗ്രികള്‍ നിര്‍മ്മിക്കാന്‍ ജയ്സന് ചെലവിടുന്നത് പലപ്പോഴും അഞ്ചു മുതല്‍ ഇരുപതു പൗണ്ട് വരെ യാണ്.
തനിക്ക് ഗ്രഹ്യമുള്ളതും ഏറെ താല്പര്യമുള്ളതുമായ ടെക്നിക്കല്‍ മേഖലയില്‍ മാത്രം ശ്രദ്ധിച്ചു കൊണ്ട് മറ്റ് കാര്യങ്ങളില്‍ സുഹൃത്തുക്കളുടെ സഹകരണം തേടുന്ന രീതിയാണ് ജയ്സന്റെത്. മലയാളികള്‍ക്കും മറ്റ് ഇന്ത്യക്കാര്‍ക്കും പുറമേ മറ്റു പല രാജ്യങ്ങളിലുമുള്ള കലാകാരന്മാരുമായും ജയ്സന് നല്ല ബന്ധമാണുള്ളത്. ഇംഗ്ലീഷുകാരുടെ കൂട്ടായ്മകള്‍ ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം സംരംഭത്തില്‍ ഏര്‍പ്പെടാനുള്ള ക്ഷണവും ജയ്സനെ തേടിയെത്തി. ഈ രംഗത്തുള്ള തന്റെ അര്‍പ്പണബോധത്തിനുള്ള അംഗീകാരമായിട്ടാണ് ജയ്സണ്‍ ഇതിനെ കാണുന്നത്.
യു.കെ.യില്‍ അങ്ങോളമിങ്ങോളമുള്ള മലയാളികളില്‍ കലയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയില്‍ നിന്ന് പുതിയ കലാ സംരംഭങ്ങള്‍ ഉണ്ടാകണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്ന ഈ കലാകാരന് തന്റെ കഴിവുകള്‍ ഭാവിയില്‍ ഇത്തരം സംരംഭങ്ങളില്‍ പ്രയോജനപ്പെടുത്താനാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്.
ഭാര്യ : സ്മിത, മക്കള്‍ :റോവന്‍, റോസ് മരിയ.
Subscribe to:
Post Comments (Atom)

'ഏതൊരു വസ്തുവും ഉപയോഗ ശേഷം വലിച്ചെറിയുന്ന
ReplyDeleteസമൂഹത്തില്‍ പാഴ്വസ്തുക്കള് ഒരു ബാധ്യതയാണ്. വലിച്ചെറിയപ്പെടുകയും
ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന പാഴ്വസ്തുക്കളില് തന്റെ സങ്കല്പത്തിലെ നൂതന
സൃഷ്ടിക്കുള്ള അസംസ്കൃത വസ്തുക്കളെ കണ്ടെത്തുകയാണ് കാര്‍ഡിഫില്‍ നേഴ്സായി
ജോലി ചെയ്യുന്ന ജയ്സന് ലോറന്‍സ് എന്ന ടെക്നീഷ്യന്..'
ജെയ്സണെ നന്നായി പരിചപ്പെടുത്തിയിരിക്കുന്നു ...
ഈ അതുല്യ കലാകാരന്റെ വർക്ക് മറ്റീരിയൽ
അടക്കം രണ്ട് മൂന്ന് ചിത്രങ്ങളും കൂടി കൊടുക്കാമായിരുന്നു കേട്ടോ സാബു ഭായ്
തീർച്ചയായും. 2016 ൽ ഒരു ഓൺ ലൈൻ പോർട്ടലിനു വേണ്ടി എഴുതി പ്രസിദ്ധീകരിച്ചത്. ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നത് ഇപ്പോൾ.
ReplyDelete