Tuesday, 25 June 2019

യു.കെ.മലയാളികളുടെ കള്ളുകുടിയും ആഘോഷങ്ങളും മതപരമായി മാറുമ്പോൾ ...

ജീവിതത്തിൽ ഏറ്റവും കൂടുതൽ സംഘർഷം അനുഭവിക്കുന്നത് ഭക്ഷണത്തിനു വകയില്ലാതെ അലയുന്നവരാണ്. ഒരാളാണെങ്കിൽ ഭിക്ഷാടനത്തിലൂടെ അതിനു പരിഹാരം കണ്ടെത്താം; താൻ വസിക്കുന്നത് വികസിത രാജ്യമോ വികസ്വര രാജ്യമോ ആണെങ്കിൽ.

ദരിദ്ര്യ രാജ്യങ്ങളിൽ ഒരു ജനത തന്നെ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ അവിടെ ഭിക്ഷാടനത്തിനു പ്രസക്തിയില്ല. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ പട്ടിണി മരണം പോലുള്ള തലക്കെട്ടുകൾ പത്രമാധ്യമങ്ങളിലൂടെ മിന്നിമറയുമ്പോൾ നമ്മൾ അതിനെ മറ്റാരുടെയോ വിഷയമെന്ന മട്ടിൽ അത്രകണ്ട് ഗൗനിക്കാറില്ല.

പത്തിരുപതു കൊല്ലം മുമ്പ് കേരളത്തിൽ ഒരു പട്ടിണി മരണം വാർത്തയായി. അയൽക്കാർ പോലും അറിഞ്ഞിരുന്നില്ല ഇവരുടെ പട്ടിണിയെക്കുറിച്ച്. അന്തസ്സും ആഭിജാത്യവും കാത്തുസൂക്ഷിക്കുന്ന ജനുസ്സിൽ പെട്ടവർക്ക് അത്യപൂർവ്വമായി വന്നു ഭവിച്ച ദുര്യോഗം...

മറ്റൊന്ന് വാർധക്യമാണ്. വാർധക്യത്തിൽ എന്തുണ്ടായിട്ടും കാര്യമില്ല. ആള് ഡോക്‌ടർ ആയിരിക്കാം , എഞ്ചിനീയർ ആയിരിക്കാം , പുരോഹിതനോ മെത്രാനോ പോപ്പോ ആയിരിക്കാം ... ഉണ്ണാനും ഉടുക്കാനും കിടക്കാനും വിസർജിക്കാനും പരസഹായം വേണമെന്നു വന്നാൽ ? അതിനു യന്ത്രങ്ങൾ പോരാ; ആളുകൾ തന്നെ വേണം (മനുഷ്യ വിഭവശേഷി)

ഇന്നിപ്പോൾ ലോക രാജ്യങ്ങൾ തങ്ങളുടെ മൂല്യമേറിയ വിദേശ കറൻസികൾ കാട്ടി നമ്മെ മാടി വിളിക്കുകയാണ്; എന്തിന് ? അവന്റെ രാജ്യത്തെ വൃദ്ധ പ്രജകളുടെ മേൽപറഞ്ഞ ആവശ്യങ്ങൾ നിർവ്വഹിക്കാൻ.

നമ്മൾ പഠിച്ചു മത്സരിച്ചു മുന്നേറുകയാണ്; എന്തിന് ? മൂല്യമേറിയ വിദേശ കറൻസികൾ സ്വന്തമാക്കുവാൻ. കേരളം പോലുള്ള കൊച്ചു സംസ്ഥാനം ഇപ്പറഞ്ഞ വിദേശനാണയങ്ങളുടെ ഗുണദോഷങ്ങൾ അനുഭവിക്കുന്ന ഒരിടമായി മാറി എന്നത് മറ്റൊരു കാര്യം.

വിദേശ നാണയം സ്വപ്നം കണ്ട് ലോകത്തെവിടെയോ ഉള്ള ആരുടെയോ വൃദ്ധമാതാപിതാക്കളെ പരിചരിക്കാൻ വെമ്പൽ കൊണ്ടോടുന്ന മലയാളി സ്വന്തം മാതാപിതാക്കൾക്ക് തമിഴനെയും ബംഗാളിയെയും ആശ്രയിക്കുന്നു എന്നത് കാര്യമാണോ, തമാശയാണോ ?

യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഒരു വ്യാഴവട്ടക്കാലത്തിൽ അധികമായി ജീവിച്ചിട്ടും ഇവിടുത്തെ ജനസമൂഹവുമായി ഇഴുകി ചേർന്നിട്ടും വൃദ്ധ സദനങ്ങളിൽ ജോലി ചെയ്തിട്ടും മനുഷ്യ ജീവിതത്തെയും ജീവിതാവസ്ഥകളെയും: ഇന്ത്യയിലാകട്ടെ; യൂറോപ്പിലാകട്ടെ, ഒന്നായി കാണാൻ മലയാളി സമൂഹത്തിനു കഴിഞ്ഞിട്ടുണ്ടോ ? ഇല്ല.

എന്താണ് തെളിവ്? ഇവിടെ മതങ്ങൾ ഏറെക്കുറെ അപ്രസക്തരായി തങ്ങളുടെ പരിമിതമായ ലാവണങ്ങളിൽ ചില്ലറ വ്യവഹാരങ്ങളും മറ്റുമായി കഴിഞ്ഞിടത്ത്, നിൽക്കക്കള്ളിയില്ലാതെ മുസ്ലിം സമൂഹമുൾപ്പെടെയുള്ളവർക്ക് കച്ചവടം ചെയ്യാൻ പള്ളികൾ വിറ്റു തുലയ്ക്കുന്നതും കണ്ടു.

അപ്പോഴാണ് നമ്മുടെ രംഗപ്രവേശം. പള്ളി കച്ചവട കേന്ദ്രമാകണമോ പള്ളി തന്നെയാകണമോ ? മലയാളികൾക്ക് തുരുതുരാ പള്ളികൾ റെഡി... ഇവിടെ കാര്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്; എന്താണ് ദാരിദ്ര്യവും ആരോഗ്യവും വാർധക്യവും സംബന്ധിച്ച നിങ്ങളുടെ കാഴ്ച്ചപ്പാട് ?

കഴിഞ്ഞ പത്തിരുപതു കൊല്ലമായി ഈ രാജ്യത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുകയും ഈ രാജ്യത്തിലേക്ക് വരുന്ന പത്തു ലോറികളിൽ ആറെണ്ണം മദ്യമായിരിക്കെ അതു പൈശാചികവും വീട്ടിൽ കയറ്റാൻ കൊള്ളാത്തതും എന്ന മട്ടിൽ ഏതോ വിവരദോഷിയായ മലയാളി വൈദികന്റെ ഉപദേശ പ്രകാരം ജീവിക്കാൻ തയ്യാറാകുകയും ചെയ്താൽ പിന്നെ നിങ്ങളായി ... നിങ്ങളുടെ പാടായി ...


1 comment:

  1. യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഒരു വ്യാഴവട്ടക്കാലത്തിൽ അധികമായി ജീവിച്ചിട്ടും ഇവിടുത്തെ ജനസമൂഹവുമായി ഇഴുകി ചേർന്നിട്ടും വൃദ്ധ സദനങ്ങളിൽ ജോലി ചെയ്തിട്ടും മനുഷ്യ ജീവിതത്തെയും ജീവിതാവസ്ഥകളെയും: ഇന്ത്യയിലാകട്ടെ; യൂറോപ്പിലാകട്ടെ, ഒന്നായി കാണാൻ മലയാളി സമൂഹത്തിനു കഴിഞ്ഞിട്ടില്ല

    ReplyDelete