ഗാനഗന്ധര്‍വന്‍ യേശുദാസും ഭാവഗായകന്‍ ജയചന്ദ്രനും അവരുടെ സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് നടന്ന യുവജനോല്‍സവ വേദിയില്‍ വെവ്വേറെ മല്‍സരങ്ങളില്‍ ഏര്‍പ്പെട്ടു. വായ്പട്ടില്‍ യേശുദാസും മൃദംഗത്തില്‍ ജയചന്ദ്രനും. രണ്ടു പേരും പങ്കെടുത്ത ഇനങ്ങളില്‍ ഒന്നാം സമ്മാനവും നേടി. കാലമേറെ കഴിഞ്ഞപ്പോള്‍ ഇരുവരും കേരള ജനത നെഞ്ചേറ്റി ലാളിക്കുന്ന അനുഗൃഹീത ഗായകരായി മാറുകയും ചെയ്തു.
"ചിരിയോ ചിരി" എന്ന ബാലചന്ദ്രമേനോന്‍ സിനിമയ്ക്ക് വേണ്ടി ഇരുവരും ചേര്‍ന്ന് "സമയരഥങ്ങളില്‍ " എന്ന ഗാനം ആലപിച്ചു. ഞങ്ങളുടെ ഒക്കെ കൗമാര കാലത്ത് ഏറെ ഹിറ്റായി മാറിയ നഖക്ഷതങ്ങള്‍ എന്ന സിനിമയില്‍ രണ്ടു പേരും ഗാനങ്ങള്‍ പങ്കിട്ടു. റേഡിയോയില്‍ ഉച്ചയ്ക്ക് "ആരെയും ഭാവ ഗായകനാക്കും" എന്ന ഗാനം യേശുദാസ് പാടിയത് പ്രക്ഷേപണം ചെയ്തെങ്കില്‍ വൈകിട്ട് "കേവലം മര്‍ത്യ ഭാഷ കേള്‍ക്കാത്ത" എന്ന ജയചന്ദ്രന്‍ ഗാനം ആയിരിക്കും പ്രക്ഷേപണം ചെയ്യുക.
വാര്‍ധക്യത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിട്ടും രണ്ടു പേരും കിട്ടുന്ന അവസരങ്ങളില്‍ ഭംഗിയായി തന്നെ ദൈവം നല്‍കിയ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
യേശുദാസും ജയചന്ദ്രനും ഒക്കെ പാടി തുടങ്ങിയ പഴയ കാലത്തില്‍ നിന്നും നാം ഏറെ മുന്നോട്ടു പോയി. ഇന്നിപ്പോള്‍ പാട്ടില്‍ അഭിരുചിയും ഒരു വിധം കൊള്ളാവുന്ന ശബ്ദവും ഉള്ളവര്‍ക്ക് ഫുള്‍ ഓര്‍ക്കസ്ട്രയുടെ ട്രാക്ക് ഉപയോഗിച്ച് വീട്ടില്‍ ഇരുന്നു ഏതു കട്ടിയായ പാട്ടും തുടര്‍ച്ചയായി സാധകം ചെയ്യാവുന്ന സാഹചര്യമുണ്ട്. റിയാലിറ്റി ഷോകളിലെ പ്രകടനങ്ങളില്‍ അത് നന്നായി അനുഭവപ്പെടുന്നുമുണ്ട്.
കാലം മാറുന്നതനുസരിച്ച് സംഗീതത്തിന്റെ ആസ്വാദനത്തിലും വലിയ വ്യത്യാസങ്ങള്‍ വന്നു. മലയാള സിനിമ ഗാനങ്ങള്‍ കര്‍ണാടിക്ക് സംഗീതത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമായും ചിട്ടപ്പെടുത്തിയിരുന്നത്. അപൂര്‍വം ചില സംഗീത സംവിധായകര്‍ ഹിന്ദുസ്ഥാനി സംഗീതത്തെ അടിസ്ഥാനപ്പെടുത്തിയും പാടുകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇന്ന് പാശ്ചാത്യ സംഗീതവും മാറ്റ് ലോക സംഗീതങ്ങളും കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന പുതിയ തലമുറ ഉദയം ചെയ്തതിലൂടെ മലയാളത്തിനു അന്യമായ സംഗീതങ്ങളും നമുക്ക് പരിചിതമായി.
പരമ്പരാഗത രീതിയില്‍ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചവര്‍ ഇതിനെ എതിര്‍ക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്യുക സ്വാഭാവികം. എന്ന് കരുതി അതിന്റെ തള്ളിക്കയറ്റത്തിനു തടയിടാന്‍ ആര്‍ക്കും കഴിയുകയില്ല. പഴയകാല സിനിമാഗാനങ്ങള്‍ പലതും ഇന്നും പുതിയ തലമുറയും നെഞ്ചേറ്റി ലാളിക്കുന്നു എന്നത് ആ ഗാനങ്ങളുടെ രചനാ സൌകുമാര്യവും സംഗീതത്തിന്റെ മാന്ത്രികതയും തന്നെയാണ് വെളിവാക്കുന്നത്.
നൃത്തമോ, പാട്ടോ, സിനിമയോ ഏതുമാകട്ടെ, പഴയ കാലങ്ങളില്‍ അതിനു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ടിട്ടും പലര്‍ക്കും ഒന്നുമാകാന്‍ സാധിക്കാതെ പോയെങ്കില്‍ ഇന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് സെലിബ്രിറ്റി ആകാനുള്ള നെട്ടോട്ടമാണ്. നാട്ടിലെ വിവിധ ചാനലുകള്‍ സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോകളില്‍ പ്രകടമാകുന്നത് ഈയൊരു മല്‍സര പ്രവണതയാണ്.
ഇതിന്റെ ബഹിര്‍സ്ഫുരണങ്ങളാണോ ഇവിടെ നടക്കുന്ന കലാമേളകളിലും സംഭവിക്കുന്നത്. കഴിഞ്ഞ ആഴ്ച യുക്മയുടെ ആഭിമുഖ്യത്തില്‍ വളരെ നല്ല രീതിയില്‍ യു.കെ.യിലുള്ള കുട്ടികള്‍ക്കായി മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കിട്ടിയ പലരുടെയും ഫോട്ടോയും വാര്‍ത്തയും തലങ്ങും വിലങ്ങും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഫേസ്ബുക്കിലും സജീവമായിരുന്നു. നല്ല കാര്യം തന്നെ; എന്നാല്‍ കലയെന്നാല്‍ ഇത്തരം മത്സരവും സമ്മാനം നേടലും മാത്രമാണോ?
നൃത്തരൂപമെടുത്താല്‍ മാര്‍ക്കിടുന്ന വൈജ്ഞാനികരെ മാറ്റി നിറുത്തിയാല്‍ കാണികളില്‍ എത്ര പേര്‍ക്ക് ക്ലാസിക്കല്‍ ഡാന്‍സ് ആസ്വദിക്കാന്‍ ഇവിടെ കഴിയുന്നുണ്ട്? പങ്കെടുക്കുന്ന കാണികളെ ഒന്നടങ്കം ആസ്വദിപ്പിക്കാന്‍ കഴിയുമ്പോള്‍ മാത്രമല്ലെ ഏതൊരു കലയും അതിന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നുള്ളൂ?
ആ മനിലയില്‍ നോക്കിയാല്‍ കലയുടെ പേരില്‍ ഇറങ്ങി തിരിച്ച കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും എങ്ങനെയും സമ്മാനം നേടുക എന്നതില്‍ കവിഞ്ഞു സാമൂഹ്യമായ ഒരു ബാധ്യത കൂടി ഇല്ലേ? ചുരുക്കം ചില കുട്ടികള്‍ സമ്മാനം നേടി അഭിനന്ദനങ്ങളാല്‍ വീര്‍പ്പുമുട്ടുകയും ഡസന്‍ കണക്കിന് പങ്കെടുത്തവര്‍ മൂന്നാം സ്ഥാനം പോലും നേടാതെ നിരാശരാകുകയും കാണികള്‍ പലര്‍ക്കും കലയുടെ ആസ്വാദനം സംബന്ധിച്ച് ബോധ്യം ഇല്ലാതെ വരികയും ചെയ്യുക എന്നതാണ് നാമിവിടെ നേരിടുന്ന ദുര്യോഗം.
യുക്മയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുമ്പോള്‍ തന്നെ മലയാളികളുടെ സംഘടന എന്ന നിലയില്‍ കലയെയും സാഹിത്യത്തെയും ഭാഷയെയും സാമാന്യ വല്ക്കരിക്കുന്നതിലും ജനഹൃദയങ്ങളില്‍ ഉറപ്പിക്കുന്നതിലും ചെറുതല്ലാത്ത പങ്ക് വഹിക്കാനുണ്ടെന്ന് തന്നെ വേണം കരുതാന്‍. അതിലൂടെ കുട്ടികളിലും മുതിര്‍ന്നവരിലും നമ്മുടെ പുരാണെതിഹാസങ്ങളും പൈതൃകവും ചരിത്രവും മൂല്യബോധവും പകരാന്‍ കഴിയും. അങ്ങനെയാണ് നമ്മുടെ തനതായ സംസ്കാരം സംരക്ഷിക്കപ്പെടുന്നത്. കേവലം വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു മേള എന്നതിലുപരി വിജയികളെയും പരജിതരെയും എല്ലാം ഉള്‍പ്പെടുത്തി വിശാല വീക്ഷണത്തോടെ ഒരു പറ്റം പേരുടെ യത്നം തുടര്‍ച്ചയായി ആവശ്യമുള്ള ഒരു മേഖലയായി ഇതിനെ മാറ്റേണ്ടിയിരിക്കുന്നു.
No comments:
Post a Comment