സന്തോഷ് പണ്ഡിറ്റ് കൃഷ്ണനും രാധയും എന്നൊരു സിനിമ ഒരുക്കി. തീയേറ്റര്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കുന്നതല്ല തന്റെ കലോപഹാരമെന്ന തിരിച്ചറിവ് സോഷ്യല്‍ നെറ്റ് വര്‍ക്കിലേക്ക് തിരിയാന്‍ ഇയാളെ പ്രേരിപ്പിച്ചു. യു ട്യൂബില്‍ ഗാനരംഗങ്ങള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയ വിപണന തന്ത്രം അയാള്‍ പോലും വിചാരിക്കാത്ത വിധം ജനപ്രീതി നേടി.
തുടര്‍ന്ന് തിയേറ്ററുകള്‍ സിനിമ ഓടിക്കാന്‍ തയ്യാറായി. റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിലും നിന്ന് നല്ല രീതിയില്‍ കളക്ഷനുമുണ്ടായി. മലയാളസിനിമാ ചരിത്രത്തില്‍ ആദ്യമായി ഏറെ വൈകല്യങ്ങള്‍ ഉള്ള ഒരു ചലചിത്രം ഹിറ്റാവുകയായിരുന്നു. ഒപ്പം ഫിലിം മേക്കര്‍ സന്തോഷ് പണ്ഡിറ്റും!
കഴിവും കലാബോധവും വേണ്ടുവോളമുള്ള അനേകര്‍ ഒന്നുമാകാതെ കടന്നു പോയ ചരിത്രമാണ് മലയാള സിനിമയ്ക്കുള്ളത്. അവിടെയാണ് സന്തോഷ് ഈ നേട്ടം കൈവരിച്ചതെന്നത് ചില പഠനങ്ങള്‍ അര്‍ഹിക്കുന്നു.
സന്തോഷ് പറഞ്ഞ കഥ എന്താണ്? അത് ഒരിക്കലും ഒരു സെക്സ് സിനിമയുടെതായിരുന്നില്ല. സില്‍ക്ക് സ്മിത, അനുരാധ തുടങ്ങിയ നടിമാരുടെ നഗ്ന തുടകള്‍ മാത്രം വിഷയമാക്കി ഒരുകാലത്ത് മലയാള സിനിമയില്‍ ഒരു സമാന്തര സിനിമ നില നിന്നിരുന്നു. ഭീമന്‍ രഘു നായകനായ കാളരാത്രി ഒക്കെ ഉദാഹരണം.
ആ സിനിമകള്‍ക്കൊന്നും കിട്ടാതെ പോയ വിമര്‍ശനം പാവം സന്തോഷിനു നല്‍കുന്നതിലെ വൈരുധ്യം ചിന്തനീയമാണ്. യഥാര്‍ത്ഥത്തില്‍ സന്തോഷിന്റെ സിനിമ ഒരു കുടുംബ ചിത്രമാണ്. അമ്മയ്ക്കും അച്ഛനും ഒപ്പമിരുന്നു കാണാന്‍ കഴിയുന്ന ഒന്ന്.
അയാള്‍ തിരഞ്ഞെടുത്ത വിഷയം കുറെ പഴയതാണ്. രണ്ടു ജാതിയില്‍ ഉള്ളവര്‍ പ്രണയിക്കുന്നതും വിവാഹം കഴിഞ്ഞ് വീട്ടുകാരുടെ ആശ്രയമില്ലാതെ ജീവിക്കുന്നതും ജീവിത പങ്കാളി മരണപ്പെടുന്നതും ഒക്കെ. ഇത് തന്നെയാണ് ജനപ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ പറഞ്ഞതും.
എന്നാല്‍ സത്യന്‍ തന്റെ സിനിമ സംവിധാനം ചെയ്യുക മാത്രമാണ് ചെയ്തതെങ്കില്‍ സത്യന്റെ നായകന്‍ അഭിനയിച്ച വേഷം തന്റെ സിനിമയില്‍ സന്തോഷ് തന്നെ ചെയ്തു എന്നതാണ് ഇവര്‍ തമ്മിലുള്ള വ്യത്യാസം. അതുമാത്രമോ? ക്യാമറ ഒഴികെ മറ്റ് പതിനെട്ടു ജോലികളും ഇയാള്‍ തന്നെ ചെയ്തു എന്ന് പറയുന്നു.
ഇങ്ങനെയെങ്കില്‍ സന്തോഷിന് മലയാള സിനിമയില്‍ ഒരു സ്ഥാനലബ്ധിക്ക് അര്‍ഹതയില്ലെന്ന് ആര്‍ക്കു പറയാന്‍ കഴിയും? ഇവിടെ ഇദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ആരാണ്? സിനിമാ രംഗത്ത് എന്തൊക്കെയോ ചെയ്തു വിജയിച്ചു എന്ന് സ്വയം അഭിമാനിക്കുന്ന ചിലര്‍ ... സിനിമാസ്വാദനം സിനിമ ഉണ്ടാക്കുന്നതിലും വലിയ കാര്യമാണെന്ന് സ്വയം കരുതുന്ന മറ്റു ചിലര്‍ ... സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത അറുബോറന്‍ പരിപാടികളുടെ അവതാരകരായി ടെലിവിഷനില്‍ നിറയുന്നവര്‍ ...
ഇവിടെ നാം ഓര്‍ക്കേണ്ട ഒന്നുണ്ട്. സന്തോഷിന് മുമ്പ് ഇതുപോലെ യുട്യൂബില്‍ തരംഗമായ സില്‍സില തയ്യാറാക്കിയ കലാകാരന്‍ . അയാള്‍ എത്ര വേഗം കലാലോകത്ത് നിന്ന് നിഷ്കാസിതനായി? ഇവിടെ കൃഷ്ണനും രാധയും ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സന്തോഷ് ചാനലുകളില്‍ സജീവമാണ്. അവിടെയാണ് സന്തോഷിന്റെ വ്യക്തിത്വം. അയാള്‍ ഒരു കഥ അയാള്‍ക്ക് അറിയുന്ന വിധത്തില്‍ സിനിമയാക്കി. അതിലെന്താണ് തെറ്റ്? ആര്‍ക്കാണ് അഭിപ്രായ വ്യത്യാസം?
കഴിഞ്ഞ ദിവസം ജോണ്‍ ബ്രിട്ടാസിന്റെ നമ്മള്‍ തമ്മില്‍ കണ്ടപ്പോഴും ന്യൂ ജനറേഷനില്‍ പെട്ട പെണ്‍കുട്ടികള്‍ അയാളെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നതായി തോന്നി. വളരെ ചുരുക്കം ചില പെണ്‍കുട്ടികള്‍ അയാള്‍ക്ക് പിന്തുണയും നല്‍കി എന്നത് അയാള്‍ക്ക് ഒരംഗീകാരം തന്നെയാണ്.
പിറ്റേന്ന് ആ പരിപാടിയുടെ കമന്റുകള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി! സന്തോഷിനെ അനുകൂലിച്ചു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമന്റുകള്‍ ... പഴയ കാല സെക്സ് പടത്തെ വെല്ലുന്ന ചീത്ത വിളികള്‍ .. സന്തോഷിനെയല്ല ; അയാളെ ഒരു കാരണവും കൂടാതെ വിമര്‍ശിക്കുന്ന ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത കേരളത്തിലെ സദാചാര പരിഷകളെ ...
നിങ്ങള്‍ കരുതിയിരിക്കുക; മലയാളികള്‍ ലോകത്തെമ്പാടുമുണ്ട്. അവര്‍ കേരളത്തില്‍ നടക്കുന്ന ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്നുമുണ്ട്. സ്വയം വിഡ്ഢിത്തരങ്ങള്‍ വിളിച്ചു പറഞ്ഞ് സ്വയം അപഹാസ്യരാകാതിരിക്കാന്‍ ശ്രമിക്കുക. സന്തോഷ് ചെയ്തതിനേക്കാള്‍ എത്രയോ വലിയ തെറ്റുകള്‍ നമ്മുടെ കൊച്ചു സമൂഹത്തില്‍ നടക്കുന്നു. അതിനെതിരെ പ്രതികരിക്കുക. ഒരു പാവം കലാകാരന്റെ ബലഹീനത ചൂഷണം ചെയ്യാന്‍ മാത്രമായി നിങ്ങളുടെ കഴിവും സമയവും നിങ്ങള്‍ വിനിയോഗിക്കേണ്ടതുണ്ടോ
u r right sabu...
ReplyDeleteനിങ്ങള്‍ കരുതിയിരിക്കുക; മലയാളികള്‍ ലോകത്തെമ്പാടുമുണ്ട്. അവര്‍ കേരളത്തില്‍ നടക്കുന്ന ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്നുമുണ്ട്. സ്വയം വിഡ്ഢിത്തരങ്ങള്‍ വിളിച്ചു പറഞ്ഞ് സ്വയം അപഹാസ്യരാകാതിരിക്കാന്‍ ശ്രമിക്കുക
ReplyDelete