ഷോപ്പിംഗ്
മിനിക്കഥ
തണുത്തുറഞ്ഞ രാവിനെ പ്രസന്നമാക്കാന്‍ സൂര്യ കിരണങ്ങള്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഫലിക്കാതെ പോയ അനേകം ദിവസങ്ങളിലെ ഒരു വിന്റര്‍ പ്രഭാതമായിരുന്നു അന്ന്.
ഷോപ്പിങ്ങിനുള്ള ലിസ്റ്റുമായി അയാള്‍ അപ്പാര്‍ട്ട് മെന്റിന്റെ പടികള്‍ ഇറങ്ങി. കൈയ്യില്‍ രണ്ടു ബിഗ് ഷോപ്പര്‍ ബാഗും പിന്നെ ഒരു സാധാ ഷോപ്പിംഗ് ബാഗും. ബാഗുകള്‍ എല്ലാം ഇടതു കൈയ്യിലും വലതു കൈയ്യില്‍ രണ്ടര വയസ്സ് പ്രായം വരുന്ന തന്റെ പൊന്നോമനയുടെ കരവും മുറുകെ പിടിച്ച് അയാള്‍ സൂക്ഷിച്ച് പടിയിറങ്ങി.
വീട്ടില്‍ നിന്ന് നേരെ പത്തു പതിനഞ്ചു മിനിട്ട് നടന്നാല്‍ അല്‍ദി സൂപ്പര്‍ മാര്‍ക്കറ്റ് ആയി. അരി, ചിക്കന്‍, പാല്, പച്ചക്കറികള്‍ , തുടങ്ങി എല്ലാ സാധനങ്ങളും ഏറ്റവും മിതമായ നിരക്കില്‍ ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കാറ്റ് ആണ് അല്‍ദി.
മറ്റ് സൂപ്പര്‍ മാര്‍ക്കറ്റുകളായ അസ്ദയും ടെസ്കൊയും ഒക്കെ നടന്നു പോകാവുന്ന അകലത്തി ലല്ലാത്തതിനാല്‍ അയാളും കുടുംബവും യു.കെ.യില്‍ വന്നത് മുതല്‍ അല്‍ദിയെ തന്നെയാണാശ്രയിച്ചിരുന്നത്.
വഴിയില്‍ നടന്നു പോകുന്നവര്‍ നന്നേ കുറവ്. അതില്‍ തന്നെ മലയാളികള്‍ ഇല്ലേയില്ല. കാറുകള്‍ തലങ്ങും വിലങ്ങും പായുന്നുണ്ട്. തനിക്കിവിടെ വന്നു മൂന്നു നാല് വര്‍ഷമായിട്ടും ഒരു കാറ് വാങ്ങിക്കാന്‍ കഴിഞ്ഞില്ല. ഒന്നാമത് നന്നായിട്ട് ഓടിക്കാനറിയില്ല. രണ്ടാമത് കടങ്ങള്‍ ഒക്കെ വീടി വരുന്നതേയുള്ളൂ.
ജീവിതത്തിന്റെ വരും കാല സൗഭാഗ്യങ്ങളുടെ ലിസ്റ്റിലേക്ക് ഈയാവശ്യം കൂടി അയാള്‍ പണ്ടേ കുറിച്ചു വച്ചു. ഓരോന്ന് ആലോചിച്ചു പകുതി വഴിയെത്തിയിരിക്കുന്നു. ഇവിടെയൊരു പെലിക്കന്‍ ക്രോസിംഗ് ഉണ്ട്.
ക്രോസ് ചെയ്യുന്നതിനുള്ള ഊഴം വരുമ്പോള്‍ ഇടതും വലതും വശങ്ങളിലെ വാഹനങ്ങളെയും അതിലിരിക്കുന്ന യാത്രക്കാരെയും മിന്നല്‍ വേഗത്തില്‍ ശ്രദ്ധിക്കുക സ്വാഭാവികമാണ്. അപരിചിതത്വത്തിന്റെ വെളിച്ചത്തില്‍ പലരെയും നമ്മള്‍ വിസ്മരിക്കാനാണ് സാധ്യത.
എന്നാല്‍ ഒരിക്കല്‍ മാത്രം ... അതെ ഷോപ്പിംഗ് കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ . മോള്‍ എടുക്കണമെന്ന് വാശി പിടിച്ച് കരഞ്ഞപ്പോള്‍ .... രണ്ടു തോളിലും ബിഗ് ഷോപ്പറും ഒരു കൈയ്യില്‍ സാധാ ബാഗും മറുകൈയ്യില്‍ മോളുടെ കരവും പിടിച്ച് മെല്ലെ നടക്കുമ്പോള്‍ .
ക്രോസിങ്ങില്‍ ഒരു വശത്ത് കാറിനുള്ളില്‍ ഒരു സ്ത്രീയും പുരുഷനും തങ്ങളെതന്നെ നോക്കുന്നതുപോലെ. ഇംഗ്ലീഷ് കാരല്ല; ഇന്ത്യന്‍, അല്ല സാക്ഷാല്‍ മലയാളി ! ഷോപ്പിംഗ് ബാഗുകള്‍ക്കൊപ്പം കുഞ്ഞിനേയും എടുത്തു ക്രോസ് ചെയ്യുന്നതിനിടയില്‍ അവരെ ഒന്ന് കൂടി നോക്കി.
അതെ, അവര്‍ ചിരിക്കുകയാണ്. ഒരു മലയാളി ഹതഭാഗ്യന്റെ ദൈന്യതയോര്‍ത്ത്. അവര്‍ക്കിന്നു മുഴുവന്‍ ചിരിച്ചു തകര്‍ക്കാന്‍ താനൊരു നിമിത്തമായിരിക്കുന്നു. മറ്റുള്ള മലയാളികളുമായി പങ്കു വയ്ക്കാന്‍ ഒരു കിടിലന്‍ ഐറ്റം!
കാറുകള്‍ പിന്നെയും പലതും കടന്നു പോയ്. അയാള്‍ അതൊന്നും ശ്രദ്ധിച്ചില്ല. സാധനങ്ങള്‍ വീട് വരെ എത്തിക്കണം.... കുഞ്ഞു വീഴാതെ സൂക്ഷിക്കണം... കൈപ്പലക വേദനിക്കുന്നു... ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതല്ലേ എല്ലാവര്‍ക്കും? അത് എങ്ങനെയുള്ള ജീവിതമായിരുന്നാലും????
No comments:
Post a Comment