Friday, 22 February 2013

ഒരു സമൂഹത്തിന്റെ കലാപങ്ങള്‍

വായനക്കാരെ വാര്‍ത്തകളിലൂടെ ഞെട്ടിക്കുക മാത്രമല്ല; ദിവസവും ഓരോ താരങ്ങളെ സൃഷ്ടിക്കുക എന്ന ദൗത്യവും മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ആകാശവാണിയും നാലഞ്ച് പ്രാദേശിക ഭാഷാ പത്രങ്ങളും ഉണ്ടായിരുന്ന പഴയ കാലത്ത് (തീരെ പഴയതല്ല) ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നിരവധി താരങ്ങള്‍ ഉണ്ട്. സിനിമ പ്രവര്‍ത്തകര്‍ , കലാകാരന്മാര്‍ , രാഷ്ട്രീയക്കാര്‍ ,തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള പ്രശസ്തര്‍ ശബ്ദത്തിലൂടെയും വര്‍ത്തമാന പത്രങ്ങളിലെ ചിത്രങ്ങളിലൂടെയും ജനങ്ങള്‍ക്ക്‌ സുപരിചിതരായി.

യേശുദാസിനെയും ജയചന്ദ്രനെയും ജാനകി അമ്മയെയും നേരില്‍ കാണാത്ത എത്രയോ മലയാളികള്‍ ഇന്നുമുണ്ട്? ദൃശ്യ മാധ്യമങ്ങളുടെ കടന്നു വരവിലൂടെ ഇത്തരം പ്രതിഭകള്‍ മലയാളികള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാകുകയായിരുന്നു. ഭയത്തോടെയാണെങ്കിലും കുപ്രസിദ്ധരായിട്ടുള്ള ക്രിമിനലുകളും ജനങ്ങളില്‍ ഈ വിധം കയറിക്കൂടിയവരില്‍ പെടും. സുകുമാര കുറുപ്പും റിപ്പര്‍ ചന്ദ്രനും ഒക്കെ ഉദാഹരണങ്ങള്‍ .

ഹര്‍ത്താല്‍ ദിവസം ബൈക്കില്‍ ചുറ്റാനിറങ്ങിയ കുടുംബത്തെ മറ്റൊരു ബൈക്കില്‍ വന്ന ഹര്‍ത്താല്‍ അനുകൂലി ഇടിച്ചു വീഴ്ത്തി! കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ ഭാര്യയും ഭര്‍ത്താവും ആസ്പത്രിയില്‍ . സ്വകാര്യ മൊബൈല്‍ ടവര്‍ സെക്യൂരിറ്റി ജീവനക്കാരന്റെ മലദ്വാരത്തില്‍ രണ്ടു മുഖം മൂടി ധാരികള്‍ പ്ലാസ്റ്റിക്‌ കുപ്പി ഇടിച്ചു കയറ്റി! വാര്‍ത്തകള്‍ വീണ്ടും നമ്മെ ഞെട്ടിക്കുകയാണ്. ഒപ്പം ചില തരോദയങ്ങളും.

രജിത് കുമാര്‍ മൂല്യ ബോധന വിഷയം പഠിപ്പിച്ചതില്‍ സര്‍വത്ര തെറ്റ് കണ്ടെത്തിയ പെണ്‍കുട്ടിയും നടു റോഡില്‍ ആള്‍ക്കാരുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തില്‍ കമന്റ് അടിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരായ രണ്ടു യുവാക്കന്മാര്‍ക്ക് മേല്‍ ആസുര താണ്ഡവമാടിയ പെണ്‍കുട്ടിയും നേരെ പോയത്‌ ദൃശ്യ മാധ്യമങ്ങളുടെ ന്യൂസ് റൂമിലേക്ക്!

ഈ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയ തുടര്‍ പരിപാടിയില്‍ പങ്കെടുത്ത മറ്റൊരു പെണ്‍കുട്ടിയെക്കുറിച് അവതാരകന്‍ പറഞ്ഞത്‌ ആ പെണ്‍കുട്ടി ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ ക്വട്ടേഷന്‍ നല്‍കി പ്രശസ്തയാണെന്നു! ഇതില്‍ പങ്കെടുത്തു സംസാരിച്ച സ്ത്രീകളും സോഷ്യല്‍ മീഡിയയിലെ നൂറു കണക്കിന് ആളുകളും പിന്തുണ നല്‍കുന്നു എന്നത് കൊണ്ട് ഈ കാലാപങ്ങളെ നീതീകരിക്കാമോ?

സൂര്യനെല്ലി പെണ്‍കുട്ടിയുടെ നീതിക്ക്‌ വേണ്ടി മുറവിളി കൂട്ടുന്നവര്‍ ആ സംഭവവും കേസുമായി ബന്ധപ്പെട്ട അവര്‍ക്ക്‌ സമ്മതമല്ലാത്ത ഏതൊരു വാദത്തെയും പ്രസ്താവനകളെയും ക്രൂരമായി ആക്രമിക്കുകയോ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയോ ആണ് പലപ്പോഴും. ബ്രിട്ടീഷ്‌ കോളനി വാഴ്ചയില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് നടന്ന സമരങ്ങളിലും പോരാട്ടങ്ങളിലും നമ്മുടെ കൊച്ചു കേരളത്തില്‍ നിരവധി പേര്‍ക്ക് പങ്കുണ്ട്.

ജനാധിപത്യ ഭരണ ക്രമം നിലവില്‍ വന്നതിനു ശേഷവും അസമത്വങ്ങള്‍ക്ക് എതിരായും സാമൂഹ്യ നീതിക്കായും സമരങ്ങള്‍ , കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യവസ്ഥിതികള്‍ തകിടം മറിഞ്ഞിട്ടുമുണ്ട്. എന്നാല്‍ വിപ്ലവം കലാപങ്ങളിലൂടെയും രക്തം ചിന്തുന്നതിലൂടെയും മാത്രമെന്ന ധാരണ പാടെ മാഞ്ഞു പോകുന്നതാണ് പിന്നീടുള്ള സംഭവ വികാസങ്ങള്‍ തെളിയിച്ചിട്ടുള്ളത്. കേരളത്തിലെ നക്സല്‍ പ്രസ്ഥാനം ഉദാഹരണം.

സ്ത്രീ ശാക്തീകരണത്തിന്റെ മറവില്‍ സ്ത്രീകള്‍ നടത്തുന്ന അക്രമവും പ്രതിക്ഷേധവും അടിച്ചമര്‍ത്താനാവാതെ വരുമ്പോള്‍ വേരറ്റിട്ടില്ലാത്ത വിപ്ലവ പാര്‍ട്ടികള്‍ ഭരണ കൂടങ്ങളുടെ ദൗര്‍ബല്യമായി അതിനെ കാണുകയും തങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ സമൂഹത്തിന്റെ ഇത്തരം അക്രമ വാസനകളെ പ്രയോജനപ്പെടുത്തുകയും ചെയ്തു എന്ന് വരാം.

കലഹം പലവിധം ഉലകില്‍ എന്നാണല്ലോ? അന്ന് മണ്ണിനും ആഹാരത്തിനും വേണ്ടി ആയിരുന്നെങ്കില്‍ ഇന്ന് പെണ്ണിന് വേണ്ടി!



No comments:

Post a Comment