Friday, 15 February 2013

പഴങ്കഥയാകുന്ന പൂവാല ശല്യം

സ്ത്രീകള്‍ക്കെതിരെ യുള്ള അതിക്രമങ്ങള്‍ പുതിയ രൂപവും ഭാവവും തേടുമ്പോള്‍ പ്രതിരോധങ്ങളുടെ രീതികളും മാറുകയാണ്. പൂവാല ശല്യം എന്ന് തുടങ്ങി? ആരു തുടങ്ങി എന്നതിന് ചരിത്രപരമായ രേഖകള്‍ ഉണ്ടാകാന്‍ വഴിയില്ല. എല്ലാക്കാലവും ഇത് തുടര്‍ന്നിരുന്നതായി കാണാം. നാട്ടിന്‍പുറങ്ങളിലെ കവലകള്‍ കേന്ദ്രീകരിച്ചും നഗരങ്ങളില്‍ ബസ്‌ സ്റ്റാന്‍ന്റുകള്‍ , വഴിവക്കുകള്‍ ഒക്കെ കേന്ദ്രീകരിച്ചും ഇത് പറയത്തക്ക ഹാനികരമാകാത്ത വിധത്തില്‍ തുടര്‍ന്ന് പോന്നു.

കൗമാരപ്രായക്കാരും കൌമാരം പിന്നിട്ടവരും ഇത്തരം നിര്‍ദ്ദോഷ പ്രവര്‍ത്തനങ്ങളിലൂടെ ഒരു തരം രതിസുഖം നുണയുകയായിരുന്നു. നാട്ടുകാരോ പോലീസോ ഇടയ്ക്ക് വിരട്ടി ഓടിച്ചാല്‍ ഓടുന്ന കൂട്ടരയിരുന്നു ഇവരില്‍ ഏറെയും. ഇതിനു ഇരകളാകേണ്ടി വന്ന പെണ്‍കുട്ടികള്‍ക്ക് പറയത്തക്ക പരാതികളോ പരിഭാവങ്ങളോ ഉണ്ടായിരുന്നവര്‍ വിരളമായിരുന്നു താനും. മറ്റൊരര്‍ത്ഥത്തില്‍ പെണ്‍കുട്ടികളും ഈ കമന്റുകള്‍ ഇഷ്ടപ്പെട്ടിരുന്നു എന്ന് വേണം കരുതാന്‍.

കുട്ടിത്തം വിട്ടു മാറുന്ന പ്രായത്തില്‍ ശാരീരികവും മാനസികവുമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി സംഭവിക്കുന്ന വൈകാരിക വ്യതിയാനങ്ങള്‍ക്ക് പോം വഴികളായിട്ടാണ് സമൂഹം ഇതിനെ കണ്ടിരുന്നത്. ഈ സമൂഹമാകട്ടെ, ഒരുപാടു അടിച്ചമര്‍ത്തലുകളും വിലക്കുകളും ദാരിദ്ര്യവും വിട്ടൊഴിയാത്ത ഒരു സമൂഹവും! തുഛവരുമാനക്കാരായ മാതാപിതാക്കളുടെ ആശ്രിതരായി കഴിഞ്ഞിരുന്ന യുവജനങ്ങള്‍ക്ക്‌ പ്രണയിക്കാനോ വിവാഹബന്ധത്തിലൂടെ പ്രണയം സഫല്യത്തിലെത്തിക്കാനോ തക്ക സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക്‌ പ്രണയമെന്നാല്‍ ഏറെ നിഷിദ്ധവും!

സമൂഹത്തിനു സംഭവിച്ച മാറ്റങ്ങള്‍ സ്വാഭാവികമായും ഇത്തരം നിര്‍ദോഷ പ്രവര്‍ത്തനങ്ങളെയും ദോഷകരമാക്കി തീര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടു തുടങ്ങിയത്. പ്രണയം ഒരവിഭാജ്യ ഘടകമായാതോടെ ആത്മാര്‍ത്ഥതയില്ലാത്ത പ്രണയങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. ഒരുവനെ/ഒരുവളെ പ്രണയിക്കുകയും മറ്റൊരുവനെ/ഒരുവളെ വിവാഹം കഴിക്കുകയും ചെയ്യുന്നത് സമൂഹത്തിന് ഒരു ശീലമായി.

അനിയന്ത്രിതമായ പണക്കൊഴുപ്പില്‍ തെന്നി തെറിച്ച സമൂഹം മറ്റേതൊരു വസ്തുവും പോലെ സ്ത്രീയെയും ഉപയോഗിക്കുക എന്ന കാഴ്ചപ്പാടിലേക്ക്‌ സ്വയം എത്തിച്ചേരുകയായിരുന്നു. ഇതിന്റെ ഫലമായി തഴച്ചു വളര്‍ന്ന ഒരു വിഭാഗമാണ് ലൈംഗിക തൊഴിലാളികളും അവരുടെ ഏജന്‍റുമാരും. ഇവര്‍ ഇതിനു വേണ്ടി ഇറങ്ങി തിരിച്ചവരായിരുന്നെങ്കില്‍ അങ്ങനെ അല്ലാത്തവരെയും എങ്ങനെ കുടുക്കാമെന്ന ചിന്തയുമായി കൌശലത്തോടെ കാത്തിരുന്നവര്‍ സമൂഹത്തിന്റെ നാനാ തുറയിലുള്ളവരാണ്!

ഈ വിഷയത്തില്‍ സമൂഹത്തിനു നല്‍കാവുന്ന ബോധാവല്‍ക്കരണത്തില്‍ പരമ്പരാഗത ബോധനങ്ങള്‍ക്കും മതഗ്രന്ധങ്ങള്‍ക്കും ഉള്ള സ്ഥാനത്തെ വിലകുറഞ്ഞതായി കാണുകയാണ് പുരോഗമന വാദികള്‍ ചിലര്‍ . സ്ത്രീയുടെ അടക്കത്തെപ്പറ്റിയും ഒതുക്കത്തെപ്പറ്റിയും ഒക്കെ പുരാണങ്ങള്‍ ഉദ്ദരിച്ച് പറയുന്നവരെ സ്ത്രീ വിരുദ്ധരായും സ്ത്രീയെ അടിച്ചമര്‍ത്തി പ്രാചീന ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്ന് വിലപിക്കുന്നവര്‍ മാറാല പിടിച്ച മൂല്യ ബോധങ്ങളുടെ പുറം ചട്ടയിലേയ്ക്കാണ് കാര്‍ക്കിച്ചു തുപ്പുന്നത്.

No comments:

Post a Comment