Saturday, 9 February 2013

വീണ്ടും സൂര്യനെല്ലിക്ക് തീ പിടിക്കുമ്പോള്‍

സൂര്യനെല്ലി ദുരന്തം മറ്റു പല പീഡന കഥകളും പോലെ ഹാസ്യ വിഷയമാകുകയണോ കേരള സമൂഹത്തില്‍ ? പെണ്‍കുട്ടിയും മാതാപിതാക്കളും ഒരു വ്യാഴ വട്ടക്കാലത്തിലേറെയായി ഈ ദുരന്തഭാരം പേറി തളര്‍ന്നു കഴിഞ്ഞു. വിരലിലെണ്ണാവുന്ന സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ഇവര്‍ക്ക്‌ ആശ്വാസവും സഹായവുമായി കൂടെ നില്‍ക്കുമ്പോഴും പൊതു സമൂഹവും ഭരണ- നീതി നിര്‍വഹണ സംവിധാനങ്ങളും സ്വീകരിക്കുന്ന നിലപാടുകള്‍ ഒട്ടും തെന്നെ അശാവഹമാകുന്നില്ല.

പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പ്‌ ഒരു പെണ്‍കുട്ടിക്ക്‌ സംഭവിച്ച വീഴ്ച; അത് സൃഷ്ടിച്ച ആഘാതങ്ങള്‍ എത്രയോ വലുതാണ് ? എത്ര ജീവിതങ്ങളാണ് കരി നിഴലില്‍ കഴിഞ്ഞു കൂടുന്നത്? പെണ്‍കുട്ടിക്ക്‌ ജോലി നല്‍കിയതിലൂടെ സര്‍ക്കാര്‍ ഒരു പരിധി വരെ തങ്ങളുടെ ഭാഗത്തുനിന്നുള്ള കടമ നിറവേറ്റി. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി ആ ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണ് പെണ്‍കുട്ടി.

സാമ്പത്തിക തിരിമറി നടത്തിയെന്നതിന്റെ പേരില്‍ പെണ്‍കുട്ടിയെ സസ്പെന്‍റ് ചെയ്തത് വാര്‍ത്ത‍യായെങ്കിലും അതിന്റെ നിജ സ്ഥിതി അന്വേഷിക്കാനോ തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചെയ്യാനോ മാധ്യമങ്ങള്‍ തയ്യാറായില്ല. യദൃചികമെങ്കിലും റിവ്യൂ ഹര്‍ജിയെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്‌ ഈ ദുരന്തത്തെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നതിനും കേരള മനസ്സാക്ഷിയെ തൊട്ടുണര്‍ത്തുന്നതിനും കാരണമായി.

ഈ പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണം എന്നാഗ്രഹിക്കുന്നവരുടെ എണ്ണം കുറവല്ല. എന്നാല്‍ പെണ്‍കുട്ടി കേവലം ഒരു ബസ്‌ കിളിയുടെ വാക്ക് കേട്ട് ഇറങ്ങി തിരിച്ചതും ഒരു മാസത്തിലധികം പലര്‍ക്ക് വേണ്ടി വഴങ്ങേണ്ടി വന്നതും സ്വഭാവ ദൂഷ്യമായി ചിത്രീകരിക്കുന്നവരുമുണ്ട്! പ്രായപൂര്‍ത്തിയാകാത്ത , വേണ്ടത്ര വിവേകമില്ലാത്ത ഒരു പെണ്‍കുഞ്ഞിന്റെ ആനുകൂല്യം ഇക്കാര്യത്തില്‍ അവള്‍ അര്‍ഹിക്കുന്നു.

ഇതിലെ രാഷ്ട്രീയമാണ് മറ്റൊന്ന്. പെണ്‍കുട്ടിയുമായി ആരൊക്കെ വേഴ്ചയില്‍ ഏര്‍പ്പെട്ടു എന്നത് സംബന്ധിച്ച അന്വേഷണത്തില്‍ നിരവധി പ്രതികള്‍ പിടിയിലാകുകയും ഏറെ വാദങ്ങള്‍ക്ക് ശേഷം കോടതി പലരെയും വെറുതെ വിടുകയും ചെയ്തു. പി.ജെ. കുര്യനെതിരെ വീണ്ടും അന്വേഷണ മുറവിളി ഉയര്‍ത്തുന്ന ഇടതു പക്ഷ രാഷ്ട്രീയം ഉന്നം വയ്ക്കുന്നത് പെണ്‍കുട്ടിയുടെ ദുരന്തവും അവളോടുള്ള സഹതാപവുമല്ല; മറിച്ച്, തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയ തന്ത്രം മാത്രമാണ്.

ഇത് മനസ്സിലാക്കാന്‍ തക്ക വിവേകം കേരള സമൂഹത്തിന് ഉണ്ടായേ തീരൂ. കുര്യന്‍ പീഡിപ്പിച്ചോ ഇല്ലയോ എന്നത് അദ്ദേഹം കോടതിയില്‍ തെളിയിക്കട്ടെ. കുര്യന്‍ കേസില്‍ നിന്നൊഴിവായാലും പെണ്‍കുട്ടിക്ക്‌ സംഭവിച്ച ദുരന്തം ദുരന്തമല്ലാതാകില്ല. ഈയവസ്ഥയില്‍ നമമാത്രമായ സംഘടനകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പിന്തുണയ്ക്കുക എന്നതാണ് ഓരോ മലയാളിക്കും കരണീയമായിട്ടുള്ളത്. നീതി തേടിയുള്ള യാത്രയില്‍ കാലിടറാതിരിക്കാന്‍ താങ്ങും തണലും നല്‍കി ആ കുടുംബത്തെ സഹായിക്കാന്‍ ഓരോ മലയാളിക്കും ബാധ്യതയുണ്ട്.

ആ കുട്ടിക്ക്‌ ഈ ദുരന്തം സമ്മാനിച്ചത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹമാണ്‌..., അതില്‍ പ്രായപൂര്‍ത്തിയാകാത്തവരുണ്ടാകാം പ്രായമേറിയവര്‍ ഉണ്ടാകാം. പ്രതിസന്ധിയിലായതാകട്ടെ, പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളും മാത്രം! പരസ്ത്രീ ഗമനവും പരപുരുഷ ബന്ധവും ദിനചര്യയെന്നോണം കൊണ്ടാടുന്ന ഒരു സമൂഹത്തില്‍ കേവലം ഒരു മാസക്കാലം പലര്‍ ചേര്‍ന്നൊരുക്കിയ കെണിയില്‍ അകപ്പെട്ട പെണ്‍കുട്ടി മാത്രം ജീവിതം ഹോമിക്കണമെന്ന വാശി നമ്മള്‍ വെടിഞ്ഞേ മതിയാകൂ.

No comments:

Post a Comment