Friday, 19 April 2013

അശ്വമേധവും യു.കെ. മലയാളികളും

മലയാളികള്‍ ഒറ്റയ്ക്കും പെട്ടയ്ക്കും യു.കെ.യില്‍ കുടിയേറുന്നതിന്റെ ചരിത്രം ആരംഭിക്കുന്നത് ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ച ആയിരത്തി തൊള്ളായിരത്തി നാല്പത്തിയേഴു മുതലാണ്.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും അന്ന് യു.കെ.യിലേക്ക്‌ കുടിയേറിയവരെ അപേക്ഷിച്ച് മലയാളികളുടെ എണ്ണം തീരെ കുറവാണ്. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ആദ്യകാല കുടിയേറ്റക്കാരില്‍ മലയാള ഭാഷയെയും സംസ്കാരത്തെയും നെഞ്ചേറ്റി ലാളിക്കുന്നവരുടെ എണ്ണം തീരെ ചെറുതല്ലായിരുന്നു. തങ്ങളില്‍ അന്തര്‍ലീനമായിരുന്ന കഴിവുകള്‍ ഉപയോഗിച്ച് ഇവിടെയുള്ള നാമമാത്രമായ മലയാളികള്‍ക്ക് ഉപകാരപ്പെടുന്ന വിധം നൈസര്‍ഗ്ഗികമായ തങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കുന്നതില്‍ ഇവരില്‍ പലരും ഉല്‍സുകരുമായിരുന്നു .

മണിമത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ഫാസില്‍ സിനിമയ്ക്ക് കഥയെഴുതിയ ഡോ. ഒമനാ ഗംഗാധരന്‍, വര്‍ഷങ്ങളായി യു.കെ. മലയാളികള്‍ക്ക് വേണ്ടി മാസം തോറും മലയാളത്തിലും ഇംഗ്ലീഷിലും കേരളാ ലിങ്ക് എന്ന പേരില്‍ പ്രസിദ്ധീകരണം നിര്‍വഹിക്കുന്ന ഫിലിപ്പ് ഇവര്‍ ചില ഉദാഹരങ്ങങ്ങള്‍ മാത്രം. യു.കെ.യില്‍ നമ്മള്‍ ഇന്ന് കാണുന്ന മലയാളി സാന്നിധ്യം സജീവമായതിന് ഒരു വ്യാഴ വട്ടക്കാലത്തിലേറെ പഴക്കമില്ല.

നേഴ്സിംഗ് മേഖലയിലെ തൊഴിലവസരങ്ങള്‍ ലക്ഷ്യമാക്കി കുടിയേറിയവര്‍ക്കൊപ്പം ആശ്രിതരായിട്ടെത്തിയവര്‍ തൊഴില്‍ പരമായും ധിഷണാപരമായും ചാതുര്‍വര്‍ണ്യത്തിലെ പോലെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര ഗണത്തില്‍പെട്ടവരായിരുന്നു. വക്കീലന്മാര്‍ , അധ്യാപകര്‍ , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ , സോഷ്യല്‍ വര്‍ക്കേഴ്സ്‌ എന്ന് വേണ്ട, ഒരു പണിയുമില്ലാതെ കൂട്ട് കൂടി കലിങ്കില്‍ ഇരുന്നു സായാഹ്നങ്ങളില്‍ സോറ പറഞ്ഞവര്‍ വരെ ഇതില്‍ പെടും.

കടന്നു വന്ന ഏവര്‍ക്കും ഇവിടുത്തെ ജീവിതം സമ്മാനിച്ചത്‌ ഒരു തരം ഷോക്കാണ്. തങ്ങള്‍ കണ്ടിട്ടോ അറിഞ്ഞിട്ടോ മനസ്സിലാക്കിയിട്ടോ ഇല്ലാത്ത തരത്തില്‍ ഉള്ള ആധുനിക അണുകുടുംബ വ്യവസ്ഥ! ശൂദ്ര ഗണത്തിനു മാത്രം വിധിക്കപ്പെട്ടത് എന്ന് നമ്മള്‍ കരുതിയിരുന്ന അണ്‍ സ്കില്‍ഡ് മേഖലയില്‍ ജോലിയും വേണ്ടി വന്നാല്‍ ഓവര്‍ ടൈമും ചെയ്യാന്‍ ബ്രാഹ്മണ , ക്ഷത്രിയ, വൈശ്യ ഗണങ്ങള്‍ മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.

ഇതിന്റെ പാര്‍ശ്വ ഫലങ്ങള്‍ കേരളത്തിലും പ്രതിഫലിച്ചു. കേരളത്തിലെ ഭൂമി വില കഴിഞ്ഞ പത്തു വര്ഷം കൊണ്ട് പത്തിരട്ടിയിലധികമായി. വീട് വയ്ക്കുന്നതും അതുപോലെ തന്നെ. മലയാളികള്‍ തമ്മില്‍ ഉണ്ടായിരുന്ന ആത്മാര്‍ത്ഥമായ സ്നേഹബന്ധങ്ങള്‍ ഔപചാരികമായ സ്നേഹബന്ധങ്ങള്‍ക്ക് വഴി മാറി കൊടുത്തു. എല്ലാവരും കൂടുതല്‍ പണം നേടുന്നതില്‍ ശ്രദ്ധാലുക്കളായി.

അപരിചിതനായ മലയാളിയുടെ മുമ്പില്‍ നമ്മള്‍ കൂടുതല്‍ ഗര്‍വ്വ് പുലര്‍ത്തി. നേഴ്സും കെയററും തമ്മിലുള്ള അന്തരം ബന്ധങ്ങള്‍ തുടരുന്നതിലും ചില അളവുകോലുകളായി. നേഴ്സിങ്ങില്‍ തന്നെ എന്‍.എച്ച്.എസും നേഴ്സിംഗ് ഹോമും എന്ന് വേര്‍തിരിച്ച് പ്രത്യേക സൗഹൃദങ്ങള്‍ക്ക് രൂപം നല്‍കി. പി.ആര്‍ . കിട്ടിയവര്‍ കിട്ടാത്തവര്‍ , സിറ്റിസണ്‍ ഷിപ്പ് എടുത്തവര്‍ എടുക്കാത്തവര്‍ , മുന്തിയ ഇനം കാറുള്ളവര്‍ ഇല്ലാത്തവര്‍ ... അങ്ങനെ നമ്മള്‍ നമ്മളെ തന്നെ ചതുര്‍വര്‍ണ്യത്തിനതീതമായി അനേകം ഗണങ്ങളായി വേര്‍തിരിച്ചു.

മലയാളികളുടെ പേരില്‍ രൂപം കൊണ്ട സംഘടനകള്‍ ആയിരുന്നു ആകെയുള്ള ആശ്വാസം. അതും പല സ്ഥലങ്ങളിലും കേരളാ കോണ്ഗ്രസ് പോലെ പിളരുകയും വളരുകയും ചെയ്തു കൊണ്ടിരുന്നു. കേരളീയ കലാരൂപങ്ങള്‍ എന്ന നിലയില്‍ ആകെ പച്ച പിടിച്ചത്‌ ഗാനമേളകള്‍ മാത്രം! അതും ആധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെ പലപ്പോഴും ഒറ്റയാള്‍ പട്ടാളം കണക്കെയാണ് താനും. ഗാന രംഗത്ത്‌ അനുഭവ പാരമ്പര്യമുള്ള ഗായകരുടെ എണ്ണം അവിടെയും പരിമിതം.

നൈറ്റ് ഡ്യൂട്ടിയുടെ ആലസ്യവും ദൈനം ദിന ജീവിതം നല്‍കുന്ന പിരിമുറുക്കവുമായി ഇത്തരം ആഘോഷങ്ങളില്‍ പങ്കു കൊണ്ടവര്‍ കഴിച്ച പെഗ്ഗിന്റെ വീര്യത്തിനനുസരിച് നൃത്തചുവടുകള്‍ വച്ചു തൃപ്തരായി. സോഷ്യല്‍ നെറ്റ് വര്‍ക്കുകളായ ഓര്‍ക്കുട്ടും ഫേസ്‌ ബുക്കും നമ്മുടെ ജീവിത ഗതിയെ തന്നെ സാരമായി ബാധിച്ചു. വ്യത്യസ്തമായ പേജുകളിലൂടെ ലോകത്ത് സംഭവിക്കുന്ന ദൈനം ദിന ചലനങ്ങളെ നോക്കി കാണുവാന്‍ നമുക്ക്‌ അവസരമായി.

യു.കെ.മലയാളികളെ സാരമായി ബാധിച്ചിരുന്ന മാനസിക വൈകല്യത്തിനുള്ള പ്രഥമ ചികിത്സ നല്‍കിയതില്‍ ഫേസ്‌ ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിന് വലിയ പങ്കുണ്ട്. കള്ളുഷാപ്പിലിരുന്നും ലോഡ്ജ് മുറിയിലിരുന്നും യാതൊരു സാങ്കേതിക വിദ്യയുടെ പിന്‍ബലവുമില്ലാതെ മധുരമായ ശബ്ദത്തില്‍ അനശ്വര ഗാനങ്ങള്‍ ആലപിക്കുന്ന ഗായകര്‍ മുതല്‍ സ്വന്തം ചെലവില്‍ ഷോര്‍ട്ട് ഫിലിം തയ്യാറാക്കുന്ന ചെറിയ സൗഹൃദ കൂട്ടായ്മകള്‍ വരെ നമുക്കിന്ന് വൈകാരിക അടുപ്പം തോന്നുന്ന വേണ്ടപ്പെട്ടവരെ പോലെയാണ്.

കലാരൂപങ്ങളുടെ ഉത്തരവാദിത്തം ചിരിപ്പിക്കലാണെന്ന് തെറ്റിദ്ധരിച്ചവര്‍ തങ്ങള്‍ക്കു ലഭിച്ച അവസരങ്ങളില്‍ കാട്ടികൂട്ടിയതെല്ലാം മിമിക്രിയുടെ ലജ്ജിപ്പിക്കുന്ന ആവര്‍ത്തനങ്ങള്‍ ആയിരുന്നു. ആ സാഹചര്യങ്ങള്‍ക്ക് ഒരു മാറ്റത്തിനുള്ള സമയമായെന്ന സൂചനയാണ് ഷെഫീല്‍ഡിലെ ഒരു പറ്റം മലയാളികള്‍ ചേര്‍ന്നൊരുക്കിയ അശ്വമേധം എന്ന സാമൂഹ്യ നാടകം നല്‍കുന്നത്. തൊള്ളായിരത്തി അറുപത്തിരണ്ടില്‍ തോപ്പില്‍ ഭാസി രചനയും സംവിധാനവും നിര്‍വഹിച്ച് കെ.പി.എ.സി. നൂറു കണക്കിന് സ്റെജില്‍ അവതരിപ്പിച്ച ഈ നാടകം കഥാ തന്തു ചോര്‍ന്നു പോകാതെ ഒരു മണിക്കൂറായി ചുരുക്കി അവതരിപ്പിച്ചിരിക്കുന്നു.

ആധുനിക സാങ്കേതിക വിദ്യയുടെ ഔദാര്യമില്ലാതെ സ്റെജില്‍ സജ്ജീകരിച്ചിട്ടുള്ള നാലു മൈക്രോ ഫോണിലൂടെ ഡയലോഗുകള്‍ കാണാതെ പഠിച്ച് അവതരിപ്പിച്ച് അഭിനയിക്കുന്നു എന്നത് യു.കെ.യുടെ സാമൂഹ്യ അന്തരീക്ഷത്തില്‍ ചെറുതായി കാണാന്‍ കഴിയില്ല. മാധ്യമങ്ങളിലൂടെ ഇവര്‍ക്ക്‌ കിട്ടിയ പ്രോത്സാഹനവും അംഗീകാരവും ഇതിനു തെളിവാണ്. മലയാള ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുകയും ആദരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഭാവിയിലേയ്ക്കു വഴി നയിക്കുന്ന നാഴിക കല്ലായി ഈ ഉദ്യമത്തെ കാണാം.




No comments:

Post a Comment