Friday, 17 May 2019

വായ്പ; ജപ്തി, ആത്മഹത്യ ...

കടബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ ദിനം പ്രതി വർധിക്കുന്നു. കേവലം ചാനൽ വാർത്ത എന്നതിലുപരി അപകടകരമായ ഈ സ്ഥിതിവിശേഷത്തിന് രാഷ്ട്രീയവും സാമൂഹ്യവുമായ പരിഹാരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ഇത്തരം വിഷയങ്ങൾ മറ്റു ലോകരാജ്യങ്ങളിൽ അത്രകണ്ട് വ്യാപകമല്ലാത്തത് ?

നമ്മുടെ ബാങ്കിംഗ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് പ്രധാനമായും നിക്ഷേപകരിൽ നിന്നും സ്വീകരിക്കുന്ന നിക്ഷേപത്തുകയ്ക്ക് ആകർഷകമായ പലിശ വാഗ്‌ദാനം ചെയ്തും വായ്പ ആവശ്യമുള്ളവർക്ക് കൂടിയ പലിശയ്ക്ക് നൽകി ലാഭമുണ്ടാക്കിയുമാണ്.

നിയമാനുസൃതം പ്രവർത്തിക്കുന്ന ദേശീയ ബാങ്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ സ്വകാര്യ ബാങ്കിംഗ് മേഖലയും നിയമാനുസൃതമല്ലാത്ത ബ്ലേഡ് പലിശക്കാരും അനുവർത്തിക്കുന്ന ഒരു നയമാണിത്. ദേശീയ ബാങ്കുകൾ നിക്ഷേപർക്ക് നൽകുന്നതിനേക്കാൾ കൂടിയ പലിശ വാഗ്ദാനം നൽകിയാണ് സ്വകാര്യ ബാങ്കുകൾ നിക്ഷേപകരെ ആകർഷിക്കുന്നതെങ്കിൽ അതിനേക്കാൾ കൂടിയ നിരക്ക് നൽകി പ്രലോഭിപ്പിച്ചാണ് ബ്ലേഡ് കമ്പനികൾ വാഴുന്നത്.

ഇത് നിക്ഷേപകരും ബാങ്കിംഗ് സംവിധാനങ്ങളും തമ്മിലുള്ള കാര്യം. ഇന്ത്യ പോലൊരു രാജ്യത്ത് ജനസംഖ്യാടിസ്ഥാനത്തിൽ നിക്ഷേപകരുടെ എണ്ണം വളരെ പരിമിതമാണ്. കോടിക്കണക്കിന് കർഷകരും അടിസ്ഥാനവർഗ്ഗവും തങ്ങളുടെ ദൈനം ദിനാവശ്യങ്ങൾക്ക് പണമില്ലാതെ നട്ടം തിരിയുന്നവരാണ്.

ഇക്കൂട്ടർ ഭവന നിർമ്മാണത്തിനും കൃഷിയാവശ്യങ്ങൾക്കും കുട്ടികളുടെ പഠിപ്പിനും ... എന്നുവേണ്ട, ഒന്നിച്ചൊരു തുക ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം ആശ്രയിക്കുന്നത് മുകളിൽ പറഞ്ഞ ബാങ്കിംഗ് സംവിധാങ്ങളെയാണ്.

എടുത്ത വായ്പ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടിവരുന്ന ഒരു രാജ്യം കൂടിയാണ് ഇന്ത്യ. ബ്ലേഡ് പലിശക്കാരുടെ പീഡനങ്ങൾക്ക് ഇരയാകേണ്ടി വരുന്നവരുടെ കാര്യം വേറെ. ബാങ്കിന്റെ ജപ്തിഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പ്രായപൂർത്തിയായ പെൺകുട്ടിയും അമ്മയും ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

സാമ്പത്തികമേഖലയിലുള്ള അസന്തുലിതാവസ്ഥ സാമൂഹ്യമായ അസ്വസ്ഥതകൾക്ക് കാരണമായി തീരാറുണ്ട്. വികസ്വര രാജ്യമെന്ന നിലയിൽ ഇന്ത്യയിലെ ജനങ്ങളിൽ മധ്യവർഗ്ഗവും ഉപരിവർഗ്ഗവും നിക്ഷേപം കുന്നുകൂട്ടുന്നതിൽ മത്സരിക്കുന്നവരാണ്.തരക്കേടില്ലാത്ത തസ്തികകളിൽ ജോലി ചെയ്തു വിരമിച്ചവർ തുടങ്ങി സ്വിസ് ബാങ്കിൽ അക്കൗണ്ട് ഉള്ള രാഷ്ട്രീയക്കാർ വരെ നമ്മുടെ നിക്ഷേപ ത്വരയുടെ ഉദാഹരണങ്ങളാണ്.

നാട്ടിൽ വീടും പുരയിടവും എത്രകണ്ട് നേടുന്നുവോ അത്രയും ആസ്‌തിയും നിക്ഷേപവും വർധിക്കുന്നു; സമൂഹത്തിൽ അതനുസരിച്ച് വിലയും നിലയുമുണ്ടെന്നു മേനി നടിക്കാനും കഴിയും. യു.കെ. പോലുള്ള വിദേശ രാജ്യങ്ങൾ ഇത്തരം നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇവിടെ ബാങ്കിൽ നിങ്ങൾ നിക്ഷേപിച്ചാൽ (സേവിംഗ്‌സോ ഫിക്സഡോ ) കാര്യമായ പലിശ തടയില്ല. പരമ്പരാഗതമായി നാം ശീലിച്ച ഇത്തരം സ്വരുക്കൂട്ടലുകൾ ഇവിടെ വിനയാണ്.

അധിക നികുതിയും സാമ്പത്തിക ഭാരവും അടിച്ചേൽപിക്കപ്പെടുന്നതിലൂടെ ഒന്നിലധികം വീടുകൾ നേടുന്നത് ബാധ്യതയാണിവിടെ. കൂടുതൽ മെച്ചപ്പെട്ട ഭവനങ്ങൾ വാങ്ങി അതിലേക്ക് താമസം മാറ്റിക്കൊണ്ട് പഴയ വീട് വിൽക്കുക എന്നതാണ് കരണീയം; മലയാളികൾ ഉൾപ്പെടയുള്ളവർ ഇവിടെ അനുവർത്തിക്കുന്ന ശീലവും അതുതന്നെ.

നിയമാനുസൃതം പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഒഴിച്ചാൽ ബ്ലേഡ് പ്രസ്ഥാനങ്ങളോ ചിട്ടി സംരംഭങ്ങളോ നിയമപരമായി അനുവദനീയമല്ല. വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകൾ എല്ലാംതന്നെ ബാങ്കിലൂടെയല്ലാതെ സാധ്യവുമല്ല.

സാമ്പത്തിക ക്രയവിക്രയങ്ങൾ സംബന്ധിച്ച വെള്ളക്കാരുടെ കാഴ്ചപ്പാട് നമ്മുടേതിനു സമാനമല്ല. തനിക്കിണങ്ങുന്നതും ഇഷ്‌ടപ്പെട്ടതുമായ ഏതു കർമ്മരംഗങ്ങളിലും നിശ്ചിത മണിക്കൂർ ജോലി ചെയ്യുന്നത് അവർ ജീവിതം ആസ്വദിക്കാനാണ്.

ഒരാഴ്ച ജോലി ചെയ്തു നേടിയ ശമ്പളം ആഴ്ചയുടെ അവസാനമാകുമ്പോൾ തീർക്കുന്നവരാണ് അധികവും. ഓട്ടക്കീശയുമായി അടുത്ത ആഴ്ചത്തേക്ക് വീണ്ടും തിങ്കൾ മുതൽ നിശ്ചിത ദിവസം ജോലി ചെയ്യുന്നവർ. വർഷത്തിൽ ഒരിക്കലോ വർഷങ്ങൾ കൂടുമ്പോഴോ ഇണയോടൊപ്പം ഹോളിഡേ ആഘോഷിക്കാൻ നേരത്തെ പ്ലാൻ ചെയ്തു കൂടുതൽ മണിക്കൂർ അധ്വാനിക്കുന്നവർ...

യൂണിവേഴ്‌സിറ്റ് വിദ്യാഭാസത്തിനും തുടർന്നുള്ള ഉപരി പഠനത്തിനും മാതാപിതാക്കളെ ആശ്രയിക്കാതെ ബാങ്കിൽ നിന്നും പലിശ രഹിത വായ്‌പ സ്വീകരിക്കുന്നവർ... വിവാഹം പോലുള്ള കർമ്മങ്ങൾക്ക് മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം രീതിയിൽ ധനസമാഹരണം കണ്ടെത്തുന്നവർ... അതിനു സാധിക്കുന്നില്ലെങ്കിൽ ഇണയോടൊപ്പം സാധ്യമായ സാഹചര്യങ്ങളിൽ ഒന്നിച്ചു ജീവിക്കുന്നവർ....

ഓരോ രാജ്യങ്ങളും അനുവർത്തിക്കുന്ന സാമ്പത്തിക നയങ്ങളും പ്രജാക്ഷേമ തല്പരതയും തമ്മിലുള്ള അന്തരം കൂടിയാണിത്. ഈ രാജ്യത്തെ ഭരണകർത്താക്കൾക്ക് അഴിമതിയിലൂടെ പണം സ്വരൂപിച്ച് സ്വിസ് ബാങ്കിൽ നിക്ഷേപിക്കാൻ പറ്റുന്ന പഴുതുകൾ ഉണ്ടെന്നു തോന്നുന്നില്ല.

യഥാ രാജ: തഥാ പ്രജ എന്നാണല്ലോ ചൊല്ല്? ബാങ്കുകളിൽ നിക്ഷേപിച്ചാൽ അമിത പലിശ ലഭിക്കില്ലെങ്കിൽ ആരാണ് കൂടുതൽ നിക്ഷേപത്തിനു മുതിരുന്നത്? കൂടുതൽ ജോലി ചെയ്തു അധിക ശമ്പളം നേടുന്നവരിൽ നിന്നും അമിത നികുതി ഈടാക്കുന്നതും പൊതുമുതൽ കുന്നുകൂട്ടാൻ സഹായിക്കുന്നു.

ഇൻഷുറൻസ് പോലുള്ള കാര്യങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് മാത്രം വൻതുക നഷ്‌ടപരിഹാരം നൽകുകയും അല്ലാത്തവർക്ക് ഒന്നും നൽകാതെയും പൊതുമുതൽ കുന്നുകൂട്ടുന്നു. മറ്റൊന്ന് അവകാശികളുടെ കാര്യത്തിൽ കൃത്യതയും വ്യക്തതയും ഇല്ലാത്ത വീടുകൾ, സ്ഥാവര ജംഗമ വസ്തുക്കൾ എല്ലാം സർക്കാരിലേക്ക് സ്വാഭാവികമായി വന്നുചേരുന്നു.

ഉന്നത വിദ്യാഭ്യാസത്തിനു കുട്ടികൾക്ക് പലിശ രഹിത വായ്‌പയും തൊഴിൽ രഹിതർക്ക് നിശ്ചിത വേതനവും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണവും ഏറെക്കുറെ കൃത്യതയോടെ നിർവ്വഹിക്കാൻ ഇങ്ങനെ കുമിഞ്ഞു കൂടുന്ന പൊതുമുതൽ സർക്കാരിനു തുണയേകുന്നു എന്നതാണ് യാഥാർഥ്യം.

സാമ്പത്തിക ഭദ്രതയുടെയും സാമൂഹ്യ നീതിയുടെയും കാര്യത്തിൽ നമ്മുടെ രാജ്യം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതില്ലാതെ വരുമ്പോൾ പ്രജകൾ അന്തമില്ലാതെ കഷ്‌ടപ്പെട്ടു വരും തലമുറയ്ക്ക് വേണ്ടി ധനം സമ്പാദിക്കുന്നതിൽ ബദ്ധ ശ്രദ്ധാലുക്കളായി ജീവിതം ഹോമിക്കും.

വീട് പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ മുതൽ വിവാഹം പോലുള്ള ആർഭാടങ്ങൾക്ക് വരെ ബാങ്ക് വായ്‌പയെ ആശ്രയിച്ച് അധിക സാമ്പത്തിക ബാധ്യതകളിൽ ചെന്നു ചാടി അന്ധവിശ്വാസങ്ങൾക്കും ആഭിചാരങ്ങൾക്കും പിറകേ പോയി ആത്മഹത്യയിലൂടെ ജീവിതം തുലയ്ക്കുന്ന സാധാരണക്കാരുടെ ദുരവസ്ഥയ്ക്ക് മാറ്റം വന്നേ തീരൂ ...


1 comment:

  1. സാമ്പത്തിക ഭദ്രതയുടെയും സാമൂഹ്യ നീതിയുടെയും കാര്യത്തിൽ നമ്മുടെ രാജ്യം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതില്ലാതെ വരുമ്പോൾ പ്രജകൾ അന്തമില്ലാതെ കഷ്‌ടപ്പെട്ടു വരും തലമുറയ്ക്ക് വേണ്ടി ധനം സമ്പാദിക്കുന്നതിൽ ബദ്ധ ശ്രദ്ധാലുക്കളായി ജീവിതം ഹോമിക്കും.

    വീട് പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ മുതൽ വിവാഹം പോലുള്ള ആർഭാടങ്ങൾക്ക് വരെ ബാങ്ക് വായ്‌പയെ ആശ്രയിച്ച് അധിക സാമ്പത്തിക ബാധ്യതകളിൽ ചെന്നു ചാടി അന്ധവിശ്വാസങ്ങൾക്കും ആഭിചാരങ്ങൾക്കും പിറകേ പോയി ആത്മഹത്യയിലൂടെ ജീവിതം തുലയ്ക്കുന്ന സാധാരണക്കാരുടെ ദുരവസ്ഥയ്ക്ക് മാറ്റം വന്നേ തീരൂ ... !

    ReplyDelete