Wednesday, 16 September 2015

കലയുടെ കമ്പോള നിലവാരം

കേവലം അനുകരണം മാത്രമല്ല; ആശയങ്ങളുടെ ആവിഷ്കാരം കൂടിയാകുന്നു കല. ചിത്ര-ശില്പ കലകള്‍, സിനിമ, നാടന്‍ കലാരൂപങ്ങള്‍, പാട്ട്, നൃത്തം... തുടങ്ങി കലയുടെ അരങ്ങും അണിയറയും പ്രകടന വൈവിധ്യങ്ങളാലും പ്രതിഭാ വിലാസങ്ങളാലും സമ്പുഷ്ടമാണ്.

കാലത്തിന്റെ തേരോട്ടത്തില്‍ നിഷ് പ്രഭമായി അന്യംനിന്ന കലാരൂപങ്ങള്‍ അനവധിയാണ്. ഉത്തരവാദികള്‍ ആര് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭ്യമല്ല. സാഹചര്യങ്ങള്‍ ആകാം. സാമ്പത്തിക പരാധീനതകള്‍ ആകാം.

പട്ടണങ്ങളില്‍ തമ്പടിച്ച് ആഴ്ചകള്‍ നീളുന്ന സര്‍ക്കസ് പ്രകടനങ്ങള്‍, ഗ്രാമീണ ഉത്സവങ്ങള്‍, തുടര്‍ന്നുള്ള കലാപരിപാടികള്‍ തുടങ്ങി കലയുടെ രുചിഭേദങ്ങള്‍ ഇന്നത്തേക്കാള്‍ കൂടുതല്‍ അനുഭവവേദ്യമായിരുന്നത് പണ്ട് കാലങ്ങളില്‍ ആയിരുന്നോ?

പേരെടുത്ത സര്‍ക്കസ് കമ്പനികളെ അനുകരിച്ച് നാട്ടിന്‍പുറങ്ങളില്‍ അരങ്ങേറിയ കലാരൂപമാണ് സൈക്കിള്‍ യജ്ഞം. സൈക്കിളില്‍ കൈ വിട്ടു വട്ടം കറങ്ങിയും കരിങ്കല്ല് ദേഹത്ത് വച്ചു കൂടം കൊണ്ട് അടിച്ചു പൊടിച്ചും ബള്‍ബ് കടിച്ചു തിന്നും കായികമായി ഗ്രാമീണരെ ഇക്കൂട്ടര്‍ അതിശയിപ്പിച്ചു; ഒപ്പം സിനിമാ പാട്ടുകള്‍ക്ക് ഇണങ്ങും വിധം ചുവടുകള്‍ വച്ചും തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞും തങ്ങളാല്‍ കഴിയുന്ന കലാപ്രകടനങ്ങള്‍ നടത്തി.

പഴയ കാലത്തെ കലാരൂപങ്ങളുടെ സ്വഭാവം പരിഗണിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്; ഒരാള്‍ നേതൃത്വം നല്‍കുന്ന സംരംഭത്തിന് ഒരു കൂട്ടം പേരുടെ നിര്‍ലോഭമായ പിന്തുണ! പണചെലവ് വഹിക്കുന്നത് സ്വഭാവികയും നേതൃ സ്ഥാനത്ത് ഉള്ള ആള്‍ തന്നെ. ആണ്ടില്‍ എല്ലാ മാസവും ഉപജീവനം സാധ്യമല്ലാത്ത ഒന്നായിരുന്നു അന്നത്തെ കലാ സംരംഭങ്ങള്‍ എല്ലാം തന്നെ. ബാക്കി സമയങ്ങളില്‍ അടുപ്പ് പുകയണമെങ്കില്‍ കഠിനമായ കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടാതെ തരമില്ലായിരുന്നു.

വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവുമുള്ള ഒരു കൂട്ടം ആളുകള്‍ എന്ന അവസ്ഥയ്ക്ക് പകരം ഒറ്റയാള്‍ പ്രസ്ഥാനങ്ങള്‍ നിലവില്‍ വന്നതോടെ കലാസംരംഭങ്ങളുടെ നിറച്ചാര്‍ത്ത് ചോര്‍ന്നു തുടങ്ങിയോ? പാടത്തും പറമ്പിലും പണിയെടുത്തു വലഞ്ഞ ദരിദ്ര ജനവിഭാഗത്തിന് അമ്പല പറമ്പുകള്‍ നല്‍കിയ കലാസംരംഭങ്ങള്‍; കഥാപ്രസംഗമായാലും നാടകമായാലും മറ്റെന്തു തന്നെ ആയാലും സമ്മാനിച്ചത്‌ കലാനുഭൂതിയുടെ മിന്നലാട്ടങ്ങള്‍ ആണ്.

ഇന്നിപ്പോള്‍ വ്യക്തീ കേന്ദ്രീകൃതമായ കലാസംരംഭങ്ങള്‍ നിശ്ചയിക്കുന്ന വില വിവരപ്പട്ടിക കലാസ്വാദ്യതയുടെ മുന്നോട്ടുള്ള പ്രയാണത്തെ തടയിടുന്നതാണോ എന്ന് സംശയിക്കണം. തൊണ്ണൂറുകളില്‍ ആയിരമോ ആയിരത്തി അഞ്ഞൂറോ രൂപയ്ക്ക് നാലഞ്ചു ഉപകരണ സംഗീതക്കാരും ഗായികാ ഗായകനും സൗണ്ട് സിസ്റ്റവും വണ്ടിയും ഉള്‍പ്പെടെ നടത്തിയിരുന്ന ലൈവ് ഗായക സംഘങ്ങളുടെ സ്ഥാനത്ത് ഇന്ന് നാലു പേര്‍ മാത്രമാണ്. പാട്ടുകാരന്‍ (സൗണ്ട്+വണ്ടി) പാട്ടുകാരി, ഒരു ട്രാക്ക് ഓപ്പറേറ്റര്‍, പേരിന് ഒരു കൊട്ടുകാരന്‍.

ഇവിടെ മണ്ണടിയാന്‍ വിധിക്കപ്പെടുകയാണ് വിസ്മരിക്കപ്പെട്ട ലൈവ് ഓര്‍ക്കസ്ട്ര പോലുള്ള കലാസംരംഭങ്ങള്‍. എട്ടും പത്തും സംഗീതോപകരണക്കാരും അര ഡസന്‍ പാട്ടുകാരും സൗണ്ട് സിസ്റ്റവും ഗതാഗത സംവിധാനവും ഒക്കെ തലയെണ്ണി നീക്കുപോക്ക് ഇല്ലാത്ത പ്രതിഫലം ആവശ്യപ്പെട്ടാല്‍ നടപ്പാക്കാന്‍ പറ്റാതെ സ്വയം നിഷ്കാസിതമാകുക എന്നതല്ലാതെ മറ്റൊരു പോംവഴി ഇല്ല. അതിനെ മറികടക്കണമെങ്കില്‍ തികഞ്ഞ ഇച്ചാശക്തിയും അര്‍പ്പണ ബോധവുമുള്ള ഒരാളുടെയല്ല; ഒരുപാടു പേരുടെ കൂട്ടായ യത്നവും സഹകരണവും ആവശ്യകരമാണ് താനും. വിദേശങ്ങളില്‍ പ്രത്യേകിച്ച്.

1 comment:

  1. ഇവിടെ മണ്ണടിയാന്‍ വിധിക്കപ്പെടുകയാണ്
    വിസ്മരിക്കപ്പെട്ട ലൈവ് ഓര്‍ക്കസ്ട്ര പോലുള്ള
    കലാസംരംഭങ്ങള്‍. എട്ടും പത്തും സംഗീതോപകരണക്കാരും
    അര ഡസന്‍ പാട്ടുകാരും സൗണ്ട് സിസ്റ്റവും ഗതാഗത സംവിധാനവും
    ഒക്കെ തലയെണ്ണി നീക്കുപോക്ക് ഇല്ലാത്ത പ്രതിഫലം ആവശ്യപ്പെട്ടാല്‍
    നടപ്പാക്കാന്‍ പറ്റാതെ സ്വയം നിഷ്കാസിതമാകുക എന്നതല്ലാതെ മറ്റൊരു
    പോംവഴി ഇല്ല. അതിനെ മറികടക്കണമെങ്കില്‍ തികഞ്ഞ ഇച്ചാശക്തിയും അര്‍പ്പണ ബോധവുമുള്ള ഒരാളുടെയല്ല; ഒരുപാടു പേരുടെ കൂട്ടായ യത്നവും സഹകരണവും ആവശ്യകരമാണ് ..
    വിദേശങ്ങളില്‍ പ്രത്യേകിച്ച് ബ്രിട്ടണിൽ...

    ReplyDelete