ഇന്നിപ്പോൾ ലോകത്തിന്റെ ഏതു കോണിലിരുന്നും മറ്റെവിടെയുമുള്ളവരുമായി ഞൊടിയിടയിൽ ആശയവിനിമയം സാധ്യമാണ്. സ്ക്രീനിലൂടെ നേരിട്ട് കണ്ടോ കാണാതെയോ എഴുത്തുകുത്തു സംവിധാനങ്ങളിലൂടെയോ യഥേഷ്ടം സാധ്യമായ സാങ്കേതിക പ്രതിഭാസം സ്വായത്തമായത് ശാസ്ത്രീയ മുന്നേറ്റത്തിലൂടെയാണ്.
മേഘങ്ങളെയും ഹംസങ്ങളെയും ദൂതുമായി പറഞ്ഞയയ്ക്കുന്ന പ്രമേയം ആസ്പദമാക്കി രചിക്കപ്പെട്ടതാണ് മേഘസന്ദേശം, നളചരിതം പോലുള്ള നമ്മുടെ പുരാണ കൃതികൾ. നാട്ടുരാജാക്കന്മാരുടെ കാലത്ത് അഞ്ചലോട്ടക്കാർ എന്ന പേരിൽ സന്ദേശവാഹകർ ഉണ്ടായിരുന്നതായും ചരിത്രത്തിൽ കാണാം.എന്നാൽ സായിപ്പിന്റെ വരവോടെ തപാലാപ്പീസ് സംവിധാനം നമുക്കും യഥേഷ്ടം സന്ദേശങ്ങൾ കൈമാറാൻ വഴിയൊരുക്കി.
യു.കെ.മലയാളികളിൽ അഭ്യസ്തവിദ്യരായ നല്ലൊരു ശതമാനം ജോലി ചെയ്യുന്ന സ്ഥാപനമാണ് റോയൽ മെയിൽ. 1516 ൽ ഹെൻറി എട്ടാമന്റെ കാലത്താണ് റോയൽ മെയിലിന്റെ തുടക്കം.
രാജ്യമൊട്ടാകെയുള്ള കത്തിടപാടുകൾ റോയൽ മെയിൽ കൈകാര്യം ചെയ്യുമ്പോൾ പാഴ്സൽ ഫോഴ്സ് വേൾഡ് വൈഡ് എന്ന വിഭാഗം പാഴ്സലുകൾ കൈകാര്യം ചെയ്യുന്നു. അന്താരാഷ്ട്ര വ്യവഹാരങ്ങൾക്ക് ജനറൽ ലോജിസ്റ്റിക് സിസ്റ്റം എന്ന പേരിൽ മറ്റൊരു വിഭാഗവും.
നമ്മുടെ നാട്ടിൽ കണ്ടുവന്നിരുന്ന തപാൽപെട്ടികൾ ഇവരുടെ സംഭാവനയാണ്. ഇവിടെ അത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും സൂപ്പർമാർക്കറ്റുകളും പില്ലറുകളുടെ രൂപത്തിൽ സർവ്വസാധാരണമാണ്.
ഫസ്റ്റ് ക്ളാസ് , സെക്കൻഡ് ക്ളാസ് എന്നിങ്ങനെ രണ്ടു വിഭാഗം പോസ്റ്റുകളാണുള്ളത്. ഇതിൽ ആദ്യത്തേത് പിറ്റേ ദിവസം യു.കെ.യിൽ എവിടെയും എത്തിക്കുന്ന സ്പീഡ് പോസ്റ്റ്. രണ്ടാമത്തേത്, സാധാരണ രീതിയിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് എത്തുന്ന പോസ്റ്റ്.
മറ്റൊന്ന് നമ്മുടെ നാട്ടിൽ കാണുന്ന രജിസ്റ്റേർഡ് പോസ്റ്റിനു സമാനമായ റെക്കോർഡ് ഡെലിവറിയാണ്. ഇതിനു തുക ഏറ്റവും കൂടുതലാണ്.
2011 ലെ പോസ്റ്റൽ സർവ്വീസസ് ആക്ട് അനുസരിച്ച് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് മുഖാന്തിരം റോയൽ മെയിലിന്റെ 70 ശതമാനം ഷെയറുകൾ പബ്ലിക്കിന് വിറ്റു. 30 ശതാമാനം മാത്രമാണ് സർക്കാർ കൈവശമുള്ളത്.
ഇന്നിപ്പോൾ ലോകത്തിന്റെ ഏതു കോണിലിരുന്നും ഫോണിലൂടെ നേരിട്ടു കണ്ടോ കാണാതെയോ ആരുമായും അശവവിനിമയം സാധ്യമാണ്. പത്തിരുപതു കൊല്ലം മുമ്പ് വരെ കേരളത്തിൽ തന്നെ പല ജില്ലയിൽ ഉള്ളവർക്ക്; അതാതു ജില്ലയിൽ ഉള്ളവർക്കും ബന്ധപ്പെടാൻ തപാലുകളിയിരുന്നു ഏക ആശ്രയം.
ഇന്നിപ്പോൾ നാട്ടിൽ കാത്തിടപാടുകൾക്ക് തീരെ പ്രസക്തി ഇല്ലാതായി. ഇവിടെയും പോസ്റ്റ് ഓഫീസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നു. എന്നിരുന്നാലും പോസ്റ്റ് ഓഫീസുകളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.
ബാങ്ക് സ്റ്റേറ്റ് മെന്റ്, ബില്ലുകൾ (ഇലക്ട്രിസിറ്റി, ഗ്യാസ്,വെള്ളം മുതലായവ) ഉപഭോകതാക്കളിൽ എത്തുന്നത് പോസ്റ്റ് വഴിയാണ്.

തനി റോയലായ റോയൽ മെയിൽ ...!
ReplyDelete