Friday, 24 November 2017

ആശ്രിതത്വം

വർഷങ്ങൾ നീണ്ട ആദ്യ ദാമ്പത്യജീവിതം വേർപെടുത്തി രണ്ടാമത് വിവാഹം കഴിച്ച ശാന്തികൃഷ്ണ വർഷങ്ങൾക്ക് ശേഷം അതും വേർപെടുത്തി. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്ന ശാന്തികൃഷ്ണ ജീവിതത്തെക്കുറിച്ചു നടത്തിയ നിരീക്ഷണം പ്രസക്തമാണ്.

ആശ്രിതത്വമാണ് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നാണ് പരാജിതമായ ജീവിത യാഥാർഥ്യങ്ങളിൽ നിന്നും അവർ കണ്ടെത്തിയത്. സെലിബ്രിറ്റി സ്റ്റാറ്റസിൽ നിന്നും വിവാഹ ജീവിതമെന്ന യാഥാർഥ്യത്തിൽ എത്തിപ്പെട്ട് നാളുകൾ കഴിയുമ്പോൾ അസ്വസ്ഥതകൾ തുടങ്ങുകയായി; ഇതിനു കാരണം ആശ്രിതത്വമാണ് എന്ന ശാന്തികൃഷ്ണയുടെ നിരീക്ഷണം ഒത്തുപോകാൻ കഴിയാതെ കുഴങ്ങുന്ന ആധുനിക കുടുംബ ജീവിത സമസ്യയ്ക്കുള്ള ഉത്തമമായ ഉത്തരമാണ്.

ഇതു പഴയ കാലങ്ങളിലും നിലനിന്നിരുന്ന യാഥാർഥ്യമാണ്. പുരുഷമേധാവിത്വം എന്നുവിളിച്ച് നമ്മൾ അധിക്ഷേപിക്കുന്ന ഒരു കാലഘട്ടമുണ്ട്. അധ്വാനിക്കുന്ന പുരുഷനും ആശ്രിതരായ കുടുംബാംഗങ്ങളും. കായികമായി ഏറെ ക്ലേശകരമായ ജോലികൾ ചെയ്തു കിട്ടുന്ന തുച്ഛമായ കൂലി കുടുംബത്തിന്റെ പട്ടിണി മാറ്റാൻ തികയാതെ വ്യാകുലപ്പെട്ട അവസ്ഥയിൽ കുടുംബനാഥൻ തന്റെ പ്രകോപനങ്ങൾ മുഴുവൻ തീർത്തിരുന്നത് ആശ്രിതരായ ഭാര്യയോടും കുട്ടികളോടുമായിരുന്നു.

കുട്ടികളോടുള്ള അതിക്രമ വാർത്തകളോ ആക്രമിക്കപ്പെട്ട വീട്ടമ്മമാരുടെ കേസുകളോ അന്നുണ്ടായില്ല; കാരണം, അവർക്ക് ആശ്രയം അവരെ ആക്രമിക്കുന്ന ആ കുടുംബ നാഥൻ തന്നെയായിരുന്നു. അയാളിൽ ആശ്രയിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു സാധ്യത അവർക്കുണ്ടായിരുന്നില്ല.സഹനം എന്ന് വേണമെങ്കിൽ വിളിച്ച് വിശുദ്ധ പദവി നൽകാം.

പുരുഷനോടൊപ്പം സ്ത്രീയും കാർഷികേതര വിഭാഗത്തിൽ അധ്വാനത്തിൽ ഭാഗഭാക്കാകുകയും വരുമാനം നേടുകയും ചെയ്തപ്പോൾ കേരളത്തിൽ പോലും വർഷങ്ങൾക്ക് മുൻപേ ചില പൊട്ടിത്തെറികളും ചീറ്റലുകളും സംഭവിച്ചു തുടങ്ങി.

അതിനെ വെല്ലുന്ന ദുരവസ്ഥയാണ് ഇന്നു യു.കെ. മലയാളികൾ (മല്ലൂസ്) നേരിടുന്നത്; കാരണം, ഇവിടെ ആശ്രിതൻ പുരുഷനും ആശ്രയം സ്ത്രീയുമാണ് ? ഇതൊരുപക്ഷേ ഗൗരവമായി പരിഗണിക്കേണ്ട വിഷയമല്ലേ ?

1 comment:

  1. പുരുഷനോടൊപ്പം സ്ത്രീയും കാർഷികേതര വിഭാഗത്തിൽ അധ്വാനത്തിൽ ഭാഗഭാക്കാകുകയും വരുമാനം നേടുകയും ചെയ്തപ്പോൾ കേരളത്തിൽ പോലും വർഷങ്ങൾക്ക് മുൻപേ ചില പൊട്ടിത്തെറികളും ചീറ്റലുകളും സംഭവിച്ചു തുടങ്ങി.

    അതിനെ വെല്ലുന്ന ദുരവസ്ഥയാണ് ഇന്നു യു.കെ. മലയാളികൾ (മല്ലൂസ്) നേരിടുന്നത്; കാരണം, ഇവിടെ ആശ്രിതൻ പുരുഷനും ആശ്രയം സ്ത്രീയുമാണ് ?
    ഇതൊരുപക്ഷേ ഗൗരവമായി പരിഗണിക്കേണ്ട വിഷയമല്ലേ ?
    എല്ലാവരും ആശ്രിതർ അല്ല എന്നതും കാണേണ്ട ഒരു വിഷയമാണ് ..

    ReplyDelete