വിവാഹ ധൂർത്ത് പരിധികളെല്ലാം ലംഘിച്ച് സിനിമ പിടിക്കുന്നത്ര ചെലവേറിയ ഒന്നായി മാറിയിട്ട് കാലം കുറെയായി. ഇവന്റ് മാനേജ്‌മെന്റുകൾ, കേറ്ററിംഗ് ഗ്രൂപ്പുകൾ, കലാപ്രവർത്തകർ, ഫോട്ടോ-വീഡിയോ ഗ്രാഫേഴ്സ്... തുടങ്ങി പൂവ് വിൽക്കുന്നവർ വരെ ഇതിന്റെ ഗുണഭോക്താക്കളാണ് എന്നത് ശരിതന്നെ.
എന്നാൽ ഇത്രയേറെ കൊട്ടിഘോഷിക്കപെടേണ്ട ഒന്നാണോ വിവാഹം? പരസ്പരം ഇഷ്‌ടപ്പെട്ട് ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്ന ലിവിംഗ് ടുഗെദർ സംസ്കാരം (താരതമ്യേന ചെലവ് തീരെ കുറഞ്ഞ ഒരു ഏർപ്പാട്) ഒരു വശത്തു വളർന്നു വരുമ്പോൾ മറുവശത്ത് ലക്ഷങ്ങളിൽ നിന്ന് കോടികളിലേയ്ക്ക് കുതിക്കുകയാണ് വിവാഹാർഭാടങ്ങൾ.
മതപരമായ ഒരു ചടങ്ങു കൂടിയാണ് വിവാഹം. ഏതെങ്കിലും മത വിഭാഗങ്ങൾ വിവാഹ ധൂർത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളതായി അറിയില്ല. ക്രൈസ്തവ വിഭാഗങ്ങൾ വിവാഹ വേളയിൽ ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പിന് നിർദ്ദേശിക്കുന്നത് വി. പൗലോസ് അപ്പസ്തോലന്റെ ലേഖനമാണ്. സഭ മിശിഹായ്ക്ക് കീഴ്‌പ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാർ എല്ലാക്കാര്യത്തിലും ഭർത്താക്കന്മാർക്ക് കീഴ് പ്പെട്ടിരിക്കണമത്രേ !
ആധുനിക ലോകത്തിനു ചേർന്ന ഒരു ഉപദേശമാണോ ഇത്? കാലാന്തരത്തിൽ പരിഷ്കരിക്കപ്പെടേണ്ടതിനു പകരം യാഥാസ്ഥിതിക പാരമ്പര്യ വാദങ്ങൾ അടിച്ചേൽപിക്കുന്നതിലൂടെ വിവാഹ ബന്ധത്തിന്റെ കെട്ടുറപ്പ് ബലപ്പെടുകയല്ല; തളരുന്നതായിട്ട് വേണം കരുതാൻ. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ഭർത്താവിനെതിരെ കേസ് കൊടുക്കുന്നതിൽ തുടങ്ങി വിവാഹ മോചനം വരെ എത്രയെത്രെ കേസുകൾക്ക് യാഥാസ്ഥിതികമായ ഇത്തരം ഉപദേശങ്ങൾ ഇട നൽകിയിട്ടുണ്ടാകും ?
എന്തുമാത്രം ആർഭാടത്തോടെ വിവാഹാഘോഷം നടത്തി എന്നതിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെടുത്താവുന്ന ഒന്നല്ല വിവാഹ ജീവിതമെന്ന പരീക്ഷണം. വിട്ടുവീഴ്ചകളുടെയും പരസ്പര ധാരണകളുടെയും ഇല്ലായ്‌മയിൽ കാണിക്കുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും വെറുപ്പിന്റെയും ... ഒക്കെ സമ്മിശ്ര രസക്കൂട്ടാണത്.
ചിലർ വിജയിക്കാൻ വേണ്ടി വിവാഹ മോചനം നേടുമ്പോൾ മറ്റേയാൾ പരാജയം സമ്മതിക്കുകയാണ്. വൈവാഹിക ജീവിതമെന്ന പരീക്ഷണത്തിൽ തോറ്റു പിൻവാങ്ങി ബന്ധം വേർപിരിഞ്ഞവരിൽ വിവാഹം നടന്ന് പിറ്റേന്ന് മുതൽ അമ്പതാം വിവാഹ വാർഷികം ആഘോഷിച്ചവർ വരെയുണ്ട് എന്ന കണക്കുകൾ കൂടി പരിശോധിക്കുമ്പോളാണ് വിവാഹ ധൂർത്ത് ചിരിക്കു വക നൽകുന്ന കോമാളിത്തരമാകുന്നത്.
എന്തുമാത്രം ആർഭാടത്തോടെ വിവാഹാഘോഷം നടത്തി എന്നതിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെടുത്താവുന്ന ഒന്നല്ല വിവാഹ ജീവിതമെന്ന പരീക്ഷണം. വിട്ടുവീഴ്ചകളുടെയും പരസ്പര ധാരണകളുടെയും ഇല്ലായ്‌മയിൽ കാണിക്കുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും വെറുപ്പിന്റെയും ... ഒക്കെ സമ്മിശ്ര രസക്കൂട്ടാണത്.
ReplyDelete