കലാഭവന്‍ മണി എന്ന അതുല്യ പ്രതിഭയുടെ അകാല മരണം കേരളീയ മനസ്സാക്ഷിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ഒന്നാണ്. മദ്യപാനം, സൗഹൃദം, കുടുംബ ബന്ധം, കോടികള്‍ വിലമതിക്കുന്ന സ്വത്ത്... തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ ജനകീയ അഭിനേതാവിന്റെ ജീവനെടുക്കുന്നതില്‍ വില്ലന്‍ റോളുകള്‍ വഹിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍.
അപ്രസക്തമായ ഏതെങ്കിലും മലയാള സിനിമയില്‍ അപ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നവര്‍ പോലും താരപരിവേഷം നില നിര്‍ത്താന്‍ പെടാപ്പാടു പെടുന്ന കാലഘട്ടമാണിത്. താരപരിവേഷമോ തലക്കനമോ ഇല്ലാതെ വെറും സാധാരണക്കാരനായി നാട്ടുകാരോടൊപ്പം കിട്ടുന്ന സമയം ചെലവഴിക്കാന്‍ മണി എന്ന അതുല്യ കലാകാരനും മനുഷ്യ സ്നേഹിയും കാണിച്ച വലിയ മനസ്സിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ, മലയാളിയുടെ മാറിയ കാഴ്ചപ്പാടില്‍ സ്വയം ചതിക്കപ്പെടാന്‍ താന്‍ കുഴിച്ച കുഴിയായും ഇതിനെ കാണേണ്ടി വരും.
"മദ്യപാനം ആരോഗ്യത്തിനു ഹാനികരം" എന്ന് ഏതു മദ്യക്കുപ്പിയിലും അതാതു ഭാഷകളില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്. സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള നിരവധിയാളുകള്‍ മദ്യത്തിന്റെ ഉപഭോക്താക്കളാണ്. മിതമായും വല്ലപ്പോഴും ഒക്കെ മദ്യപിക്കുന്നവരാണ് ഭൂരിഭാഗവും. മദ്യത്തിന്റെ അമിതാസക്തിക്ക് അടിപ്പെട്ടവരും കുറവല്ല. അമിത മദ്യാസക്തിയെ തുടര്‍ന്ന്‍ വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ടു നിര്‍ധനരായ വൃദ്ധജനം തെരുവില്‍ അലയുന്നതും സ്വാഭാവിക കാഴ്ചകള്‍ മാത്രമാണ്.
നിര്‍ധനരായ സാധാരണക്കാരെ അപേക്ഷിച്ച് സിനിമാക്കാര്‍ സമ്പന്നരാണ്. അതിനാല്‍ തന്നെ സ്വന്തം ക്രയശേഷി ഉപയോഗിച്ച് അമിത മദ്യോപയോഗവും അതു സംബന്ധിച്ച അസുഖങ്ങളും അകാല മരണവും സാധാരണക്കാരേക്കാള്‍ സിനിമാ പ്രവര്‍ത്തകരില്‍ സംഭവിക്കാറുണ്ട്. എന്നാല്‍ നേരെ മറിച്ച്, മദ്യത്തിന്റെ അമിതാസക്തിക്ക് വശംവദരാകാതെ ജീവിതം നയിക്കുന്ന സിനിമാക്കാരും ഏറെയുണ്ട്. ലവലേശം മദ്യം ഉപയോഗിക്കാത്തവരും ഇല്ലാതില്ല.
മദ്യത്തിന്റെ ഉപഭോഗം സംബന്ധിച്ച് കൃത്യമായ അവബോധമുള്ളവരല്ല മദ്യപാനികളായ മലയാളികളില്‍ അധികവും. കേരളാ സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന്‍ ബാറുകള്‍ പൂട്ടുന്നതിനു മുമ്പത്തെ സാഹചര്യം പരിശോധിക്കുക; കൂലി വേലക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ തീരെ ചെറുതല്ലാത്ത ഒരു വിഭാഗം രാവിലെ ജോലി തുടങ്ങുന്നതിനു മുമ്പ് തന്നെ ബാറില്‍ കയറി ഒരു ലാര്‍ജ് അടിച്ചിരുന്നു!
അതിരാവിലെ മദ്യപിക്കുന്ന ശീലം അമിത മദ്യാസക്തിയിലെയ്ക്ക് നയിക്കും എന്നതില്‍ സംശയമില്ല. ഇങ്ങനെ അമിത മദ്യപാനത്തെ തുടര്‍ന്ന്‍ രോഗികളായി ജീവന്‍ വെടിഞ്ഞവര്‍ കഴിഞ്ഞ കാലങ്ങളില്‍ നിരവധിയുണ്ട്. പുതിയ മദ്യനയത്തെ തുടര്‍ന്ന്‍ ഈ പ്രതിഭാസം ഏറെക്കുറെ മാറിയെന്നു പറയപ്പെടുന്നു; നല്ലത്.
ചെയ്യുന്ന തൊഴില്‍ ഏതുമാകട്ടെ, വൈകിട്ട് പണി തീരുമ്പോള്‍ കിട്ടുന്ന വേതനത്തില്‍ ഒരു ഭാഗം മുടക്കി ഒരു കുപ്പി കള്ള് / ഒന്നോ രണ്ടോ ലാര്‍ജ്ജ് വിദേശ മദ്യം സേവിക്കുക എന്നത് മറ്റു ലോകജനതയെപ്പോലെ മലയാളിയുടെയും പ്രാചീന ശിലങ്ങളില്‍ ഒന്നാണ്. ഇന്ന് കാണുന്ന വിധം അപകടത്തിലായതിനു പിന്നില്‍ നമ്മള്‍ അശാസ്ത്രീയമായി നേടിയ സാമ്പത്തിക വളര്‍ച്ച ഒരു കാരണമാണ്. ജനനം മുതല്‍ മരണം വരെ മലയാളികള്‍ കാട്ടിക്കൂട്ടുന്ന ആഘോഷ പ്രവണതകളാണ് മറ്റൊന്ന്.
മണി നിര്‍മ്മിച്ച ഔട്ട്‌ഹൗസ് രാവും പകലും സംഗീത സാന്ദ്രമായും നേരമ്പോക്കുകള്‍ ചൊല്ലിയും വന്നെത്തിയവര്‍ക്കും അന്തേവാസികള്‍ക്കും ആഘോഷ രാവുകള്‍ സമ്മാനിച്ചപ്പോള്‍ മണിക്ക് അതു സമ്മാനിച്ചത് ഇത്തരത്തില്‍ ഒരു ദുരന്തമാണ്. ബിയര്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്നതില്‍ കഴമ്പില്ല. ബിയര്‍ വീര്യം കുറഞ്ഞ മദ്യം തന്നെയാണ്. അമിതമായി ബിയര്‍ കുടിക്കുന്നത് അമിതമായി മദ്യപിക്കുന്നതിനു തുല്യമാണ്.
സമൂഹത്തെ അവബോധമുള്ളവരാക്കുക എന്നതിനു പകരം, മദ്യ നിരോധനം ധ്യാന ചികിത്സ പോലുള്ള പരിഹാരം കൊണ്ട് ഈ വിഷയത്തെ നേരിടാമെന്നു കരുതുന്നതിനേക്കാള്‍ ശുദ്ധ അസംബന്ധം വേറെ ഇല്ല.
സാബു ജോസ്
ചെയ്യുന്ന തൊഴില്‍ ഏതുമാകട്ടെ, വൈകിട്ട്
ReplyDeleteപണി തീരുമ്പോള്‍ കിട്ടുന്ന വേതനത്തില്‍ ഒരു ഭാഗം
മുടക്കി ഒരു കുപ്പി കള്ള് / ഒന്നോ രണ്ടോ ലാര്‍ജ്ജ് വിദേശ
മദ്യം സേവിക്കുക എന്നത് മറ്റു ലോകജനതയെപ്പോലെ മലയാളിയുടെയും
പ്രാചീന ശിലങ്ങളില്‍ ഒന്നാണ്.
ഇന്ന് കാണുന്ന വിധം അപകടത്തിലായതിനു പിന്നില്‍ നമ്മള്‍ അശാസ്ത്രീയമായി നേടിയ സാമ്പത്തിക വളര്‍ച്ച ഒരു കാരണമാണ്.അതുകൊണ്ട് തന്നെ ജനനം മുതല്‍ മരണം വരെ മലയാളികള്‍ കാട്ടിക്കൂട്ടുന്ന മദ്യാഘോഷ പ്രവണതകളും ഉണ്ടാകുന്നത്...