Tuesday, 23 February 2016

കുരിശാകുന്ന കുരിശിന്റെ വഴികള്‍

പീഡാനുഭവകാലം ആരംഭിച്ചതോടെ സത്യക്രിസ്ത്യാനികള്‍ (പ്രത്യേകിച്ചും മലയാളികള്‍) വല്ലാത്ത ധര്‍മ്മ സങ്കടത്തിലാണ്. നോണ്‍ വെജിറ്റെറിയന്‍ ഭക്ഷണം ഒഴിവാക്കുന്ന അമ്പത് നോയമ്പ് ഏല്‍പിക്കുന്ന ആഘാതം ഒരു വശത്ത്; പള്ളികളിലും പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലും ഈ കാലയളവില്‍ നിത്യേനയെന്നോണം ആചരിക്കുന്ന കുരിശിന്റെ വഴി മറുവശത്ത്!

എന്താണ് കുരിശിന്റെ വഴി? യേശുവിന്റെ കാല്‍വരി യാത്ര. യേശുവിന്റെ ക്രൂശു മരണവും പുനരുദ്ധാനവുമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ കാതല്‍. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ക്ക് വേണ്ടി ശിക്ഷിക്കപ്പെടുക എന്ന ദുഷ്കരമായ കൃത്യമാണ് യേശു തന്റെ ക്രൂശു മരണത്തോടെ നിര്‍വ്വഹിച്ചത്‌. മനുഷ്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ അധികമാണ് ആ ദുരന്തത്തിന്റെ ഓര്‍മ്മ പോലും.

യേശുവിന്റെ പുനരുദ്ധാനത്തോടെ നിന്ദ്യവും ക്രൂരവും ബീഭത്സവുമായ കുരിശു മരണം ഏറെക്കുറെ അപ്രസക്തമായി. യേശുവിന്റെ സുവിശേഷം ഗ്രഹിച്ചവര്‍ കൂടുതല്‍ ആത്മീയ വെളിച്ചം പ്രാപിച്ച് തനിക്കും മറ്റുള്ളവര്‍ക്കും സമൂഹത്തിനും നന്മകള്‍ ചെയ്തു ജീവിക്കുക എന്നതാണ് ക്രൈസ്തവ അത്മീയജീവിതത്തിന്റെ മര്‍മ്മം.

ഈ സത്യം ഗ്രഹിക്കാന്‍ സത്യക്രിസ്ത്യാനിയോ മനസ്സിലാക്കി കൊടുക്കാന്‍ പാതിരിമാരോ തയ്യാറാകുന്നില്ല എന്നു മാത്രമല്ല കുരിശിന്റെ വഴി പോലുള്ള ആചാരങ്ങളുടെ ആവര്‍ത്തനങ്ങള്‍ ഭൗതിക - ആത്മീയ ജീവിതത്തിന് കരുത്തു പകരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുക കൂടി ചെയ്യുന്നു എന്ന അപകടമാണ് ആധുനിക വിശ്വാസി സമൂഹം നേരിടുന്നത്.

പണ്ടുകാലങ്ങളില്‍ കുരിശിന്റെ വഴി വര്‍ഷത്തില്‍ ഒരിക്കല്‍ (ദുഃഖ വെള്ളി) ആചരിക്കുമായിരുന്നു. ഇന്നത്തെപ്പോലെ അചാരങ്ങളുടെ പങ്കപ്പാട് അന്നത്തെ വിശ്വാസി സമൂഹം തോളിലേറ്റിയിരുന്നില്ല. നിത്യ ജീവിതത്തിലെ ദാരിദ്ര്യവും ക്ലേശങ്ങളും പേറി തളര്‍ന്ന് അവശരായവര്‍ക്ക് മറ്റെന്തു പങ്കപ്പാട്?

തങ്ങള്‍ അനുഭവിച്ചിരുന്ന അറുതിയില്ലാത്ത ജീവിത യാതനകള്‍ക്ക് അന്ത്യം കാണാന്‍ പഴയ തലമുറയ്ക്ക് ആയില്ലെങ്കിലും അവരുടെ മക്കളും കൊച്ചുമക്കളും ഭൗതികമായി ജീവിതാഭിവൃദ്ധിയുടെ ദൈവാനുഗ്രഹത്താല്‍ സമൃദ്ധരാണിന്ന്.

പ്രാര്‍ത്ഥന, ധ്യാനം, ആചാരങ്ങള്‍ ... ഇതിലൊക്കെ നമ്മള്‍ ബഹുദൂരം മുന്നേറിയപ്പോള്‍ പഴയ തലമുറ അനുവര്ത്തിച്ചിരുന്ന പരസ്നേഹം, പങ്കിടല്‍, അനുകമ്പ ... തുടങ്ങിയ മനുഷ്യത്വ ഭാവങ്ങള്‍ നമുക്ക് അന്യമായോ എന്ന ചിന്ത അനിവാര്യമാണ്. സഹജീവികളുടെ വേദനകളില്‍, കഷ്ടങ്ങളില്‍, ആവശ്യങ്ങളില്‍ തനിക്കും കുടുംബത്തിനും കാര്യമെന്ത് എന്നു ചിന്തിക്കുന്ന ആധുനിക സമൂഹം നിത്യേനയെന്നോണം അനുവര്‍ത്തിക്കുന്ന ഇത്തരം ആചാരങ്ങള്‍ ക്രിസ്തുവെന്ന ദൈവ പുത്രനിലെ സാമൂഹ്യ വിപ്ലവകാരിയുടെ പ്രബോധനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ അപ്രസക്തമായ അനാചാരമായി മാറുന്നു എന്നു വേണം കരുതാന്‍.


1 comment:

  1. ക്രൈസ്തവ അത്മീയജീവിതത്തിന്റെ മര്‍മ്മം ഗ്രഹിക്കാന്‍
    സത്യക്രിസ്ത്യാനിയോ മനസ്സിലാക്കി കൊടുക്കാന്‍ പാതിരിമാരോ
    തയ്യാറാകുന്നില്ല എന്നു മാത്രമല്ല കുരിശിന്റെ വഴി പോലുള്ള ആചാരങ്ങളുടെ ആവര്‍ത്തനങ്ങള്‍ ഭൗതിക - ആത്മീയ ജീവിതത്തിന് കരുത്തു പകരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുക കൂടി ചെയ്യുന്നു എന്ന അപകടമാണ് ആധുനിക വിശ്വാസി സമൂഹം നേരിടുന്നത്...

    ReplyDelete