Saturday, 13 February 2016

ഇന്ത്യന്‍ രാഷ്ട്രീയവും ജനമനസ്സും

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരനിലും കുടികൊള്ളുന്ന വികാരമാണ് മാതൃരാജ്യ സ്നേഹം. ഭരണ-പ്രതിപക്ഷങ്ങളായി വിലസുന്ന വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കുത്തഴിഞ്ഞ അവറ്റകളുടെ സ്വാര്‍ത്ഥതകളും കൂടി അട്ടിമറിച്ചു കൊണ്ടിരിക്കുന്നത് പൗരമനസ്സുകളിലെ ഈ മാതൃവികാരത്തെക്കൂടിയാണ്.

കോണ്ഗ്രസ്സ് എന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനം അര നൂറ്റാണ്ടിലേറെ പണിപ്പെട്ടിട്ടും ദാരിദ്ര്യത്തിന് തെല്ലെങ്കിലും ശമനമോ അറുതിയോ ഉണ്ടായില്ല എന്നതില്‍ പ്രജകള്‍ ഖേദിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് അതില്‍ തെല്ലും ആശങ്കയോ നാണക്കേടോ ഇല്ല. (കേരള സംസ്ഥാനം ഇതിന് അപവാദമാണ്, നോക്കു കൂലി പോലെ വൃത്തികെട്ടതും കുറ്റകരവുമായ പിടിച്ചു പറിക്കല്‍ നടത്തി പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്ന സംസ്ഥാനം കൂടിയായി എന്നു മാത്രമല്ല, ഉമ്മന്‍ ചാണ്ടി സാര്‍ക്കാര്‍ വന്നപ്പോള്‍ ഈ വൃത്തികേട്‌ കാണിച്ചു ജീവിക്കുന്നവരില്‍ പലര്‍ക്കും ഒരു രൂപയ്ക്ക് ഒരു കിലോ അരിയും!)

രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹ്യ നമയ്ക്ക് വേണ്ടി എന്ന കാഴ്ചപ്പാടില്‍ നിന്ന് മാറി, സ്വന്തം കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി എന്ന നിശബ്ദ മുദ്രാവാക്യം ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും ഉയരുന്നു എന്നതാണ് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഭീകരമായ സത്യം.

വര്‍ഗ്ഗീയ പാര്‍ട്ടിയെന്നു മുദ്ര കുത്തപ്പെട്ട ബി.ജെ.പി. മൃഗീയ ഭൂരിപക്ഷത്തില്‍ കേന്ദ്ര ഭരണം കരസ്ഥമാക്കിയപ്പോള്‍ ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തിരിവ് ഇല്ലാതെ ഇന്ത്യക്കാര്‍ ഒന്നടങ്കം മോദി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് മോദിയുടെ ഭരണകാലത്ത് ഇന്ത്യയ്ക്കുള്ളില്‍ ഹിന്ദു വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ആപല്‍ക്കരമായ വിധം തല ഉയര്‍ത്തി എന്ന യഥാര്‍ത്ഥ്യം കാണാതിരുന്നു കൂടാ. അവര്‍ ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങള്‍ തലയിലേറ്റാന്‍ അങ്ങനെ ഫാസിസ്റ്റുകള്‍ നിര്ബ്ബന്ധിതരായി എന്നതാണ് മറുവശം.

രാഷ്ട്രീയേതരമായി ചിന്തിച്ചാല്‍ അരവിന്ദ് കേജ്രിവാള്‍ എന്ന അഭ്യസ്ത വിദ്യന്‍ സമകാലീന രാഷ്ട്രീയത്തിന് സമ്മാനിച്ചത്‌ പ്രതീക്ഷയോ വാഗ്ദാനമോ അല്ല; ജനാധിപത്യ സംവിധാനത്തില്‍ ഭരണാധികാരികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന നടപടി ക്രമങ്ങളുടെ സന്ദേശങ്ങളാണ്. ഇടതു വലതു പക്ഷങ്ങളും പ്രാദേശിക പാര്‍ട്ടികളും പഠന വിഷയമാക്കേണ്ട വസ്തുതകള്‍ ആണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് വേണ്ടി കേജ്രിവാള്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്കാരങ്ങള്‍.




ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ ഗാന്ധിജി നിരാഹാരം കിടന്നതിന്റെ ഓര്‍മ്മയ്ക്ക് ആരും ഈ കാലഘട്ടത്തില്‍ നിരാഹാര പ്രഹസനം കാണിച്ച് തന്റെ സമ്മതി ദായകരെ ചിരിപ്പിക്കരുത്. സമരപ്പന്തലില്‍ സാക്ഷാല്‍ പോപ്പ് വന്നാല്‍ പോലും അത്തരം നാടകങ്ങള്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല.

കേരളം വിദേശ നാണയം കൊണ്ടു സമ്പല്‍ സമൃദ്ധമാകേണ്ട നാടാണ്‌. ഒരു ലക്ഷം രൂപ എന്നത് കേരളത്തിലുള്ള തൊഴിലാളിക്ക് / ഉദ്യോഗസ്ഥന് / രാഷ്ട്രീയക്കാരന് വലിയ തുകയല്ല. കാര്യമായി അതുകൊണ്ട് ഒന്നും നേടാനും ഇല്ല. എന്നാല്‍ ഇന്ത്യയില്‍ മറ്റു പല സംസ്ഥാനങ്ങളിലെയും സ്ഥിതി അതല്ല. കേരളത്തിന്റെ പൊതുക്കടം ആളോഹരി പുതുതായി ജനിക്കുന്ന കുഞ്ഞിന് അമ്പതിനായിരം രൂപ!

വീടു നിര്‍മ്മാണവും ഇവന്റ് മാനേജ്മെന്റും (കല്ല്യാണം, മരിച്ചടക്ക്‌...) കേരളത്തില്‍ വിദേശ നാണയം കിടന്നു കളിക്കുന്ന പ്രധാന മേഖലകള്‍ ഇതൊക്കെ തന്നെ. കെ.എസ്.ആര്‍.ടി.സി. എന്ന പൊതുമേഖലാ സ്ഥാപനം നടന്നു പോകണമെങ്കില്‍ ദിനംപ്രതി ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അതിനു ഗ്രാന്റ് നല്‍കണം എന്ന് മുന്‍ മന്ത്രിയുടെ പ്രസ്താവന എവിടെയോ വായിച്ചു.

ഒരു രൂപയ്ക്ക് അരി വാങ്ങി സന്തോഷിക്കുമ്പോള്‍ പ്രജകള്‍ അറിയുന്നില്ല അതിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് ഏഴര രൂപ കേരള സര്‍ക്കാര്‍ നല്‍കുന്നു എന്ന സത്യം. ഇതെല്ലാം നമുക്ക് വിനയായി പൊതു കടമായി നമ്മുടെ മുന്നില്‍ തന്നെ വരും; വേറെ എവിടെ പോകാന്‍?

പരമ്പരാഗത രാഷ്ട്രീയ നാടകങ്ങള്‍ കളിച്ച് അഭിവൃദ്ധി പ്രാപിക്കുക എന്ന സാമാന്യ തത്വത്തില്‍ നിന്ന് അന്തസ്സുള്ള രാഷ്ട്രീയക്കാര്‍ വിരമിക്കട്ടെ? സാമൂഹ്യ നന്മയ്ക്ക് ഉതകുന്ന പുത്തന്‍ രാഷ്ട്രീയ നടപടിക്രമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ബദ്ധ ശ്രദ്ധാലുക്കള്‍ ആയി പ്രവര്‍ത്തിച്ചു കാണിക്കൂ? സാമാന്യ ജനങ്ങള്‍ രാഷ്ട്രീയേതരമായി നിങ്ങളുടെ പിന്നില്‍ അണിനിരക്കും തീര്‍ച്ച...








2 comments:

  1. ആ കാർട്ടൂൺ തന്നെയാണ്
    യഥാർത്ഥ ഇന്ത്യൻ രാഷ്ട്രീയം..

    ReplyDelete
  2. ഈ കാർട്ടൂൺ ഞാൻ എന്റെ
    പൂതിയ പോസ്റ്റിലും ചാ‍ാർത്തി കേട്ടൊ ഭായ്

    ReplyDelete