കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലമായി യു.കെ.യില്‍ ജീവിതം നയിക്കുന്ന മല്ലൂസ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വന്നവരുടെ അത്രയും ഇല്ലെങ്കിലും എന്തൊക്കെയോ നേടി. സാമ്പത്തിക നേട്ടം മാത്രമാണ് ജീവിതലക്ഷ്യം എന്ന സിദ്ധാന്തം പിന്തുടരുന്ന ഏക ജനത ഒരു പക്ഷേ യു.കെ.യിലുള്ള ഈ രണ്ടു വിഭാഗം മല്ലൂസ് ആയിരിക്കും; കൂടെ പേരിന് കുറെ വടക്കേ ഇന്ത്യക്കാരും.
ക്രിസ്ത്യാനികളെ സംബന്ധിച്ച് ബൈബിളില്‍ പൗലോസിനെ പോലുള്ള ദൈവശാസ്ത്ര പണ്ഡിതന്മാര് നിരത്തുന്ന ആത്മീയ ജീവിതവും ഭൗതിക ജീവിതവും സംബന്ധിച്ച വൈജാത്യങ്ങള്‍ മനസ്സിലാക്കാന്‍ മെനക്കെടാതെ, പത്താം ക്ലാസ് വിദ്യാഭ്യാസം നേടി വൈദിക സെമിനാരിയില്‍ ചേര്‍ന്ന് സഭ എന്ന സ്ഥാപക യഥാര്‍ത്ഥ്യത്തിന് ഓശാന പാടുന്ന കളരി അഭ്യാസങ്ങള്‍ സ്വായത്തമാക്കി കളത്തില്‍ ഇറങ്ങുന്ന വൈദികന് പറയുന്ന വേദവാക്യങ്ങള്‍ മാത്രം അപ്പാടെ വിഴുങ്ങി ആത്മീയജീവിത സൗഖ്യം നുകരുന്നവര്‍ അനവധിയാണ്.
ഓരോരുത്തരുടെയും സ്വകാര്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും ഒക്കെ പ്രശ്നമായി ഇതിനെ പരിഗണിച്ച് മിണ്ടാതിരിക്കുക എന്നതാണ് കരണീയം; എന്നുകരുതി, സമൂഹത്തിന് ഗുണകരമല്ലാത്ത, തീര്‍ത്തും സ്വാര്‍ത്ഥമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നു എന്ന അപകടത്തെ കാണാതിരുന്നു കൂടാ.
ആരാണ് ഞാന്‍? ആരാണ് നീ? എന്ന ചോദ്യം ചോദിക്കാതെ നീയും ഞാനും ജീവിക്കുന്നതാണ് ജീവിതം. ഏതു മതഗ്രന്ഥങ്ങളില്‍ പരതിയാലും ഇതിനപ്പുറം മനുഷ്യ ജീവിതത്തിന് പ്രസക്തി കല്പിച്ചിട്ടില്ല. മനുഷ്യന് മരിക്കേണ്ടവനാണ്/മരിക്കേണ്ടവളാണ്. ഏദന്‍ തോട്ടത്തില്‍ ഹവ്വ ജോലിക്ക് പോകുന്നില്ല; ആദാമും. ഒന്നിനും കുറവില്ലാത്ത പറുദീസയില്‍ ലോകത്തെ ആദ്യത്തെ ഭാര്യഭാര്ത്താക്കന്മാര് തമ്മില്‍ വഴക്കുണ്ടായി; നിഷേധിക്കപ്പെട്ട പഴത്തെ ചൊല്ലി!
പ്രലോഭനം എന്ന വാക്ക് മനുഷ്യന്റെ ഉദ്ഭവത്തോടെ ഉണ്ടായി. ഏദന്‍ തോട്ടത്തില്‍ അതൊരു പഴമായിരുന്നു എങ്കില്‍ ഇന്ന് രണ്ടായിരത്തി പതിനാറില്‍ അത് വീട്, കാറ്, ജോലി, കുട്ടികളുടെ ഭാവി ... മറ്റു പലതുമായി മാറി.
കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലമായി വിശ്വാസ ജീവിതം വിടാതെ പിന്തുടര്ന്ന് ജീവിക്കുന്ന ഒരുപാടു മല്ലൂസ് ഉണ്ടിവിടെ. വിശ്വാസ ജീവിതത്തിന് ഇവര്‍ മുടക്കിയ പണം ഇവരുടെ അധ്വാന ഫലം തന്നെ. കാറോടിച്ച് പള്ളിയില്‍ പോകുന്നത്, നേര്‍ച്ച ഇടുന്നത്, പള്ളിയുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പിരിവു നല്‍കുന്നത്, പെരുന്നാള്‍ പോലുള്ള ആഘോഷങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്നത്... എന്ത് സാമൂഹ്യ നന്മയാണ് ഇവരെക്കൊണ്ട് മല്ലു സമൂഹത്തിന് ലഭിച്ചത്?
തന്റെയും കുടുംബത്തിന്റെയും നേര്‍ക്ക് ഒരു വെല്ലുവിളിയും ഉണ്ടാകില്ല എന്ന മട്ടിലുള്ള വേദ വാക്യങ്ങള്‍ വീടിന്റെ കട്ടിളപ്പടികളില്‍ സ്ഥാപിച്ചും; താനും കുടുംബവും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങള്‍ക്കും പാത്രീഭൂതരാണ് എന്ന ധ്വനിയില്‍ ഉള്ള വേദവാക്യങ്ങള്‍ ഭിത്തിയില്‍ തറച്ചും ആത്മീയാസക്തരായി ജീവിതം നയിക്കുന്ന മല്ലൂസും അനവധിയാണ്.
ഇങ്ങനെ ജീവിതം ഹോമിക്കുന്നവര്‍ സ്വയം നഷ്ടപ്പെടുത്തുന്നത് സാമൂഹ്യ ജീവിതത്തിന്റെ സുഗന്ധവും സുരക്ഷിതത്വവും സാമൂഹ്യമായ കെട്ടുറപ്പുമാണ്. ഒന്നോര്‍ക്കുക; നാമൊക്കെ വിഭിന്ന ജാതി മത വര്‍ഗ്ഗ വൈജാത്യങ്ങളില്‍ ഇടപഴകി ആശ്രയ പരാശ്രയങ്ങളായി പറക്ക മുറ്റിയവരാണ്. ഇവിടെ അടുത്ത തലമുറയ്ക്ക് അതിനുള്ള വാതിലുകള്‍ നാം കൊട്ടി അടച്ചു കഴിഞ്ഞു.
കുട്ടികളുടെ ഭാവി നിലപാടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകും എന്ന പ്രതീക്ഷയില്‍ അവരവരുടെ പള്ളിക്കാര്യങ്ങളുമായി മുന്നേറുന്ന എല്ലാ
യക്കോബായ, കത്തോലിക്കന്, ക്നാനായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ.... വിശ്വാസി കൂട്ടങ്ങള്‍ക്കും പുതു വത്സര ആശംസകള്‍...
ഇങ്ങനെ ജീവിതം ഹോമിക്കുന്നവര്‍ സ്വയം നഷ്ടപ്പെടുത്തുന്നത് സാമൂഹ്യ ജീവിതത്തിന്റെ സുഗന്ധവും സുരക്ഷിതത്വവും
ReplyDeleteസാമൂഹ്യമായ കെട്ടുറപ്പുമാണ്. ഒന്നോര്‍ക്കുക;
നാമൊക്കെ വിഭിന്ന ജാതി മത വര്‍ഗ്ഗ വൈജാത്യങ്ങളില്‍
ഇടപഴകി ആശ്രയ പരാശ്രയങ്ങളായി പറക്ക മുറ്റിയവരാണ്.
ഇവിടെ അടുത്ത തലമുറയ്ക്ക് അതിനുള്ള വാതിലുകള്‍ നാം കൊട്ടി
അടച്ചു കഴിഞ്ഞു.