Thursday, 9 October 2014

യുക്മയും ഫോബ്മയും ആര്‍ക്കു വേണ്ടി?

യു.കെ. മലയാളികള്‍ ഏറെയും നാല്പതും അമ്പതും അറുപതും വയസ്സ് പിന്നിട്ടവരാണ്. മുടി കറുപ്പിച്ചും ശാരീരികമായ പലവിധ പ്രയാസങ്ങള്‍ക്ക് ഗുളിക കഴിച്ചും ഡ്യൂട്ടിക്ക്‌ മുടക്കം വരാതെയും പറ്റുന്ന ഓവര്‍ടൈം ചെയ്തും കാലം കഴിക്കുന്നു. പണം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നേ പറയൂ; സത്യത്തില്‍ ഒരുവിധം നല്ല ആസ്തി ഉള്ളവരാണ് ഏറെയും. നാട്ടില്‍ ന്യായമായ വിലപിടിപ്പുള്ള ഒരു വീടില്ലാത്തവര്‍ യു.കെ. മലയാളികളില്‍ വിരളമാണ്. ഇവിടെയും ഒന്നിലധികം മോര്‍ട്ട്ഗേജ് ഉള്ളവര്‍ കുറവല്ല.

കഴിഞ്ഞ പത്തു പന്ത്രണ്ടു കൊല്ലം ജോലി ചെയ്തവരുടെ വരുമാനം വര്‍ധിച്ചു. കുട്ടികളില്‍ ചിലര്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടി, മറ്റു ചിലര്‍ ഭേദപ്പെട്ട ജോലിയില്‍ ആയി. ചിലര്‍ വിവാഹിതരായി... എന്നാല്‍ മറുവശത്ത്, സാംസ്കാരികമായും സംഘടനാപരമായും കലാപരമായും കലശലായ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സമൂഹമാണ്‌ ഇപ്പോഴും നമ്മുടേത് എന്നതാണ് സത്യം. ഉറക്കമിളച്ചും ഏറെ കഷ്ടതകള്‍ സഹിച്ചും ധനസമ്പാദനത്തിലും മക്കളുടെ ഉല്‍ക്കര്‍ഷത്തിലും മാത്രം ഉന്നം വച്ചു നീങ്ങിയ നമ്മള്‍ നമ്മെ കുറിച്ച് ഒരിക്കല്‍ പോലും ചിന്തിച്ചില്ല.

നിന്ന് തിരിയാന്‍ നേരമില്ലാത്തതിന്റെ ഇടയ്ക്കും ഉറക്കച്ചടവിലും നമ്മള്‍ നമുക്ക്‌ വേണ്ടി എന്ന് ഉച്ചത്തില്‍ ഘോഷിച് നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ തീരെ സംസ്കാര ശൂന്യമായി അധപതിച്ച് പല കഷണങ്ങള്‍ ആയി സ്വയം തകരുകയാണ് ചെയ്തത്. എല്ലാ സംഘടനകള്‍ക്കും വേണ്ടി ഒരു മാതൃ സംഘടന എന്ന ആശയം ഏറെ കൊട്ടി ഘോഷിക്കലുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രൂപം കൊണ്ടു. സമാന്തരമായി മറ്റൊരു സംഘടനയുടെ ഉല്‍ഭവത്തിനു കാരണമായി എന്നതായിരിക്കും യുക്മ എന്ന മാതൃ സംഘടന കൊണ്ടുണ്ടായ ഒരു നേട്ടം!

ഈ രണ്ടു സംഘടനകള്‍; യുക്മയും ഫോബ്മയും, വലിയ ചില സംഭവങ്ങള്‍ എന്ന രീതിയില്‍ സംഘടിപ്പിക്കുന്ന കലാമേളകള്‍ ഇവിടുത്തെ മലയാളി സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ചെയ്യുന്നുണ്ടോ? ടീനേജ് പ്രായത്തിലേയ്ക്ക് കടക്കുന്ന പെണ്‍കുട്ടികളുടെ ഡാന്‍സ്‌ മേള എന്നതില്‍ മാത്രം ഒതുങ്ങുന്നു നമ്മുടെ കലാമേളകള്‍ എന്ന സത്യം ആര്‍ക്ക് നിരാകരിക്കാനാകും?

കഴിഞ്ഞ അഞ്ചു വര്‍ഷമോ അതിനു മുമ്പോ ഡാന്‍സ്‌ കളിച്ചു വിജയശ്രീലാളിതരായ നമ്മുടെ കുട്ടികള്‍ ഇന്ന് എവിടെയാണ്? എന്ത് കൊണ്ടാണ് ശോഭനയെ പോലൊരു നര്‍ത്തകി യു.കെ. മലയാളികളില്‍ നിന്ന് ഉണ്ടാകാതെ പോകുന്നത്? സംഘടനകളെയും മാതൃ സംഘടനകളെയും മറികടന്ന് സ്വന്തം ഇച്ഛാശക്തിയുടെ ബലത്തില്‍ കൈയ്യില്‍ നിന്ന് കാശ് മുടക്കി ചിലര്‍ ചില സാഹസത്തിനു മുതിര്‍ന്നു. മലയാള സിനിമയില്‍ തന്നെ ഏറെ വ്യത്യസ്ഥത അവകാശപ്പെടാവുന്ന ചില സിനിമകളും കുറെ ഷോര്‍ട്ട് ഫിലിമുകളും അങ്ങനെ ജന്മം കൊണ്ടു.

ആഴ്ചയില്‍ ഒരിക്കല്‍ പള്ളിയില്‍ പോകണം, കുര്‍ബാന കാണണം, മലയാളി കത്തനാര്‍ തന്നെ കുര്‍ബ്ബാന ചൊല്ലണം, കത്തനാര്‍ക്ക് കുര്‍ബ്ബാന ഒന്നിന് നൂറ്റമ്പത് പൗണ്ട് ശമ്പളം നല്കാനും വിശ്വാസികള്‍ തയ്യാര്‍! നമ്മുടെ കുട്ടികള്‍ എവിടെ, നമ്മള്‍ എവിടെ? നമ്മള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ നമ്മുടെ മക്കള്‍ ശിരസ്സാ വഹിച്ചു എന്ന അന്ധവിശ്വാസത്തിലാണ് നാം. ലോകം മാറിക്കൊണ്ടേയിരിക്കുന്നു, നമ്മുടെ കുട്ടികളും. മാറ്റത്തിനതീതരായി നമ്മള്‍ യു.കെ. മലയാളികളും നമ്മുടെ സംഘടനകളും!






2 comments:

  1. സാബുവിന്റെ ലേഖനം നന്നായിയിരിക്കുന്നു. അതിലേക്ക് എന്റെ അഭിപ്രായം പറയുന്നതിന് മുൻപ് ആമുഖമായി ചില വസ്തുതകൾ പറയണം.

    ഏതൊരു സംഘടനയും പിറവി കൊള്ളുന്നത് പലപ്പോഴും പലതരം കാരണങ്ങൾ കൊണ്ടാണ്. ആദ്യത്തേത്, ജനോപകരമായ വിവിധതരം ആശയങ്ങൾ ജനങ്ങൾക്കിടയിൽ പ്രാവർത്തികമാക്കാൻ വേണ്ടിയായിരിക്കും ഒരു സംഘടനയ്ക്ക് ആദ്യം രൂപം കൊടുക്കുന്നത്. എന്നാൽ എന്തിനാണോ ഈ സംഘടന തുടങ്ങിയത് എന്നുള്ള മാനിഫെസ്റോ മടക്കിവെച്ചു അതിൽ രാഷ്ട്രീയ നിറം ചേർക്കുവാൻ തുടങ്ങുമ്പോൾ അഭിപ്രയവ്യത്യാസങ്ങൾ ഉടലെടുത്തുതുടങ്ങും. സംഘടനയുടെ വളര്ച്ചയ്ക്ക് വേണ്ടി മനസ്സിൽ ഉദയം ചെയ്യുന്ന ആശയങ്ങൾ താൻ പ്രവർത്തിക്കുന്ന സംഘടനയിൽ പ്രാവർത്തികമാക്കാൻ സാധിക്കതെവരുമ്പോൾ / സമ്മതിക്കാതിരിക്കുമ്പോൾ അല്ലെങ്കിൽ ഇങ്ങനെയുള്ള ഒരു സ്തിതി വിശേഷത്തിൽ സാമൂഹിക പ്രവർത്തനം മനസ്സിൽ കൊണ്ടുനടക്കുന്ന വ്യക്തികൾ ചേർന്ന് വീണ്ടും മറ്റൊരു സംഘടനയ്ക്ക് ആലോചിക്കും. അങ്ങനെ അടുത്ത സംഘടന രൂപം കൊള്ളുകയായി. പിന്നീട് തുടങ്ങുന്ന ഗോ ഗോ വിളികളിലും വ്യക്തിഹത്യകളും. പുതിയതായി തുടങ്ങിയ സംഘടനയും സംഘടന തുടങ്ങിയവരെയും ഏതുവിധേനയും തച്ചുതകർക്കുക എന്ന ലക്ഷ്യം മുന്നില് കണ്ട് തുടങ്ങുന്ന പിന്നാമ്പുറ കളികൾ. അതിൽ സ്ത്രീകളെ ആദരിക്കുന്ന നാട്ടിൽ നിന്നും വന്ന ഇവർ സംഘടനയിൽ പ്രവർത്തിക്കുന്ന സ്തീകളെപ്പോലും വ്യക്തിഹത്യയിൽ വെറുതെ വിടില്ല എന്നുള്ളപ്പോൾ പിന്നെ പാവം പ്രവർത്തകരുടെ കാര്യം പറയേണ്ടതുണ്ടോ.
    നല്ലത് ചെയ്യുവാൻ ആഗ്രഹിക്കുന്ന പുതിയ സംഘടനയോട് ചെയ്യുന്ന ഇത്തരം പരിപാടികൾ കണ്ടു എന്ത് ചെയ്യണമെന്ന് അറിയാതെ പാവം കുട്ടികളും അവരുടെ മാതാപിതാക്കളും. പതിയെ പതിയെ കുട്ടികൾക്കും മാതാപിതാക്കൾക്കും സംഘടനകളോടുള്ള ആഭിമുഖ്യം കുറയുന്നു. എന്നാൽ അത്രത്തോളമില്ല ഈ താല്പര്യമില്ലയ്മ്മ. കൂടെ കൂടെ നടത്തുന്ന സാഹിത്യ മൽസരങ്ങളിലും കലോത്സവങ്ങളിലും ഇവർ പങ്കെടുക്കാൻ താല്പ്പര്യം കാണിക്കുന്നു. എന്നാൽ ഈ കുട്ടികളുടെ മാതാപിതാക്കളെ തേടിപ്പിടിച്ചു ഇവരുടെ മനം മടുപ്പിക്കുക മനം മാറ്റുക മാറിയില്ലെങ്കിൽ ഭീഷണിപ്പെടുത്തുക.

    ഇതൊന്നുമല്ലാതെ രണ്ടു സംഘടനകളും പരസ്പ്പരം സ്നേഹത്തോടും സഹോദര്യത്തോടും കൈകോർത്തു പോകുകയാണെങ്കിൽ യൂക്കെയിലെ ഒട്ടുമിക്ക മലയാളികളുടെയും കലോത്സവസ്വപ്‌നങ്ങൾ പൂവണിയും. ഇതാണ് ഫോബ്മ തുടക്കം മുതൽ ആഗ്രഹിച്ചതും ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നതും. ഏതൊരു യുക്കെ മലയാളിക്കും സംഘടനയുടെ ചട്ടക്കൂടോ പിൻബലമൊ ഇല്ലാതെ തന്റെ കഴിവുകളെ പുറത്ത് കൊണ്ടുവരുവാനുള്ള അവസ്സരം.

    ഈയൊരു അവസരത്തെ നിഷേധിക്കരുത് എന്നുമാത്രമാണ് എന്റെയൊരു അഭ്യർഥന.

    ReplyDelete
  2. ആഴ്ചയില്‍ ഒരിക്കല്‍ പള്ളിയില്‍ പോകണം,
    കുര്‍ബാന കാണണം, മലയാളി കത്തനാര്‍ തന്നെ
    കുര്‍ബ്ബാന ചൊല്ലണം, കത്തനാര്‍ക്ക് കുര്‍ബ്ബാന ഒന്നിന്
    നൂറ്റമ്പത് പൗണ്ട് ശമ്പളം നല്കാനും വിശ്വാസികള്‍ തയ്യാര്‍ !

    നമ്മുടെ കുട്ടികള്‍ എവിടെ, നമ്മള്‍ എവിടെ?
    നമ്മള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ നമ്മുടെ
    മക്കള്‍ ശിരസ്സാ വഹിച്ചു എന്ന അന്ധവിശ്വാസത്തിലാണ്
    നാം. ലോകം മാറിക്കൊണ്ടേയിരിക്കുന്നു, നമ്മുടെ കുട്ടികളും.

    മാറ്റത്തിനതീതരായി നമ്മള്‍ യു.കെ.
    മലയാളികളും നമ്മുടെ സംഘടനകളും മാറട്ടേ

    ReplyDelete