Sunday, 27 October 2013

രാജഹംസങ്ങള്‍ പറന്നുയരുമ്പോള്‍

സാധാരണ വീട്ടമ്മയായി ഒതുങ്ങി കഴിഞ്ഞിരുന്ന ചന്ദ്രലേഖ ഇന്ന് തിരക്കുള്ള സിനിമാ പിന്നണി ഗായികയാണ്. തേയ്ക്കാത്ത ചുവരോട് ചേര്‍ന്ന് കരി പുരണ്ട വസ്ത്രങ്ങളും ധരിച്ച് രാജഹംസമേ എന്ന പഴയ ഗാനം ട്രാക്കിന്റെ അകമ്പടി ഇല്ലാതെ പാടി സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ്‌ ചെയ്തു കൊണ്ടാണ് ഈ ഗായിക ലോകമെമ്പാടും ഉള്ള മാലയാളി ആസ്വാദകര്‍ക്ക് പരിചിതയാകുന്നത്.

ആലാപനത്തിലെ മാധുര്യം പോലെതന്നെ, അല്ലെങ്കില്‍ അതിനേക്കാള്‍ ഒരു പടി കൂടുതല്‍ മലയാളി ആസ്വാദകരെ സ്വാധീനിച്ചത് കരി പുരണ്ട ജീവിത സാഹചര്യങ്ങള്‍ തന്നെയാവണം. അഭിനന്ദന പ്രവാഹങ്ങള്‍ക്ക് അവരെ പ്രേരിപ്പിച്ച ഘടകവും ഇതാകാം. സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പ്രചരിച്ച ഈ വിഷയം ഒരു വാര്‍ത്തയാക്കിയ പ്രവാസി ഓണ്‍ ലൈന്‍ പത്രങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഈ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കേരളത്തിലെ മുഖ്യ ധാരാ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയത്.

പൊടുന്നനെ ഇവര്‍ക്ക്‌ പാടാന്‍ ഉള്ള ഓഫറുകളുമായി ആരൊക്കെയോ എവിടെ നിന്നൊക്കെയോ ഓടി കൂടുന്നതും വാര്‍ത്തയായി. പ്രശസ്ത ഗായിക ശ്രേയ ഘോഷാല്‍ പാടെണ്ടിയിരുന്ന മലയാള സിനിമാഗാനം ചന്ദ്രലേഖയെ കൊണ്ട് പാടിച്ചു കൊണ്ടാണ് അണിയറയില്‍ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരുന്ന സിനിമാ പ്രവര്‍ത്തകര്‍ ഇതിനു ക്ലൈമാക്സ് ഒരുക്കിയത്. ചന്ദ്രലേഖ തന്നാല്‍ കഴിയും വിധം ഭംഗിയായി ആ ഉദ്യമത്തില്‍ വിജയിക്കുകയും ചെയ്തു.

അറിയപ്പെടാതിരുന്ന ഒരു വീട്ടമ്മയെ ഒറ്റ ദിവസം കൊണ്ട് പ്രശസ്തിയുടെ കൊടിമുടി കയറ്റി എന്നൊക്കെ അവകാശപ്പെടുമ്പോള്‍ തന്നെ ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വിപണന തന്ത്രം കാണാതിരിക്കാന്‍ കഴിയില്ല. മലയാള സിനിമാ വ്യവസായം മറ്റ് ഇന്ത്യന്‍ സിനിമാ വ്യവസായങ്ങളുമായി തുലനം ചെയ്യുമ്പോള്‍ തീരെ ചെറുതാണ്. ലോകമെമ്പാടും ഉള്ള മലയാളികള്‍ ആണ് മലയാള സിനിമയുടെ പ്രചാരകര്‍ . മറ്റ് ഏതൊരു അനുഗൃഹീത ഗായിക പടുന്നതിനെക്കാള്‍ ചന്ദ്രലെഖയുടെ ഗാനത്തിനായി മലയാളികള്‍ കാതോര്‍ക്കും എന്ന സാമാന്യ ബുദ്ധിയാണ് അവസരം നല്‍കാന്‍ നെട്ടോട്ടമോടിയവരെ നയിച്ചത്.

വൈക്കം വിജയ ലക്ഷ്മിയാണ് അടുത്തയിടെ സമാനമായ രീതിയില്‍ പിന്നണി ഗായിക നിരയില്‍ ഇടം നേടിയ മറ്റൊരു താരം. കാറ്റേ കാറ്റേ എന്ന മലയാള സിനിമാ ഗാനത്തിന് മറ്റ് ഏതൊരു ഗാനത്തെക്കാള്‍ പ്രചാരം ലഭിച്ചിരുന്നു. ഇങ്ങനെ ഉള്ളവരെ സിനിമയിലേക്ക് കൊണ്ട് വരുമ്പോള്‍ ഉള്ള ഉത്സാഹവും താല്‍പര്യവും തുടര്‍ന്നും ഉണ്ടാകാറുണ്ടോ എന്ന കാര്യം സംശയമാണ്.

ചില വസ്തുതകളിലേയ്ക്കാണ് ഈ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. കല എന്ന വരദാനം ദൈവം കനിഞ്ഞ് നല്‍കിയ ഒരുപാട് പേര്‍ ഇനിയും സാധാരണക്കാര്‍ക്കിടയില്‍ ഉണ്ട്. ചുരുക്കം ചിലര്‍ ഒഴികെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന ബാക്കി പലരോടും സഹൃദയര്‍ക്ക് തോന്നാത്ത ഒരു വൈകാരിക ബന്ധം ഒരു പക്ഷേ ഇങ്ങനെ ഏതെങ്കിലും കോണുകളില്‍ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി തങ്ങളിലെ സൃഷ്ടി വൈഭവം വെളിപ്പെടുത്തുന്നവരോടാണ്.

പണ്ടൊക്കെ ഒരു ഗ്രാമത്തില്‍ സിനിമാ ഗാനം താളമേളങ്ങള്‍ക്കൊപ്പം ആലപിക്കുക എന്നത് യേശുദാസിന്റെയോ ജാനകിയുടെയോ പകുതി എങ്കിലും കഴിവുള്ളവര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നായിരുന്നു. ഇന്നിപ്പോള്‍ ടെക്നോളജി അഭിവൃത്തി പ്രാപിച്ചതിലൂടെ ആര്‍ക്കും യേശുദാസോ ജാനകിയോ ആകാമെന്നായി. ഫലമോ? റിയാലിറ്റി ഷോകളിലൂടെ തലങ്ങും വിലങ്ങും നമ്മള്‍ കേട്ടുകൊണ്ടിരുന്നത് വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചിരുന്ന സംഗീതാനുഭൂതിയുടെ ചാറു നഷ്ടപ്പെട്ട കരിമ്പിന്‍ ചണ്ടികള്‍ ആയിരുന്നു.

ചന്ദ്രലേഖയുടെ പ്രസക്തി ഇവിടെയാണ്. റിയാലിറ്റി ഷോയുടെ സാമാന്യ മര്യാദകളെ പാടെ നിഷേധിച്ചു കൊണ്ട് തന്റെ യഥാര്‍ത്ഥ ജീവിത പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് താളമേളങ്ങള്‍ ഇല്ലാതെ ചിത്ര എന്ന മഹാ ഗായിക പാടിയ ഗാനം പരമാവധി പഠിച്ച് അച്ചടക്കമില്ലാത്ത അന്തരീക്ഷത്തില്‍ ഒരു വിധം ഭംഗിയായി അവതരിപ്പിച്ചു എന്നത് തീരെ ചെറിയ കാര്യമല്ല.

അനേകം ചന്ദ്രലേഖമാര്‍ ഇനിയും പലയിടങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ട്. സ്വന്തം കഴിവുകള്‍ മാലോകരെ അറിയിക്കാന്‍ കഴിയുന്ന സാഹചര്യം ഇന്ന് നമുക്കുണ്ട്. പരമാവധി പ്രയോജനപ്പെടുത്തുക. അര്‍ഹിക്കുന്ന അംഗീകാരം താനെ വന്നുകൊള്ളും.

No comments:

Post a Comment