പട്ടിണി മരണങ്ങൾ തുടർക്കഥകളായിരുന്ന ദരിദ്ര രാജ്യങ്ങളിൽ ഇന്നും ശമനമില്ലാതെ അതു തുടരുന്നു. സമ്പന്ന രാജ്യങ്ങൾ ലോകജനതയുടെ പട്ടിണിയും പരിവട്ടവും മാറ്റാനെന്നവണ്ണം പദ്ധതികൾ ആവിഷ്കരിച്ച് കാലം കഴിക്കുമ്പോഴും പട്ടിണിക്കാരുടെ എണ്ണം കൂടുന്നതല്ലാതെ കുറഞ്ഞു കാണുന്നില്ല.
അവികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസിത രാജ്യങ്ങളും ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളും ഉത്തരം കണ്ടെത്താനാകാതെ വിഷമിക്കുന്ന വിഷയമാണ് വർധിച്ചു വരുന്ന ആത്മഹത്യകൾ.
വ്യവസ്ഥിതിയുടെ തകരാറും കെടുകാര്യസ്ഥതയും ലോക മുതലാളിത്ത ശക്തികളുടെ സ്വാർത്ഥ ലാഭമോഹങ്ങളുമാണ് പട്ടിണിയും പരിവട്ടവും ലോകത്തുനിന്നും അപ്രത്യക്ഷമാക്കുന്നതിൽ വില്ലൻ.
ലോകജനതയുടെ പട്ടിണി മാറ്റുന്നതിൽ മുഖ്യ പങ്കു വഹിച്ചിരുന്ന സോവ്യറ്റ് റഷ്യയുടെ പതനത്തിലൂടെ ലോക സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ ചിറകുകൂടി അരിഞ്ഞു തള്ളി മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾ.
പ്രജകൾ പ്രായഭേദമില്ലാതെ മാനസികമായി പിരിമുറുക്കം അനുഭവിക്കുന്നവരാണെന്നു വേണം കരുതാൻ. മാതാപിതാക്കളുടെ സമ്മർദ്ദം സഹിക്കാൻ കഴിയാതെ പഠനവിഷയങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുന്ന കുട്ടികളെക്കുറിച്ചുള്ള ധാരാളം റിപ്പോർട്ടുകളുണ്ട്.
കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണവും കുറവല്ല. പ്രണയ നൈരാശ്യം, പരാജയം ഒക്കെ നേരിടാനാകാതെ ജീവനൊടുക്കിയവരും ഏറെ.
എൺപതു പിന്നിട്ടവരും മരണം വന്നെത്തേണ്ട ശിഷ്‌ടകാലം കൂടി കാത്തിരിക്കാൻ തയ്യാറാകാതെ ആത്മഹത്യയെ അഭയം പ്രാപിക്കുന്നുവെങ്കിൽ അതു ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്.
മതങ്ങൾക്കും മതസ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ വലിയ റോളുണ്ട്. എൺപതു വയസ്സുവരെ മതാനുഷ്‌ടാനങ്ങളും മതപരമായ ജീവിത ശൈലിയും പിന്തുടർന്നു കുടുംബവും കുട്ടികളുമായി ജീവിച്ചയാൾ ആത്മഹത്യയിൽ അഭയം തേടണമെങ്കിൽ അതിനെക്കുറിച്ച് വ്യവസ്ഥാപിത മതസ്ഥാപനങ്ങൾ ആത്മപരിശോധന നടത്തേണ്ടതില്ലേ? ഉണ്ട്. കാലഘട്ടത്തിന്റെ ആവശ്യമാണത്.
ആത്മഹത്യ ചെയ്തവന് ശുശ്രൂഷ വിലക്കിയതുകൊണ്ടോ ശുശ്രൂഷയിലും ശവം മറവു ചെയ്യുന്നതിലും പക്ഷഭേദം കാണിച്ചതുകൊണ്ടോ ഒരു മതവിഭാഗവും ശ്രേഷ്‌ഠരാകാൻ പോകുന്നില്ല; മറിച്ച്, ഇത്തരക്കാരുടെ മാനസിക നില ഭദ്രമാക്കേണ്ട ഉത്തരവാദിത്തം കൂടി തങ്ങളുടെ ചുമതലയായി കരുതി സന്നദ്ധസേവനത്തിനു നേതൃത്വം നൽകുക എന്ന ധാർമ്മികമായ കടമകൂടി ഇടവക വികാരി എന്ന പുരോഹിതൻറെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾക്കുണ്ട്.
ഒപ്പം രാഷ്ട്രീയമായി ഭരണസംവിധാനങ്ങൾ വൃദ്ധരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് യോജിച്ച സാമ്പത്തിക നയങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതുമുണ്ട്.
അവികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസിത രാജ്യങ്ങളും ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളും ഉത്തരം കണ്ടെത്താനാകാതെ വിഷമിക്കുന്ന വിഷയമാണ് വർധിച്ചു വരുന്ന ആത്മഹത്യകൾ....!
ReplyDelete