Saturday, 14 May 2016

വധഭീഷണി നേരിടുന്ന മതേതര മനസ്സ്

ഇന്ത്യയില്‍ മറ്റെല്ലായിടത്തുമെന്നതുപോലെ കേരളത്തിലും ചരിത്രാതീത കാലം മുതല്‍ ഇന്നുവരെയും ഹൈന്ദവ സമൂഹമാണ് ജനസംഖ്യയില്‍ ഭൂരിപക്ഷം. ചാതുര്‍വര്‍ണ്ണ്യം അതിന്റെ എല്ലാ നന്മ-തിന്മകളോടും കൂടി നടമാടിയിരുന്ന കൊച്ചു നാട്യ രാജ്യം; അതായിരുന്നു നമ്മുടെ കേരളം.

രാജഭരണത്തില്‍ നിന്നു വിടുതല്‍ നേടി ജനാധിപത്യ സംവിധാനം നിലവില്‍ വന്ന കാലഘട്ടം മുതല്‍ കേരളീയ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രസ്ഥാനങ്ങളാണ്‌ ഇടതു-വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍.

ജാതി-മത ഭേദമെന്യേ അന്നത്തെ ജനതയെ മുഖ്യമായും അലട്ടിയിരുന്നത് ദാരിദ്ര്യം തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോക ചരിത്രത്തില്‍ ആദ്യമായി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസ്ഥാനമായി അധികാരസ്ഥാനത്തെത്തുന്നതും നമ്മുടെ കൊച്ചു കേരളത്തിലാണ്.

ഹിന്ദുക്കള്‍ക്ക് വേണ്ടി അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി അതുമല്ലെങ്കില്‍ മുസ്ലിമുകള്‍ക്ക്‌ വേണ്ടി എന്നൊന്നും പറഞ്ഞ് വേര്‍തിരിച്ച് പ്രശ്ന പരിഹാരങ്ങള്‍ തേടേണ്ട സാഹചര്യം അന്നുണ്ടായിരുന്നില്ല; പകരം എല്ലാ ജാതി മത സമുദായങ്ങളിലും വരുന്ന ബഹുഭൂരിപക്ഷം ജനതയ്ക്ക് തുല്യനീതി, ചൂഷിത വ്യവസ്ഥിതിയില്‍ നിന്നു മോചനം... തുടങ്ങിയ സാമൂഹ്യ മാറ്റങ്ങള്‍ക്ക് ഇടതു-വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നല്‍കിയ സംഭാവന ചെറുതല്ല.

സാമൂഹ്യ നീതിക്കു വേണ്ടി കൊല്ലും കൊലയും ചെയ്തു എങ്ങുമെത്താതെ നിഷ്കാസിതാരയവര്‍, വിപ്ലവ രാഷ്ട്രീയത്തിലൂടെയും അല്ലാതെയും അധികാരങ്ങളില്‍ അവരോധിക്കപ്പെട്ടവര്‍, പ്രസ്ഥാനവല്‍ക്കരിക്കപ്പെട്ട് അധികാരം നില നിര്‍ത്താന്‍ പരസ്പരം മത്സരിച്ച ഇടതു വലതു പക്ഷങ്ങള്‍... ഇതൊക്കെയാണ് കഴിഞ്ഞ കാലം വരെയുള്ള കേരള രാഷ്ട്രീയ രംഗം.

എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷത്തില്‍ ജാതി രാഷ്ട്രീയത്തിലൂടെ അധികാരം സ്ഥാപിച്ച ഭാരതീയ ജനതാ പാര്‍ട്ടി കേരളത്തില്‍ ഒരു മൂന്നാം മുന്നണി ആയി രംഗപ്രവേശം ചെയ്തിരിക്കുന്നു.

കേരളം ഇന്നു കാണുന്ന രീതിയില്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം മുഖ്യമായും കേരള ജനത (ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിമുകളും) സംസ്ഥാനത്തിനു പുറത്തും രാജ്യം വിട്ടും അധ്വാനിക്കാന്‍ തയ്യാറായതിന്റെ അനന്തര ഫലമാണ്‌.

അടുത്ത കാലത്തായി കേട്ടു തുടങ്ങിയ ന്യൂനപക്ഷ പ്രീണന നയമാണ് മൂന്നാം മുന്നണിയുടെ ആവിര്‍ഭാവത്തിനു മൂര്‍ച്ച കൂട്ടിയത്. ഇടതു പക്ഷത്തേക്കാള്‍ ഇക്കാര്യത്തില്‍ കുറ്റകരമായ വിചാരണ നേരിടുന്നത് വലതുപക്ഷ മുന്നണിയാണ്.

നല്ല ജോലിയും ശമ്പളവും ലഭിക്കണമെങ്കില്‍ നാടു വിടണമെന്ന കീഴ്വഴക്കമാണ് ഭൂരിപക്ഷത്തും ന്യൂനപക്ഷത്തുമുള്ള നാനാജാതി മതസ്ഥരെ പ്രവാസികളാക്കിയത് എന്ന സത്യം നില നില്‍ക്കുമ്പോഴാണ് കേരളത്തില്‍ ഇങ്ങനെയൊരു രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുന്നത് എന്നത് കൌതുകകരമാണ്.

നാരായണ ഗുരു മുതല്‍ സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി... തുടങ്ങി നിരവധി സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ (എല്ലാവരും ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തില്‍ നിന്നുള്ളവര്‍) കാട്ടി തന്ന വഴിയിലൂടെ ഇത്ര ദൂരം സഞ്ചരിച്ച നമ്മള്‍ ബഹുജാതി മലയാളികള്‍ പഴയ ദാരിദ്ര്യവും ചൂഷക വ്യവസ്ഥിതിയും സാമൂഹ്യ അനീതിയും ഒരു പരിധിവരെ തുടച്ചു നീക്കി മുന്നേറിയപ്പോള്‍ ജാതിരാഷ്ട്രീയത്തിന്റെ പേരില്‍ അധികാരം കൈയ്യാളാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു എന്നത് തികച്ചും ലജ്ജാകരമാണ്.

ജാതിയും മതവും ആചാരവും അനുഷ്ടാനങ്ങളും ഓരോരുത്തരുടെയും സ്വകാര്യ അവകാശങ്ങള്‍ മാത്രമാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശശുദ്ധി നല്ലതായിരിക്കാം; പക്ഷേ, അവരെ പിന്തുണച്ച, അല്ലെങ്കില്‍ പിന്തുണച്ചുകൊണ്ടിരിക്കുന്ന തീവ്ര ജാതി-മത വിഭാഗങ്ങള്‍ സമൂഹത്തില്‍ അസഹിഷ്ണുത വിതറും; അതാണല്ലോ ഈ കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ത്യയൊട്ടുക്കും നാം കണ്ടുകൊണ്ടിരിക്കുന്നത്? ഇപ്പോള്‍ ഒട്ടൊക്കെ ശമനം ഉണ്ടെങ്കില്‍ കൂടി.

കേരളത്തില്‍ ഇതിന് സാധ്യത തീരെയില്ലായിരുന്നു ഇതുവരെ. ഇടതു-വലത് പുരോഗമന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട നിരവധിയാളുകളുടെ നിതാന്ത ജാഗ്രത ഒന്നുമാത്രമായിരുന്നു കാരണം. അത് വധിക്കപ്പെടാതെ കാത്തു സൂക്ഷിക്കുക എന്നതാണ് വര്‍ത്തമാന സാഹചര്യങ്ങളില്‍ ഓരോ മലയാളിയുടെയും ആത്യന്തികമായ കടമ.

സാബു ജോസ്







1 comment:

  1. കേരളത്തിന്റെ മതേതര മനസ്സ് ഇന്ന്
    വല്ലാതെ വെട്ടും കുത്തും ഏറ്റ് തീവ്ര പരിചരണ
    വിഭാഗത്തിൽ അങ്ങോട്ടോ ഇങ്ങോട്ടൊ എന്ന പോൽ
    ചികിത്സയിലാണിപ്പോൾ ....!

    രക്ഷപ്പെട്ടാൽ നമ്മ മലയാളികളുടെ ഭാഗ്യം...!
    ഇതിനെല്ലാം കാരണം മത-ജാത-രാഷ്ട്രീയ കൊതിയന്മാരായ അധികാരികൾ തന്നെ...!

    ReplyDelete