Tuesday, 9 July 2013

പൊട്ടലും ചീറ്റലും പിന്നെ സംഘടനകളും ...

യു.കെ. മലയാളികള്‍ക്കിടയില്‍ എന്നും ചര്‍ച്ചാവിഷയമാകാറുള്ള വാര്‍ത്തകളാണ് സംഘടനകള്‍ക്കുള്ളില്‍ നടക്കുന്ന കലാപങ്ങളും അസ്വാരസ്യങ്ങളും പൊട്ടിത്തെറികളും. ഒരു പ്രാദേശിക സംഘടന ജന്മമെടുക്കുന്നതും വാര്‍ഷികം ആഘോഷിക്കുന്നതും ഒക്കെ ഇവിടെ ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാണ്. ആദ്യ വാര്‍ഷികാഘോഷം പിന്നിടുന്ന വേളയില്‍ തന്നെ സംഘടനയില്‍ സമാന്തര പ്രവര്‍ത്തനം നടത്തി ഒരു വിഭാഗം വിട്ടു നില്‍ക്കുകയോ നിലവിലുള്ള ഭരണ സമിതിയെ ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ഒക്കെ ചെയ്യുന്നതും വാര്‍ത്തയാണ്. പിറ്റേന്ന് പുതിയ പേരില്‍ സംഘടനയുടെ പിറവിയും ഭാരവാഹികളുടെ ഫോട്ടോ പ്രദര്‍ശനവും വരെ ഇത് തുടരും.

വാര്‍ത്തകളില്‍ നിറയുന്ന എല്ലാ സംഘടനകളുടെയും പ്രവര്‍ത്തനം ഏറെക്കുറെ ഒരു പോലെയിരിക്കും! സമ്മറില്‍ ഒരു ബാര്‍ ബി ക്യു., ബസ്‌ പിടിച്ച് എങ്ങോട്ടെങ്കിലും ഫാമിലി ട്രിപ്പ്‌., ഓണാഘോഷം, ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം... സാംസ്‌കാരിക പരിപാടി എന്ന പേരില്‍ നടത്തപ്പെടുന്ന ഇത്തരം മാമാങ്കങ്ങളില്‍ യൂണിറ്റിലെ കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്‌ ആണ് മുഖ്യ ഇനം. കഴിഞ്ഞ പത്തു വര്‍ഷമായി ഒരേ കുട്ടികള്‍ ഒരേ ഡാന്‍സ് തന്നെ കളിച്ചാലും ആരും ഗൗനിക്കില്ല.

കരാക്കെ ഗാനമേളയാണ് മറ്റൊരു ആകര്‍ഷണം. യു.കെ.യില്‍ അങ്ങോളമിങ്ങോളം ലേറ്റസ്റ്റ്‌ അടിപൊളി ഗാനങ്ങള്‍ ആലപിച്ച് മലയാളികളെ ഉന്മത്തരാക്കുന്ന ഏകാംഗ ട്രൂപ്പുകള്‍ അനവധിയാണ്. (ഏകാങ്ക നാടകം എന്ന പഴയ പ്രയോഗം വച്ച് ഏകാംഗ ഗാനമേള എന്ന് ഇതിനെ വിശേഷിപ്പിക്കാം)നാട്ടില്‍ പാട്ട് പാടി നടന്ന ചുരുക്കം ചിലര്‍ ഈ ഗണത്തില്‍ പെടും. ബാക്കി അധികവും ഗാനമേള കേട്ടിട്ട് കൂടി ഉണ്ടാകണം എന്നില്ല!

ഇതൊക്കെയാണെങ്കിലും വാര്‍ത്തകളില്‍ നിറയാത്ത, അല്ലെങ്കില്‍ പരാമര്‍ശിക്കപ്പെടുക പോലും ചെയ്യാത്ത ചുരുക്കം ചില സാംസ്‌കാരിക സംഘടനകള്‍ വൈവിധ്യമാര്‍ന്നതും ശാസ്ത്രീയവുമായ കലാപരിപാടികള്‍ അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് കലയെയും സാഹിത്യത്തെയും ബഹുമാനിക്കാന്‍ ശ്രമിക്കുന്നത് ഒരു സമൂഹത്തിന്റെ ഗുരുത്വ ലക്ഷണമായി കാണണം.

ഇവിടെ മലയാളി സംഘടനകള്‍ക്കുള്ളിലെ പൊട്ടിത്തെറികള്‍ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാറുണ്ടോ എന്ന കാര്യം സംശയമാണ്. ഒറ്റ വാക്കില്‍ മലയാളിയുടെ ഈഗോ എന്ന് ഇതിനെ വിശേഷിപ്പിക്കാറാണ് പതിവ്. കൂടുതല്‍ മനസ്സിലാക്കിയാല്‍ മലയാളിയുടെ ആശയ വിനിമയത്തിലെ അപാകതയാണ് പല പ്രശ്നങ്ങള്‍ക്കും കാരണം എന്ന് വ്യക്തമാകും. സംഘടന വലുതായാലും ചെറുതായാലും കമ്മറ്റികള്‍ പലപ്പോഴും നിയമ സഭ കൂടുന്നത് പോലെയാണ്. കാക്കക്കൂട്ടില്‍ കല്ലെറിയുന്ന അവസ്ഥ! ഒരു വിഷയം അവതരിപ്പിച്ചാല്‍ ഗുണപരമായതും പ്രതിപക്ഷ ബഹുമാനവും സഹിഷ്ണുതയും പുലര്‍ത്തുന്ന ചര്‍ച്ചയല്ല എവിടെയും സംഭവിക്കാറുള്ളത്.

ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ചിലതാണ് അടുത്ത ദിവസം യു.കെ.യിലെ ഏറ്റവും വലിയ സാമുദായിക കൂട്ടായ്മയില്‍ ഉണ്ടായി എന്ന് പറയപ്പെടുന്ന ഉന്തും തള്ളും മുതല്‍ ഏറ്റവും വലിയ മലയാളി സംഘടനയില്‍ സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതലക്കാരനെ ഒഴിവാക്കിയതു വരെയുള്ള സംഭവ വികാസങ്ങള്‍ . ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എതെല്ലാമെന്നു വ്യക്തമാക്കുന്നതില്‍ പറ്റുന്ന പാളിച്ചകള്‍ ഒരിടത്ത് വിനയാകുമ്പോള്‍ മറുവശത്ത്‌ കെടുകാര്യസ്ഥതയും പ്രവര്‍ത്തനങ്ങളിലെ വൈകല്യങ്ങളും ചോദ്യം ചെയ്തത് ജനാധിപത്യ രീതിയില്‍ ഒരു പൌരന്‍റെ അവകാശമായി അംഗീകരിക്കാന്‍ കഴിയാത്ത നേതൃത്വത്തിന്റെ ധാര്‍ഷ്ട്യവും അമ്പരപ്പും ആണ് മുഴച്ചു നില്‍ക്കുന്നത്‌.,.

സംഘടനയില്‍ അംഗങ്ങള്‍ ആയിട്ടുള്ളവരും നേതൃത്വം അലങ്കരിക്കുന്നവരും കൂടുതല്‍ അച്ചടക്കം ശീലിക്കേണ്ടിയിരിക്കുന്നു എന്നാണ് ഈ സംഭവ വികാസങ്ങള്‍ എല്ലാം തന്നെ സൂചിപ്പിക്കുന്നത്.

No comments:

Post a Comment